Published on: September 12, 2025


ഞാനൊരു വീടു തേടിക്കൊണ്ടിരുന്നു. എന്നാൽ എന്റെ ജോലി സ്ഥലത്തു നിന്നും അൽപ്പം അകലെയായിരുന്നു അത്. യാത്രാസൗകര്യങ്ങൾ ഒരളവ് തൃപ്തികരം. ഫ്ളാറ്റിലെ മൂന്നാമത്തെയോ നാലാമത്തെയോ നിലയിലായി രുന്നു വീട്.
അവസാനം ഹന്നാ എന്നൊരു സ്ത്രീ തന്റെ വീടിന്റെ പകുതി വാടകയ്ക്കു കൊടുക്കാൻ താല്പ്പര്യപ്പെട്ടുകൊണ്ട് Zweitehand പത്രത്തിൽ ഒരു ചെറുപരസ്യം കൊടുത്തിരുന്നതു കണ്ടു. സാധാരണയായി വീടിന്റെ പകുതി വാടകയ്ക്കു കൊടുക്കുന്നവർ പുരുഷൻമാർക്കു കൊടുക്കാറില്ല. എന്നാലും ഒരു വിദേശ പൗരന് വീട് വാടകയ്ക്കു കൊടുക്കുമോ എന്നു ചോദിച്ച് ഞാൻ ഹെന്നയ്ക്ക് ഒരു മെസേജ് അയച്ചു.
അന്നു തന്നെ മറുപടി കിട്ടി. ഒരു വാടകക്കാരൻ ഉടമസ്ഥനുമായി സഹകരിച്ചു പോകുന്ന ഒരാളായിരിക്കണമെന്നതാണ് പ്രധാനം. സ്ത്രീ/പുരുഷൻ, സ്വദേശി/ വിദേശി, കറുപ്പ്/ വെളുപ്പ് ഇതൊന്നും എനിക്കു പ്രശ്നമല്ല.
അടുത്ത ദിവസം അവൾ പറഞ്ഞ സമയത്തു പോയി വീടു കണ്ടു അത് വേണ്ടെന്നു പറയാനുള്ള കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ആ വീട്ടിൽ നേരത്തേ താമസിച്ചിരുന്നവർ കൊടുത്തിരുന്ന എഗ്രിമെന്റ് അവളുടെ കൈവശമുണ്ടായിരുന്നു. ഒരു മാസം താമസിച്ച് മാനസികമായി ഇരുവർക്കും ഒത്തു പോകാൻ കഴിയുന്നില്ലെങ്കിൽ വാടകച്ചീട്ട് റദ്ദാകുമെന്നല്ലാതെ മറ്റൊരു നിബന്ധനകളും അവൾ നിർദ്ദേശിച്ചില്ല.
നല്ല വിവരമുള്ള സ്ത്രീയാണവൾ എന്നെനിക്കു തോന്നി. അങ്ങനെ ഞാനവിടെ താമസം തുടങ്ങി. ആ വീട് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1925ൽ കെട്ടിയതും പഴയ കെട്ടിടങ്ങളുടെ ആയുസ്സ് നിർണ്ണയിക്കുന്ന Landes denk malamtes Berlin, ഇനിയും 100-150 കൊല്ലത്തേക്ക് കെട്ടിടം സുരക്ഷിതമായിരിക്കുമെന്നു സർട്ടിഫൈ ചെയ്തിട്ടുള്ളതുമാണ്.
പഴയ വീട് തെരഞ്ഞെടുക്കുന്നതിനു കാരണം പുതിയ വീടിനേക്കാൾ അതിന് വാടക കുറഞ്ഞിരിക്കുമെന്നതാണ്. ചില വീടുകളിൽ ലിഫ്റ്റ് ഉണ്ടായിരിക്കുകയില്ല. എന്റെ വീട് ഒന്നാം നിലയിലിരുന്നതിനാൽ എനിക്കത് പ്രശ്നമായിരുന്നില്ല. ധാർമ്മികമായി നോക്കിയാൽ ഇത്തരം ചിന്തകൾ സ്വാർത്ഥതയാണ്.
വീടിന്റെ ചിത്രപ്പണികൾ ചെയ്ത പ്രധാന മരവാതിൽ ഇരുകൂട്ടർക്കും പൊതുവായതാണ്. അത് റോൾസ് റോയിസിന്റെ ഡോർ പോലെ ശബ്ദമുണ്ടാക്കാതെ മൃദുവായി തുറക്കുകയും അടയ്ക്കുകയും ചെയ്യാം.
അതിന്റെ താക്കോൽ രണ്ടുപേർക്കുമുണ്ടായിരുന്നു.
ഞങ്ങളുടെ ബെഡ്റൂമുകൾക്കിടയിൽ ഒരു നീണ്ട ഇടനാഴിയുണ്ട്. അതിന്റെ അവസാനത്തിൽ ‘L’ ആകൃതിയിലുള്ള പൊതുവായ അടുക്കള. അതിന്റെ ഒരു വശത്ത് നീളത്തിലുള്ള ഒരു തീൻമേശയും ചുറ്റും കസേരകളുമുണ്ടായിരുന്നു. എനിക്ക് വിരുന്നുകാർ ആരെങ്കിലും വന്നാൽ ആ മേശയ്ക്കു ചുറ്റുമിരുത്തിയാണ് ഉപചരിക്കുന്നത്.
