വിഷുചിന്ത

Vishu Article Logo-2025

വിഷുഫലം

ഈ വളർച്ചയിൽ, ശാസ്ത്രം പക്വമായി, മനസ്സ് അപക്വവും. ഇതൊരു വിരോധാഭാസമായി തോന്നാമെങ്കിലും മണ്ണിൽനിന്നകന്ന മനുഷ്യർ വിളവെടുക്കുന്ന ഈ കാലത്ത് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല..

രാവണന്റെ ഏതു കൽപ്പന ശിരസാവഹിക്കാൻ നിർബന്ധിതമായാണോ എന്നറിയില്ല, ഇക്കാലത്ത് കണിക്കൊന്നമരം കാലംതെറ്റി പുഷ്പിക്കുന്നത്. തന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ വന്നത് ഇഷ്ടപ്പെടാതിരുന്ന രാവണൻ സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചില്ലത്രെ. പിന്നീട്, ശ്രീരാമൻ രാവണനെ വധിച്ചതിനുശേഷമാണ് സൂര്യന് നേരെചൊവ്വെ ഉദിക്കാൻ കഴിഞ്ഞത്. ഇപ്രകാരം, രാവണനിൽ നിന്നുള്ള സൂര്യന്റെ മോചന ദിവസമായാണ് വിഷു ആഘോഷിക്കപ്പെടുന്നത് എന്നത് ഐതിഹ്യങ്ങളിൽ ഒന്ന് മാത്രം.

രാവും പകലും തുല്യമായി വരുന്ന ഒരു ദിവസംകൂടിയാണ് വിഷു. ആയതിനാൽ, തുല്യതയുടെ ഒരു ദിനമാണ് വിഷു എന്നും വിവക്ഷിക്കാം. ഈയിടെയാണ് കറുപ്പും വെളുപ്പും ഒരു സാമൂഹിക പ്രശ്നമായി അവതരിച്ചത്. വെളുപ്പ് എല്ലാ നിറങ്ങളേയും പ്രതിഫലനം ചെയ്യുമ്പോൾ കറുപ്പ് എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്നു. ഒരുപക്ഷേ, ദുഖത്തിന് ഈ തൻമയീഭാവശക്തി ഉള്ളതുകൊണ്ടാകണം ദുഖത്തിന്റെ നിറം കറുപ്പായത്. ഇത് വിഭാവനം ചെയ്യുമ്പോളാണ് കറുപ്പിന്റെ ഔന്നത്യം അറിയുന്നത്. പക്ഷിയുടെ കണ്ണുമാത്രം കാണുന്ന അർജുനന്റെ ഏകാഗ്രതയെ നിറത്തിൽ ഒഴിവാക്കാം. ഇതിന് മനസ്സു മാറിയാലെ രക്ഷയുള്ളൂ.

Vishuphalam-Malayalam Article by B. Asok Kumar
Image credits: AI painting with Google image

നേരത്തെ എഴുന്നേൽക്കാൻ ഒരു താൽപ്പര്യവും ഇല്ലാത്ത കുട്ടികൾ പടക്കം പൊട്ടിക്കാൻ വളരെയേറെ ഉത്സാഹത്തോടെ നേരത്തെ എഴുന്നേൽക്കുന്ന ഒരു ദിനംകൂടി ആണ് വിഷു. വീടും പരിസരവും വൃത്തിയാക്കി പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന ഈ ഉത്സവത്തിന്റെ മനോഹരമായ കഴിഞ്ഞകാല ദൃശ്യങ്ങൾ ഇന്നും മനസ്സിൽ ഉണർത്തുന്നു. വിഷുക്കൈനീട്ടം, വിഷുക്കണി, പടക്കം പൊട്ടിക്കൽ, ചക്ക- മാങ്ങ ഉപയോഗിച്ചുള്ള വ്യത്യസ്തങ്ങളായ കറികൾ തുടങ്ങിയവയാണ് മനസ്സിൽ വിരിയുന്ന വിഷു.

Read Also  A small room/English poem by Vinod Kumar Shukla

വിഷു, പ്രകൃതിയുടെ ഒരു ചാക്രീയമായ തുടക്കമാണ്. ഇതിനോടനുബന്ധിച്ച് പ്രകൃതിയും മനുഷ്യനും കൂടിച്ചേർന്ന് ഭൂമിയെ വീണ്ടും കൃഷിയോഗ്യമാക്കുന്നു. പണ്ട് പ്രകൃതിക്ക് അനുയോജ്യമായ രീതികളാണ് അവലബിച്ചിരുന്നത്. അന്ന്, ഗ്രഹങ്ങളുടെ സ്ഥാനം നോക്കി വിഷുഫലം പറയുമായിരുന്നു. ഈ വിഷുഫലമാണ് മനുഷ്യരിൽ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വിത്ത് അക്കാലങ്ങളിൽ പാകിയിരുന്നത്. ഇന്ന് ഗ്രഹങ്ങൾ വഴിമാറി. ശാസ്ത്രം ശക്തി നേടി.

ഇന്ന് എല്ലാ ചെടികളെയും ഒട്ടുമിക്ക ജീവജാലങ്ങളേയും ഉൾപരിവർത്തനത്തിന് (mutation) വിധേയമാക്കി, പ്രകൃതിയുടെ സ്വാഭാവിക പരിണാമത്തിന് അനുസൃതമല്ലാതെ വളർത്തിയെടുക്കുന്നു മനുഷ്യർ. എല്ലാത്തിന്റെയും വിളനിലമായ ഭൂമിയെയും വെറുതെ വിടുന്നില്ല. ഇന്ന് ശാസ്ത്രമാണ് വിഷുഫലം നല്കുന്നത്. പ്രതീക്ഷയും പ്രത്യാശയും നൽകുന്നത്. ഈ വളർച്ചയിൽ, ശാസ്ത്രം പക്വമായി, മനസ്സ് അപക്വവും. ഇതൊരു വിരോധാഭാസമായി തോന്നാമെങ്കിലും മണ്ണിൽനിന്നകന്ന മനുഷ്യർ വിളവെടുക്കുന്ന ഈ കാലത്ത് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല.

ഇന്ന് വിഷു പ്രതീക്ഷയുടെ പ്രതീകമല്ലാതായിരിക്കുന്നു!

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