വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ ഒന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്
“കാവമ്മേയ്… ആ ശവം ആരാന്നറിയ്യോ?” തപ്തമായ നിശ്വാസം അവളുടെ മുഖത്തേക്ക് തെറിച്ചുവീണു.
ചെമപ്പ്. ഈ സൂര്യനെന്തൊരു തുടിപ്പാണ്. അരമണി കിലുക്കി വരുന്ന വെളിച്ചപ്പാടിന്റെ ചുകന്ന പട്ടുപോലെ ഉദയം. ഉച്ചയ്ക്ക് വെയിൽ. മഞ്ഞച്ച് മഞ്ഞച്ച് കണ്ണിൽ ഇരുട്ട് തുരക്കുന്ന വെയിൽകൊത്ത്. പിന്നെയുള്ളത് സന്ധ്യാനേരം. രാവിലെയുള്ളതിനെക്കാൾ ആ നേരത്ത് സൂര്യന്റെ തുടിപ്പിന് ഭംഗിയുണ്ടെന്ന് കോന്നിയാണല്ലോ പറഞ്ഞത്. ഹൊയ് ഹൊയ് വിളി കേൾക്കുമ്പോൾ തന്നെ ചുള്ളിക്കമ്പുകൾ കൊണ്ട് തീയിട്ട കഞ്ഞികലത്ത് നിന്ന് അവൾ മുറ്റത്തേക്ക് ഓടിയിറങ്ങും. കാമം പഴുത്തിരിക്കുന്ന കണ്ണുകൾ കൊണ്ട് അതിരാവിലെ പടിയിറങ്ങിപ്പോയ അണ്ണനെ അവൾ നോക്കും. അപ്പോൾ സൂര്യന്റെ തുടിപ്പ് നാണത്തോടെയാണ്. എന്നാൽ രാത്രികൾ മിക്കതും വെളുപ്പാണ്. ഉറക്കത്തിന്റെ വെളുപ്പ്.
മലയടിവാരത്തിൽ ഉറക്കത്തിന്റെ വെളുപ്പ് പടർന്നു പിടിച്ചു. നനഞ്ഞുതിർന്ന പച്ചപുല്ലുകൾക്കിടയിൽ നിന്ന് വെള്ളിസർപ്പങ്ങൾ കാട്ടുതുളസികൾക്കിടയിലൂടെ വിഷമയമായ നിശ്വാസത്തോടെ ഇഴഞ്ഞ് നീങ്ങുന്നു രാത്രിയുടെ ഉത്തമാങ്കം. മലയടിവാരം മയങ്ങിയിട്ടില്ലായിരുന്നു. ഇനി മയങ്ങില്ലെന്ന് വെള്ളിപ്പറവകളെ ആകാശത്തേക്ക് പറത്തിവിട്ട് അത് വാശിപിടിച്ചു. നിറഞ്ഞ് കിടക്കുന്ന കാട്ടിലകളുടെ വിടവിലൂടെ അവ്യക്തമായ വെളിച്ചങ്ങൾ കാടുപോലെ, രോമങ്ങൾ വളർന്ന കതിരേശന്റെ ശരീരത്തിൽ ചന്ദ്രബിംബം തെളിഞ്ഞിരുന്ന തടാകത്തിൽ നിന്ന് നനഞ്ഞ് വന്ന കാവമ്മ കാട്ടുവള്ളി പോലെ പടർന്നു. ധൂമക്കുറ്റിയിൽ നിന്ന് പുക ഉയരുന്നതുപോലെ ആവിമഞ്ഞ് പ്രതലത്തിൽ നിന്ന് ഊറുന്നു. കറുത്തിരുണ്ട മണ്ണിൽ ഇരുവരും തലചായ്ച്ച് കിടന്നപ്പോൾ കാവമ്മയുടെ മുടിച്ചുരുളിലെ ചെമ്പരത്തി താളിയുടെ ഗന്ധം ഉയർന്നുപൊങ്ങി. മുല്ലപ്പൂക്കൾ ചിതറിയ ആകാശത്തെ മണത്ത് ഉറക്കത്തിന്റെ വെളുപ്പിന് ഭംഗി കൂടുന്നുണ്ടെന്ന് പൊട്ടിച്ചിരിയോടെ കാവമ്മ പറഞ്ഞു. സർപ്പങ്ങളെപ്പോലെ ചെറുതായി ഇഴഞ്ഞ് കതിരേശന്റെ നാസിക കുസൃതിയോടെ കടിച്ചു. അമ്പതാണ്ട് കടലിലലഞ്ഞ പത്തേമാരികൾ അവസാനം തിരയിലും കാറ്റിലും പെട്ട് കരയ്ക്കടിയുന്നു. ഉടൽ തൊലിയളിഞ്ഞ വാട, കടൽ ഉലയുമ്പോൾ സ്ഥാനം മാറുന്ന അസ്ഥികളുടെ കിരുകിരുപ്പ്. മനസ്സിലേക്ക് ഇടിമുഴങ്ങിയ ഞെട്ടലോടെ കതിരേശൻ എണീറ്റു. അടുത്ത് കിടന്നവളെ തെയ്യം കെട്ടി നാലുദിക്കിലേക്കും പടസഞ്ചാരം നടത്തുന്ന ഭഗവതിയുടെ ആരാധനയോടെ നോക്കി. അടിവാരത്ത് നൂറ് കോമരങ്ങളുടെ ചിലമ്പൊലി. അഴിഞ്ഞ് വിറളിപിടിച്ച മുടി പിന്നിലേക്ക് കോതിയൊതുക്കി. കതിരേശന്റെ താടിയെല്ലുകളെ വാത്സല്യത്തോടെ തലോടി. ഉയർന്നു നിൽക്കുന്ന പച്ചപ്പുല്ലുകൾ അക്രമിച്ച കുളത്തിന്റെ കൽപ്പടവ്. കതിരേശൻ തിരിഞ്ഞ് കാവമ്മയോടായി പറഞ്ഞു,
“തമ്പാൻ മണികെണറില് ഒരു ശവോം കുഴിച്ചിടുന്നുണ്ട്.” ആരുടേതാണെന്ന് കാവമ്മ ചോദിച്ചില്ല. പൊന്തക്കാടുകളിൽ നിന്ന് രണ്ട് പെരുച്ചാഴികൾ ആ സമയം വ്യഗ്രതയോടെ പുറത്തുചാടി. കതിരേശന്റെ ഒപ്പം അവൾ പോയി ഇരുന്നു. അമർത്തി പിടിച്ചപ്പോൾ അവളുടെ അപ്പൻ കാതൽമൂപ്പനെപോലെ കതിരേശന്റെ താടിയും അയഞ്ഞ മട്ടിലായിരുന്നു.
“കാവമ്മേയ്… ആ ശവം ആരാന്നറിയ്യോ?” തപ്തമായ നിശ്വാസം അവളുടെ മുഖത്തേക്ക് തെറിച്ചുവീണു. തടാകത്തിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരശാഖയിൽ നിന്ന് അമ്പേറ്റപോലെ തൂക്കണാം കുരുവി ചത്തുവീണു. ഒരുകൂട്ടം പക്ഷികൾ ചിലച്ചിലോടെ പറന്നു. അവർക്കൊപ്പം വന്ന വേട്ടപ്പട്ടി ഉറക്കത്തിൽ നിന്നെണീറ്റ് കുരച്ചു. ഞെട്ടലോടെ കതിരേശൻ കാവമ്മയെ നോക്കി. അപ്പോഴേക്കും ഉറക്കത്തിന്റെ വെളുപ്പ് പിൻവലിഞ്ഞിരുന്നു. മലയടിവാരം കറുത്തു.
■■■
അരൂതച്ചെടിയുടെ ഗന്ധമുണ്ടായിരുന്നു ആ മുറിക്കകം മുഴുവനും. തുരുമ്പൊലിക്കുന്ന ജനൽ കമ്പിയിൽ നിന്നും മോന്തായത്തിലേക്ക് വലനെയ്യുന്ന ചിലന്തിയിണകളിൽ നിന്നും വേദനയോടെ കണ്ണ് പുറത്തേക്ക് നട്ടു കതിരേശൻ. പൊടിഞ്ഞരയുന്ന ഇരുട്ടിന്റെ ചോരുളുമ്പ് ശ്രമപ്പെട്ടെണീറ്റ് മൂലയ്ക്കരികിലിരുന്നിരുന്ന കൈലേസെടുത്ത് കെട്ടഴിച്ചു. ചത്തിട്ടില്ല മരത്തവളകൾ. ഒന്നുരണ്ടെണ്ണം ഉള്ളം കൈയ്യിൽ നിന്ന് ചാടിയിറങ്ങി. വർഷക്കാറ്റ് പടർന്നപ്പോൾ കുറുന്തിതോപ്പിലൂടെ വശം ചേർന്നൊഴുകുന്ന തോട്ടിൽ നിന്ന് പിടിച്ചെടുത്തവയാണ്.
