Malayalam short poems by Rajan C H

രാജന്‍ സി എച്ച് എഴുതിയ മൂന്ന് കുറുംകവിതകൾ

ജീവനുള്ള ഭയം:

തെരുവില്‍
പൂട്ടിയിട്ട പീടികവരാന്തയില്‍
ഉറങ്ങിക്കിടക്കുന്നു ഒരാള്‍.
ആരും അയാളെ ശ്രദ്ധിച്ചതേയില്ല.
ആരുമയാളെ പേടിച്ചതേയില്ല.
പതിവുപോലെയെന്ന്
എല്ലാവരും നടന്നു പോയി.

തെരുവില്‍
പൂട്ടിയിട്ട പീടികവരാന്തയില്‍
മരിച്ചുകിടക്കുന്നു ഒരാള്‍.
മരിച്ചൊരാളെന്ന്
അകന്നു നോക്കി ആളുകള്‍.
അയാളെ ഭയന്ന് ആളുകള്‍.
അയാള്‍ക്കും ചുറ്റും കൂടി ആളുകള്‍.
ആരായിരിക്കുമാരായിരിക്കുമെന്ന്
അടക്കം പറഞ്ഞു ആളുകള്‍.

ജീവനുള്ള ഉടലിനെ
ഭയമില്ലായിരുന്നു ആര്‍ക്കും.
ജീവനില്ലാതായ ഉടലിനെയാണ്
എല്ലാവര്‍ക്കും ഭയം.

മായല്‍:
ടന്നു നടന്നുമായുന്ന
ആളുകളുണ്ട്.
മുന്നില്‍ നിന്നും
പിന്നില്‍ നിന്നും
നാമവരെ കണ്ടിട്ടുണ്ട്.
അവര്‍ മാഞ്ഞതെങ്ങനെയെന്നു
നമ്മളൊട്ടറിയുകയേയില്ല.

അവര്‍ക്കു നമ്മളും
മായുകയായിരുന്നോ?

മരിച്ചുപോയവരിപ്പോഴും
നമ്മളെ കാണുന്നുണ്ടാവുമോ,
നമുക്കവരെ കാണാതായതുപോലെ.

കടലാസില്‍ വരച്ചുമായ്ച്ചതു പോലെയാണ്.
അവരവിടെത്തന്നെയുണ്ടാവാം;
മായ്ച്ചിടത്ത്.
മാഞ്ഞതെന്നു നമുക്ക് തോന്നുന്നതാവാം.
എങ്ങും പോകാനാവാതെ,
മായാതെ.

മാഞ്ഞു മാഞ്ഞുപോയ
ആളുകളുടെ ഒരാള്‍ക്കൂട്ടം
ഇടം കവരാതെ
നമുക്കിടയില്‍ത്തന്നെയുണ്ടാവണം.
ശരിക്കും നാമായി.

തിരിച്ചറിയല്‍:

തീവണ്ടിയിടിച്ചു മരിച്ചൊരാളെ
തിരിച്ചറിയാനായില്ല,
കിടക്കുകയാണയാള്‍
ശവാലയത്തില്‍.

പോലീസിന്‍റെ കൈയില്‍
ഒരു തുമ്പേയുള്ളൂ,
അയാളണിഞ്ഞിരുന്ന ഷര്‍ട്ടിലെ
തയ്യല്‍ക്കടയുടെ പേര്.
അന്വേഷിച്ചു ചെന്നപ്പോള്‍
തയ്യല്‍ക്കാരനേയും
ഷര്‍ട്ടിന്‍റെയുടമയേയും
തിരിച്ചറിഞ്ഞു.

അവരെല്ലാം ജീവനോടെയുണ്ട്.
ഷര്‍ട്ട് കളവു പോയതാണത്രെ.
കളവുചെയ്തയാളുമിപ്പോള്‍
കളവു പോയിരിക്കയാണല്ലോ.
പോലീസുകാര്‍ക്കെങ്ങനെ
പിടികിട്ടാന്‍ അയാളെ?

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