AI illustration for Thalayillaa Thachan-Malayalam Novella by Sathish Kalathil-Part 5 Cover image

തലയില്ലാ തച്ചൻ- അഞ്ചാം ഭാഗം

 2017ലാണെന്നാണ് ഓർമ്മ. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു നോവൽ മുഴുവനായും വായിക്കുന്നത്. അതുവരെ വായിച്ചതും പഠിച്ചതും എല്ലാം പാഠപുസ്തകങ്ങളാണ്. പത്രം പോലും വായനയിൽ ഉണ്ടായിരുന്നില്ല.”

“പിന്നെ…” ആര്യ ഓർത്തു പറഞ്ഞു,
“ബർസയാണ് ആ നോവൽ. ഡോ. ഖദീജ മുംതാസിന്റെ…”

ഡോക്ടർ ഐസക്ക് എന്തോ കണക്കുകൂട്ടുകയാണ്. ‘ആര്യയോട് ചോദിക്കേണ്ട ചോദ്യങ്ങളാകും’ എന്ന് സെലിൻ ചിന്തിച്ചു. നീണ്ടുപോകുന്ന ഡോക്ടറുടെ നിശ്ശബ്ദത ആര്യയിലും വീർപ്പുമുട്ടലുണ്ടാക്കുന്നുണ്ടായിരുന്നു. അത് പുറത്തു കാണിക്കാതിരിക്കാൻ ആര്യ ആ അകത്തളത്തിൽ കണ്ണോടിച്ചുകൊണ്ടിരുന്നു.

വീടിനു പുറത്തെ മരപ്പണിയുടെ ഭംഗി അകത്തും കാണാനുണ്ട്. തേക്കിലോ മറ്റോ കടഞ്ഞെടുത്ത ഉരുണ്ട മരത്തൂണുകൾ അകത്തളത്തിന് ആഡംബരത്തേക്കാൾ കലാപരമായ ഒരു പ്രൗഢി നൽകുന്നു. മരം കൊണ്ടുള്ള ഫർണിച്ചറുകളും ഷെൽഫും കരകൗശല വസ്തുക്കളും ആ പ്രൗഢിക്ക് മാറ്റുകൂട്ടുന്നുമുണ്ട്.

ചുമരിൽ കാണുന്ന, ഫ്രെയിം ചെയ്ത രണ്ട് ചിത്രങ്ങളിൽ ഒന്നൊരു ബുദ്ധപ്രതിമയാണെന്ന് തോന്നുന്നു. മറ്റൊരു ഫോട്ടോ ഒരു സ്ത്രീയുടേതാണ്. മധ്യവയസ്കയാണ്; ഡോക്ടറുടെ ഭാര്യയാകാം. ഫോട്ടോയിൽ മാലയോ മറ്റോ കാണാത്തതിനാൽ മരിച്ചുപോയ ആളാണോ എന്ന് തീർച്ചപ്പെടുത്താനും വയ്യ. എങ്കിലും ഫോട്ടോ കണ്ടിട്ട് കുറച്ചു പഴക്കം തോന്നിക്കുന്നുണ്ട്. തന്റെ ഇന്റ്യൂഷൻ ശരിയാകാനാണ് വഴി.

ആര്യയുടെ ചിന്ത അത്രത്തോളമായപ്പോഴേക്കും വീടിനുള്ളിലെ ഏതോ ഭാഗത്തുനിന്നും ബഡ്ഡിയുടെ നേർത്ത കുരയും മുരൾച്ചയും കേട്ടു. അവളുടെ ശ്രദ്ധ അങ്ങോട്ട് തിരിയാൻ നിന്നതും ഡോക്ടറുടെ ചോദ്യമെത്തി: “ആര്യ പുസ്തകങ്ങൾ വായിക്കാറുണ്ടോ?”

ബഡ്ഡിയിലേക്ക് പൂർണ്ണമായും മനസ്സ് തിരിയാതിരുന്നതുകൊണ്ട് ഡോക്ടറുടെ ചോദ്യത്തിനോട് ഉടനെതന്നെ ആര്യയ്ക്ക് പ്രതികരിക്കാൻ കഴിഞ്ഞു. “ഉം… വായിക്കാറുണ്ട്.”

