
തലയില്ലാ തച്ചൻ- ആറാം ഭാഗം
‘സ്വന്തം അഹന്തയാകുന്ന ശിരസ്സിനെ ഛേദിക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക് ജ്ഞാനത്തിന്റെ സൂര്യനെ ദർശിക്കാൻ കഴിയൂ’ എന്ന ഫിലോസഫിക്കലായ ഒരു വേർഷനുണ്ട്. അതാണ് നമ്മൾ എടുക്കേണ്ടത്. പിന്നെ, സ്വന്തമെന്ന് കരുതുന്നവർക്കു വേണ്ടി സ്വന്തം രക്തം ചിന്തുന്നതിലെ ത്യാഗാത്മകമായ ജീവിത വീക്ഷണവും ഈ സിംബലിലൂടെ കാണാൻ കഴിയും.
“നിങ്ങൾ ആശ്ചര്യപ്പെടേണ്ടതില്ല. ഈ ക്ഷേത്രം അത്ര നിഗൂഢമായ ഒന്നല്ല. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ഝാർഖണ്ഡിലെ രാജ്രാപ്പ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല.”
ആര്യയും സെലിനും ആകാംക്ഷയോടെ ഇരിക്കുന്നത് കണ്ടപ്പോൾ ഡോക്ടർ ഐസക്കിന് നേരിയൊരു കൗതുകം തോന്നി. അദ്ദേഹം തുടർന്നു,
“രാജ്രാപ്പ മാത്രമല്ല, ഛിന്നമസ്തയെ ആരാധിക്കുന്ന വേറെയും ഇടങ്ങളുണ്ട്. ഉത്തരേന്ത്യയിലാണ് കൂടുതൽ പ്രാധാന്യം. അസം, പശ്ചിമബംഗാൾ, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ. ദക്ഷിണേന്ത്യയിൽ ഇതത്ര സജീവമല്ല.”
ഡോക്ടർ പറഞ്ഞു നിർത്തിയതും സെലിൻ പെട്ടെന്ന് ഇടപെട്ടു. “പക്ഷെ ഡോക്ടർ, അതെല്ലാം ഒരു സ്ത്രീ ദൈവത്തിന്റെ ക്ഷേത്രങ്ങളല്ലേ? ആര്യ കാണുന്നത് തലയില്ലാത്ത ഒരു പുരുഷന്റെ പ്രതിമയാണ്. അങ്ങനെ വരുമ്പോൾ… ഇവ തമ്മിൽ എന്ത് ബന്ധമാണുള്ളത്?”
“ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ.” ഡോക്ടർ ചെറുചിരിയോടെ പറഞ്ഞു. “ആര്യയുടെ ചോദ്യത്തിനുള്ള ഉത്തരമാണ് നൽകിയത്.”
“സോറി ഡോക്ടർ… ഞാനത് മറന്നു.” സെലിൻ ക്ഷമാപണം ചെയ്തു.
“ഇറ്റ്സ് ഓക്കേ. ഗൗരവമുള്ള ചർച്ചകളിൽ ആംഗ്സൈറ്റി കൂടുന്നത് സ്വാഭാവികമാണ്.” ഡോക്ടർ ആര്യയെ നോക്കി. “സെലിൻ സൂചിപ്പിച്ചതുപോലെ, ഈ ക്ഷേത്രത്തിന് ആര്യയുടെ സ്വപ്നവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതാൻ പ്രയാസമാണ്. എങ്കിലും, ഈ ദേവതയുടെ പ്രാധാന്യത്തെ ഞാൻ സൂചിപ്പിക്കാം.
ഇതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ പലതും ഉണ്ട്. പക്ഷെ, എല്ലാത്തിലും ഈ ദേവതയുടെ വിചിത്രമായ രൂപത്തിനു വലിയൊരു ത്യാഗത്തിന്റെ പ്രതീകം കല്പിക്കുന്നുണ്ട്. തന്റെ തോഴിമാരുടെ ദാഹം തീർക്കാനാണത്രെ ഈ ദേവത സ്വന്തം ശിരസ്സറുക്കുന്നത്. ഇതിനെയൊരു മതപരമായ വിശദീകരണമായി കണ്ടാൽ മതി.
‘സ്വന്തം അഹന്തയാകുന്ന ശിരസ്സിനെ ഛേദിക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക് ജ്ഞാനത്തിന്റെ സൂര്യനെ ദർശിക്കാൻ കഴിയൂ’ എന്ന ഫിലോസഫിക്കലായ ഒരു വേർഷനുണ്ട്. അതാണ് നമ്മൾ എടുക്കേണ്ടത്. പിന്നെ, സ്വന്തമെന്ന് കരുതുന്നവർക്കു വേണ്ടി സ്വന്തം രക്തം ചിന്തുന്നതിലെ ത്യാഗാത്മകമായ ജീവിത വീക്ഷണവും ഈ സിംബലിലൂടെ കാണാൻ കഴിയും.
കുറച്ചും കൂടി ലളിതമായി പറയുകയാണെങ്കിൽ, ഇതിന്റെ പ്രതീകാത്മകമായ പ്രാധാന്യമെന്നത്, ‘തന്റെ വീഴ്ചകളെ അഥവാ പ്രശ്നങ്ങളെ താൻ തന്നെ വേണം പരിഹരിക്കാൻ’ എന്ന ആത്മനിഷ്ഠമായ ഒരു ഉദ്ബോധനമാണ് ഈ ബിംബം. ഇതൊരു വലിയ ദാർശനികമായ കണ്ണാടിയാണ്.”
