Prathibhavam First Onappathippu-2025
Orammayude Dukham-Malayalam poem by Sarojini Unnitthan -Prathibhavam First Onappathippu-2025

ശ്ചിമ വാനിലഹസ്സിൻ ചുടുനിണം
ചിന്തിപ്പടരുന്ന കാഴ്ച കാൺകേ,
വേപഥു വാർന്നിതാ സന്ധ്യ സുമംഗലി
കൊട്ടിയടച്ചു ശയന കക്ഷം.
കാർകൂന്തൽ ചിക്കി വരവായി രാത്രിയും
താരകളെങ്ങോ മറഞ്ഞു നില്പ്പൂ.
മരതകമാലകൾ മാറിലണിഞ്ഞ
കേദാരം ചൂഴുമീയാലയത്തിൽ
ഓമൽകിടാങ്ങടെ ചെഞ്ചോരയാരക്ത-
മാക്കിയ പൂഴിയിലിത്തമസ്സിൽ
മേവുന്നു ഞാനമ്മ, കൂട്ടിന്നിവൾക്കൊരു
കൈത്തിരി കത്തിക്കാൻ പേടിയത്രേ.
വാസരമേറെയായിപ്പുര വാതിലിൽ
ശങ്കിച്ചു നില്ക്കുന്നു നിദ്ര പോലും.
കാറ്റിലുടയാട മെല്ലെച്ചലിക്കുമ്പോൾ
ഞെട്ടുന്നിതെന്നുടെയന്തരംഗം.
ചാവുപറയുവാൻ വിങ്ങിയണയുന്ന
തപ്ത നിമിഷങ്ങളെന്നു നണ്ണി.
അങ്കണത്തൈമരച്ചില്ലയിലന്തിക്കു
പൈങ്കിളി പാടുന്നു മൃത്യുഗീതം.
പ്രാതഃ സമീരണനെൻ കാതിലോതുന്നു
രാവിൽ നടന്ന നൃശംസതകൾ.
അശ്രുക്കൾ തൂകിയാലാറു, മഴലല്പ-
മെന്നാൽ കെടുത്തുമതെന്റെ മാനം.
വീര പ്രസുവെന്നു മാലോകർ വാഴ്ത്തുന്ന
കേരളോർവ്വിയാകുമമ്മയല്ലോ,
സിംഹിനി, ഞാൻ മുന്നമെത്രയോ പുത്രരെ
പോരിനയച്ചു തിലകം ചാർത്തി!
ആത്മജർ ശോണിതം വാർന്നു പിടയുമ്പോ-
ളിന്നു ഞാൻ കണ്ണുകൾ പൂട്ടിവാഴ്വൂ.
ഖഡ്ഗമുണ്ടെന്നുടെ കയ്യിലെന്നാകിലു-
മാരുടെ കണ്ഠമരിയണം ഞാൻ?
അർഭകരന്യോന്യമാഹവം ചെയ്യവേ-
യാരുടെ ചേരിയിൽ ചേരുമമ്മ?
എന്നെന്റെ മക്കളറിയുമെന്നുൾത്താപ-
മെന്നിനിക്കൈവരുമാത്മ ശാന്തി?

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

Latest Posts