ഒരിക്കൽ ഹെന്നയുടെ സഹപാഠിയായിരുന്ന ഒരു യുവതി തെക്കൻ സംസ്ഥാനത്തിലുള്ള Augsburg നഗരത്തിൽ നിന്നും വന്ന് രണ്ടുനാൾ ഇവിടെ തങ്ങിയിരുന്നു. അതല്ലാതെ അവളുടെ ബന്ധുക്കളെന്നു പറഞ്ഞ് ആരും അവിടെ വന്നു താമസിച്ചിരുന്നില്ല. ഇരുവർക്കും അവരുടേതായ ജീവിത രീതികൾ ഉണ്ടായിരുന്നു.
തുടക്കത്തിൽ ഞങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഫ്രിഡ്ജ് ഉണ്ടായിരുന്നു. അവൾക്ക് Chianti Classico, Famiglia Barberad, Asti പോലെയുള്ള ചുവപ്പു വൈൻ വളരെ പ്രിയപ്പെട്ടതാണ്. അവയൊന്നും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. അവയ്ക്കു കേടു വരാറില്ല. വേണമെങ്കിൽ ഉപയോഗിക്കുന്നതിനു മുമ്പ് അൽപ്പനേരം ഫ്രിഡ്ജിൽ വെച്ചാൽ മതിയാകും.
ഒരിക്കൽ അവൾതന്നെ പറഞ്ഞു,
”ജീവൻ, നിനക്ക് എന്തിനാണ് സ്വന്തമായൊരു ഫ്രിഡ്ജ്? അൽപ്പം ജ്യൂസും ബിയറും മുട്ടകളും മീനും ചിക്കനും മാത്രം വെച്ചാൽ മതിയല്ലോ? നിന്റെ ഫ്രിഡ്ജ് ഓഫ് ചെയ്ത് അതിലുളള സാധനങ്ങൾ എന്റെ ഫ്രിഡ്ജിൽ വെച്ചോളൂ. കരണ്ടു ചാർജിനും പരിസ്ഥിതിക്കും അതു നല്ലതാണ്.”
അവൾ Femina, Freundin, flow, Brigitte, Gala Cosmopolitan, Vogue മുതലായ വനിതാ മാസികകൾ താൽപ്പര്യപൂർവ്വം വായിക്കുന്നവളാണ്. കൂടാതെ ത്രില്ലറുകൾ, നോവലുകൾ മുതലായവയിലും താൽപ്പര്യമുണ്ട്. എന്നാൽ അതെല്ലാം പൊതു പുസ്തകവിതരണ കേന്ദ്ര ത്തിൽ നിന്നോ, ലൈബ്രറികളിൽ നിന്നോ വായിക്കുകയോ, അല്ലെങ്കിൽ ആരെങ്കിലും വായിച്ച് തെരുവിൽ ഉപേക്ഷിക്കുന്നത് എടുത്തുവരികയോ ചെയ്യുന്നതല്ലാതെ പണം മുടക്കി വാങ്ങാറില്ല.
അവർക്ക് മറ്റൊരു പൊതുമുറിയും അതിനുള്ളിൽ ഒരു ടെലിവിഷനും രണ്ടു കുഷനിട്ട കസേരകളുമുണ്ടായിരുന്നു. കാലക്രമത്തിൽ അടുക്കളയിലൂടെ ഞങ്ങൾക്കിടയിൽ അടുപ്പവും പരസ്പരം മനസ്സിലാക്കലും ലോകകാര്യങ്ങളെപ്പറ്റിയുള്ള ചർച്ചകളും നടന്നു കൊണ്ടിരുന്നു.

ഒരു രാത്രിയിൽ രണ്ടുപേരും ഭക്ഷണം കഴിച്ചു കൊണ്ട് വളരെ നേരം സംസാരിച്ചിരുന്നു. അവൾ ഇടയ്ക്കിടെ അവളുടെ പ്രിയപ്പെട്ട Chianti റെഡ് വൈൻ മുൻപില്ലാത്ത വിധം ധാരാളമായി കുടിച്ച് സമനില തെറ്റാൻ തുടങ്ങിയിരുന്നു.
‘ചാരായം ഉള്ളിൽപ്പോയാൽപ്പിന്നെ രഹസ്യങ്ങൾ പുറത്തുവരാതിരിക്കുമോ?’
അന്നാണ് അവൾ തന്റെ കുടുംബം, ചെറുപ്പകാലം ഇതെപ്പറ്റിയെല്ലാം എന്നോടു തുറന്നു പറയുന്നത്. DHL കമ്പനി വാഹനങ്ങളിൽ ചെറുസാധനങ്ങൾ വിതരണം ചെയ്തു കൊണ്ടിരുന്ന എനിക്ക്, എടുത്തു പറയത്തക്ക ഉദ്യോഗ മാഹാത്മ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
”ഹന്നാ, വിവാഹത്തെപ്പറ്റി എന്താണഭിപ്രായം?”എന്ന് ഞാനൊരിക്കൽ ചോദിച്ചപ്പോൾ, താൻ ധാരാളം സ്ത്രീപക്ഷ രചനകളുടെ വായനക്കാരിയാണെന്നും അതുകൊണ്ട് തനിക്ക് കല്യാണത്തിലൊന്നും വലിയ വിശ്വാസമില്ലെന്നു ഞാൻ പറയുമെന്നും ഒരുപക്ഷേ നിങ്ങൾ പ്രതീക്ഷിച്ചിരിക്കും. എന്നാൽ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിവാഹം നല്ലതു തന്നെയാണെന്നാണ് തന്റെ അഭിപ്രായമെന്ന് അവൾ തുറന്നു പറഞ്ഞു.