“ഏത് തരത്തിലുള്ള വായനയോടാണ് ആര്യയ്ക്ക് കൂടുതൽ താല്പര്യം?”

ആര്യയ്ക്ക് പെട്ടെന്നൊരു ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. ഡോക്ടർ തന്റെ ചോദ്യത്തിന് വ്യക്തത വരുത്തി. “ഐ മീൻ, ആര്യയുടെ വായനയിൽ കൂടുതൽ ഉൾപ്പെടുന്നത് കഥകളാണോ കവിതകളാണോ അതോ മറ്റെന്തെങ്കിലുമാണോ… അതായത്, ചരിത്ര പുസ്തകങ്ങൾ, ഐതിഹ്യങ്ങൾ… അങ്ങനെയുള്ളവ?”

“വായിക്കാറുള്ളത് കൂടുതലും കഥകളാണ്… നോവലുകൾ. കവിതകളും ഇഷ്ടമാണ്. മറ്റൊന്നും വായിക്കാറില്ല ഡോക്ടർ.”

“ശരി. കഥകളിൽ… ഐ മീൻ, നോവലുകളിൽ മിത്ത്, ഹൊറർ ഇങ്ങനെയുള്ള തീമുകൾ വരാറുണ്ടോ?”

ആര്യ ഒരു നിമിഷം മിണ്ടാതിരുന്നു. തന്റെ സ്വപ്നത്തിലെപോലെ, ഡോക്ടർ വട്ടംകറങ്ങി വീണ്ടും വീണ്ടും വന്നേടത്തുതന്നെ നിൽക്കുകയാണോ? “ഇല്ല ഡോക്ടർ. അപൂർവ്വമോ അസാധാരണമോ ആയ വിഷയങ്ങളൊന്നുമില്ല. ഡോക്ടർ ഉദ്ദേശിക്കുന്നതുപോലെയുള്ളതൊന്നും ഇതുവരെ വായിച്ചിട്ടില്ല. 2017-ലാണെന്നാണ് ഓർമ്മ, പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു നോവൽ മുഴുവനായും വായിക്കുന്നത്. അതുവരെ വായിച്ചതും പഠിച്ചതുമെല്ലാം പാഠപുസ്തകങ്ങളാണ്. പത്രം പോലും വായനയിലുണ്ടായിരുന്നില്ല.”

“പിന്നെ…” ആര്യ ഓർത്തെടുത്തു പറഞ്ഞു, “ബർസയാണ് ആ നോവൽ. ഡോ. ഖദീജ മുംതാസിന്റെ…”

ഡോക്ടറും ഓർത്തെടുത്തു. പിന്നെയൊരു ചെറുചിരിയോടെ പറഞ്ഞു, “യെസ്… യെസ്… ഞാനോർക്കുന്നു. ഞാനും വായിച്ചിട്ടുണ്ട്. അത് വളരെ ആകർഷകവും മനസ്സിനെ തൊടുന്നതുമായ ഒരു പുസ്തകമാണ്.” ഡോക്ടർ ഒന്ന നിർത്തി. പിന്നെ ചോദിച്ചു, “ബർസ എന്നാൽ ‘മുഖം മറയ്ക്കാത്തവൾ’ എന്നല്ലേ അർത്ഥം?”

ആര്യയും അതോർത്തു. “ഉം… അങ്ങനെയാണെന്നാണ് ഓർമ്മ,” അവൾ പതിയെ പറഞ്ഞു.

“ഒരു മുസ്ലിം ദമ്പതികളുടെ കഥ. രണ്ടുപേരും ഗൾഫിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ… കഥാപാത്രങ്ങളുടെ പേര് ഓർമ്മയില്ല.”

“സബിതയും റഷീദും. സബിത ഇസ്ലാമിലേക്ക് മതംമാറുന്നു.”

