AI illustration by Surya for the Malayalam poem Ullazhatthile Uppu written by Nazeer Kathiyalam

ഉള്ളാഴത്തിലെ ഉപ്പ്

ള്ളിലെ വെള്ളങ്ങൾ എല്ലാം
ഒരു കാലത്ത് എന്നെ വിട്ട് പോയി.
ഇപ്പോൾ ശരീരത്തിനുള്ളിൽ
ഉപ്പ് മാത്രം അടിഞ്ഞുകിടക്കുന്നു.
മുത്തമേറ്റ ശേഷം,
അധരത്തിൽ ബാക്കി നിൽക്കുന്ന
ഒരു രുചിപോലെ…

രാത്രി വലുതാകുമ്പോൾ
ഞാൻ വസ്ത്രങ്ങൾ അഴിച്ചുവെക്കും.
ശരീരത്തെ മറയ്ക്കുന്നതിലും
അതിനെ ഓർക്കുന്നതാണ് എനിക്ക് പ്രിയം.

വെളുത്ത നിലങ്ങളിലൂടെ നടക്കുമ്പോൾ
ആകാശം ചില നക്ഷത്രങ്ങൾ
എന്റെ മുടിയിൽ വന്ന് കുടുങ്ങും.
അവയെ ഞാൻ അലങ്കാരമാക്കും.
സ്ത്രീകൾക്ക് ദുഃഖവും ആഭരണമല്ലേ!

കരയോരത്തെ കുഴികളിൽ നിന്ന്
ചില ജീവികൾ തലപൊക്കാറുണ്ട്.
“എന്തിനീ രാത്രിസഞ്ചാരം?”
അവ ചോദിക്കും.
ഞാൻ കണ്ണുകൾ കൊണ്ട് മാത്രം ചിരിക്കും.
സ്ത്രീകളുടെ മറുപടികൾ
പലപ്പോഴും വാക്കുകളാകാറില്ല!

ഒരു മൂർച്ചയുള്ള മുള്ളെടുത്ത്
മൂക്കിൽ കുത്തിയപ്പോൾ
ഒരു മിന്നാമിനുങ്ങ് വന്ന്
അതിൽ വെളിച്ചം നിറച്ചു.
അന്ന് ഞാൻ മനസ്സിലാക്കി
ഇരുട്ടിനും ചിലപ്പോൾ
സ്ത്രീകളെ അലങ്കരിക്കാൻ ഇഷ്ടമാണ്!

കീറിയ വസ്ത്രങ്ങൾ ചേർത്തുപിടിച്ച്
ഞാൻ വെള്ളത്തിനരികിൽ ഇരുന്നു.
വെള്ളം ഉറങ്ങുന്നതുവരെ
എന്റെ മുഖം ഞാൻ നോക്കി നിന്നു.
പിന്നീട് നിലാവ് വന്നു
എന്റെ മടിയിൽ കിടന്നു.

“ഉപ്പുരസം തോന്നുന്നുണ്ടോ?”
ഞാൻ ചോദിച്ചു.

അത് എന്റെ കവിളിൽ കൈവെച്ചു പറഞ്ഞു,
“നീ ഒരിക്കൽ കടലായിരുന്നു.”

പുലരി വരുമ്പോൾ
ഞാൻ വീണ്ടും നടന്നുപോകും;
വന്ന വഴിയിലൂടെ തന്നെ.
സ്ത്രീകൾ എവിടെയെത്തിയാലും
അവസാനം തിരികെ പോകുന്നത്
സ്വന്തം ആഴങ്ങളിലേക്കാണ്!

Read Also  പാടാം വീണ്ടുമാ കഥകള്‍/സതീഷ് കളത്തിൽ എഴുതിയ ഓണക്കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

അവിടെ അപ്പോഴും
ഒരു കടൽ ജീവനോടെ കിടക്കുന്നുണ്ടാകും.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