അവിടെ അല്പനേരം നിശബ്ദത പരന്നു. ആര്യ ഒരല്പം ക്ഷമിച്ചിരുന്നെങ്കിൽ ശ്രീയുമായുള്ള ബന്ധം ഇങ്ങനെ വഷളാകുമായിരുന്നില്ല എന്ന് സെലിൻ ആ നിമിഷം ചിന്തിച്ചുപോയി. ആര്യയ്ക്കും തോന്നി, ഛിന്നമസ്ത ദേവിയിലൂടെ ഡോക്ടർ തന്നിലേക്കൊരു പാലം തുറക്കുകയാണെന്ന്.
ആര്യ പതിയെ പറഞ്ഞു: “ഡോക്ടർ പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാകുന്നു. എന്റെ ഭാഗത്തും തെറ്റുകൾ ഉണ്ട്. ഞാൻ സമ്മതിക്കുന്നു. ഒരുപക്ഷെ, ഡോക്ടർ സൂചിപ്പിക്കുന്നതുപോലെ, ഞങ്ങൾക്കിടയിലെ പ്രശ്നങ്ങളാണ് ഈ സ്വപ്നങ്ങൾ എന്നാണെങ്കിൽ തന്നെ, ഞങ്ങളുടെ പ്രശ്നങ്ങളുമായി ഒട്ടും റിലേറ്റഡ് അല്ലാത്ത, തികച്ചും വൈരുദ്ധ്യമുള്ള കാഴ്ചകളും സ്ഥലങ്ങളും… അതാണ് എനിക്ക് മനസ്സിലാകാത്തത്.”
ഇതിൽ കൂടുതൽ ഡോക്ടറോട് എന്തു ചോദിക്കണമെന്നറിയാതെ ആര്യ കുഴങ്ങി.
“നോക്കൂ ആര്യ… ചിലപ്പോഴെങ്കിലും നമ്മുടെ ഉപബോധമനസ്സ് നമ്മുടെ വൈകാരിക മുറിവുകളെ സ്വപ്നങ്ങളാക്കി നമുക്കു മുന്നിലെത്തിക്കുമ്പോൾ, നമുക്ക് പരിചിതമായ വിഷ്വലുകളെ തന്നെ അത് ഉപയോഗിക്കണമെന്നില്ല. പലപ്പോഴും അവ തികച്ചും അപരിചിതവും ദുർഗ്രാഹ്യവുമായ ബിംബങ്ങളും കൊണ്ടുവന്നേക്കാം.”
ഒന്നു നിർത്തിയതിനു ശേഷം ഡോക്ടർ തുടർന്നു,
“ഈ പ്രശ്നത്തെ ഒരു സൂപ്പർ പവറിന്റെ അല്ലെങ്കിൽ ബ്ലാക്ക് മാജിക്കിന്റെ ഒക്കെ റെപ്രസെന്റേഷനിലൂടെയാണ് ആര്യ സമീപിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.”
ഒരു നിമിഷം കഴിഞ്ഞാണ് ആര്യ പ്രതികരിച്ചത്.
“അങ്ങനെ ഒരു തോന്നൽ ഉണ്ട്.”
‘ആ കൊടും കാട്ടിലെ ഇരുട്ടിലൂടെ തന്നിലേക്ക് അരിച്ചെത്തിയ കാറ്റിന് മരണത്തിന്റെ ഗന്ധമായിരുന്നു ഡോക്ടർ… ശിരസ്സറ്റ ആ പ്രതിമയിൽ നിന്നും ഇറ്റിറ്റുവീണിരുന്ന ആ രക്തത്തുള്ളികൾ എന്റെ കാൽച്ചുവട്ടിൽ ഇപ്പോഴും ഉണങ്ങാതെ കിടക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയില്ല. എന്നിൽ ഉറഞ്ഞു നില്കുന്ന ആ തണുപ്പ് നിങ്ങൾക്ക് സ്പർശിക്കാനും കഴിയില്ല.’ മനസിൽ വന്നത് പുറത്തേക്ക് വിട്ടില്ല ആര്യ.
പക്ഷെ, ആര്യയുടെ കണ്ണുകളിൽ നിന്നും ഡോക്ടർ അത് വായിച്ചെടുത്തു. അദ്ദേഹം നീട്ടിയൊന്നു മൂളി. ഈ ഘട്ടത്തിലാണ് സെലിന്റെ ഇടപ്പെടൽ ഉണ്ടായത്. അവൾ ചോദിച്ചു,
“ഡോക്ടർ, ഈ സ്വപ്നങ്ങൾ ഏതോ മുജ്ജന്മത്തിലേക്കാണ് ആര്യയെ കൊണ്ടുപോകുന്നതെന്ന് അവൾക്ക് തോന്നാറുണ്ട്. ശാസ്ത്രീയമായി അതിൽ വല്ല സത്യവുമുണ്ടോ?”
ആര്യ നന്ദിയോടെ സെലിനെ നോക്കി.
കയ്യിലെ വാച്ചിലേക്ക് ഒന്നു നോക്കിയിട്ട് ഡോക്ടർ സെലിനോട് പറഞ്ഞു, “ശാസ്ത്രം ഒന്നിനെയും പൂർണ്ണമായി നിരാകരിക്കുന്നില്ല. ശാസ്ത്രത്തിന്റെ യുക്തിക്ക് ബോധ്യപ്പെടാത്ത കാര്യങ്ങളെ അത് താല്ക്കാലികമായി മാറ്റി വെക്കുന്നു എന്ന് മാത്രം. ‘ആബ്സെൻസ് ഓഫ് എവിഡെൻസ് ഈസ് നോട്ട് എവിഡെൻസ് ഓഫ് ആബ്സെൻസ്’ എന്നാണ് ശാസ്ത്രം പറയുന്നത്. അതായത്, ഒരു കാര്യം തെളിയിക്കാൻ കഴിഞ്ഞില്ല എന്നതുകൊണ്ട് അത് നിലനിൽക്കുന്നില്ല എന്ന അർത്ഥം ഉണ്ടാകണമെന്നില്ല. അത് കണ്ടെത്താനുള്ള വഴി നമ്മൾ ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്നും കരുതാം. നമ്മുടെയെല്ലാം ഡി.എൻ.എകൾ എത്രമാത്രം സ്വപ്നങ്ങളെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകുമെന്ന് ആർക്കറിയാം. ശാസ്ത്രം ഇനിയും അതൊക്കെ കണ്ടെത്തേണ്ടിയിരിക്കുന്നു.”