മുറ്റത്തേക്കിറങ്ങിയപ്പോൾ പ്രസരിച്ച് നിൽക്കുന്നു, പിച്ചകപൂക്കളുടെ വാസന. അരൂത തലയാട്ടി നിൽക്കുന്നു. ഭഗവതികാവിൽ ശാഖകളിൽ കെട്ടിയിട്ട തൂക്കുമണികളുടെ ഒച്ച. കതിരേശൻ നെറ്റിചുളിച്ച് ആകാശത്തെയൊന്നുഴിഞ്ഞു. കണ്ണടച്ചു തുറന്നപ്പോൾ ചൂട്ട് കത്തിച്ചു നിൽക്കുന്ന പൂർവ്വികരുടെ ആത്മാക്കൾ കാണായി. പാമ്പൻ മലയ്ക്കരികിലൂടെ പോകുമ്പോഴും ഇളകിമറിഞ്ഞ മണ്ണിൽ തലയുയർത്തി നിൽക്കുന്ന കൈതണ്ടയുടെയും തലയോട്ടിയുടെയും അസ്ഥികൾ കാണാൻ കഴിയും.
പാമ്പൻ മലയ്ക്ക് കുറകെയുള്ള ആകാശത്ത് പരുന്ത് വട്ടമിട്ട് പറക്കുന്ന നേരം. ഏതോ കരിഞ്ഞ സന്ധ്യയിലാണ് ദാസിപ്പെണ്ണിന്റെ കൈയിൽ സന്ദേശപത്രത്തിന്റെ താള് ലഭിക്കുന്നത്. മഴനിറഞ്ഞ അന്തരീക്ഷത്തിൽ പെണ്ണും ചെറുക്കനും റാന്തൽ വിളക്കേന്തി മൂപ്പന്റെ ചെറ്റകൊട്ടി. സന്ദേശപത്രം താളിയോലയായിരുന്നു. തിരുവെഴുത്ത് മൂപ്പൻ വായിച്ചു. തന്റെ പാരമ്പര്യത്തിന്റെ തറക്കല്ലാണ് ഇളക്കി മാറ്റപ്പെടുന്നത്. നിലനിൽപ്പിനായുള്ള വ്യഗ്രത ഞരമ്പുകളിൽ തുറിച്ച് നിന്നു. എത്ര രാവ് പുലരണം യുദ്ധാസന്നനായി നിൽക്കുന്ന പട ചുരമിറങ്ങി വരാൻ? പാരമ്പര്യമായി ആയോധനകല അഭ്യസിച്ചുപോന്ന, മീശമുളയ്ക്കാത്ത പൈതങ്ങൾ. അർദ്ധരാത്രിയിലും എരിഞ്ഞുകത്തുന്ന ചൂട്ടിനു താഴെ കാവൽ നിൽക്കേണ്ടി വന്നു. പൊന്ത വകഞ്ഞുമാറ്റി, താനറിയാത്ത ശത്രുക്കളുടെ മൂർച്ചയേറിയ കൂരമ്പുകളും കാത്ത്.
മൂന്നാംദിനം പാമ്പൻ മലയുടെ ഇടുക്ക് വശങ്ങളിൽ ശത്രുക്കൾ താവളമുറപ്പിച്ചു. വിറക് അന്വേഷിച്ച് കാട്ടിലലഞ്ഞ് മലകറിയ ചണ്ടീരന്റെ ഒളികണ്ണുകൾ ഭയത്തോടെ, അവർ അസ്ത്രങ്ങൾക്ക് വിഷം പുരട്ടുന്നതും വാളുകൾക്ക് മൂർച്ച കൂട്ടുന്നതും കണ്ടു.
“കുലമാണ്, ഗോത്രകുലം പടയെറിഞ്ഞവരാണ് പൂർവ്വികർ, മരണത്തേക്കാളുപരി നമുക്ക് വലുത് കുലത്തിന്റെ സംരക്ഷണമാണ്. പൂർവ്വികരുടെ മാനമാണ്.” വാളുകൾ ആഞ്ഞുവീശി യുവതലമുറയ്ക്ക് യുദ്ധപ്രാവീണ്യം മൂപ്പൻ പറഞ്ഞുകൊടുത്തു. സമരത്തിന്റെ യുദ്ധചോതന അവരുടെ ഞരമ്പുകളിൽ കിടന്നുഴറി. ഇനിയും കാത്ത് നിൽക്കാൻ സമയമില്ല.