”എന്തു കൊണ്ടാണ് വിവാഹം പുരുഷൻമാരെക്കാൾ സ്ത്രീകൾക്കാണ് നല്ലതെന്നു പറയുന്നത്? പെണ്ണിനോടൊപ്പം ഒരു പുരുഷനും ചേർന്നു താമസിക്കുന്നതിനാണ് വിവാഹം എന്നു പറയുന്നത്. ചില വിഷയങ്ങൾ ഈ മണ്ടനു മനസ്സിലാകുന്ന രീതിയിൽത്തന്നെ പറഞ്ഞു തരു…”
”പറയാം, കേൾക്ക്.”, എന്നു പറഞ്ഞവൾ തന്റെ ഗ്ലാസ്സിലേക്ക് വീണ്ടും വൈനൊഴിച്ച്, ഒരിറക്കു കുടിച്ച ശേഷം അൽപ്പനേരം മൗനമായിരുന്നു. ആ മൗനം, ഇവനോട് ഇക്കാര്യം പറയണോ വേണ്ടയോ എന്ന സന്ദേഹമായിരിക്കുമോ എന്നവൻ ഒരു നിമിഷം ചിന്തിച്ചു.
അവൾ തുടർന്നു,
”ഞാൻ ജനിക്കുമ്പോൾ എന്റെ മാതാപിതാക്കൾ വിവാഹിതരാകാതെ കൂടിത്താമസിക്കുകയായിരുന്നു. ഒരിക്കൽ എന്റെ കുടുംബപ്പേര് എങ്ങനെയാണ് കിട്ടിയതെന്ന് ഞാൻ അമ്മയോട് ചോദിച്ചു. നീ ജനിച്ചപ്പോൾ എന്നോടൊപ്പം താമസിച്ചിരുന്ന ജോനസ് എന്നയാളാണ് നിന്റപ്പനെന്നു ഞാൻ കരുതിയിരുന്നതു കൊണ്ടും അയാളുടെ ‘മേയർ’ എന്ന കുടുംബപ്പേര് ‘പ്രഥമ പൗരൻ’ എന്ന അർത്ഥമുള്ളതായിരുന്നതു കൊണ്ടും അതു തന്നെ സ്വീകരിച്ചു എന്ന് അമ്മ പറഞ്ഞു.”
ഇതു പറയുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. അവളുടെ വിഷമം മാറ്റാനായി ഞാൻ പറഞ്ഞു,
”ജർമ്മനിയിൽ ഒരമ്മ വിചാരിച്ചാൽ അവർക്ക് അവരുടെ കുടുംബപ്പേരു തന്റെ സ്വന്തം കുട്ടികൾക്കു നൽകാൻ കഴിയുമല്ലോ.”
അവൾ വീണ്ടും അൽപ്പനേരം കൂടി മേശയിൽ ചാരിയിരുന്ന ശേഷം എഴുന്നേറ്റ്, ഗുഡ് നൈറ്റ് പറഞ്ഞ് അല്പ്പം ചാഞ്ചാട്ടത്തോടെ അവളുടെ മുറിയിലേക്കു പോയി.

ഒരിക്കൽ അവൾക്ക് പനി പിടിച്ചു. പ്രേതത്തെക്കണ്ടവളെപ്പോലെ വിറച്ചു കൊണ്ടിരുന്നു. Nova minnsulfon 500 mg ഗുളിക ഒരു സ്ട്രിപ്പ് വാങ്ങിക്കൊടുത്ത ശേഷം ഒരു തുണ്ട് ബാൻഡേജ് നനച്ച് അവളുടെ നെറ്റിയിൽ ഒട്ടിച്ചു കൊടുത്തു. രണ്ടു മണിക്കൂറിനു ശേഷം അളന്നു നോക്കുമ്പോൾ 39ൽ നിന്നും 37 ഡിഗ്രിയായി പനി കുറഞ്ഞിരുന്നു.
”രണ്ടു ഡിഗ്രിയേ കുറഞ്ഞുള്ളൂ.”
ഞാൻ പറഞ്ഞു.
”എന്നെ അൽപ്പനേരം കെട്ടിപ്പിടിച്ചാൽ ഇനിയും കുറയും.”
അവൾ ഗൗരവത്തിൽ പറഞ്ഞു.
”പിന്നെ ആ ഉഷ്ണം എന്നിലേക്ക് വ്യാപിച്ചാൽ ഞാനെന്തു ചെയ്യും?” ഞാൻ ചോദിച്ചു.
”ലഘുവായി ഒന്നു കെട്ടിപ്പിടിച്ചാൽ ആർക്കും വലിയ നഷ്ടമൊന്നും വരാൻ പോകുന്നില്ല, മിസ്റ്റർ..! സാധാരണ ശരീരം ചൂടാകുമ്പോൾ എന്തു ചെയ്യുമോ അതു ചെയ്യാമോ?”
കണ്ണിറുക്കി അവൾ ചോദിച്ചു.
”സാധാരണയായി എന്താണ് ചെയ്യുന്നതെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ!”
എന്ന് കൃത്രിമമായ ഒരു കോപം നടിച്ച് ഞാൻ പറഞ്ഞു.
അടുത്ത ദിവസം മാർക്കറ്റിലേക്ക് എന്റെ വാഹനത്തിൽ പോയിരുന്നു. ഹന്നാ ക്ഷീണിതയായിരുന്നതുകൊണ്ട് എനിക്കാവശ്യമുള്ളതു വാങ്ങിയ ശേഷം അവൾക്കു വേണ്ടി വൈൻ, ഗോതമ്പുമാവ്, ഉരുളക്കിഴങ്ങ്, പാചകത്തിനുള്ള എണ്ണ, വെള്ളം എന്നീ അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നു കൊടുത്തു.
”ഹൗ… ഇതെല്ലാം നീ എന്നെ കെട്ടിയ ശേഷം പോരായിരുന്നോ? എന്തിനാ മിസ്റ്റർ ഇപ്പോഴേ ഇത്രയും കഷ്ടപ്പെടുന്നത്?”
