AI illustration by Surya for the Malayalam story Athijeevanathinte Adrishya Lipi by Ashraf Kalathode

അതിജീവനത്തിന്റെ അദൃശ്യ ലിപി

കുന്നിന്റെ ചെരിവിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അവന്റെ ഉള്ളിൽ കരുത്തിന്റെ ഒരു പുതിയ തൈ മുളപൊട്ടിയിരുന്നു. ഏത് കൊടുംചൂടിലും പ്രതിസന്ധിയിലും തകരാതെ നിലകൊള്ളുക എന്ന ജീവിതത്തിന്റെ ആഴമുള്ള പ്രതിരോധതന്ത്രം ഒരു ദർശനം പോലെ അവൻ തിരിച്ചറിഞ്ഞു.

ചെങ്കൽക്കുന്നിന്റെ ചെരിവുകളിൽ കാട്ടുലന്തയും കരിമ്പനകളും കാറ്റിൽ മർമ്മരങ്ങളുയർത്തുന്ന, ഏകാന്തത നിറഞ്ഞ ഒരു ഉച്ചനേരം. പ്രകൃതിയുടെ നിഗൂഢമായ ആ സംഗീതത്തിനിടയിലാണ് സുമേഷിന്റെ ഉച്ചയുറക്കം അപ്രതീക്ഷിതമായി ഭേദിക്കപ്പെട്ടത്.

ആ കുന്നിന്റെ പൊരുളറിഞ്ഞവനാണ് സുമേഷ്. അവന്റെ ഉള്ളിലെ വിസ്മയലോകത്തിന്റെ ഭൂമിശാസ്ത്രപരമായ ആവിഷ്കാരംതന്നെ ആ കുന്നാണ്. കുന്നിന്റെ പടിഞ്ഞാറേ ചെരിവിൽ നിന്നു നോക്കിയാൽ, അറബിക്കടലിന്റെ നീലിമ കാണാം.

പെട്ടെന്നായിരുന്നു കുന്നിൻമുനമ്പിൽ നിന്ന് ആഘാതമേറ്റ ചില്ലുകളുടെ വിലാപം അവൻ കേട്ടത്. പ്രകൃതിയുടെ സ്വാഭാവികമായ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് കടന്നുവന്ന ആ കഠിനനാദം, ഒരു മുറിവുപോലെ അവന്റെ ബോധമണ്ഡലത്തിൽ പതിഞ്ഞു. അസ്വസ്ഥതയുടെ പെരുങ്കാറ്റ് അവന്റെ ഉള്ളിൽ വീശി. ആരോ കുന്നിന്റെ വിശുദ്ധതയെ അശുദ്ധമാക്കുന്നു എന്ന തിരിച്ചറിവ് അവനെ വിറപ്പിച്ചു.

ജാഗ്രതയോടെ, അദൃശ്യമായ ഒരു ചരടിൽ കെട്ടി വലിക്കപ്പെടുന്നതുപോലെ അവന്റെ കാൽപ്പാടുകൾ കുന്നിന്റെ ചെരിവുകളിലേക്ക് നീങ്ങി. പാറക്കെട്ടുകൾക്ക് മുകളിൽ ലഹരിയുടെയും അഹങ്കാരത്തിന്റെയും ഇരുണ്ട വേലിയേറ്റത്തിൽപ്പെട്ട യുവാക്കൾ. അവർ വലിച്ചെറിയുന്ന കുപ്പികളിൽനിന്നും ഓരോ തവണയും കാതടപ്പിക്കുന്ന ശബ്ദത്തോടെ ചില്ലുകൾ ചിന്നിച്ചിതറിത്തെറിക്കുമ്പോൾ, ആ കുന്ന് വേദനയാൽ പിടയുന്നത് അവൻ അറിഞ്ഞു.

പ്രകൃതിയുടെ പ്രശാന്തമായ ഉടയാടകളിൽ കരിവാരിത്തേക്കുന്ന ക്രൂരത.
“എന്തിനാടാ ഇങ്ങനെയൊക്കെ ചെയ്യുന്നത്?”

സുമേഷിന്റെ ഉള്ളിലെ അമർഷം ഒരു അഗ്നിശിലയായി പുറത്തെത്തി. പക്ഷേ, ക്രൂരമായ പരിഹാസങ്ങളും അശ്ലീലങ്ങളും അവന് ചുറ്റും പടർന്നു. “പോ മൈരേ…”

തെറിവിളികൾക്കൊപ്പം ഒരു കുപ്പി ലക്ഷ്യം തെറ്റാതെ അവന്റെ മുഖത്ത് പൊട്ടിത്തെറിച്ചു. രക്തത്തിന്റെ ഉപ്പും മണ്ണിന്റെ ഗന്ധവും കലർന്ന ഒരു ഇരുട്ട് അവന്റെ ബോധമണ്ഡലത്തെ ഗ്രസിച്ചു. ബോധക്ഷയത്തിന്റെ ആഴങ്ങളിലേക്ക് വഴുതി അവൻ തന്റെ പ്രിയപ്പെട്ട കുന്നിന്റെ ചെങ്കൽ മണ്ണിലേക്ക് വീണു.

