Published on: November 12, 2025

മുത്തുമണിയുടെ അമ്മ
“ന്റെ കുട്ട്യേ… മതി കളിച്ചത്, സന്ധ്യയായി. മേൽ കഴുകി നാമം ജപിക്കാൻ വരു.”
ജോലികളെല്ലാം തീർത്ത് വിളക്ക് കൊളുത്താൻ തുടങ്ങുന്ന രാധമ്മ ആറ് വയസ്സുള്ള മകളെ ശാസിക്കുന്നതു കേട്ടുകൊണ്ടാണ് ജോലി കഴിഞ്ഞെത്തിയ ഗോപൻ അകത്തേക്കു കയറിയത്.
“രാധേ എന്തിനാ ഇങ്ങനെ ബഹളം വയ്ക്കുന്നത്? മോളോടു പറഞ്ഞാൽ അവൾ കേൾക്കില്ലേ..?”
“ഉം … അനുസരണ തീരെയില്ല. പെൺകുട്ടിയാണെന്ന വിചാരം ഒട്ടും ഇല്ല.”
വസ്ത്രങ്ങൾ മാറി ചായ കുടക്കാനായി അടുക്കയിലേക്ക് ഗോപൻ വരുമ്പോഴും രാധമ്മ എന്തെല്ലാമോ പിറുപിറുക്കുന്നുണ്ടായിരുന്നു. ഗോപൻ ഒരു സർക്കാരുദ്യോഗസ്ഥനാണ്. രാധമ്മ നല്ലൊരു കുടുംബിനിയും.
രാധമ്മക്ക് മുപ്പതും ഗോപന് മുപ്പത്തഞ്ചും വയസ്സായി. സാമാന്യം ഭേദപ്പെട്ട വീടും ചുറ്റുപാടും. രാധമ്മയുടെ മനസ്സ് ടി.വിയിലും പത്രത്തിലും വരുന്ന ചില വാർത്തകൾ കാണുമ്പോൾ മോളെക്കുറിച്ചോർത്ത്
വ്യാകുലപ്പെടാൻ തുടങ്ങും.
മണിക്കുട്ടിയെ വിളിച്ചു കൊണ്ട് ഗോപൻ തൊടിയിലെ കുളത്തിലെത്തി. ഒരു ഭാഗം മുഴുവൻ ആമ്പൽപ്പൂക്കൾ വിടരാൻ തുടങ്ങിയിരുന്നു.
.”അച്ചേ… ഈ കുളത്തിൽ പാമ്പുണ്ടോ?”
മണിക്കുട്ടിക്ക് എല്ലാത്തിനും സംശയങ്ങൾ ആണ്…
“ഇല്ല കുട്ട്യേ.”
“അമ്മ പറഞ്ഞല്ലോ തൊടിയിൽ പാമ്പുണ്ടെന്ന്… ഒറ്റക്ക് എങ്ങും പോകല്ലേന്ന്…”
“അതേ… മോള് കൊച്ചുകുട്ടിയല്ലേ… അതുകൊണ്ടാ…”
അവർ കുളി കഴിഞ്ഞ് വീട്ടിലെത്തി. ഭസ്മം തൊട്ട് വിളക്കിനു മുന്നിലിരുന്ന് മണിക്കുട്ടി നാമം ജപിച്ചു.
അതിനു ശേഷം ഗൃഹപാഠങ്ങൾ ചെയ്ത് പുസ്തകങ്ങൾ എല്ലാം ബാഗിൽ അടുക്കിവെച്ചു.
അപ്പോഴേയ്ക്കും രാധമ്മ അത്താഴത്തിനുള്ളതെല്ലാം ഒരുക്കി മേശപ്പുറത്തു വച്ചിരുന്നു.
“ഗോപേട്ടാ, കഴിയ്ക്കാൻ വരൂ.”
ഉടനെ മണിക്കുട്ടിയും,
“അച്ചേ… കഴിയ്ക്കാൻ വരു…”
മൊബൈലിൽ നോക്കിയിരുന്ന ഗോപനും വന്നു. മൂന്നുപേരും ആഹാരം കഴിച്ചു. ഗോപനും മണിക്കുട്ടിയും ഉറങ്ങാൻ പോയി. രാധമ്മ വേഗം അടുക്കളജോലികൾ തീർത്തു.
രാധമ്മ ഒരു അനാഥ. അച്ഛനമ്മമാർ ആരെന്നറിയല്ല. അനാഥാലയത്തിൽ വളർന്നു. സുന്ദരിയായ അവളെ പലരും നോട്ടമിടുന്നെന്ന് അവൾക്കറിയാം. ആരോടും കൂടുതൽ അടുക്കാതെ അച്ചടക്കത്തോടും ഭയത്തോടുമാണ് അവൾ അവിടെ കഴിഞ്ഞത്.
ഒരോണത്തിന് അവിടത്തെ അന്തേവാസികൾക്ക് ഓണക്കോടി കൊടുക്കാൻ ചെന്ന ഗോപന് രാധമ്മയെ ഇഷ്ടമായി. വിവാഹം നടന്നു. മണിക്കുട്ടി ഉണ്ടായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഗോപന്റെ അമ്മ മരണമടഞ്ഞു.
ജോലിയെല്ലാം തീർത്ത് കിടക്കാൻ ചെല്ലുമ്പോൾ അച്ഛനും മകളും വർത്തമാനം പറയുന്നത് കേട്ട് രാധമ്മ മിണ്ടാതെ നിന്നു.
“അച്ചേ .. അമ്മയ്ക്ക് എന്തിനാ എന്നോട് ദേഷ്യം..?”
“ന്റെ മുത്തേ… അമ്മ നിന്നെ എത്രമാത്രം സ്നേഹിക്കുന്നെണ്ടെന്നറിയോ?”
“പിന്നെന്തിനാ എപ്പോഴും ഓരോന്നും പറഞ്ഞു കൊണ്ടിരിക്കുന്നത്..?”
“അത് മോള് നല്ല കുട്ടിയായ് വളരാൻ…”
“അച്ചേ… വെറുതേ പറയല്ലേ….”
“അമ്മക്ക് സ്നേഹിക്കാൻ നമ്മളല്ലേ ഉള്ളു… പാവമാണമ്മ.”
ഇതെല്ലാം കേട്ടു നിന്നിരുന്ന രാധ ഗോപനെ ഒന്നു നോക്കി മണിക്കുട്ടിയെ നെഞ്ചോടു മുറുകെ ചേർത്ത് മിണ്ടാതെ കിടന്നു.
“അമ്മ… വിഷമിക്കണ്ട ട്ടോ. അമ്മേടെ മുത്തല്ലേ ഞാൻ… മുത്തുമണി… അമ്മ പറയണത് അനുസരിച്ച് നടക്കാം ട്ടോ….”
രാധ സമാധാനത്തോടെ ഉറങ്ങാൻ തയ്യാറെടുത്തു. ഗോപനും.