അഞ്ചാം ദിവസത്തിന്റെ ചൂടേറിയ രാത്രി. പന്തം കൊളുത്തി മലകയറി വന്നവരുടെ കീഴിൽ അസ്ത്രങ്ങളെയ്ത് അവർ പൊരുതി. ചുഴറ്റിയെറിഞ്ഞ വാളിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടും പൂർവ്വികരുടെ അനുഗ്രഹവും കൊണ്ടാണ്. അന്ന് പുലർന്നത് രക്തമൂർന്ന് വീണ മണ്ണിൻതരിയിൽ പ്രഭാതത്തിന്റെ പ്രഥമ വെയിൽ തട്ടിയാണ്. വിജയം ഉറപ്പിച്ച മലമക്കൾ ആർത്തുവിളിച്ചു.
കതിരേശൻ അരൂതയുടെ ചുവട്ടിൽ പോയി ഇരുന്നു. അടിവാരം മുഴുവൻ കാണാം. തലച്ചുമടായി കേറിവരുന്ന കച്ചവടക്കാർ. ചുള്ളികൊണ്ട് നിർമ്മിച്ച കോന്നിയുടെ പുരയിടം. കോന്നി മുറ്റത്തേക്കിറങ്ങി നിൽക്കുന്നതും, തലപ്പാവണിഞ്ഞ ലാടവൈദ്യന്മാർ വട്ടം കൂടിയിരുന്ന് പാട്ടുപാടി തീ കത്തിച്ച് പുകക്കുന്നതും അവൻ കണ്ടു. കതിരേശൻ ചുറ്റും നോക്കി. അരൂതയുടെ ശിഖരങ്ങളിൽ കൊക്കുരുമ്മുന്ന രണ്ട് രാപ്പാടികൾ. ചൂടിലും തണുപ്പിലും കെട്ടിപ്പിണയുന്ന രണ്ട് സർപ്പങ്ങൾ ഇഴഞ്ഞ് പൊത്തിലൊളിച്ചിരുന്നു. കുളമ്പൊച്ച കേട്ടപ്പോഴാണ് കതിരേശൻ തിരിഞ്ഞുനോക്കിയത്. കാതൽമൂപ്പൻതന്നെ. കരിമ്പടം പുതച്ച, താടി പാടെ വളർന്ന മൂപ്പൻ. ഞരമ്പ് വലിഞ്ഞ് ചോരനിറമാർന്ന കണ്ണുകൾ. ഇപ്പോഴും നോക്കാൻ പേടിതന്നെ. ഷൾകോണായി വരച്ച കർമ്മചക്രത്തിൽ അമാവാസിനാളുകളിൽ ആടിന്റെ തലയറുത്ത് ആഭിചാരകർമ്മം നടത്തിയിട്ടുണ്ടത്രേ…
മൂപ്പൻ ചുമച്ചു. മലയും കയറി വന്നതിന്റെ ക്ഷീണം. കിതക്കുന്നുണ്ടായിരുന്നു. കതിരേശൻ എണീറ്റില്ല. കയർ കൊണ്ട് കോണായി പിരിച്ച കയറ്റുകട്ടിലിൽ പോയി ഇരുന്നു. കിളികൾ ചിലക്കുന്നു. പുരയിടത്തിന്റെ ഉള്ളിലേക്ക് മൂപ്പൻ നോക്കി.
“വന്നില്ല അല്ലേ”
“ഇല്ല”
“ഇന്നലെ രാത്രി വരുമെന്ന് പറഞ്ഞിട്ട്”
കതിരേശൻ തലതാഴ്ത്തിയിരുന്നു. ചെമ്മരിയാടുകളെ തളിച്ചു കൊണ്ടുപോയിരുന്ന ഒരു കുറുച്ച്യചെക്കൻ മൂപ്പനെ വണങ്ങിപ്പോയി. നിലത്ത് വീണുകിടന്നിരുന്ന വിത്തുകൾ കോഴികൾ കൊത്തിതിന്നുന്നുണ്ടായിരുന്നു. ലാടവൈദ്യന്മാരുടെ പാട്ട് മുറുകി. കുറച്ചുനേരം ഇരുന്നശേഷം താഴോട്ട് അടിവെച്ച് മൂപ്പൻ നടന്നു. കുറച്ചടി നടന്നശേഷം തിരിഞ്ഞുനിന്ന് മൂപ്പൻ പറഞ്ഞു.