ആ മറുപടിയിൽ ആര്യയ്ക്കും സെലിനും ചെറിയൊരു പ്രതീക്ഷ തോന്നി.
“എങ്കിലും, സ്വപ്നങ്ങളെക്കുറിച്ച് ചെറിയൊരു ധാരണ കൂടി ഞാൻ തരാം. ഒരുപക്ഷെ, ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾക്ക് പ്രയോജനപ്പെട്ടേക്കാം.” ഡോക്ടർ പറഞ്ഞു.

ആര്യയും സെലിനും ഡോക്ടറിൽ നിന്നും കണ്ണുകൾ തെന്നിക്കാതെ ഇരുന്നു. ഡോക്ടർ ചെറിയൊരു ഇടവേള എടുത്തു. ശേഷം ഒരു ചോദ്യമാണ് അദ്ദേഹത്തിൽ നിന്നുമുണ്ടായത്,
“ആര്യയുടെ നാട്..?”
പ്രതീക്ഷിക്കാതിരുന്ന നേരത്താണ് അങ്ങനെയൊരു ചോദ്യം. ആര്യ പറഞ്ഞു,
“മേനോൻപാറ.”
“മേനോൻപാറ..?” ഡോക്ടർ ഒരു നിമിഷം ആലോചിച്ചു.
“തൃശൂർ ബോർഡറാണ്. പാലക്കാട് ജില്ല. ചിറ്റൂരിൽ നെന്മാറ- കൊല്ലംകോട് ഭാഗത്തായി വരും.” ആര്യ വിശദീകരിച്ചു. എന്നിട്ടും ഡോക്ടർക്ക് പിടികിട്ടിയില്ലെന്ന് അവൾക്ക് മനസ്സിലായി.
“പണ്ട് അവിടെയൊരു ഷുഗർ മില്ലുണ്ടായിരുന്നു. പിന്നെ അത് ചാരായക്കമ്പനിയായി. ഇപ്പോൾ അവിടെ നിന്നും ‘ജവാൻ’ ലിക്കർ ഇറക്കുന്നത് വലിയ വാർത്തയായിരുന്നു. മലബാർ ഡിസ്റ്റിലറീസിന്റെ…” ആര്യ ഒരു ലാൻഡ് മാർക്ക് കൂടി നൽകി. എന്നിട്ടും ഡോക്ടറുടെ മുഖത്ത് തിരിച്ചറിവിന്റെ ഭാവം കാണാത്തതുകൊണ്ട് അവൾ പിന്നെയൊന്നും പറയാൻ നിന്നില്ല.
ഒന്നോ രണ്ടോ നിമിഷം കഴിഞ്ഞപ്പോൾ ഡോക്ടർ പ്രതികരിച്ചു,
“ഇറ്റ്സ് ഓക്കേ. ഡോക്ടർ അന്ന മെൻഷൻ ചെയ്തിരുന്നു, യു ആർ ഫ്രം പാലക്കാട് എന്ന്. സോ… ഐ തോട്ട്, പ്രോപ്പർ പാലക്കാട് ടൗൺ.” ഒന്ന് നിർത്തിയതിനു ശേഷം ഡോക്ടർ ചോദിച്ചു, “ആര്യ ജനിച്ചു വളർന്നത് അവിടെ തന്നെയാണോ..?”
“അല്ല. മേനോൻപാറ കഴിഞ്ഞിട്ട്, എട്ട് പത്ത് കിലോമീറ്റർ അപ്പുറത്തുള്ള എരവട്ടപ്പാറപ്പതി എന്ന സ്ഥലത്താണ്. ഞാൻ ജനിക്കുമ്പോൾ അവിടെയായിരുന്നു അച്ഛന്റെ കുടുംബം. സ്വത്ത് ഭാഗം വെച്ചുകഴിഞ്ഞാണ് ഞങ്ങൾ ഇങ്ങോട്ട് മാറിയത്. എനിക്കന്ന് അഞ്ചോ ആറോ വയസ് കാണും.”
“എരവട്ടപ്പാറ… ചിറ്റൂര്… നെന്മാറ എന്നൊക്കെ പറയുമ്പോൾ, തമിഴ്നാട് ബോർഡർ. ഈസ് ഇറ്റ്..?”
“അതേ… പക്ഷെ, ഞാൻ വളർന്നതും പഠിച്ചതും ഒക്കെ കൂടുതലും പട്ടിക്കാടുള്ള അമ്മാവന്റെ വീട്ടിൽ നിന്നാണ്. തൃശൂർ ബൈപാസിൽ നിന്നും പീച്ചി ഡാമിലേക്ക് തിരിയുന്ന ഭാഗത്താണ് അമ്മയുടെ തറവാട്.”
“അതെന്തുപറ്റി? വീട്ടിൽ എന്തെങ്കിലും അസൗകര്യം?”
“ഉണ്ടായിരുന്നു. ഞങ്ങൾ മേനോൻപാറയിലേക്ക് മാറിയ സമയത്താണ് അച്ഛന് അപകടം പറ്റിയത്. കിണർ പണിയായിരുന്നു അച്ഛന്. അതിനിടെ സംഭവിച്ചതാണ്. മൂത്തത് രണ്ട് ചേച്ചിമാർ. അമ്മ അക്കാലത്ത് ഷുഗർ മില്ലിൽ പോയിരുന്നു. എന്നെ അമ്മാവൻ കൊണ്ടുവന്നു.”
