Published on: September 8, 2025


”നിന്റെ നഖങ്ങളെന്നെ
ഭ്രാന്തുപിടിപ്പിക്കുന്നു പെണ്ണേ…”
പിന്നെയവളിൽ നഖങ്ങളുടെ
ഉൽസവകാലമായിരുന്നു.
നഖങ്ങളിൽ ചായങ്ങളാൽ
വരഞ്ഞ ചിത്രങ്ങൾ,
നഖം വെട്ടികൾ, അരങ്ങൾ, അങ്ങനെ…
കപടകോപത്തിന്റെ ഉന്മാദവേളയിൽ
ഒന്നുചേരലിന്റെ പിറ്റേന്നുകളിൽ
അയാളുടെ കഴുത്തിൽ, നെഞ്ചിൽ,
തുടകളിൽ തിണുർത്തുകിടക്കുന്ന
നഖപ്പാടുകൾ, വിജയചിഹ്നങ്ങൾ…
‘ഇത് ആരോഗ്യത്തിനത്ര നല്ലതല്ല പെണ്ണേ’ എന്ന്
പിന്നീടൊരിക്കൽ, നഖം വെട്ടിയൊതുക്കുമ്പോൾ…
‘ആരുടെ..?’ എന്ന ചോദ്യം
തിണർത്തു നില്ക്കുന്നു.
ഉൽസവങ്ങളുടെ കൊടിപടങ്ങൾ താഴുന്നു…
സ്നേഹാലയത്തിലെ വളന്റിയർ
നഖം വെട്ടുമ്പോൾ ഉറക്കെ പറയുന്നു,
”നഖങ്ങൾ വൃത്ത്യായി സൂക്ഷിക്കണം….
വല്യമ്മ കേൾക്കണുണ്ടോ…?”
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






