പ്രതിഭാവം സ്‌പെഷ്യൽ
സപ്തതി പിന്നിട്ട സുറാബ് 71-ാം പുസ്തക നിറവിൽ!
‘ഒരു നാട്’ പ്രകാശനത്തിന് ഒരുങ്ങുന്നു.

കാസർകോടിന്റെ പ്രിയ എഴുത്തുകാരൻ സുറാബിന്റെ ‘ഒരു നാട്’ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം പ്രതിഭാവം കൃതജ്ഞതാപ്പൂർവ്വം നിർവ്വഹിക്കുന്നു.
എഴുത്തിൽ, കഥപറച്ചിലിൽ ബഷീറിനു സമാനമായ പാതയിലൂടെ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സുറാബിന്റെ 71-ാമത്തെ കൃതിയാണ്, ‘ഒരു നാട്.’ മാൻകൈന്റ് ലിറ്റ്റേച്ചർ ആണ് പ്രസാധനം ചെയ്യുന്നത്. ഓർമ്മകളുടെ സമാഹാരമായ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്, എഴുത്തുകാരനും ഡോക്യുമെന്റേറിയനും ആക്ടിവിസ്റ്റുമായ പ്രൊഫ. എം എ റഹ്മാൻ ആണ്.
പുസ്തകത്തിന്റെ കവർ പേജ് പ്രകാശനത്തിനോടനുബന്ധിച്ച്, പ്രതിഭാവം അസോ. എഡിറ്റർ വിസ്മയ കെ ജി തയ്യാറാക്കിയ ചെറുകുറിപ്പ്, ‘സുറാബ്; ഒരു നാടിന്റെ ഉൾവിളികൾ കേട്ട കഥാകാരൻ’ താഴെ വായിക്കാം.

സുറാബ്; ഒരു നാടിന്റെ ഉൾവിളികൾ കേട്ട കഥാകാരൻ
പ്രായം കൊണ്ട് എഴുപത് താണ്ടിയ നീലേശ്വരത്തുകാരൻ സുറാബിന് എഴുത്തിൽ ഇപ്പോഴും നിറയൗവ്വനമാണ്!
സുറാബിന്റെ പ്രിയപ്പെട്ട കഥാകാരൻ, ബേപ്പൂർ സുൽത്താൻ, വൈക്കം മുഹമ്മദ് ബഷീന്റെ വാക്കുകളെ കടംകൊണ്ടു പറയുകയാണെങ്കിൽ,
എഴുത്തിൽ യൗവനതീക്ഷ്ണമായ ജീവിതസപര്യ അനസ്യൂതം തുടർന്നു വരുന്ന സുറാബിന്റെ യഥാർത്ഥ പ്രണയം അനുഭവിക്കാൻ അസുലഭമായ സൗഭാഗ്യം സിദ്ധിച്ച ഒരേയൊരു പ്രണയിനിയാണ്, ‘ഒരു നാട്.’ അതാണ്, സുറാബിന്റെ നാട്; അഥവാ, നീലേശ്വരം.
ഭൂമിയുടെ മുഴുവൻ സൗന്ദര്യവും ശ്രേഷ്ഠതയും സൗഭാഗ്യവും ഒരേസമയം ആവാഹിക്കപ്പെട്ടു കിടക്കുന്ന, സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിലെ ചെമ്മണ്ണ് ഗന്ധത്തെ ശ്വസിച്ചും തേജസ്വിനി പുഴയുടെ ഓളങ്ങൾ ഉതിർക്കുന്ന ശ്വാസ- നിശ്വാസങ്ങളുടെ നിസ്വനത്തെ തൊട്ടും അറിഞ്ഞും തന്റെ ജന്മനാടിനെ ഇരുപത്തിയാറ് ഖണ്ഡങ്ങളിലൂടെ ഒരിക്കൽകൂടി അനുവാചക ലോകത്തിനു പരിചിതമാക്കുകയാണ് ഈ കൃതിയിലൂടെ ഗ്രന്ഥകാരൻ.
