
വിഷക്കാലം
വിഷക്കായക്കുല,
വിഷയെണ്ണ, വീട്ടു-
പടിക്കലെത്തിടും
പരിപ്പ്, വന്‍പയര്‍,
കിഴ, ങ്ങുള്ളി, കൂര്‍ക്ക,
കടുക്, കാബേജ്;
മെഴുമെഴുങ്ങനെ-
യിരിക്കും അച്ചിങ്ങ,
മികച്ച വെള്ളരി,
മത്തന്‍, ചേന;
നിറയെ ലാഭവിളികള്,
ഫ്യൂറുഡാന് നനച്ചു
മണ്ണാഴം കിളിര്‍ത്തവ;
നിറമിണങ്ങിയ
തുടുത്ത മാമ്പഴം
നിറച്ച കാര്‍ബൈഡില്‍
പുകഞ്ഞ നാരുകള്‍,
മെഴുക് മുക്കിയ
ഫലങ്ങള്‍, ഡി ഡി റ്റി
ഉയര്‍ന്നതോതിലും
കലര്ത്തിയിങ്ങനെ….
പ്രതാപവാണിഭ-
പ്പുരയിലിങ്ങനെ…
വിശേഷരൂപമാ-
യിരിപ്പു ’പാഷാണം’;
നടുതലയില്ലാ-
നശിച്ച നാടിതില്‍
കരുതിവയ്ക്കുന്ന
വിഷകുംഭങ്ങളില്!
വരുവിന്‍, വാങ്ങുവിന്‍,
കഴിക്കുവിന്‍!!
നടന്നു ചാകുവാന്‍;
കിടന്നു ചാകുവാന്‍!!!
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

അനുഭൂതി ശ്രീധരൻ: കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ പിണയ്ക്കാമറ്റത്തില്ലത്ത് ജനിച്ചു. കോട്ടയം വി പബ്ലിഷേഴ്സിൽ മലയാള വിഭാഗം എഡിറ്റോറിയൽ അസിസ്റ്റന്റ്. ‘അനുഭൂതി കവിതകൾ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ശാന്തി. മക്കൾ: അരുന്ധതി, അരുൺ.