അവൾ ചോദിച്ചു.
”വെറുതെയൊരു സാമൂഹ്യ സേവനമാണെന്നു കൂട്ടിക്കോളൂ….”
”നമ്മൾ കെട്ടിയ ശേഷവും ഇതു പോലെ സത്യമായി എനിക്കു സാധനങ്ങൾ വാങ്ങി ചുമന്നു കൊണ്ടുത്തരുമോ, ഡിയർ?”
കണ്ണുകളിൽ കുസൃതിയോടെ അവൾ ചോദിച്ചു.
”വൈ നോട്ട്?”
അവളെന്റെ കൈ പിടിച്ച് ഉമ്മ വെച്ച്, മൃദുവായി തലോടിക്കൊണ്ടിരുന്നു.

ഞങ്ങളുടെ അടുക്കളയുടെ കിഴക്കു ചുവരിലും ഒരു വാതിലുണ്ടായിരുന്നു. അതു വഴിയിറങ്ങി, പിന്നിലുള്ള ഫ്ളാറ്റുകളിലുള്ളവരുടെ കാർപാർക്കിങ്ങിലെത്താം. ഞങ്ങളുടെ വീടിനു മുന്നിലൂടെ ഒരു ട്രാം ഓടുന്നുണ്ട്. ഇത് കിഴക്കോട്ടു രണ്ടോ മൂന്നോ സ്റ്റേഷനുകൾ കടന്ന്, പ്രസിദ്ധമായ Queen Elisabethഹൃദ്രോഗാശുപത്രിയിൽ അവസാനിക്കും.
ഒരിക്കൽ ഹന്നാ ആ വാതിലിലൂടെ പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി ഏതോ ഒരുവനെ കെട്ടിപ്പിടിച്ചു നടന്ന് ട്രാം കയറിപ്പോയി. പണ്ടൊരിക്കൽ എന്നെ വഴിയിൽക്കണ്ടപ്പോൾ ”മിസ്റ്റർ, ഇവിടെ വേശ്യാലയങ്ങളുണ്ടോ?” എന്നു ചോദിച്ച ചെറുപ്പക്കാരൻ ഇവൻതന്നെ എന്നു ഞാൻ സംശയിച്ചു. അന്നു ഞാൻ അധികം കുടി ച്ചിരുന്നോ?
ആ ചെറുപ്പക്കാരനെ ഹന്നാ മറ്റൊരു യുവതിയോടൊപ്പം വീട്ടിൽ കൂട്ടിക്കൊണ്ടു വന്ന് വിരുന്നൊരുക്കിക്കൊടുത്തിരുന്നതുപോലെ എനിക്കു തോന്നി. അന്നു രാത്രിയിൽ നടന്ന സംഭവങ്ങൾ കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല. അവനെയോ കൂടെ വന്ന പെണ്ണിനെയോ ഹന്നാ പരിചയപ്പെടുത്തിയിരുന്നുമില്ല.
”ജീവൻ എന്തിനാണ് കല്യാണം കഴിക്കുന്നത്? അവനൊരു വെപ്പാട്ടിയെ സ്ഥിരമായി വെച്ചിട്ടുണ്ടല്ലോ?” എന്ന് സുഹൃത്തുക്കൾ പറഞ്ഞത് എന്റെ കാതിലുമെത്തി. കുറെക്കൂടി അടുപ്പമുള്ളവർ എന്നോട് കർശനമായി, ”ടേയ്, നീയൊരു കൂത്തിച്ചിയോടൊപ്പമാണല്ലോ പൊറുക്കുന്നത്? പറഞ്ഞു കേൾക്കുന്നു, സത്യമാണോ? നിനക്ക് പേരുദോഷമുണ്ടാകത്തില്ലേടാ…” എന്നൊക്കെപ്പറഞ്ഞ് സഹതപിച്ചു.
”നിനക്കാരും പെണ്ണു തരത്തില്ലെടാ” എന്നവർ ഭയപ്പെടു ത്തി. ഇതു കേട്ടാൽ തോന്നും ഞാനെവിടെയോ പോയി പെണ്ണു ചോദിച്ചെന്ന്! എന്റെ കൂട്ടുകാരായ പിശാചുക്കൾ, ഹന്നാ എന്റെ വെപ്പാട്ടിയാണെന്നു കുറ്റപ്പെടുത്താനുള്ള കാരണം അവൾ ചെയ്യുന്ന വിവാദപരമായ തൊഴിലാണ്.
ഒരിക്കൽ ഹന്നാ എന്നോടു പറഞ്ഞു,
”ഞാനെന്തു തൊഴിലാണ് ചെയ്യുന്നതെന്നറിയാൻ നിനക്കു താൽപ്പര്യം കാണും. എങ്കിലും ഇത്ര കാലം നാം ഒരുമിച്ചു കഴിഞ്ഞിട്ടും അതേപ്പറ്റി ചോദിക്കാതിരുന്നല്ലോ, നിന്റെ ആ സംസ്കാരത്തെ ഞാനിഷ്ടപ്പെടുന്നു. 1990-ൽ ബർലിൻ ജർമ്മിനിയുടെ തലസ്ഥാന നഗരമായ ശേഷം നമ്മൾ ഉല്ലാസപൂർവ്വം സംസാരിച്ചുകൊണ്ടിരുന്ന ഒരു സായാഹ്നത്തിൽ ജർമ്മനിയിലെ തൊഴിൽ സാധ്യതകളെപ്പറ്റി നടന്ന ഒരു ചർച്ച നമ്മുടെ സംഭാഷണത്തെ തടസ്സപ്പെടുത്തി.