വീണ്ടും ചെറിയൊരു ഇടവേളയുണ്ടായി.
“അപ്പോൾ ആര്യയ്ക്ക് ഇതുവരെ തമിഴ്നാടുമായി അടുത്ത ബന്ധം ഒന്നും ഉണ്ടായിട്ടില്ല എന്ന്.”
“തീരെ ഇല്ലെന്ന് പറയാൻ പറ്റില്ല. ചേച്ചിമാരെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് അതിനടുത്ത ഭാഗങ്ങളിലേക്കാണ്. വല്ലപ്പോഴും അങ്ങോട്ടൊക്കെ പോകാറുണ്ട് എന്നതൊഴിച്ചാൽ തമിഴ്നാടുമായി അധികം ബന്ധമൊന്നും ഇല്ല. പ്രത്യേകിച്ചും, കാട്, മല ഏരിയകളിലൊന്നും പോയിട്ടില്ല.”
ആര്യ തന്നെക്കാൾ മുന്നേ സഞ്ചരിക്കുന്നു. ഡോക്ടർ ചിന്തിച്ചു. വീണ്ടും കുറച്ചു നേരത്തെ നിശ്ശബ്ദത. അത് ഭേദിച്ചുകൊണ്ട് ആര്യ പറഞ്ഞു,
“പിന്നെയൊരു കാര്യമുള്ളത്…”
“യെസ് ആര്യാ… പറയൂ. ആര്യയിൽ നിന്നും കിട്ടുന്ന ചെറിയൊരു ലീഡ് പോലും നമുക്ക് യൂസ്ഫുൾ ആണ്.”
ആര്യ തുടർന്നു,
“ഞങ്ങളുടെ കുടുംബം പണ്ടെപ്പോഴോ ഇവിടേക്ക് കുടിയേറി വന്നതാണെന്ന് കേട്ട ഒരു ഓർമ്മയുണ്ട്. പക്ഷെ, അത് തമിഴ്നാട്ടിൽ നിന്നല്ല, കർണ്ണാടകയിൽ നിന്നാണ്.”
ഡോക്ടർ വീണ്ടും എന്തോ ചിന്തിച്ചിരുന്നു. പിന്നെ പറഞ്ഞു,
“ഇറ്റ്സ് ഓക്കേ… ലീവ് ഇറ്റ്. നമുക്ക് പറഞ്ഞു വന്ന കാര്യത്തിലേക്ക് കടക്കാം. ഇപ്പോൾ പറയുന്ന കാര്യങ്ങൾ ആര്യ മനസ്സിലാക്കിയിരിക്കാനാണ്. അതിൽ നിന്നും ഒബ്സെർവ് ചെയ്യാൻ പറ്റുന്നത് ചെയ്യുക.”
“യെസ് ഡോക്ടർ. ഞാൻ ശ്രമിക്കാം.”
ആര്യയുടെ മറുപടിക്കുശേഷം, ഡോക്ടർ സെലിനെയും ഓർമ്മിപ്പിച്ചു,
“യു ക്യാൻ ആൾസോ ഹെല്പ് ഹെർ, സെലിൻ. ഐ തിങ്ക്, യു ആർ ഹെർ ക്ലോസസ്റ്റ് ഫ്രണ്ട്.”
“യെസ് ഡോക്ടർ. യു ആർ റൈറ്റ്. ആൻഡ്, ഐ വിൽ ഡു ഇറ്റ് വിത്ത് മൈ സോൾ.”
ഡോക്ടറുടെ പ്രശംസ സെലിനെ ആഹ്ലാദഭരിതയാക്കി.
ഡോക്ടർ പറഞ്ഞു തുടങ്ങി,
“സ്വപ്നങ്ങൾ ഏതു തരത്തിൽ ഉള്ളതായാലും, അവ സുഖകരമാണെങ്കിലും ഭയപ്പെടുത്തുന്നതാണെങ്കിലും, അതുണ്ടാകുന്നത് ഉറക്കത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ്. അതായത്, ഒരു അൺകോൺഷ്യസ് സിറ്റുവേഷനിൽ നമ്മുടെ തലച്ചോറ് അഥവാ, മസ്തിഷ്കം സാധാരണയിൽ നിന്നും ഉയർന്ന ഒരു തോതിൽ ഉണർന്നിരിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നു പറയാം.
ഈ സമയത്ത് നമ്മൾ കണ്ണുകളടച്ച് ഉറങ്ങിക്കിടക്കുകയാണെങ്കിൽ പോലും, ഉള്ളിൽ കണ്ണുകൾ അതിവേഗത്തിൽ ചലിക്കുന്നുണ്ടാകും. ഈ ഒരു അവസ്ഥയെ, സയന്റിഫിക്കായി ‘റാപ്പിഡ് ഐ മൂവ്മെന്റ് സ്ലീപ്’ അഥവാ, ആർ ഇ എം സ്ലീപ് എന്ന് പറയും. ഈ ഘട്ടത്തിലാണ്, മസ്തിഷ്കം അതിന്റെ താഴെത്തട്ടായ ബ്രെയിൻസ്റ്റെം എന്ന ഭാഗത്ത് അതുവരെ സംഭരിച്ചു വെച്ച അറിവുകളെ സ്വപ്നങ്ങളാക്കി പുറംതള്ളുന്നത്. ബ്രെയിൻസ്റ്റെമിൽ ശേഖരിച്ച വിവരങ്ങളെ അതിന്റെ മുകൾ ഭാഗമായ സെറിബ്രൽ കോർട്ടെക്സിലേക്ക് ആക്റ്റിവേഷൻ സിഗ്നലുകളാക്കി അയക്കുന്ന ഒരു തരം ബ്രെയിൻ മെക്കാനിസമാണ് അത്.