“അതെ, ഇപ്പോൾ ഓർമ്മവരുന്നു. ഗൾഫ് നാടുകളിലെ മുസ്ലിം സ്ത്രീകളുടെ അസ്വാതന്ത്ര്യമായിരുന്നു തീം, അല്ലേ?”

“ഉം…” ആര്യയുടെ മൂളലിന് ഒരു നനഞ്ഞ തീപ്പൊരിയുടെ ഗന്ധം.

“ശരി… നമ്മുടെ വിഷയം അതല്ല. അപ്പോൾ ആര്യയുടെ വായനയിൽ സ്പെക്യുലേറ്റീവ് ഫിക്ഷൻ ഒന്നുമില്ല. എല്ലാം റിയലിസ്റ്റിക്കായ, സാമൂഹിക പ്രസക്തിയുള്ള വിഷങ്ങളാണ്. ശരിയല്ലേ?”

“അതെ ഡോക്ടർ… കൃത്യമാണ്. പക്ഷേ, ഇപ്പോൾ വായന അധികമില്ല. ജോലി… പിന്നെ…” ആര്യ പൂർത്തിയാക്കിയില്ല.

ആര്യ അപൂർണ്ണമാക്കിവെച്ച ഭാഗം ഡോക്ടർ മനസ്സിൽ പൂരിപ്പിച്ചു. ഒരു നിമിഷം മൗനിയായിരുന്ന ഡോക്ടർ മറ്റൊരു ചോദ്യം ചോദിച്ചു: “ആര്യ ഇതുവരെ വായിച്ച നോവലുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?”

“ബർസ.” ആര്യയിൽ നിന്നും ഉടൻ ഉത്തരം വന്നു.

“ഉം…” ഡോക്ടർ കനത്തിലൊന്നു മൂളി. താൻ പ്രതീക്ഷിച്ച ഉത്തരം കിട്ടിയതിന്റെ മൂളലായിരുന്നു അത്. “ബർസ… ‘ബരീസ’ എന്ന അറബി വാക്കിൽ നിന്നാണ് ബർസയുടെ ഉത്ഭവം. പ്രമുഖമായത്, വ്യക്തമായി കാണുന്നത് എന്നൊക്കെയാണ് ബരീസയുടെ അർത്ഥതലങ്ങൾ. അറേബ്യൻ നാടുകളിൽ ശരീഅത്ത് പ്രകാരം പർദ്ദയോ നിഖാബോ ധരിക്കാതെ മുഖം അനാവൃതമാക്കി നടക്കുന്ന സ്ത്രീകളെ അപഹസിക്കാൻ വിളിക്കുന്ന ഒരു നാടൻ പ്രയോഗമായി ബരീസ മാറുകയായിരുന്നു. ബരീസ ക്രമേണ ബർസയിലേക്ക് ലോപിച്ചു.”

ആര്യയും സെലിനും കേട്ടിരുന്നു. ഡോക്ടർ ഇപ്പോഴെന്തിന് ഇതൊക്കെ പറയുന്നു എന്ന ചിന്ത സെലിനുണ്ടായി. പക്ഷേ, തനിക്കുള്ള വ്യംഗ്യമായ ഒരു സന്ദേശമാണ് ഡോക്ടർ തരാൻ ഉദ്ദേശിക്കുന്നതെന്ന് ആര്യയ്ക്ക് തോന്നി. അവൾക്ക് ഡോക്ടറോട് പറയണമെന്ന് തോന്നി: ‘ഡോക്ടർ… ബർസ എന്നാൽ ‘തുറന്നിട്ട മനസ്സോടെ നടക്കുന്നവൾ’ എന്നും മനസ്സിലാക്കാം.’ അല്ലെങ്കിൽ, ‘തല കുനിക്കാത്തവൾ’… ‘ചോദ്യങ്ങൾ ചോദിക്കുന്നവൾ’… അങ്ങനെ, ‘ബർസ’ എന്ന ആ അധിക്ഷേപവാക്കിനെ വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ പുരുഷാധിപത്യ സമൂഹത്തിന് എണ്ണമറ്റ വിവക്ഷകൾ കിട്ടും.

