Solo Amoris-Sister Usha George

സോളോ അമോറിസ്

“വിശുദ്ധമായ സ്നേഹം മനുഷ്യരെപ്പോലെ പ്രകൃതിയും അതിലെ ജീവികളും കൊതിക്കുന്നുവെന്ന ആത്മീയദീപ്തി ഈ എഴുത്തുകാരിയുടെ ഓരോ എഴുത്തിലും പ്രകാശിതമാണ്. സ്നേഹത്തിന്റെയും കരുണയുടെയും വിത്തുകളെ ആവോളം നട്ടുകൊണ്ടാണ് ഓരോ കഥകളും ഇവർ വാർത്തെടുക്കുന്നത്.”

“വാതിൽ തുറന്ന പുഞ്ചിരിക്ക് മഴതോർന്ന ആകാശത്തിന്റെ സ്വച്ഛത.” സി. രാധാകൃഷ്ണന്റെ ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന നോവലിലെ വരികളാണിത്. ഈ വാക്കുകൾ എന്റെ ഓർമ്മയിലിന്നും നനവാർന്നു കിടപ്പുണ്ട്.

അതുപോലൊരു നനവാണ്, സിസ്റ്റർ ഉഷാ ജോർജ്ജിന്റെ ‘സോളോ അമോറിസ്’ വായിച്ചുകൊണ്ടിരിക്കുമ്പോഴും അനുഭവപ്പെട്ടത്. ഈ കഥാമാഹാരം തുറക്കുമ്പോഴെല്ലാം ഒരു ജാലകം തുറക്കുന്ന സുഖം; മഴ തോർന്ന ആകാശംപോലെയാകുന്നു മനസ്.

‘ഹൃദയാഴങ്ങളിൽ മഞ്ഞു നനഞ്ഞതുപോലെ, പദങ്ങളെ നിധിപോലെ സൂക്ഷിക്കുന്ന മനസ്സ് ഓരോ മനുഷ്യരിലുമുണ്ടാകും. ചില മനസ്സുകളിൽ അത് അവഗണിക്കപ്പെട്ട കളിപ്പാട്ടം പോലെ നിർജ്ജീവമായി കിടക്കും. മറ്റു ചിലരിൽ പുഷ്പങ്ങൾപോലെ നിറം വയ്ക്കുകയും കരിഞ്ഞു പോകാതെ, നനവോടെ ഏത് ജീവിത വേനലിലും പുഷ്പിച്ചു കിടക്കുകയും ചെയ്യും.’

സോളോ അമോറിസിന് അവതാരിക എഴുതിയ അർഷാദ് ബത്തേരിയുടെ ഈ നിരീക്ഷണത്തിനും അഗാധമായ ഒരു നനവുണ്ട്. ഇഷ്ടങ്ങളിലേയ്ക്കും സ്വപനങ്ങളിലേയ്ക്കും ചില നേരങ്ങളിൽ യാഥാർത്ഥ്യത്തിൻ്റെ ഉറച്ച വേരുകളിലേയ്ക്കും ആ നനവ് ഒഴുകുന്നു. അത് പിന്നീട് കഥയോ കവിതയോ സംഗീതമോ ചിത്രമോ ആയി രൂപാന്തരപ്പെടുന്നു. അത്തരത്തിലുള്ളവർ പ്രകൃതിയെയും അതിലെ ജീവികളെയും മനുഷ്യഹൃദയങ്ങളെയും ഏറ്റവും അരുമയോടെ ചെന്നു സ്പർശിക്കുന്നു. അപ്പോൾ, ആ കലാരൂപം സൃഷ്ടിച്ച ആ ആളെ ആസ്വാദകർ തങ്ങളിലേക്ക് ചേർത്തു നിർത്തുന്നു. അങ്ങനെയാണ് എഴുത്തിന്റെ/ കലയുടെ ലോകം മനുഷ്യരുടെ ഇഷ്ടമായി തീരുന്നത്. ഓരോ മനുഷ്യനും അതുപോലൊരു നനവിൽ സ്വയം വിരിഞ്ഞു കിടക്കാൻ കൊതിക്കുന്നവരാണ്. ഓരോ കഥയും ഓരോ ജീവിതമാണ്. കഥയിലൂടെ കാര്യങ്ങൾ പറയുമ്പോഴാണ് എഴുത്തിന് ശക്തിയുണ്ടാകുന്നത്.

‘’ഞാൻ കഥ എഴുതുന്നത് ഒരു പ്രത്യേക വിഷയം കണ്ടുപിടിച്ചല്ല. പ്രഭാതത്തിൽ വന്നെത്തുന്ന, പത്രവാർത്തകളിൽ കാണുന്ന നമ്മുടെ ലോകം, ഓരോ ദിനവും മനുഷ്യൻ ഒരു പുതിയ പുലരിയായി വിടരുന്നത്, നശിക്കുന്നത്, നശിപ്പിക്കുന്നത്, വേദനിക്കുന്നത്, വേദനിപ്പിക്കുന്നത്…

പ്രതികരിക്കാതെ ഇരിക്കാൻ പറ്റില്ല എന്ന് വരുപ്പോൾ ദൈവസന്നിധിയിൽ പ്രാർത്ഥനകളായി അർപ്പിച്ച് പിന്നീട് കഥയിലൂടെ പറയാൻ ശ്രമിക്കുന്നു. ആവിഷ്കാരത്തിന്റെ മാർഗ്ഗം എനിക്കറിയില്ല. എന്റേതായ ശൈലിയിൽ സ്വന്തം ചിന്തകളെയും ഉത്കണ്ഠകളെയും സ്നേഹത്തെയും എഴുതാൻ ശ്രമിച്ചിട്ടുണ്ട്.

