Smrithinasam-Malayalam poem by Jayaprakash Eravu

സ്മൃതിനാശം

ന്നെ പഴി പറഞ്ഞ് സായൂജ്യം കൊള്ളുന്നോർ
നശിച്ച് പോകട്ടെയെന്ന്
ഞാൻ പ്രാർത്ഥിയ്ക്കാറില്ല.
അവർക്ക് നല്ല കാലവും സൽബുദ്ധിയും
തോന്നിക്കേണമെ എന്ന്
ഉള്ളുരുകി പ്രാർത്ഥിയ്ക്കും.

എല്ലാം കഴിയുമ്പോഴാണ്
എനിക്കായ് ബാക്കിവച്ചത്
സ്മൃതിപഥത്തിലെത്തുന്നത്.

ഞാനെത്ര പാപി.
സമയം,
കാലം,
സന്ദർഭം,
തിരക്ക്.

കുറ്റബോധത്തിൻ കനലെരിയും മനസ്സുമായ്
തമോഗർത്തത്തിൽ അകപ്പെട്ടോൻ…

വാക്കുകൾ തൻ
വാസന്ത നീഹാരിക നിശീഥിനിയിലെ
പാർവണയൊളിയിലും
ഒന്നിൽ നിന്നും മോചിതനാകാതെ
ശരി തെറ്റുകളിലിടകലർന്ന്
ആന്ദോളനത്തിമിർപ്പിലങ്ങനെ…

അടിവേരുകളിൽ നിന്നടർന്നുപോയ
ജൈവരേണുക്കളിൽ
ജീവൽതുടിപ്പിൻ അതിജീവനസ്വനം
കേൾപ്പൂ ഞാൻ.

മറവിതൻ തിരസ്ക്കരണിയ്ക്കു
പിന്നിൽ നിന്നാരെയോ
പേർ ചൊല്ലി വിളിക്കുന്നുണ്ട്
ഞാനിപ്പൊഴും.

മറുവിളിയില്ലാതെ
പ്രതിധ്വനിതൻ ശബ്ദവീചികൾ
എൻ്റേതു തന്നെയാവുന്നതും
ഞാനറിയുന്നു…

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