പക്ഷേ ആര്യ ഒന്നും പറഞ്ഞില്ല. പുരുഷൻ പുരുഷന്റെ മനസ്സുകൊണ്ടും സ്ത്രീ സ്ത്രീയുടെ മനസ്സുകൊണ്ടും മാത്രം ചിന്തിക്കാൻ ശേഷിയുള്ള ഒരു സാമൂഹികവ്യവസ്ഥയിൽ, സ്ത്രീക്ക് സ്വതന്ത്ര മനസ്സോടെയും ശരീരത്തോടെയും സഞ്ചരിക്കാൻ കഴിയുന്ന ദൂരത്തിന് അതിരുകളുണ്ട്. ഏത് ദേശത്തായാലും മതത്തിലായാലും ഭാഷയിലായാലും… യുഗങ്ങൾ എത്രതന്നെ അവൾ താണ്ടിയാലും അത് അങ്ങനെതന്നെയാണ്. ബർസയിലൂടെ സബിത പറഞ്ഞുവെച്ചതും അതാണ്.

“ഈ നോവൽ ഇറങ്ങിയ കാലത്ത് ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. സബിതയുടെ കാഴ്ചപ്പാടുകളോട്… പ്രത്യേകിച്ചും, പുരുഷാധിപത്യപരമായ കാഴ്ചപ്പാടുകളോട്… ആര്യ ശ്രദ്ധിച്ചിരുന്നോ അത്?”

“ഇല്ല ഡോക്ടർ. കയ്യിൽ കിട്ടിയ ഒരു പുസ്തകം വായിച്ചു, അത്രമാത്രം.” ‘സത്യമെന്ന് കരുതിയതിലെ മിഥ്യയെ തൊട്ട് ഉള്ളുപൊള്ളി തിരികെ മടങ്ങിയ സബിത മാത്രമേ ഇപ്പോൾ ഉള്ളിലുള്ളൂ’ എന്ന് പറയണമെന്ന് തോന്നി. അവിടെയും അവൾ നിശ്ശബ്ദത പാലിച്ചു. അല്ലെങ്കിൽ ചിലപ്പോൾ, ‘ഒരു ഹിന്ദു പെൺകുട്ടിയായ ആര്യയ്ക്ക് എങ്ങനെ ബർസ വായിക്കാൻ തോന്നി… ഇത്രയ്ക്കും ഇഷ്ടം തോന്നി…’ എന്നൊക്കെയുള്ള ചോദ്യങ്ങളെ നേരിടേണ്ടിവരുമെന്ന് അവൾ ചിന്തിച്ചു.

AI illustration for Thalayillaa Thachan-Malayalam Novella by Sathish Kalathil-Part 5 Inside image

“ആര്യ കഥകൾ എഴുതാറുണ്ടോ?”

ബർസയിൽ നിന്നും ഡോക്ടർ വേഗം വിഷയം മാറ്റിയത് ആര്യയ്ക്ക് ആശ്വാസമായി. അവൾ ഉടൻ പറഞ്ഞു: “ഇല്ല ഡോക്ടർ… കഥകളൊന്നും എഴുതാറില്ല.”

“മറ്റെന്തെങ്കിലും?”

മുഖം ചെരിച്ച് അവൾ സെലിനെ നോക്കി. താൻ വല്ലപ്പോഴും ഡയറി എഴുതാറുള്ളത് സെലിൻ കാണാറുണ്ട്. പക്ഷേ അതിലേക്കൊന്നും എത്തിനോക്കുന്ന ശീലം സെലിനില്ല.

Read Also  You Are My Mate/Poem/Written by Gopan Ambat

“ആര്യ… എഴുതുന്നത് ഒരു കുറ്റമൊന്നുമല്ലല്ലോ? മോശപ്പെട്ട കാര്യവുമല്ല. ഒരെഴുത്തുകാരിയോ എഴുത്തുകാരനോ ആകാൻ ഇന്നത്തെക്കാലത്ത് എത്രയോ ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.” ആര്യയുടെ മറുപടി വൈകിയപ്പോൾ ഡോക്ടർ പറഞ്ഞു. പിന്നെ പതിവില്ലാത്തവിധം കുറച്ച് ഉച്ചത്തിൽ ചിരിച്ചു.