ബർലിൻ തലസ്ഥാനമായതോടെ ഇവിടെയുള്ള താൽക്കാലിക സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ആവശ്യങ്ങളും അവിടെ ജോലിസാധ്യതകൾ വർദ്ധിച്ചതിനെപ്പറ്റിയുമെല്ലാം ചർച്ചകൾ നടന്നു. വിദേശങ്ങളിൽ നിന്നോ ജർമ്മനിയിലെ വിവിധ നഗരങ്ങളിൽ നിന്നോ വ്യാപാര സംബന്ധമായി ബർലിനിൽ വരുന്നവർക്ക് അതേ സംബന്ധിച്ച വിവരങ്ങൾ വളരെ കുറച്ചു മാത്രമേ ലഭിച്ചിരുന്നുള്ളൂ. അങ്ങനെയുള്ളവരുടെ വ്യാപാരാവശ്യങ്ങളെപ്പറ്റി പഠിക്കുന്നതിനും ഇവിടെ പുതിയതായി വ്യാപാരം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനും പ്രത്യേകം സംഘങ്ങളെ നിയോഗിച്ചു.
ഒരു പുതിയ ഹോട്ടലോ ചെരുപ്പുകടയോ ആരെങ്കിലും തുടങ്ങാനാഗ്രഹിച്ചാൽ അവിടെ വരുന്ന വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കണക്കെടുപ്പു നടത്തും. അതിന് സെക്രട്ടേറിയൽ സർവ്വീസിന്റെ സഹായം വേണം. അവിടെ ജോലി ചെയ്യുന്നവർക്ക് പല വിദേശ ഭാഷകളും തൊഴിൽ പരിചയവും ആവശ്യമാണെന്ന് ഹന്നാ പറഞ്ഞു.
ഒരിക്കൽ Berlin Prenzlauerberg-ൽ ഒരു ജൂതകുടുംബത്തിന് സ്വന്തമായുള്ള 4600 ചതുരശ്രമീറ്റർ നിലം, അതിന്റെ അവകാശികളായ ഓരോരുത്തരെയും കണ്ടു സംസാരിച്ച് സമ്മതം വാങ്ങി Cuxhavense ഒരു കൺസ്ട്രക്ഷൻ കമ്പനിക്ക് വാങ്ങിക്കൊടുത്തതിന് തനിക്ക് ഒരു ലക്ഷം ജർമ്മൻ മാർക്ക് കമ്മീഷൻ ലഭിച്ചതായി അവൾ പറഞ്ഞു. തന്റെ ജോലി വിജയകരമായി നടപ്പാക്കുന്നതിന് പലയിടങ്ങിലും നല്ലൊരു നടിയായിത്തീരേണ്ടിവരുമെന്നും അവൾ കൂട്ടിച്ചേർത്തു.
USA Noveda യിലെ Las Vegas പോലെയും San Paulo പോലെയും Spain പോലെയും Ibiza പോലെയും ജർമ്മനിയിൽ ബർലിൻ നഗരത്തിലെ രാത്രിജീവിതം ലോക പ്രസിദ്ധമാണ്. ബർലിനിലേക്ക് വ്യാപാര സംബന്ധമായി വരുന്നവർ ഉല്ലാസപ്രിയരായിരുന്നാൽ അവർ ആവശ്യപ്പെടുന്ന ക്ലബ്ബുകൾ, ബാറുകൾ, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം അവരെ കൂട്ടിക്കൊണ്ടു പോകേണ്ടിവരും.
ഒരിക്കൽ ഞങ്ങളുടെ സെക്രട്ടേറിയൽ സർവ്വീസ് ഹോട്ട് ലൈൻ ഫോണിലേക്ക് ഒരാൾ വിളിച്ചു. തെക്കൻ ജർമ്മനിയിലെ Baden-Wurttemberg ലെ Stuttgart നഗരത്തിൽ നിന്നും പുതിയ ഒരു കസ്റ്റമർ സംസാരിച്ചു. അവരുടെ വ്യാപാരസംബന്ധമായ കാര്യങ്ങളെല്ലാം ചർച്ച ചെയ്ത ശേഷം മടിച്ചുമടിച്ച് മൃദുവായ ശബ്ദത്തിൽ ചോദിച്ചത്രേ, ‘ടോക്യോയിലും ലാവോസിലുമെല്ലാം സെക്രട്ടറിമാർ കട്ടിൽ വരെയുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമത്രേ! നിങ്ങളുടെ സ്റ്റാഫ് എങ്ങനെ? സെക്സ് ചെയ്യുമോ?’ എന്ന്.
‘അതെല്ലാം വ്യക്തിപരമായ വിഷയങ്ങളാണ്. അത് നിങ്ങൾ തമ്മിലുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ടതാണ്. അതിലൊക്കെ മാനേജ്മെന്റിന് ഇടപെടാൻ കഴിയുമോ?’ എന്ന മറുചോദ്യം കേട്ട് സന്തോഷത്തോടെ അയാൾ ഫോൺ കട്ടു ചെയ്തുപോലും…
ഒരു രാതി ഭൂഗർഭ റയിലിൽ യാത്ര ചെയ്യുമ്പോൾ എന്റെയടുത്തിരുന്ന, എന്നേക്കാൾ പത്തുവയസ്സ് കൂടുതലുള്ള ഒരു സ്ത്രീ എന്നോട് അവകാശഭാവത്തിൽ ചോദിച്ചു,
”മിസ്റ്റർ എങ്ങോട്ടാണ്?”
”Morit platz”
”അങ്ങനെയോ? അവിടെയിറങ്ങി നമുക്കൊരു ബാറിൽ പോകാമോ?” അവർ ചോദിച്ചു.
”അത് ഇന്ററസ്റ്റിംഗ് ആണ്. എന്നാൽ ചേച്ചി ക്ഷമിക്കണം. അതിനുള്ള തയ്യാറെടുപ്പിലല്ല, ഞാൻ.”