പണ്ടു നടന്ന സംഭവങ്ങൾ, ഇപ്പോഴത്തെ അനുഭവങ്ങൾ തുടങ്ങി നമ്മൾ നാളിതുവരെ അനുഭവിച്ച എല്ലാത്തരം മുഹൂർത്തങ്ങളുടെയും പ്രതിഫലനങ്ങൾ ഒറ്റയ്ക്കോ കൂട്ടമായോ ആയി സെറിബ്രൽ കോർട്ടെക്സിൽ എത്തിച്ചേരുന്ന ഇത്തരം ആക്റ്റിവേഷൻ സിഗ്നലുകൾക്ക് രൂപവും ഭാവവും നിറവും ഒക്കെ ലഭിക്കുന്നത് ഇവിടെ വെച്ചാണ്. അതായത്, സ്വപ്നങ്ങളുടെ ജനനം പൂർത്തിയാകുന്നത്, സെറിബ്രൽ കോർട്ടെക്സിൽ വെച്ചാണ് എന്ന്.
ചിലപ്പോഴൊക്കെ സ്വപ്നങ്ങൾ ഒരു സിനിമയിലെയോ കഥയിലെയോ പോലെ, ഓരോരോ രംഗങ്ങളായി നമ്മളിൽ വന്നും പോയും ഇരിക്കുന്നതിന്റെ കാരണം, സെറിബ്രൽ കോർട്ടെക്സിലെത്തുന്ന ആക്റ്റിവേഷൻ സിഗ്നലുകളെ അത് സിന്തസിസ് എന്ന സിഗ്നലുകൾ ആക്കുന്നതുകൊണ്ടാണ്.
നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട യഥാർത്ഥമായ സംഭവങ്ങളെ ആക്റ്റിവേഷൻ സിഗ്നലുകളാക്കുന്ന ധർമ്മം ബ്രെയിൻസ്റ്റെം എന്ന പാർട്ട് ചെയ്യുമ്പോൾ ഇതിന് അർത്ഥവും വികാരങ്ങളും ഒക്കെയുള്ള ഒരു ആഖ്യാനം നല്കുന്നത് സെറിബ്രൽ കോർട്ടെക്സ് ആണ് എന്ന് സാരം. തന്റെ ഭാഗത്ത് എത്തിച്ചേരുന്ന ഇത്തരം വിവരങ്ങൾക്ക് തന്റേതായ ഒരു അർത്ഥം സെറിബ്രൽ കോർട്ടെക്സ് നൽകാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പല സ്വപ്നങ്ങളും അയുക്തികമായി തോന്നുന്നത് എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.
ഇതുമൂലം, മനസ്സിൽ നിഗൂഢമായി ഒളിപ്പിക്കാൻ ശ്രമിക്കുന്നതോ മനപ്പൂർവ്വം ഓർക്കാതിരിക്കാൻ പണിപ്പെടുന്നതോ പരിഹരിക്കപ്പെടാതെ കിടക്കുന്നതോ ആയ കാര്യങ്ങളെ പോലും സ്വപ്നങ്ങളിലൂടെ തലച്ചോർ നമ്മളെ ഓർമ്മിപ്പിക്കാനുള്ള ഒരു സാധ്യത തുറന്നിടുന്നുണ്ട്. ഇത് ഒരിക്കൽ മാത്രം സംഭവിക്കുന്നതാകണമെന്നില്ല. വീണ്ടും അവ നമ്മളെ തേടിയെത്തിയെന്നും വരാം.
ചിലപ്പോൾ, ഉപബോധമനസ് നമ്മളെ നിരന്തരം അലട്ടികൊണ്ടിരിക്കുന്ന, പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങളുടെ ഒരു ആത്മപരിശോധനയെ റിമൈൻ ചെയ്യിക്കുന്നതിന്റെ ഭാഗമായും ഇങ്ങനെയുള്ള റിക്കറിംഗ് ഡ്രീംസ്… ഈ വക ആവർത്തന സ്വഭാവമുള്ള സ്വപ്നങ്ങൾ സംഭവിക്കാം.”
ഡോക്ടർ കുറച്ചു നേരം നിശബ്ദമായി. അടുത്തതായി ഡോക്ടർ എന്താണ് പറയാൻ വരുന്നത്..? ആര്യയും സെലിനും കാത്തിരുന്നു.
“അൽഗോരിതം എന്ന വാക്ക് നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ..?
ഡോക്ടർ ഇരുവരോടുമായി ചോദിച്ചു. ആര്യ ഒന്നും മിണ്ടിയില്ല. സെലിൻ പറഞ്ഞു,
“കേട്ടിട്ടുണ്ട്. പക്ഷെ, കൂടുതൽ അറിയില്ല.”
“ഓക്കേ… ഞാനതിന്റെ ചെറിയൊരു വിശദാംശം പറയാം.”
ആര്യ ചിന്തിച്ചു, ‘എന്തിനാണിപ്പോൾ അൽഗോരിതത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?’
“ഇക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ് അൽഗോരിതം. സോഷ്യൽ മീഡിയ കണ്ടന്റുകളിൽ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഓപ്റ്റിമൈസ് ചെയ്തിരിക്കുന്ന സംവിധാനമാണ് ഇത്.
ഒന്നു നിർത്തി ഡോക്ടർ ചോദിച്ചു,
“നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, ഒരു റീൽസ് കണ്ടാൽ, അതുപോലുള്ള കണ്ടന്റുകൾ തന്നെ വീണ്ടും വരുന്നത്?”
സെലിൻ പറഞ്ഞു,
“ഉവ്വ്.”
“ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അറിയാമോ?”
“അതിനു പിന്നിൽ ഡോക്ടർ പറഞ്ഞ, അൽഗോരിതമാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ, ഡീപ്പ് ആയി അറിയില്ല.” അവൾ പറഞ്ഞു.
