മൗനത്തിന്റെ മഹാസമുദ്രത്തിൽ
ഞാനെന്റെ ഭൂപടം വരയ്ക്കും
അതിർത്തികളും സൈന്യവുമില്ലാതെ
അതങ്ങനെ നെടുകെയും കുറുകെയും
സ്വഛന്ദം ഒഴുകി നടക്കും
ഒരു മഴുവിനാലും മുറിപ്പെടുത്താനാവാത്ത
ഭൂമിയുടെ ആഴങ്ങളിൽ
ഞാൻ സ്വപ്നത്തിന്റെ വിത്തു വിതയ്ക്കും
സമുദ്രങ്ങളും ആകാശങ്ങളും കടന്ന്
അത് വളരും, ശിഖരങ്ങളായി പടരും
പ്രപഞ്ചങ്ങളുടെ അനന്തതയിൽ
കരുണയുടെ പൂക്കളായി ചിരിക്കും
അന്ന് ചിത്രശലഭങ്ങളെപ്പോൽ നഗ്നരായ
മനുഷ്യർ പരസ്പരം തിരിച്ചറിയും