“എനിക്കങ്ങനെ ഒന്നും ആകേണ്ടതില്ല ഡോക്ടർ. ഒരു മനുഷ്യനായതുകൊണ്ട്… വേദനകളും സ്വപ്നങ്ങളും പ്രതീക്ഷകളും എനിക്കുമില്ലേ… അതുകൊണ്ട് വല്ലപ്പോഴും ഡയറിയിൽ എഴുതും. ആരെയും കാണിക്കാറില്ല, അതെന്റെ സ്വകാര്യ സമ്പാദ്യമാണ്.”

ഡോക്ടർക്ക് മനസ്സിലായി. ‘ഒന്നെങ്കിൽ വെറുതെ ചില കുറിപ്പുകൾ, അല്ലെങ്കിൽ കവിതകൾ. പൂർണ്ണമാകണമെന്നില്ല, ലക്ഷണമൊത്തതാകാനും സാധ്യതയില്ല. എങ്കിലും ആ എഴുത്തുകളുടെ ദിശയും ശൈലിയും മനസ്സിലായാൽ ഈ കേസിൽ ഒരു നിഗമനത്തിലെത്താമായിരുന്നു. പക്ഷേ…’

ഡോക്ടറുടെ മനോഗതം ആര്യയ്ക്ക് ഊഹിക്കാൻ കഴിഞ്ഞു. തന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും മനസ്സിലായി. അവൾ പറഞ്ഞു: “ഈയടുത്ത് എഴുതിയതാണ്… ഞാൻ പറയാം.” ഒരു തയ്യാറെടുപ്പിനായി ആര്യ നിർത്തി.

ഡോക്ടർ പ്രതീക്ഷയോടെ അവളെ നോക്കിയിരുന്നു. സെലിന്റെ കണ്ണുകളിൽ അപ്രതീക്ഷിതമായ ഒരു ആകാംക്ഷ വന്നുനിറഞ്ഞു. ഡയറി നോക്കി വായിക്കുന്നതുപോലെ ആര്യ പറഞ്ഞുതുടങ്ങി:

“പ്രണയത്തിന്റെ നേർത്ത നൂലുകളാൽ ആഴിയുടെ തീരത്ത് ഒരിക്കൽ നാം പടുത്തുയർത്തിയ പ്രാണന്റെ പാലം തകർന്നിടത്ത്, കാലം വീഴ്ത്തിയ കരിനിഴൽ. അന്ന് നാം കൂട്ടുവെച്ച സ്വപ്നങ്ങളുടെ ചില്ലുകൾ ഇന്നും അവിടെ കൂമ്പാരമായി കിടക്കുന്നു.

എന്നിലെ ചിന്തയോ? നിന്നിലെ വാശിയോ? ഇരുകരകളിൽ ഇന്ന് നമ്മൾ കോർത്തുകിടക്കുന്നു. അറിയാത്തൊരു ചുഴിയിലകപ്പെട്ട് തിരയുകയായിരുന്നു നമ്മൾ, നമ്മളെ.

ഓരോ ഋതുവിലും ആ രാത്രിമഴയുടെ ഇരമ്പൽ എന്നിൽ മടങ്ങിയെത്തുന്നു. അടഞ്ഞ വാതായനം മെല്ലെ തുറക്കുന്നു.