”മിസ്റ്റർ, Then what do you do for sex?”
അവർ സർവ്വ സാധാരണമെന്ന പോലെ ചോദിച്ചു.
‘Never with strangers.’
എന്നു പറയാനാണ് എനിക്കു തോന്നിയത്. എന്തിനാണവരെ വേദനിപ്പിക്കുന്നത് എന്നു കരുതി വളരെ പണിപ്പെട്ട് വാക്കുകളെ അടക്കി.
ഈ അനുഭവം അവൻ ഹന്നയുമായി പങ്കു വെച്ചു.
”സുന്ദരിയായ ഒരുത്തിയെ വീട്ടിനുള്ളിലെ കട്ടിലിൽ കിടത്തിയിട്ട് രാത്രി മുഴുവൻ ഇടനാഴിയിലെ സോഫയിൽ കിടന്നുറങ്ങിയ നിന്നെ കണ്ടപ്പോഴാണ് നിന്റെ ഏതെങ്കിലും അവയവത്തിന് എന്തെങ്കിലും ബലഹീനത കാണുമെന്ന് എനിക്കു തോന്നിയത്, സോറി! ഏതു മിശിഹായായിരുന്നാലും, അവരുടെ ഏകാന്ത രാത്രികളിൽ വന്നണയുന്ന മോഹിനികളിൽ നിന്നും രക്ഷപ്പെടാൻ അവർക്കു കഴിയില്ലെന്നുള്ളത് മന:ശ്ശാസ്ത്രം.”
”എല്ലാ നിയന്ത്രണങ്ങൾക്കും അതീതനായ ‘ഏലിയൻ’ അല്ല ഞാൻ. അപ്പപ്പോൾ തന്നെ മോഹിപ്പിക്കുന്ന അപ്സരസുകൾ വന്നിട്ടുമുണ്ട്.’
”അപ്പോൾ അവരെ എന്തു ചെയ്യും? മോഹിക്കുമോ അതോ ഭോഗിക്കുമോ, അതോ വിരട്ടിയോടിക്കുമോ?”
”അതു വെറും സ്വപ്നമല്ലേ? അതൊന്നും എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. പലവിധമുള്ളതായിരിക്കും, മാഡം.”
”എങ്ങനെയാ മനുഷ്യാ നിങ്ങളുടെ കാമത്തെ ഒളിപ്പിച്ചു വെയ്ക്കുന്നത്..? മനുഷ്യന് സ്വാഭാവികമായി ഉണ്ടാകുന്ന കാമത്തെ ഒളിച്ചു വയ്ക്കേണ്ട കാര്യമെന്താ? നിന്റെ അവയവങ്ങൾക്കാന്നും കുഴപ്പങ്ങളില്ലല്ലോ!”
”മനുഷ്യന് അവയവങ്ങൾ അത്യാവശ്യമാണ്. എന്നാൽ കാമേന്ദ്രിയങ്ങൾ എന്റെ വഴി തീരുമാനിക്കാൻ, എന്നെ ഉലച്ചു കളയാൻ ഞാൻ അനുവദിക്കാറില്ല. തൻമുലമുണ്ടാകുന്ന പ്രലോഭനങ്ങൾ ഇല്ലാതില്ല. എന്നാൽ അതിനെ ഞാൻ എങ്ങനെയെങ്കിലും അതിജീവിക്കും.”
”നിങ്ങളുടെ വരട്ടുത്തത്വവാദങ്ങൾ കൊണ്ട് എന്നെ വറുത്തെടുക്കരുത് മിസ്റ്റർ, എന്നെ വിട്ടേക്ക്…”
എന്നും പറഞ്ഞ് അവൾ പോയിക്കിടന്നു. ഹന്നാ ഒരിക്കലും അവളുടെ ബെഡ്റൂമിന് താഴിടാറില്ല.
അവളുടെ പേര് തേനരുവി. നമ്മുടെ നാട്ടുകാരി. ചുറ്റിവളച്ചു പറഞ്ഞാൽ എന്റെ ബന്ധുവാണ്. അന്ന് മോസ്കോയിൽ പഠിക്കുകയായിരുന്നു. അന്നവൾക്ക് വേനലവധി. അക്കാലത്ത് മോസ്കോ, ബൈലോറഷ്യ, ക്രിമിയ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അവധിക്കാലങ്ങളിൽ ലണ്ടൻ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ തുടങ്ങിയ സ്ഥലങ്ങളിൽപ്പോയി ഏതെങ്കിലും കിയോസ്കുകളിലോ പൂക്കടയിലോ ജോലി ചെയ്ത് കുറെ പണം സമ്പാദിക്കും. അങ്ങനെ അവൾ ലണ്ടനിലേക്കു പോകുന്ന വഴിയാണ് ഇവിടെ വന്ന് എന്നോടൊപ്പം രണ്ടു ദിവസം ചെലവഴിച്ചത്. അവൾക്ക് ലണ്ടനിൽ പോയിവരുന്നതിനുള്ള ടിക്കറ്റ് ഞാനെടുത്തു കൊടുത്തു.
അവൾ പോകുന്നതിന്റെ തലേ ദിവസം രാത്രി ഹെന്ന ഞങ്ങൾക്കെല്ലാം വേണ്ടി സീഫുഡുകൾ ചേർത്ത് പാസ്താ ഉണ്ടാക്കിത്തന്നു.
”ഒരുത്തി എന്നോടൊപ്പം വന്നതുകൊണ്ട് ഞാനവളുമായി സെക്സ് ചെയ്യണോ?”