ബോധം തിരികെ വരുമ്പോൾ, ആ ഏകാന്തതയിൽ തനിച്ചായിരുന്നു അവൻ. കവിൾത്തടം വീർത്ത് തടിച്ചിരിക്കുന്നു; നഷ്ടപ്പെട്ട പല്ലിന്റെ ശൂന്യതയിൽ വേദനയുടെ വായ്ത്തല. അപ്പോഴാണ് അവന്റെ കണ്ണുകൾ ആ കാഴ്ചയിൽ ഉടക്കിയത്. തൊട്ടരികെ കിടക്കുന്ന മൂർച്ചയുള്ള ചില്ലുകളിലൂടെ അരിച്ചുകയറുന്ന ഉറുമ്പുകളും പാറ്റകളും. അവയുടെ ചലനങ്ങളിൽ അതിശയകരമായ ഒരു ശാന്തതയുണ്ട്. ഭയത്തിന്റെ നിഴലില്ല, പ്രതിഷേധത്തിന്റെ കലഹമില്ല, അതിജീവനത്തിന്റെ ഒരേയൊരു നിശ്ചയം മാത്രം.

സുമേഷിന്റെ ചിന്തകൾ പെട്ടെന്ന് വീട്ടിലെ അടുക്കളയിലുള്ള ആ പഴയ മൈക്രോവേവ് ഓവനിലേക്ക് പാഞ്ഞു. ലളിതമായ ആ യന്ത്രത്തിനുള്ളിലെ അതിജീവന രഹസ്യം അവനെ എപ്പോഴും അമ്പരപ്പിച്ചിട്ടുള്ളതാണ്. മാഗ്നെട്രോൺ എന്ന അദൃശ്യ പ്രഭവകേന്ദ്രത്തിൽ നിന്ന് പുറപ്പെടുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ ഭക്ഷണത്തിലെ ജലതന്മാത്രകളെ ലക്ഷ്യം വെച്ച് അവയെ കമ്പിപ്പിക്കുന്നു. പക്ഷേ, ഈ മാരകമായ തരംഗങ്ങൾക്കിടയിലും പാറ്റകൾ എങ്ങനെ സുരക്ഷിതരായിരിക്കുന്നു?

ജലത്തിന്റെ അഭാവം. അവയുടെ ശരീരത്തിൽ ജലാംശം തുലോം കുറവായതിനാൽ മൈക്രോവേവ് തരംഗങ്ങൾക്ക് അവയെ പൊള്ളിക്കാനാവില്ല എന്ന വസ്തുത അവൻ തിരിച്ചറിഞ്ഞു. അവയുടെ പുറന്തോട് നിർമ്മിച്ചിരിക്കുന്ന കൈറ്റിൻ എന്ന പദാർത്ഥം വികിരണങ്ങളെ പ്രതിരോധിക്കുന്ന ഒരു കവചമാകുന്നു. യന്ത്രത്തിനുള്ളിലെ താപം കുറഞ്ഞ ‘കോൾഡ് സ്പോട്സ് ‘ തിരിച്ചറിയാനുള്ള അവയുടെ ജൈവികമായ തന്ത്രം. മൈക്രോവേവ് ഓവനിലെ അഗ്നിപരീക്ഷയിൽ പാറ്റകൾ ജയിക്കുന്നത് അവയുടെ കായികബലം കൊണ്ടല്ല, മറിച്ച് പ്രകൃതി നൽകിയ അദൃശ്യമായ പ്രതിരോധ ലിപികൾ കൊണ്ടാണ്.

Read Also  രണ്ട് കഥകൾ/സമദ് പനയപ്പിള്ളി എഴുതിയ ചെറുകഥകൾ/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

കുന്നിന്റെ ചെരിവിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അവന്റെ ഉള്ളിൽ കരുത്തിന്റെ ഒരു പുതിയ തൈ മുളപൊട്ടിയിരുന്നു. ഏത് കൊടുംചൂടിലും പ്രതിസന്ധിയിലും തകരാതെ നിലകൊള്ളുക എന്ന ജീവിതത്തിന്റെ ആഴമുള്ള പ്രതിരോധതന്ത്രം ഒരു ദർശനം പോലെ അവൻ തിരിച്ചറിഞ്ഞു.

അവൻ ഉറപ്പിച്ചു, ‘കവചം പുറത്തല്ല, അകത്താണ് നിർമ്മിക്കേണ്ടത്.’

വർഷങ്ങൾക്കിപ്പുറമുള്ള, നഗരത്തിലെ ഒരു തെരുവ്. അവിടത്തെ ഒരു ചായക്കടയുടെ പിൻവശത്തെ സിമന്റ് ബെഞ്ചിലിരിക്കുമ്പോൾ സിദ്ധാർത്ഥിന്റെയുള്ളിൽ ആ പഴയ പാറ്റയുടെ വേഗവും ജാഗ്രതയും ഉണർന്നു. ചൂടുള്ള ചായക്കപ്പ്‌ ചുണ്ടോടടുപ്പിച്ചു കൊണ്ട് അവൻ പുഞ്ചിരിച്ചു,
‘അതിജീവനം ആയുധങ്ങൾ കൊണ്ടുള്ള ഒരു പോരാട്ടമല്ല; അതൊരു നിഗൂഢമായ തിരിച്ചറിവാണ്.’

Free Subscription!

Subscribe to Prathibhavam for Latest Updates.