“ഇനി എത്തുമ്പോൾ പറയണം എന്നോട്”
“പറയാം”
“മറക്കരുത് കതിരേശാ”
ഇല്ലയെന്നർത്ഥത്തിൽ കതിരേശൻ തലയാട്ടി. അകലെ മൂപ്പനും സംഘവും തന്റെ കാഴ്ച്ചയിൽ നിന്ന് മറഞ്ഞപ്പോൾ അരൂതയുടെ തടിയിലേക്ക് മെല്ലെ തലചായ്ച്ചു. പൊട്ടി മുളച്ച് കൂർത്ത വേരുകൾ നെഞ്ചാകെ പടർന്നു.
■■■
വക്കീലാഫീസിന്റെ ഗോവണിപ്പടിക്കരികിൽ ഇരിക്കുകയായിരുന്നു വെങ്കിടാദ്രി ശാസ്ത്രികൾ. പാണപണ്ട കേസിന്റെ ഔദ്യോഗിക രേഖകൾ താഴെയുള്ള മുറിയുടെ മച്ചിലാണ്. എടുക്കാൻ ആളെ വിട്ടപ്പോഴാണ് ശാസ്ത്രികൾ ഇരിപ്പുണ്ടെന്ന വിവരം കേട്ടത്. വെളിയിലിരുന്ന രണ്ട് കക്ഷികളോട് ഇത്തിരിനേരം ഇരിക്കാൻ പറഞ്ഞ് ശാസ്ത്രികളുടെ അടുത്തേക്ക് ചെന്നു.
“അങ്ങുന്നിവിടെ?”
പതിവുപോലെ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ തന്നെ. നാവുകൊണ്ട് നരിതേറ്റയെപ്പോലെ കൂർത്ത് നിൽക്കുന്ന പല്ലുഴിഞ്ഞ് ശാസ്ത്രികൾ പറഞ്ഞു.
“തിരക്കൊഴിയട്ടെ എന്നുകരുതി. ചാത്തുക്കുട്ടിക്ക് വല്ല അസൗകര്യവും…”
ശാസ്ത്രികൾ തന്നെയെങ്ങനെ അസൗകര്യപ്പെടുത്തും എന്നർത്ഥത്തിൽ പുരികങ്ങൾ ചുളിച്ച് ചാത്തുകുട്ടി ചിരിച്ചു.
“കേറിയിരിക്കണം.”
ശാസ്ത്രികളെഴുന്നേറ്റ് മുറിയിലേക്ക് കടന്നപ്പോൾ അടുത്തുള്ള അന്തിമഹാകാളൻ ക്ഷേത്രത്തിൽ നിന്ന് ഒരു കതിന മുഴങ്ങി. ആൽമരത്തിൽ നിന്ന് ഇലകൾ കൊഴിഞ്ഞുവീണു.
ചിറ്റൂരില്ലത്തെ സംസ്കൃത അദ്ധ്യാപകനായ അപ്പു എഴുത്തച്ഛനാണ് ശാസ്ത്രികളെ പറ്റി പറയുന്നത്. വളരെ ചെറുപ്പത്തിലേ അമ്മ മരിച്ചുപോയ ചാത്തുകുട്ടിക്ക് അഞ്ച് വയസ്സായപ്പോൾ അച്ഛൻ ശാമുമേനോൻ ഉപനയനത്തിനായി ചേർത്തതാണ്.
അപ്പു എഴുത്തച്ഛന് സംസ്കൃതം മാത്രമല്ല, ചിത്രം വരയും അറിയാം. ചാത്തുകുട്ടിയുടെ ഏട്ടന് ചിത്രംവര പഠിപ്പിച്ച് കൊടുത്തതും അദ്ദേഹംതന്നെ. മേടം മുതൽ ഓണക്കാലം വരെ മാത്രമേ അപ്പു എഴുത്തച്ഛൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിരുന്നുള്ളൂ. തിരുവോണം കഴിഞ്ഞ് അഞ്ചാം പക്കം എഴുത്തച്ഛൻ നാടായ നാടെല്ലാം കറങ്ങും. പേരുകേട്ട പണ്ഡിതന്മാരുമായി സംവദിക്കാനാണ്. ആ സമയം അക്ഷരഭ്യാസം കഴിഞ്ഞ കുട്ടികൾക്ക് മുന്നിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ വായിക്കാൻ കൊടുക്കും. ദേശാടനത്തിനിടയ്ക്ക് അപ്പു എഴുത്തച്ഛൻ ഇല്ലത്തേക്ക് മടങ്ങി വരും. പേരുകേട്ട പണ്ഡിതന്മാരുമായി സംവദിക്കാൻ ലഭിച്ച അവസരങ്ങളും