”നിങ്ങൾ സെക്സ് ചെയ്തില്ലെന്ന് എനിക്ക് നന്നായിട്ടറിയാം…”
”അതെന്താ, എന്റെ മുറിയിൽ നടക്കുന്നതെല്ലാം നിന്റെ കാതുകൾ ശ്രദ്ധിക്കാറുണ്ടോ?”
”നിന്റെ സ്വകാര്യതയിൽ നുഴഞ്ഞുകയറിയെന്നു കരുതരുത്. അടുത്ത മുറിയിൽ സെക്സ് ചെയ്യുമ്പോൾ കുറഞ്ഞ പക്ഷം പൂച്ച കുറുകുന്നതുപോലെ അൽപ്പം സീല്ക്കാരം പുറപ്പെടുവിക്കുകയോ ചിണുക്കങ്ങളും കൊഞ്ചലുകളും ഉണ്ടാകുകയോ ചെയ്യാറുണ്ട്. അങ്ങനെയൊന്നും കേൾക്കാത്തതാണ് എന്നെ അതിശയിപ്പിച്ചത്. കിട്ടുന്ന പെണ്ണുങ്ങളോട് സെക്സ് ചെയ്യരുതെതെന്ന് നിങ്ങൾക്ക് വല്ല വ്രതവുണ്ടോ? തിയോളജി പഠിച്ച് ഏതെങ്കിലുമൊരു മിഷനിൽപ്പോയി ചേർന്നിരുന്നെങ്കിൽ, ഭാവിയിൽ നീയൊരു ബിഷപ്പായിത്തീരുമായിരുന്നു.”
”ഉം… ചെയ്യേണ്ടതായിരുന്നു, പക്ഷേ തോന്നിയില്ലല്ലോ!”
”ഇപ്പോഴും വൈകിപ്പോയിട്ടില്ല.”
”ശരി, ആലോചിക്കാം…”
”വിവാഹമെന്നത് എല്ലാവർക്കും മുഖ്യമായ വിഷയമല്ലേ?”
”പലർക്കും അങ്ങനെയായിരിക്കാം. എന്നാൽ എല്ലാവർക്കും എന്നത് ശരിയായ പ്രസ്താവനയല്ല.”
”നിന്നെ ഇഷ്ടപ്പെടുന്ന ഒരു പെണ്ണ് ഇതേ ചോദ്യം ചോദിച്ചാൽ നിന്റെ ഉത്തരം ഇതുതന്നെയായിരിക്കുമോ?”
”ഇതിൽ നിന്നും വ്യത്യസ്തമായ ഒരു ഉത്തരം പറയാൻ തക്ക ഒരു പെണ്ണിനെ ഞാനിതു വരെ കണ്ടിട്ടില്ല.”
”സത്യം പറയൂ, നിനക്ക് ആരോടെങ്കിലും എപ്പോഴെങ്കിലും പ്രേമം തോന്നിയിട്ടുണ്ടോ?”
”വല്ലപ്പോഴും വെറുതെ അങ്ങനെ ചില ആശകളൊക്കെ ഉണ്ടായിട്ടുണ്ട്. അത് പ്രേമമാണെന്ന് ഒരിക്കലും ഞാൻ തെറ്റിദ്ധരിച്ചിട്ടില്ല. എനിക്കു പ്രേമിക്കണമെന്നു തോന്നിയ ഒരുത്തിയെയും ഞാനിതു വരെ കണ്ടുമുട്ടിയിട്ടില്ല. അതു പോലെ ഞാൻ കണ്ടുമുട്ടിയ ഒരുവൾക്കും എന്നെ പ്രേമിക്കാൻ കൊള്ളുന്നവനായി തോന്നിയിരിക്കാനിടയില്ല എന്നുമാകാമല്ലോ!”
”പലരും പെൺവാസനയ്ക്കു വേണ്ടി സങ്കടപ്പെട്ടു കഴിയുന്നു. രാത്രികളിലും ഏകാന്തതയിലും കുളിരിലും നിനക്ക് ഒരു പെണ്ണിന്റെ കൂടെയിരുന്നാൽ നന്നായിരിക്കുമെന്ന് തോന്നിയിട്ടില്ലേ?”
”നീ മാംസദാഹത്തെപ്പറ്റിയാണോ പറയുന്നത്?”
”മാംസത്തെ സ്പർശിക്കുന്നതും പുണരുന്നതും കടിക്കുന്നതും മാത്രമല്ല അതിനപ്പുറവും ചിലതുണ്ട്. എങ്കിലും തൽക്കാലം പെണ്ണിനോടുള്ള ആശ എന്നു മാത്രം കരുതാം.”
”അതെല്ലാം എല്ലാവരെയും പോലെ എനിക്കുമുണ്ട്. ഇല്ലെങ്കിൽ അത് പിറവിദോഷമായി കരുതുകയില്ലേ?”
”അപ്പോൾ ജീവിതത്തിൽ പ്രേമം, വിവാഹം ഇതിനൊന്നും യാതൊരു പ്രാധാന്യവുമില്ലേ?”
”നിനക്ക് ഞങ്ങളുടെ സമൂഹത്തെപ്പറ്റിയുള്ള അറിവ് തീരെ കുറവാണ്. അവിടെ ഒരാൾ പ്രേമിച്ച് കല്യാണം വരെ എത്തുന്നതിനിടയിൽ പല തടസ്സങ്ങളെയും നേരിടേണ്ടി വരും. മനസ്സിലാകുന്ന തരത്തിൽ ഒന്നു കൂടി വിശദീകരിക്കാം. ഇപ്പോൾ വേണ്ടെങ്കിൽ പിന്നൊരിക്കൽ പറഞ്ഞു തരാം.”
