Prathibhavam First Onappathippu-2025
Ocha Thudarchakal-Malayalam poem written by Rajeev Mambully-Prathibhavam First Onappathippu-2025

ച്ചയിലിണയിമ്പം ചേർത്തു
തുമ്പമലിഞ്ഞു പാടിയോരുഭയജീവി
ശബ്ദവിന്യാസത്തോടു മല്ലിട്ട്
സുല്ലിടാതെ സ്വരസാധകം ചെയ്ത്
വട്ടക്കിണര്ജീവിതപൊയ്മറ താണ്ടി
തലവിരിഞ്ഞോരാകാശം കണ്ടന്തിച്ചു നില്പ്പുണ്ട്,
പടരുമിമ്പമാമൊച്ചത്തോർച്ചയിൽ
വീണ്ടും നനഞ്ഞുണരാൻ.

ഇമ്പം മുറിച്ചയിടർച്ചാ സ്വരങ്ങൾ
വാക്കീണത്തിലിണഞ്ഞുപിണഞ്ഞ്
ഉൾത്തൊണ്ടയിലൊളിച്ചിരുപ്പുണ്ട്,
ഇമ്പകാമ്പാർന്ന വാക്കിനെ
ചൊറിച്ചുമല്ലി ഉൾത്തരിപ്പുണർത്താൻ.

ഇളവെയിലൊച്ചയിൽ
ഒരൊച്ചരിച്ചരിച്ചു നീങ്ങുന്നു.
ഒച്ചയിടാത്ത മൗനം
വാക്കുലയിൽ വെന്തു നീറുന്നു.

ഉച്ചവെയിലിൽ നിഴലൊളിപ്പിച്ചോരൊച്ച
സ്വരസ്ഥാനത്തണൽ
മാറ്റിയുരുകി ഉച്ചസ്ഥായിയിൽ പാടുന്നു.

ചോര ചൂടേറ്റിയ വാക്കിടർച്ചയിൽ
ഓർമ്മയൊച്ചപ്പെയ്ത്തുകളൊക്കെ
അഴിഞ്ഞൊരു കാലം.

അറിയാതെ നിറഞ്ഞു തഴുകുന്ന
കാറ്റൊച്ചയുയിരലിഞ്ഞൊരു
പാട്ടലയിലൊളിക്കുന്നു.

ഉൾത്തുടിപ്പാൽ
തല തെറിച്ചുണർന്ന വിത്ത്
മാറിൽ മണ്ണൊച്ചയൊളിപ്പിക്കുന്നു.

സ്നേഹപകർച്ച മുറിഞ്ഞോരൊച്ചയൊളിപ്പിച്ച
രാവിൻ കടൽക്കരയിൽ പൂന്തിയ
കാൽപ്പാടുകൾ പിൻതിരയിലലിഞ്ഞു മായുന്നു.

ഒച്ച മയങ്ങിയ മച്ചിലെ
പഴകിയ മണമരിച്ചിറങ്ങി
മൂക്കുപിടഞ്ഞു തുമ്മിയയൊച്ച
ഒറ്റമുറി വീടിന്നുണർച്ചയായി;
തുടരൊച്ചയായി പടരുന്നു…!

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