“ഓക്കേ… ഞാൻ ചുരുക്കി എക്സ്പ്ലെയിൻ ചെയ്യാം. അതായത്, സോഷ്യൽ മീഡിയയിൽ നമ്മൾ എന്ത് സർച്ച് ചെയ്യുന്നു, എത്ര പ്രാവശ്യം സർച്ച് ചെയ്യുന്നു, ആ കണ്ടന്റ് നമ്മൾ എത്ര നേരം കാണുന്നു, എത്ര പ്രാവശ്യം കാണുന്നു, എന്നെല്ലാം അതാത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അൽഗോരിതം എന്ന ഈ സംവിധാനത്തിലൂടെ അനലൈസ് ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, അതേ വിഷയവുമായി ബന്ധപ്പെട്ട കണ്ടന്റുകളായിരിക്കും ഒരു സജഷനായി ഈ പ്ലാറ്റ്ഫോമുകൾ നമ്മൾക്കു മുന്നിൽ കൂടുതൽ എത്തിക്കുന്നത്.
ഗണിതശാസ്ത്രത്തിൽ, ഒമ്പതാം നൂറ്റാണ്ടിലെ പേർഷ്യൻ ഗണിതശാസ്ത്രജ്ഞനായ അൽ-ഖവാരിസ്മിയാണ് അൽഗോരിതം എന്ന ആശയത്തിന്റെ പ്രാരംഭ ഗണിതപരമായ രൂപീകരണത്തിൽ വലിയ സംഭാവന നൽകിയിരിക്കുന്നത്. ഇന്നതിന്റെ ഉപയോഗം കൂടുതൽ നടക്കുന്നത്, സോഷ്യൽ മീഡിയകളിലെ ഡാറ്റ ഉപയോഗിച്ചുകൊണ്ടുള്ള, ഉപഭോക്താക്കളുടെ താല്പര്യങ്ങളെ പ്രെഡിക്ട് ചെയ്യുന്ന ഒരു സംവിധാനമായിട്ടാണ്.
അതായത്, നമ്മൾ ആവർത്തിച്ചു കാണുന്ന, ഇടപഴകുന്ന വിഷയങ്ങളെ അനലൈസ് ചെയ്ത്, ഇതാണ് നമ്മൾക്ക് കൂടുതൽ ഇഷ്ടമെന്ന് കരുതി, അത്തരം വിഷയങ്ങളെ നമ്മളിലേക്ക് കൂടുതൽ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രവർത്തനം. നമ്മൾ ഫോളോ ചെയ്യുന്ന വ്യക്തികളുടെ, കൂടുതൽ ശ്രദ്ധിക്കുന്ന വ്യക്തികളുടെ സോഷ്യൽ മീഡിയ കണ്ടന്റുകൾ തുടർച്ചയായി നമ്മൾക്ക് വന്നുകൊണ്ടിരിക്കുന്നതും ഇതുകൊണ്ടു തന്നെ.”
സെലിന് ഈ ഭാഗം കൂടുതൽ ഇന്റെറെസ്റ്റിങ് ആയി തോന്നി. ആര്യ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നും തോന്നി.
“സൈന്റിഫിക്കലി കറക്ട് ആണെന്ന് പറയാൻ കഴിയില്ലെങ്കിലും, ഈ ആവർത്തന സ്വപ്നങ്ങളുടെ കാര്യത്തിൽ, നമ്മുടെ ബ്രെയിൻ സിസ്റ്റം പ്രവർത്തിക്കുന്നതിലും ഏകദേശം ഇതേ സ്വഭാവം കാണാം. ആവർത്തന സ്വപ്നങ്ങൾ സംഭവിക്കുന്നത് അൽഗോരിത സിസ്റ്റത്തിന്റെ ഭാഗമാണെന്നല്ല പറയുന്നത്. എന്നാൽ, സമാനമായ ഒരു പാറ്റേൺ രണ്ടിലും കാണാനും കഴിയും. നമ്മൾ കൂടുതൽ ചിന്തിക്കുന്ന കാര്യങ്ങൾ, മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്ന വിഷയങ്ങൾ ചിലപ്പോൾ നമ്മുടെ സ്വപ്നങ്ങളിലും ആവർത്തിച്ചു കടന്നു വരാം എന്ന്.
സോഷ്യൽ മീഡിയയിൽ, നമ്മൾ കാണുന്ന കണ്ടന്റിന്റെ പാറ്റേൺ മാറ്റിയാൽ, അൽഗോരിതത്തിന്റെ സജഷനുകളും മാറും. അതുപോലെ, നമ്മുടെ ചിന്തകളിൽ മാറ്റമുണ്ടായാൽ, ഈ ആവർത്തന സ്വപ്നങ്ങളും ക്രമേണ മാറി മാറി വരാൻ സാധ്യതയുണ്ട്.”
ആര്യയ്ക്ക് നേരിയ മുഷിപ്പ് അനുഭവപ്പെടുന്നതായി ഡോക്ടർക്കു മനസിലായി. അവളുടെ മിഴികൾ ഇടക്കിടെ അകത്തളത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് തെന്നിക്കൊണ്ടിരുന്നു. പക്ഷെ, സെലിൻ ഡോക്ടറിൽ നിന്നും കണ്ണുകൾ എടുക്കാതെ ഇരുന്നു.
“ഇനി, ആര്യ കാണുന്ന സ്വപ്നങ്ങളെ… അതിന്റെ ഇമേജിനറികളെ നമുക്കൊന്ന് പരിശോധിക്കാം.”
ഡോക്ടർ ഇപ്പറഞ്ഞത് കേട്ടപ്പോൾ ആര്യ വേഗത്തിൽ തന്റെ കണ്ണുകളെ ഡോക്ടറിലേക്ക് ഉറപ്പിച്ചു നിർത്തി.