”വിശദമായി അൽപ്പം പറഞ്ഞു തരൂ… മനസ്സിലാക്കാൻ ശ്രമിക്കാം…”
”ആദ്യമായി, അവിടെ ‘ജാതി’ എന്നൊരു ഭൂതമുണ്ട്. അതു കഴിഞ്ഞാൽ സാമൂഹ്യനില, നിന്റെ ഭാഷയിൽ ‘വർഗ്ഗം’ (ലളിതമായിപ്പറഞ്ഞാൽ സോഷ്യലിസ്റ്റ് സമൂഹത്തിൽ), പിന്നെ സൗന്ദര്യം, വശ്യത, ഗാംഭീര്യം എന്നിവയും മുമ്പു പറഞ്ഞതെല്ലാം കൂടിയും കണക്കിലെടുത്തു മാത്രമേ പ്രണയം നിലനിൽക്കുകയുള്ളൂ. ചിലർ പ്രേമിക്കുന്നതിലും പ്രേമിക്കപ്പെടുന്നതിലും സന്തോഷം കണ്ടെത്തുന്നു. ചിലർക്ക് അതൊരു കണ്ണുപൊത്തിക്കളിയായും ചിലപ്പോൾ അത് കാൽച്ചങ്ങലയായും തോന്നും.”
”ഇരുപത് വയസ്സിൽ ഒരു ഫുട്ബോളുമായി ഓടുന്നവൻ അറുപതാം വയസ്സിലും ഫുട്ബോളുമായി അതേ പോലെ തന്നെ ഓടാൻ കഴിയുമോ? ഓരോ കാലഘട്ടത്തിനും പറ്റിയ വിളയാട്ടുകൾ പോലെ തന്നെയാണ് പ്രേമവും.”
”ശരീരബലമുള്ള കാലത്ത്, വികാരത്തിന്റെ ഉച്ചഘട്ടത്തിൽ, ഇനിയും കുറെക്കൂടി ആറാടാം, സുഖിക്കാം എന്നെല്ലാം തോന്നുമത്രേ….”
”നീയൊരു ഭൗതികവാദി അല്ലെന്നറിയാം. എങ്കിലും ഒരു സന്യാസിയെപ്പോലെയാണ് സംസാരിക്കുന്നത്. ആർക്കുവേണ്ടിയോ ഒരു സാധു… ആണെന്ന ഭാവത്തിലാണ് നീ ജീവിക്കുന്നത്.”
ഹന്നാ വികാരവതിയായി സംസാരിക്കുമ്പോൾ, അവളുടെ സുതാര്യമായ ഗൗണിനെ തുളച്ചു നില്ക്കുന്ന ചെറിയ മുലക്കണ്ണുകൾ സാധാരണയിൽ നിന്നും വ്യത്യസ്തമായി കാണപ്പെടും. ഇപ്പോഴും അവ അഴകായി കാണപ്പെട്ടു. മന:പൂർവ്വമായി മാറിടങ്ങൾ മുന്നോട്ടു തള്ളി, ശരീരത്തെ ‘S’ പോലെ വളച്ച് ഒരു ശൃംഗാരഭാവം വരുത്തിക്കാട്ടിയ ശേഷം അവളുടെ മുറിയിലേക്കു പോയി.

”ജീവിതകാലം മുഴുവൻ മറക്കാൻ കഴിയാത്തവിധം അത്രയും പിണക്കങ്ങളും പ്രശ്നങ്ങളും അവൾ തന്നുകൊണ്ടിരിക്കും, ശ്രദ്ധിച്ചോളൂ…”
സ്ത്രീകളെപ്പറ്റി തത്വജ്ഞാനപരമായ കവിതകളെഴുതുന്ന ഷിനീസി യൂ സുസൂകി എന്ന ഒരു എഴുത്തുകാരിയുടെ വാക്കുകൾ ഓർമ്മയിലെത്തി. ഞാൻ പോയിക്കിടന്നുറങ്ങി.
ഉറക്കത്തിൽ, എന്റെ മുറിക്കുള്ളിൽ ഹന്നായുടെ പ്രിയപ്പെട്ട Black Opium Perfume ന്റെ വാസന വന്നതുപോലെ…
”നിനക്കുള്ള പെണ്ണ് ഞാനല്ലെന്നു കരുതുന്ന റാസ്കൽ…” എന്നു പറയുന്നതും കേട്ടപോലെ…
തുടർന്ന്, കട്ടിലിന്റെ വിളിമ്പിൽ ആരോ ഇരിയ്ക്കുന്നതു പോലെയൊരു തോന്നൽ…
ഞെട്ടിയെഴുന്നേറ്റു നോക്കി. ഒന്നും കാണാൻ കഴിഞ്ഞില്ല. എല്ലാം വെറുമൊരു ഭ്രമം മാത്രം!
അന്നു രാവിലെ എനിക്കൊരു കാപ്പി നീട്ടിക്കൊണ്ട് അവൾ ചോദിച്ചു,
”മിസ്റ്റർ, വരുന്ന മേയ് മാസം ആറാം തീയതി നിനക്കൊരു ലീവെടുക്കാൻ പറ്റുമോ? അന്ന് എനിക്കും ലിയോണിനും റജിസ്റ്റർ മാര്യേജ് ആണ്. എന്റെ ഭാഗത്തുനിന്നുള്ള സാക്ഷി നീയാണ്.”
ലിയോൺ ആരാണെന്ന് ഞാൻ ചോദിച്ചില്ല. അന്ന് ഹന്നായെ കെട്ടിപ്പിടിച്ച, പിൻവാതിലിലൂടെ കൂട്ടിക്കൊണ്ടുപോയവൻ തന്നെയാണോ, അതല്ല മറ്റാരെങ്കിലുമോ…
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