തന്റെ യൗവനകാലത്ത്, തനിക്കു ചുറ്റും കത്തിക്കളിച്ച എണ്ണമറ്റ ഗ്രാമീണ കഥാപാത്രങ്ങൾ, അതേ തിളക്കത്തോടെ ഓർമ്മയില്‍നിന്ന് ഇറങ്ങി വന്ന് തന്റെ റിപ്പബ്ലിക്കിലെ യഥാർഥ മനുഷ്യരെ പച്ചയായി അവതരിപ്പിക്കുമ്പോൾ, ഇതെന്തുകൊണ്ടാണെന്ന ചിന്തയാണ് സുറാബിന്റെ ‘ഒരുനാട്’ എന്ന പുസ്തകത്തിന് മുഖക്കുറിപ്പെഴുതുന്ന സമയം തന്നെ അലട്ടിയതെന്ന്, ആമുഖത്തിന്റെ തുടക്കത്തിൽ, പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്ന, കാസർകോടിന്റെ മറ്റൊരു പ്രിയ എഴുത്തുകാരൻ കൂടിയായ പ്രൊഫ. എം എ റഹ്മാൻ ആശ്ചര്യത്തോടെ പറയുന്നു.
‘ഒരു നാട്’ വായിക്കുമ്പോൾ, “കത്തുന്ന യൗവനത്തില്‍ ഹരിതാഭയില്‍ കുളിച്ച നീലേശ്വരം പോലെ രാജപ്രൗഢി നിലനില്ക്കുന്ന ഒരു നാട്ടിൽ നിന്ന് വരണ്ട ഭൂമിയായ തീപാറുന്ന അറേബ്യന്‍ നാട്ടിലേക്ക് കയറ്റുമതി ചെയ്യപ്പെട്ട ഈ പ്രവാസി, കർത്തമ്പുപ്പാലത്തിന്റെ കലുങ്കിലിരുന്ന് ചിന്തിച്ച കാര്യങ്ങൾ ഉപേക്ഷിക്കാതെയാണ്, അത് തോറ്റിയെടുക്കുന്ന മനസ്സുമായിട്ടാണ് മരഭൂമിലേക്ക് അന്ന് ഓടിപ്പോയത് എന്ന് അറിയുന്നു…” എന്നും അദ്ദേഹം കുറിക്കുന്നു.
നാല്പത് കൊല്ലക്കാലം പ്രവാസ ജീവിതത്തിന്റെ അതിതീക്ഷ്ണമായ ചൂടും തണുപ്പും കൊണ്ടിട്ടും കൊടുംവേനലിന്റെ പര്യായങ്ങളായി ഈന്തപ്പനയായും ഒട്ടകമായും സ്വയം മാറേണ്ടി വന്നിട്ടും മനസ്സിന്റെ പച്ചോലത്തുമ്പിൽ നിന്നും സമൃദ്ധിയോടെ തെളിഞ്ഞുവന്നിരുന്നത് നാട്ടിലെ തെങ്ങും കവുങ്ങും നാട്ടിടവഴികളും നാട്ടുമനുഷ്യരും തോടും പുഴയും കുരുവികളും മേഞ്ഞുനടക്കുന്ന പശുക്കളും കൂകിയുണർത്തുന്ന കോഴികളും കൂകിപ്പായുന്ന തീവണ്ടികളും ഒക്കെയായിരുന്നു അക്കാലം സുറാബിന്റെ അകക്കണ്ണിൽ നിറഞ്ഞു നിന്നിരുന്നതെന്ന്, സുറാബ് കഥകളെ നിരീക്ഷിച്ചുകൊണ്ട്, കവിയും ഡോക്യുമെന്റേറിയനുമായ സതീഷ് കളത്തിൽ ‘ഒരു നാടിൽ’ പറഞ്ഞു വെയ്ക്കുന്നുണ്ട്.
സുറാബ് പറയുന്നത്, എല്ലാ നാട്ടിലുമുണ്ട് ഇങ്ങനെ ഒരു നാട് എന്നാണ്. പല തരം ജീവിതങ്ങളെയും ഹൃദയങ്ങളെയും ബന്ധങ്ങളെയും ഒരേ കണ്ണിയിൽ കോർത്തിണക്കി കൊണ്ടുപോകുന്ന ഒരു നാട്.