“നമ്മൾ കാണുന്ന ഓരോ സ്വപ്നങ്ങളിലെയും ദൃശ്യങ്ങൾക്ക് അതിന്റേതായ വ്യാഖ്യാനങ്ങളുണ്ട്. ആര്യയുടെ സ്വപ്നങ്ങൾക്കും കാണും അതിന്റേതായ ആഖ്യാനങ്ങൾ. ആര്യ കാണുന്ന, ആര്യയ്ക്ക് തീർത്തും അന്യമായി തോന്നുന്ന സ്ഥലത്തേക്കുള്ള ഒരു യാത്ര… ആ ദൃശ്യങ്ങളുടെ ആവർത്തിച്ചുള്ള വരവ്… അതൊരു പക്ഷെ, ജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന മറ്റൊരു ടേണിങ് പോയിന്റിന്റെ സൂചനയാകാം. പുതിയ ഒരു സ്ഥലത്തേക്കുള്ള മാറ്റം, ഒരു പുതിയ പ്രോജെക്ടിനുള്ള അല്ലെങ്കിൽ, പുതിയ ഒരു ബന്ധത്തിനുള്ള ആഗ്രഹം… അങ്ങനെ പലതും ആകാം കാരണങ്ങൾ. ഒരുപക്ഷെ, ആര്യയുടെ മനസ് അങ്ങനെയുള്ള ഒരു ടേണിങ് പോയിന്റ് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ, ആര്യയ്ക്ക് അപരിഹാര്യമായി ഫീൽ ചെയ്യുന്ന ഒരു അനിശ്ചിതത്വത്തെ പ്രതിയാകാം ഇത് സംഭവിക്കുന്നത്.”
‘ഈശ്വരാ… ഇങ്ങേര് ഇതെന്തൊക്കെയാണീ പറഞ്ഞു കൂട്ടുന്നത്… പുതിയ ബന്ധം… പുതിയ സ്ഥലം… പുതിയ പ്രൊജക്റ്റ്… ഇതൊന്നും തന്റെ ചിന്തകളിൽ ഇതുവരെ കടന്നു കൂടാത്ത കാര്യങ്ങളാണല്ലോ…’ ഇങ്ങനെ ചിന്തിച്ചതും അറിയാതെ ഒരു ദീർഘനിശ്വാസം പുറത്തേക്കു വന്നു. ഡോക്ടറും സെലിനും അത് ശ്രദ്ധിച്ചു. പക്ഷെ, ഡോക്ടർ തുടർന്നുകൊണ്ടിരുന്നു.
“അസ്തിത്വം നഷ്ടമായതോ അനിശ്ചിതത്വത്തിൽ അകപ്പെട്ടതോ ആയ ആര്യയുടെ ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ, തന്മൂലം ഉണ്ടാകുന്ന പ്രതിസന്ധിയുടെ പ്രതീകമായി തലയില്ലാത്ത ആ പ്രതിഷ്ഠയും ആ പ്രതിസന്ധിയെ മറികടക്കാനുള്ള ആര്യയുടെ ഉത്കടമായ ആഗ്രഹത്തിന്റെ പ്രതീകമായി ആ ക്ഷേത്രവും ആര്യയുടെ സെറിബ്രൽ കോർട്ടെക്സ് എന്ന ബ്രെയിൻ പാർട്ട് ബിംബവല്ക്കരിക്കുന്നതും ആകാം. അത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം ആര്യയുടെ മനസും ശരീരവും ഒരു മോചനം, ചുരുങ്ങിയ പക്ഷം, ആര്യയുടെ ഉപബോധ മനസെങ്കിലും തീവ്രമായി ആഗ്രഹിക്കുന്നതിന്റെ പ്രതിപ്രവർത്തനമാകാം ഈ കാണുന്നതൊക്കെ.”
നേരിയ ഒരു ഇടവേള എടുത്ത ശേഷം ഡോക്ടർ കൂട്ടിച്ചേർത്തു,
“മറ്റൊരു സാദ്ധ്യത എന്ന് പറയാവുന്നത്, നമ്മുടെയൊക്കെ മനസ്സിൽ… സ്വപ്നങ്ങളിൽ എപ്പോഴോ എവിടെയോ നിന്ന് വഴിതെറ്റി വന്ന ഒരു ദൃശ്യത്തെ, ചിലപ്പോൾ ഒന്നിൽ കൂടുതൽ ദൃശ്യങ്ങളെ, മായ്ച്ചുകളയാതെ അങ്ങനെ തന്നെ സൂക്ഷിച്ചു വെയ്ക്കുന്ന ഒരു ദുഃശീലം നമ്മുടെ ബ്രെയിന് ഉണ്ട് എന്നതാണ്. ചില ഘട്ടങ്ങളിൽ, ഇതേ ദൃശ്യങ്ങളെ ബ്രെയിൻ സ്വപ്നങ്ങളാക്കി ആവർത്തിച്ച് കാണിച്ചുകൊണ്ടിരിക്കും. മെമ്മറി കൺസോളിഡേഷൻ എന്ന ഒരു മെത്തേഡ് ആണ് അത്. ഇത്തരം ആവർത്തന ദൃശ്യങ്ങളെ ഒരു മാപ്പ് ആക്കിയാണ് മസ്തിഷ്കം സൂക്ഷിക്കുന്നതും സ്വപ്നങ്ങളിൽ ഉപയോഗിക്കുന്നതും.