ദൂരെയുള്ള നാടുകളിലെ സാഹിത്യസംബന്ധിയായ കാര്യങ്ങളും പറഞ്ഞു തരും. ഇത്തരി മുതിർന്ന കുട്ടികൾക്ക് കടുകട്ടിയായ സമസ്യ ഗ്രന്ഥങ്ങൾ വായിക്കാൻ കൊടുക്കും. അപ്പു എഴുത്തച്ഛന്റെ ഭാണ്ഡത്തിൽ താളിയോലകൾ ഒഴിയാത്ത നേരമില്ലെന്ന് അവർ അടക്കം പറഞ്ഞു. അങ്ങനെയൊരിക്കലാണ് എഴുത്തച്ഛൻ അപ്രതീക്ഷിതമായി ഇല്ലത്തേക്ക് വന്നത്. രാവിലെ കാവിൽ അഭിഷേകം ചെയ്ത എണ്ണ നാവിൽ തൊട്ടുതലോടുകയായിരുന്നു അപ്പോൾ. ദീനത്തിനും അക്ഷരശുദ്ധിക്കും കാവിലെ എണ്ണയാണ് ഉപയോഗിക്കാറ്. കുറച്ചു നേരം വിശ്രമിച്ച ശേഷം എഴുത്തച്ഛൻ ചാത്തുകുട്ടിയെ ആളയച്ചു വരുത്തി. തളിയിൽ രാജാവിന്റെ നേതൃത്വത്തിൽ നടന്ന പണ്ഡിത സദസ്സിനെ കുറിച്ചായിരുന്നു പറഞ്ഞത്. അവിടെ വെച്ച് രാജാവിന്റെ സ്വർണ്ണപതക്കം നേടിയെടുത്ത ശാസ്ത്രികളേയും പറ്റി പറഞ്ഞു. വീശിക്കൊണ്ടിരുന്ന വിശറി താഴെ വെച്ച് എഴുത്തച്ഛൻ ചോദിച്ചു.
“ഇനി എത്രനാൾ ഇവിടം ഇരിക്കാമെന്നാണ് വിചാരിക്കുന്നത്” ചാത്തുകുട്ടി മിണ്ടിയില്ല.
“ചാത്തുകുട്ടി കേൾക്കുന്നുണ്ടോ… ഒരു ഉപരിപഠനം വേണ്ടേ?”
“ഉം” ചാത്തുകുട്ടി മൂളി.
“ഉടനെ തൃശ്ശിവപേരൂർക്ക് പൊയ്ക്കോളൂ. ശാസ്ത്രികളോട് നാം എല്ലാം പറഞ്ഞിട്ടുണ്ട്.”
ചാത്തുകുട്ടിയുടെ മനസ്സിൽ പൊടുന്നനെ ഒരു തിരിനാളമുണ്ടായി. എഴുത്തച്ഛന്റെ നിർദ്ദേശം അനുസരിച്ച് തൃശ്ശിവപേരൂരെത്തി. ശാസ്ത്രി മഠത്തിൽ ചേർന്നു. വെങ്കിടാദി ശാസ്ത്രികളുടെ ജീവിതം വളരെ ചിട്ടയുള്ളതായിരുന്നു. ആദ്യമൊന്നും അതിനോട് പൊരുത്തപ്പെടാൻ സാധിച്ചില്ലയെങ്കിലും, കടുകട്ടിയായ സംസ്കൃത ഗ്രന്ഥങ്ങൾ ലളിതമായി പറഞ്ഞുതരുന്ന ശാസ്ത്രികളുടെ പാടവം ഏറെ ആകർഷിച്ചു.
തേക്കിൻകാട് മൈതാനിയിലൂടെ ഉല്ലാസയാത്ര നടത്തി. ശാസ്ത്രി മഠത്തിനു പുറത്തും പ്രഭാഷണങ്ങൾ, ചർച്ചകൾ എന്നിവയെല്ലാം നീണ്ടു. സംസ്കൃത കൃതികളുടെ പാരായണമായിരുന്നു പ്രധാന വിനോദം. ശാസ്ത്രികൾ തന്നെയാണ് വക്കീൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പറഞ്ഞതും. സാഹിത്യതത്പരനായ തനിക്കെങ്ങനെ നിയമഭാഷ വഴങ്ങുമെന്ന് പലപ്പോഴായി ചാത്തുകുട്ടി ചോദിച്ചു. ഒരിക്കൽ ക്ഷേത്രദർശനം കഴിഞ്ഞ് വരുന്നതിനിടയ്ക്ക് അദ്ദേഹം തുറന്നു പറഞ്ഞു,
“നിയമവും സാഹിത്യമാണെടോ… വാക്കുകളിൽ നിന്ന് അർത്ഥങ്ങൾ ഉരുത്തിരിയുന്ന പോലെ പ്രശ്നങ്ങളിൽ നിന്ന് പരിഹാരങ്ങൾ വ്യാഖ്യാനിക്കപ്പെടും.”
അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ പിന്നീടാണ് ചാത്തുകുട്ടിക്ക് മനസ്സിലായത്. എങ്കിലും സാഹിത്യത്തിന്റെ ഏതെങ്കിലുമൊരു തലത്തിലേക്ക് എത്തിപ്പെടണമെന്ന ആഗ്രഹവും തീവ്രതയോടെ എരിയുന്നുണ്ടായിരുന്നു. കിട്ടാവുന്നിടത്തോളം കൃതികൾ വായിച്ചു കഴിഞ്ഞിരിക്കുന്നു. രാത്രികളിൽ എഴുത്തോലയിൽ നാരായം കൊണ്ട് കുറിപ്പുകളെഴുതി സൂക്ഷിച്ചു.
ആയിടയ്ക്കാണ് തത്തമംഗലത്ത് നിന്ന് ഒരു സുഹൃത്ത് ചില വൈദ്യഗ്രന്ഥങ്ങൾ തന്നിരുന്നത്. വ്യാപാരത്തിനിടയ്ക്ക് പങ്കാളിയുമായുണ്ടായ ചർച്ചയ്ക്ക് പരിഹാരം കാണാനാണ് അയാളെത്തിയത്. ശാസ്ത്രിയുടെ ശിഷ്യനാണെന്നറിഞ്ഞപ്പോഴാണ് സഹായം അഭ്യർത്ഥിച്ചുകൊണ്ട് അയാൾ വൈദ്യഗ്രന്ഥങ്ങൾ ചാത്തുകുട്ടിക്കു മുന്നിൽ നിരത്തിയത്. സുഹൃത്തിന് സംസ്കൃതമറിയില്ല. വായിക്കുകയും വിവർത്തിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു. കേസുകളെല്ലാം ഒഴിഞ്ഞ നേരം അത് കുറിച്ച് വെക്കുകയും ശാസ്ത്രിയദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു. ചാത്തുകുട്ടിയുടെ വരികളിലെ ലാളിത്യം ശാസ്ത്രിയദ്ദേഹത്തെ വളരെയധികം ആകർഷിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ‘സംഗീതശാകുന്തളം’ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. അവസാനം ‘ജാനകിപരിണയം’ പരിഭാഷപ്പെടുത്തി കൊടുങ്ങല്ലൂർ കവിസദസ്സിലവതരിപ്പിച്ചപ്പോഴും ശാസ്ത്രിയദ്ദേഹം ഉണ്ടായിരുന്നു.
അന്തരീക്ഷത്തിന് നിശ്ശബ്ദതയുടെ ഭാരം കൂടുന്നതായി ചാത്തുകുട്ടിക്ക് തോന്നി. മേശമേൽ നിരത്തിവെച്ച രേഖകൾ സൂക്ഷ്മമായി വായിക്കുകയാണ് അദ്ദേഹം.
“ശാസ്ത്രിയദ്ദേഹം ഒന്നും പറഞ്ഞില്ല.” അദ്ദേഹം വായിക്കുന്നതിൽ നിന്ന് കണ്ണെടുത്തു. വായിലെ വിടവിലൂടെ ഒലിച്ചിറങ്ങിയ ചുകന്നുമിനീര് കോളാമ്പിയിലേക്ക് തുപ്പിയശേഷം അദ്ദേഹം പറഞ്ഞു,
“നാം വന്നിരിക്കുന്നത് ഒരു സുപ്രധാന കാര്യം പറയാനാണ്.” അദ്ദേഹം പറഞ്ഞുതുടങ്ങി.
“മലയാളത്തിലൊരുപാടു പേർ നാടകമെഴുതിയിരിക്കുന്നു. എന്നാൽ അവയിൽ മിക്കതും ജനങ്ങളിലേക്ക് എത്തിച്ചേരുന്നില്ല. തിരുവിതാംകൂറിലൂടെ വന്ന തമിഴ് നാടകസംഘം ഇപ്പോൾ മലബാറും പിടിച്ചെടുത്തു കഴിഞ്ഞു. ഈ സ്ഥിതിയിൽ നാടകത്തിന്റെ അനിവാര്യതയെപ്പറ്റി പറയേണ്ടല്ലോ. അച്യുതനോടും നാം സൂചിപ്പിച്ചിട്ടുള്ള കാര്യമാണ്.” ഒന്നു നിർത്തി, ചാത്തുക്കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കി.