അങ്ങനെയുള്ള ഒരു നാട്ടിലൂടെ സുറാബ് നടക്കുകയായിരുന്നു, ആ നാടിന്റെ ചൂട്ടുമായി…
അവിടെ, വെയില്‍ മായുമ്പോൾ, കുന്നിൻ പുറത്തെത്തുന്ന നിലാവിന് അതിരാവിലെ പശുവിനെ കറന്ന് പാലുമായി ചായക്കട തുറക്കാൻ പോകുന്ന കുഞ്ഞിരാമേട്ടന്റെ മുഖമാണെന്ന് സുറാബ് പറയുന്നു.
കുഞ്ഞിരാമേട്ടന്റെ ചായക്കട ഉണരുമ്പോൾ ഉണരുന്ന ആ നാട്ടിലേക്കു വന്നിരുന്ന തുണി വില്പനക്കാരൻ ചെട്ട്യാര്‍, വീടുകളിൽ നിന്നും മുട്ടകൾ വാങ്ങി, ചൂടിക്കൊട്ടയിലാക്കി തലയിലേറ്റി മടങ്ങുന്ന ബാവച്ച, കുന്നുംകൈയിൽ നിന്നും ചന്തയ്ക്കു വരുന്ന മുള വെട്ടുകാരൻ വിരുന്ദനും അയാളുടെ കെട്ട്യോളും മുതൽ നാട്ടിലെ തട്ടാന്‍ ഗോവിന്ദന്‍, നാട്ടിലെ പാലത്തിന് ‘കര്‍ത്തമ്പുപ്പാലം’ എന്നു പേര് വരാനിടയാക്കിയ ഭ്രാന്തൻ കര്‍ത്തമ്പു, ചെറുപ്പക്കാലത്തെ ഉറ്റ സ്നേഹിതൻ അസീസ് തുടങ്ങിയ മുഖങ്ങളെയെല്ലാം ആ നാട്ടിലേക്കു മടക്കിക്കൊണ്ടു വരികയാണ്, ‘ഒരു നാടിലൂടെ’ എഴുത്തുകാരൻ ചെയ്യുന്നത്.
കഥകൾക്കും ലേഖനങ്ങൾക്കും പുറമെ, ചെറുപ്പം മുതലേ ലളിതമായ കോറിയിടലുകളിലൂടെ നിസ്സഹായ ജീവിതസ്പർശങ്ങളുടെ മൂർത്തമായ നേർചിത്രങ്ങളെ കവിതകളാക്കിയിരുന്ന സുറാബ്, എണ്ണമറ്റ കവിതകളുടെയും സ്രഷ്ടാവാണ്.
അര നൂറ്റാണ്ടിനും മുൻപ്, 17-ാമത്തെ വയസിൽ ‘മണിയറ’ എന്ന തന്റെ ആദ്യ കവിത അച്ചടി പുരണ്ടതിനെ തുടർന്നു മലയാള സാഹിത്യമണ്ഡലത്തിൽ കാലൂന്നിയ സുറാബ്, പിന്നീടൊരിക്കലും സാഹിത്യത്തെ ജീവിതത്തിന്റെ ഏതു ദുർഘടഘട്ടത്തിലും കൈവിട്ടില്ല. അതിന്റെ പ്രകടമായ തെളിവാണ് ഇപ്പോൾ പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ എഴുപത്തി ഒന്നാമത്തെ ഈ ‘ഓർമ്മകളുടെ സമാഹാരം.’
പിറന്ന നാടിന്റെ, വളർന്ന നാടിന്റെ, താൻ നേരിൽ കണ്ടതും കേട്ടതും കേട്ടറിഞ്ഞതും ആയ സംഭവങ്ങളെ… സാക്ഷ്യങ്ങളെ… ജനജീവിതത്തെ തുടങ്ങി, ഒരു നാടിന്റെ ഉൾവിളികളെ, അവയുടെ തന്മയീഭാവത്തോടെ, ഒരു ബഷീറിയൻ പേനയുടെ ചാതുര്യത്തോടെ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, സുറാബ് നമുക്കു മുന്നിലെത്തിക്കുന്നു. പതിവുപോലെ, ഈ കൃതിയും നമ്മെ ഒട്ടും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പിക്കാം.