സ്വയം കത്തിക്കുരുത്ത ചൂളയിൽ ഇന്ന് ഞാൻ ചുട്ടെടുക്കുന്നു, ഒരു മൺപാലത്തിനുള്ള മണ്ണ്. കാലത്തിന് ഇനിയും നമ്മിൽ ഏറെ പൂക്കുവാനുണ്ടെന്ന ഒരു തോന്നൽ…”

ഓരോ വരിയും പറഞ്ഞുനിർത്തുമ്പോൾ ആര്യയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാൻ ശ്രമിക്കുകയായിരുന്നു ഡോക്ടർ ഐസക്ക്. പുതിയ കാലത്തെ എഴുത്തല്ല; ശൈലി പഴയതാണ്. പണ്ടുകാലങ്ങളിലെ ഏതൊരു സ്ത്രീയുടെയും മനോവ്യഥയുടെ, അരക്ഷിതാവസ്ഥയുടെ ഒരു പ്രതിഫലനം. ആര്യ അവസാന വരികൾ മുഴുപ്പിച്ചതോടെ ഡോക്ടർ കൈയടിച്ചു.

“എക്സലന്റ് ആര്യ… എക്സലന്റ്! തീവ്രമായ അനുഭവങ്ങളുടെ ചൂളയിൽ നിന്നും പുറത്തുവരുന്ന ഓരോ ജീവിതവും ഓരോ മൺപാലമാണ്. തിരിച്ചറിവുകളുടെ പശിമയുള്ള മണ്ണിൽ ചുട്ടെടുക്കപ്പെട്ട പാലങ്ങൾ.”

ആത്മഗതം പോലെ ഡോക്ടറുടെ ചുണ്ടുകളിൽ നിന്നും വീണ ആ വാക്കുകളിൽ തട്ടി ആര്യ ഇരുന്നു. അതുവരെ തോന്നാത്ത ഒരു ഭാവത്തിൽ സെലിൻ ആര്യയെ നോക്കി. സെലിന്റെ കണ്ണുകളിൽ അപ്പോൾ ആരാധന കലർന്നിരുന്നു.

‘ഒരു തീവ്രപ്രണയത്തിന്റെ മനോഹരമായ ഒരു പുഴ… അതിലെ ഒഴുക്ക് എവിടെയോ തടഞ്ഞുനിൽക്കുന്നു. ഇനിയും ഒഴുകണോ അതോ ഒഴുകാൻ കഴിയുമോ എന്ന ആശങ്കയുണ്ട് അതിന്. അരാവലി മലനിരകളിൽ നിന്നും യാത്ര പുറപ്പെട്ട് ഥാർ മരുഭൂമിയിൽ ആത്മഹത്യ ചെയ്യുന്ന ‘സാഗർമതി’ എന്ന ലൂണി പുനർജനിക്കാൻ തയ്യാറെടുക്കുന്നതുപോലെ…’ ഡോക്ടർ ചിന്താമഗ്നനായി ഇരുന്നു.

“ആര്യ യേറ്റ്സിന്റെ ‘വെൻ യു ആർ ഓൾഡ്’ എന്ന കവിത വായിച്ചിട്ടുണ്ടോ?” ചിന്തയിൽ നിന്നും വിടുതൽ നേടിയപ്പോൾ ഡോക്ടർ ചോദിച്ചു.

“ഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്നു.” ആര്യയ്ക്കൊന്ന് ഓർത്തെടുക്കേണ്ടിവന്നു.

“അതെ, അപ്പോൾ ഓർമ്മ കാണുമല്ലോ… ചില ഇഷ്ടങ്ങളെ നമുക്ക് ഉപേക്ഷിക്കാൻ പെട്ടെന്ന് കഴിഞ്ഞെന്നുവരാം. പക്ഷേ, ആ ഇഷ്ടമാണ് വാർദ്ധക്യകാലത്ത് നമ്മളെ വീണ്ടും വീണ്ടും വേട്ടയാടാൻ പോകുന്നതെങ്കിൽ അതിനെ ഉപേക്ഷിക്കാതിരിക്കുന്നതല്ലേ നല്ലത്? ചോദ്യം എന്റേതല്ല, യേറ്റ്സിന്റെ വരികൾ ഓർമ്മിപ്പിച്ചതാണ്.