“വിനോദ ചിന്താമണി നാടകശാല എന്ന പേരിൽ തുടങ്ങാമെന്നു വെച്ചു.” ശാസ്ത്രിയദ്ദേഹം പറഞ്ഞു. കൈയിലുള്ള രേഖ മേശപ്പുറത്തുതന്നെ വെച്ച് അദ്ദേഹം തുടർന്നു,
“ആദ്യമായി കളിക്കുന്നത് ജാനകി പരിണയമാണ്.”
ചാത്തുകുട്ടി ചിരിച്ചു. കക്ഷികൾ പുറത്ത് മുറുമുറുപ്പ് തുടങ്ങി. അദ്ദേഹം എണീറ്റു. “കൈവിടണ്ട, മഹാസൗഭാഗ്യമാണ്, ഒരു നാടകത്തിനെ സംബന്ധിച്ചിടത്തോളം.”
അങ്ങനെയാവാമെന്ന് ചാത്തുകുട്ടി പറഞ്ഞു. ശാസ്ത്രികൾ പോയിക്കഴിഞ്ഞതും കേസുകാർ വീണ്ടും വന്നു. രേഖകൾ മറിക്കുന്നതിനിടയിൽ ചാത്തുക്കുട്ടി ആത്മഗതം പോലെ പറഞ്ഞു, ‘വിനോദ ചിന്താമണി നാടകശാല.’
തുടരും■■■
* എഴുത്തുകാരി ഗീതാ ഹിരണ്യന്റെ സ്മരണാർത്ഥം, സംസ്ഥാനത്തെ ഹൈസ്കൂൾ- ഹയർ സെക്കഡറി വിദ്യാർത്ഥികൾക്കു വേണ്ടി ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം 2020ൽ നടത്തിയ രചനാ മത്സരങ്ങളിൽ, ‘ഗീതകം നവമുകുളം കഥാ പുരസ്‌കാരം’ ലഭിച്ച കൃതിയാണ്, മലപ്പുറം കുന്നകാവ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്ന ആദിത്ത് കൃഷ്ണ ചെമ്പത്ത് എഴുതിയ ‘വിനോദ ചിന്താമണി നാടകശാല’. നോവലിസ്റ്റ് പാങ്ങിൽ ഭാസ്കരൻ ആയിരുന്നു കഥാ വിഭാഗം ജൂറി ചെയർമാൻ.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ ഏലംകുളം എളാട് ചെറുകര സ്വദേശി. കഥ, കവിത, ഓട്ടൻതുള്ളൽ, തബല, സിനിമ എന്നീ മേഖലകളിൽ സജീവം. കിടുവൻ്റെ യാത്ര (ബാലസാഹിത്യം ), Loo(ഇംഗ്ലീഷ് കവിതകൾ) എന്നീ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വിവിധ പുരസ്കാരങ്ങൾ ലഭിച്ച ‘മുന്ന’ ഉൾപ്പെടെ നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്.
കേരള സർക്കാറിൻ്റെ ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ‘കടത്തനാട് മാധവിയമ്മ കവിതാ പുരസ്‌കാരം’, ‘ഐ.ആർ. കൃഷ്ണൻ മേത്തല എൻഡോവ്മെൻ്റ്’, ‘എൻ.എൻ. കക്കാട് സാഹിത്യ പുരസ്‌കാരം’, ഗീതാ ഹിരണ്യന്റെ സ്മരണാർത്ഥമുള്ള ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറത്തിന്റെ ‘ഗീതകം നവമുകുള കഥാപുരസ്കാരം’, ‘നവജീവൻ യുവകവിത അവാർഡ്’, ‘അലക്സാണ്ടർ സഖറിയാസ് താളിയോല പുരസ്‌കാരം’, ‘ഡോ.തോമസ് അവാർഡ്’ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യുനെസ്കോയും ശ്രീരാമകൃഷ്ണ മിഷനും സംയുക്തമായി നടത്തിയ ‘ഹെർട്ട് ഫുൾനെസ്സ്’ ഉപന്യാസ രചനാ മത്സരത്തിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
മലപ്പുറം ജി.എച്ച് എസ് എസ് കുന്നക്കാവ്, കോട്ടയം സി.എം.എസ് കോളേജ് എന്നിവിടങ്ങളിൽ ബി എ മലയാളം പൂർത്തിയാക്കി. ഇപ്പോൾ, കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. അച്ഛൻ: സുരേഷ് ചെമ്പത്ത്. അമ്മ: രജിത എം. പി. സഹോദരി: ആരതി സി.