ഒരു സന്യാസിനിയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണ് കഥ എഴുതുന്നത്. എഴുതാതിരിക്കാൻ എനിക്കാവില്ല. ദൈവവും എഴുത്തും എനിക്കൊന്നാണ്. ആത്മാവിൻ്റെ ദാഹം അവനിൽ അലിയുമ്പോൾ എന്റെ തൂലികയ്ക്ക് എഴുതാതിരിക്കാനാവില്ല. ഈ കൂടിക്കാഴ്ചയിൽ നിന്നുകൊണ്ടാണ് ഞാൻ സമൂഹത്തിലേയ്ക്കും പ്രകൃതിയിലേയ്ക്കും ഇറങ്ങിച്ചെല്ലുന്നത്…….’’

തന്റെ ആത്മാവിഷ്ക്കാര പാതയിലെ പാഥേയങ്ങളെക്കുറിച്ചുള്ള സിസ്റ്ററുടെ ഈ വാക്കുകളെ വായിക്കുമ്പോൾ ആത്മീയ ജീവിതത്തിന്റെ ഏറ്റവും നിർമ്മലമായ ഹൃദയത്തോടെ ജീവിക്കുന്ന ആളാണ് സിസ്റ്റർ ഉഷാ ജോർജ്ജെന്നു ബോധ്യപ്പെടുന്നു.

Read Also  ഹൃദയം കൊരുത്ത കഥകള്‍- കെ.ആർ. മോഹൻദാസ് എഴുതിയ പുസ്തക അവലോകനം

ഈ കഥാമാഹാരത്തിലെ സോളോഅമോറിസ് എന്ന കഥ രണ്ട് മൃഗങ്ങളുടെ സംഭാഷണമാണ്.

അതിൽ, പുലി ചോദിക്കുന്നു:
“എല്ലാവരും കല്ല്യാണം കഴിക്കുന്നത് ഏകാന്തത അവസാനിപ്പിക്കാൻ അല്ലെ?”

സിംഹം പറയുന്നു:
“ഏകാന്തത അവസാനിപ്പിക്കാനല്ല വിവാഹം കഴിക്കുന്നത്. ദാമ്പത്യജീവിതം സ്വപ്നമല്ല യാഥാർത്ഥ്യമാണ്. പ്രധാനമായി സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്ന് തിരിച്ചറിയുക. നമ്മുടെ പങ്കാളിക്ക് നൽകേണ്ട അംഗീകാരവും സ്നേഹവും സ്വാഭാവികമായി പ്രകടിപ്പിക്കുക തന്നെ വേണം.”

കഥയിൽ മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു,
“വ്യക്തിസ്വാതന്ത്ര്യത്തിന് ഒന്നും എതിരല്ല. പക്ഷേ നമ്മൾ സമൂഹത്തിൽ ജീവിക്കുമ്പോൾ സാമൂഹികമൂല്യവും കാത്തു സൂക്ഷിക്കാൻ കടപ്പെട്ടവരാണ്.”

‘കരയുക കരഞ്ഞു നിൻ്റെ ദുഃഖം തീർക്കുക. തനിക്കു ചുറ്റുമുള്ള സമൂഹം ഏറ്റവും മനോഹരവും എന്നാൽ ആത്മീയതയുടെ പവിത്രതയിലൂടെ എല്ലാ മനുഷ്യ ബന്ധങ്ങളും ഏറ്റവും മനോഹരമായി ജീവിക്കണം.’ തുടങ്ങിയ കഥാകാരിയുടെ ദർശനങ്ങളെ, ആഗ്രഹത്തെ നമുക്ക് തിരി ച്ചറിയാനാകുന്നു.

വിശുദ്ധമായ സ്നേഹം മനുഷ്യരെപ്പോലെ പ്രകൃതിയും അതിലെ ജീവികളും കൊതിക്കുന്നുവെന്ന ആത്മീയദീപ്തി ഈ എഴുത്തുകാരിയുടെ ഓരോ എഴുത്തിലും പ്രകാശിതമാണ്. സ്നേഹത്തിന്റെയും കരുണയുടെയും വിത്തുകളെ ആവോളം നട്ടുകൊണ്ടാണ് ഓരോ കഥകളും ഇവർ വാർത്തെടുക്കുന്നത്. പ്രവാചകന്മാരിലൂടെ പറയുന്ന, ‘ഈശ്വരന്മാരുടെ സന്ദർശനം’ എന്ന കഥ അതിനു മികച്ച ഉദാഹരണമാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന ലളിതമായ ആഖ്യാനമാണ് ഇതിലെ എല്ലാ കഥകളും. ‘നഷ്ടപ്പെട്ട പറുദീസ’, ‘ഈശ്വരന്റെ മൗനം’, ‘പുഴയുടെ സ്നേഹം’, ‘ഈശ്വരന്മാരുടെ സന്ദർശനം’, ‘മേഘങ്ങളുടെ വിലാപം’, ‘സോളോ അമോറിസ്’, ‘മനസ്സിലേക്ക് ഒരെത്തിനോട്ടം’, ‘ത്രാസിമേനോ’, ‘ദൈവവും നിരീശ്വര വാദിയും’, ‘ഹൃദയ സ്പന്ദനം’ എന്നീ 10 കഥകളാണ് ഈ 58 പേജുകളുള്ള കഥാസമാഹാരത്തിലുള്ളത്.

പ്രസാധനം: ബാഷോ ബുക്സ്. വില: 100 രൂപ.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Free Subscription!

Subscribe to Prathibhavam for Latest Updates.