ഇനി, ജനിതകമായ ചില പ്രത്യേക കാരണങ്ങൾ കൊണ്ടും അപൂർവ്വമായി ഇങ്ങനെ സംഭവിക്കാം. പക്ഷെ, ഇക്കാര്യത്തിലുള്ള ശാസ്ത്രീയ നിഗമനങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. സെലിൻ ചോദിച്ചതുപോലെയുള്ള മുജ്ജന്മ വിശ്വാസങ്ങൾ ഇപ്പറഞ്ഞ ജനിതകമായ, ‘ആർക്കിടൈപ്പ്’ എന്ന ഗണത്തിൽ പെട്ടതാണ്. ഓരോ മനുഷ്യനിലും അടങ്ങിയിരിക്കുന്ന അവന്റെ പാരമ്പര്യ സവിശേഷതകൾ അവനെ പിന്തുടർന്നു കൊണ്ടേയിരിക്കും എന്നൊരു ഡി.എൻ.എ. സിദ്ധാന്തമാണ് ഇതിനു പിന്നിൽ. ഈ തിയറി പ്രകാരം ഒരാളുടെ മുജ്ജന്മവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഈ ജന്മത്തിൽ അയാളെ വിടാതെ വേട്ടയാടിക്കൊണ്ടിരിക്കും. അതിന്റെ സിംപ്റ്റംസ് അത്ര പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. അതെന്താണെന്ന് കണ്ടെത്താതെ ആ പ്രശ്നത്തിന് പരിഹാരം ഉണ്ടായെന്നും വരില്ല. സ്വിറ്റ്സർലൻഡിലെ പ്രശസ്ത സൈക്കോളജിറ്റായിരുന്ന കാൾ യുങിന്റെതാണ് ഈ തിയറി. അദ്ദേഹത്തിന്റെ അനലിറ്റിക്കൽ സൈക്കോളജി എന്ന മനഃശാസ്ത്ര ശാഖ, യാഥാസ്ഥികമായ എല്ലാ മനഃശാസ്ത്ര സങ്കല്പങ്ങളെയും മാറ്റിമറിക്കുന്ന ഒന്നാണ്. ഇക്കാര്യത്തിൽ ലോകപ്രശസ്തമായ നിരവധി നിരീക്ഷണങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്.”
വീണ്ടും ഡോക്ടർ ചെറിയൊരു ഇടവേള എടുത്തു.
അതായത്, കാൾ യുങിന്റെ അഭിപ്രായത്തിൽ, അത്ര പെട്ടെന്നൊന്നും ഒന്നിനെയും നിഷേധിക്കാനോ സ്ഥാപിച്ചെടുക്കാനോ നമ്മൾക്ക് സാദ്ധ്യമാകാത്ത അവസ്ഥകളും സംഭവിക്കാം എന്ന് ചുരുക്കം.
ഇതു കേട്ടതും ആര്യയുടെ ശ്വാസോച്ഛാസം ഉയർന്നത് സെലിൻ ശ്രദ്ധിച്ചു. ഡോക്ടർ അത് പ്രതീക്ഷിച്ചതാണ്.
“അതെങ്ങനെ കണ്ടുപിടിക്കാൻ കഴിയും ഡോക്ടർ..?”
ആര്യയുടെ തിടുക്കപ്പെട്ടുള്ള ചോദ്യം കേട്ട് ഡോക്ടർ ചിരിച്ചു.
“അതിനൊരു കൃത്യമായ ഉത്തരം മെഡിക്കൽ സയൻസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.” ഡോക്ടർ പറഞ്ഞു.
“മെഡിക്കൽ സയൻസിൽ അല്ലാതെ മറ്റെന്തെങ്കിലും സൊലൂഷൻ… സെലിൻ പറഞ്ഞതുപോലെ…” ആര്യ മടിച്ചു മടിച്ചു ചോദിച്ചു.
അപ്പോഴും ഡോക്ടർ ചിരിച്ചു.
“അത് നിങ്ങൾ തന്നെ കണ്ടെത്തണം. ഐ തിങ്ക്, യു നോ വെരി വെൽ എബൌട്ട് ഇറ്റ്. ഡോക്ടർ അന്ന എനിക്ക് പ്രിയപ്പെട്ട ഒരാളാണ്. എന്നെക്കാൾ അധികം അവർക്ക് സെലിൻ പ്രിയപ്പെട്ടതായതു കൊണ്ടാകാം അവർ നിങ്ങളെ ഇങ്ങോട്ട് അയച്ചത്. എനിവേ, ഷി വിൽ ഗൈഡ് യു ഓൺ ദ നെക്സ്റ്റ് സ്റ്റെപ്സ്, ഈഫ് റിക്വയേഡ്.”
ആര്യയെയും സെലിനെയും മാറിമാറി നോക്കി, ചിരിച്ചുകൊണ്ടാണ് ഡോക്ടർ പറഞ്ഞതെങ്കിലും പറഞ്ഞതിന്റെ പൊരുൾ അവർക്ക് മനസിലായി. ഡോക്ടറുടെ വിലപ്പെട്ട ഒരു ദിവസം തങ്ങൾക്കു വേണ്ടി മാറ്റിവെക്കേണ്ടിവന്നിരിക്കുന്നു. തങ്ങൾക്ക് അനുവദിച്ച ടൈമും കഴിഞ്ഞിരിക്കുന്നു.
അവർ പതിയെ എഴുന്നേറ്റു. അതുവരെ നിലനിന്നിരുന്ന ആ മുറിയിലെ ഗൗരവതരമായ അന്തരീക്ഷത്തെ കീറിമുറിച്ചുകൊണ്ട് ആ സമയം സെലിന്റെ കുർത്തയുടെ പോക്കറ്റിലിരുന്ന ഫോൺ ശബ്ദിക്കാൻ തുടങ്ങി. അതോടൊപ്പം നിർത്താതെയുള്ള, നീട്ടിപ്പിടിച്ച ബഡ്ഡിയുടെ കുരയും അവിടെ മുഴങ്ങി.
തുടരും…
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.