ആര്യയുടെ വരികൾ… അത് വലിയൊരു ജീവിതദർശനത്തെ കാണിച്ചുതരുന്നുണ്ട്. എന്തോ, ആ സമയം ഞാൻ യേറ്റ്സിന്റെ ഈ കവിത ഓർത്തുപോയി. നഷ്ടപ്പെട്ടതിനെക്കുറിച്ച് യേറ്റ്സ് പറഞ്ഞപ്പോൾ, നഷ്ടപ്പെടാൻ വയ്യാത്തതിനെക്കുറിച്ചാണ് ആര്യ പറയുന്നത്. ദാറ്റ് ഈസ് ഗ്രേറ്റ്!

“താങ്ക്സ് ഡോക്ടർ…” നന്ദി പറയുമ്പോഴും അമിതമായ ആഹ്ലാദമൊന്നും ആര്യയിൽ കണ്ടില്ല.

“പക്ഷേ ആര്യ… ഇവിടെ ഒരു ചോദ്യം ഇപ്പോഴും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.” ആര്യ കാതോർത്തു. ഡോക്ടർ ചോദിച്ചു: “നിങ്ങൾ വീണ്ടും ഒരു റീയൂണിയൺ ആഗ്രഹിക്കുന്നുണ്ടോ?”

ഈ ചോദ്യം പ്രതീക്ഷിച്ചതാണ്. തന്റെ വരികൾ ഡോക്ടറെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. “ആ അദ്ധ്യായം ഞാൻ സ്വമേധയാ അടച്ചതാണ്.” ആര്യ പിറുപിറുത്തു.

“പക്ഷേ… നിങ്ങൾ ഇപ്പോഴും അവിടെനിന്നും അധികദൂരം പിന്നിട്ടതായി തോന്നുന്നില്ല. നിങ്ങൾക്കിടയിൽ ആഴമുള്ള ഒരു കണക്ഷനുണ്ട്…”

“പ്ലീസ് ഡോക്ടർ, ദയവായി ആ വിഷയം വിടൂ. എന്റെ ഇപ്പോഴത്തെ പ്രശ്നത്തിന് അതുമായി ബന്ധമില്ലെന്നാണ് ഞാൻ കരുതുന്നത്. എന്നെ സഹായിക്കാൻ കഴിയുമെങ്കിൽ, മുൻപ് പറഞ്ഞ ആ ക്ഷേത്രത്തെക്കുറിച്ച് പറയൂ.”

ആര്യയുടെ മറുപടി കേട്ടപ്പോൾ ഡോക്ടർ വീണ്ടും ചിന്തിച്ചു: ‘ഇവൾക്ക് ചികിത്സയല്ല ആവശ്യം; അജ്ഞാതമായ ഏതോ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള ഒരു യാത്രയിലാണ് ഇവൾ. എങ്കിലും, അതൊന്നുകൂടി ഉറപ്പിക്കേണ്ടതുണ്ട്.’

“യെസ്… ഞാനത് മറന്നു. പക്ഷേ ആര്യയുടെ അന്വേഷണത്തിന് അതെത്രത്തോളം ഗുണം ചെയ്യുമെന്നറിയില്ല. കാരണം ആര്യയുടെ സ്വപ്നത്തിലെ ക്ഷേത്രത്തിൽ ഒരു പുരുഷന്റെ കബന്ധമാണുള്ളത്. ഇവിടെ അതൊരു സ്ത്രീയുടേതാണ്, ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തിയായ ഒരു സ്ത്രീദൈവത്തിന്റെ.”

ഡോക്ടർ പറഞ്ഞുനിർത്തിയിട്ട് ആര്യയെയും സെലിനെയും മാറിമാറി നോക്കി.

“ചിന്നമസ്ത എന്ന ദേവിയുടെ ശിരസ്സില്ലാത്ത ഉടലാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.” ആര്യയുടെയും സെലിന്റെയും ആകാംക്ഷയ്ക്ക് വിരാമമിട്ട് ഡോക്ടറുടെ വാക്കുകളെത്തി.

ആ പേര് അവരുടെ രണ്ടുപേരുടെയും ചുണ്ടുകൾ ഒരേസമയം ഉരുവിടുന്നത് ഡോക്ടർ കണ്ടു: ‘ചിന്നമസ്ത…’

തുടരും…

Join with us