
വാതിലില്ലാത്ത വീട്
മഴ പെയ്യുമ്പോൾ ദേവിക പതിവായി ജനാല തുറന്നിടും. പഴയ മരജനാലയുടെ അഴികളിലൂടെ മഴത്തുള്ളികൾ അകത്തേക്ക് തെറിച്ചുവീഴുന്നത് അവൾക്ക് ഇഷ്ടമായിരുന്നു. മഴയ്ക്ക് ഒരു പ്രത്യേകതയുണ്ട്; മനസ്സിൽ ആരോടും പറയാതെ സൂക്ഷിച്ചുവെച്ച ചില ഓർമ്മകളെ അത് പതുക്കെ പുറത്തെടുക്കും.
അന്നും മഴയുണ്ടായിരുന്നു. ചായക്കപ്പ് മേശപ്പുറത്ത് വെച്ച് ദേവിക ജനാലയ്ക്കരികിൽ വന്നുനിന്നു. മുറ്റത്തെ മുല്ലച്ചെടിയിൽ നിറയെ പുതിയ മൊട്ടുകൾ വന്നിരിക്കുന്നു. അതു കണ്ടപ്പോൾ അവൾക്ക് അറിയാതെ ചിരി വന്നു. വീണ്ടും പൂക്കുമെന്ന് കരുതിയിട്ടില്ലാത്ത ചില കാര്യങ്ങൾ ഒരിക്കൽ നമ്മെ അത്ഭുതപ്പെടുത്തും.
പതിനേഴു വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചിട്ട് ഏറെക്കാലമായി. വിവാഹമോചനം എന്ന വാക്ക് ആദ്യം കേട്ടപ്പോൾ അതൊരു നിയമപരമായ വേർപിരിയൽ മാത്രമാണെന്ന് അവൾ കരുതി. എന്നാൽ അതിനുശേഷമാണ് അതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായത്. ഒരു വീട്ടിൽനിന്ന് ഇറങ്ങിപ്പോകുമ്പോൾ നഷ്ടമായത് കുറച്ച് വസ്തുക്കൾ മാത്രമല്ല, വർഷങ്ങളായി മനസ്സിൽ കൂട്ടിവെച്ചിരുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും കൂടിയായിരുന്നു.
ആദ്യമൊക്കെ രാത്രികളായിരുന്നു ഏറ്റവും പ്രയാസം. പകൽ ജോലിയും ആളുകളും സംസാരങ്ങളുമൊക്കെയായി കടന്നുപോകും. രാത്രി എല്ലാം നിശ്ശബ്ദമാകുമ്പോൾ മനസ്സ് പഴയ കാര്യങ്ങളിലേക്ക് മടങ്ങും. പിന്നീട് അവൾ ആ നിശ്ശബ്ദതയോടും പൊരുത്തപ്പെട്ടു. ഒരു സ്വകാര്യ സ്കൂളിൽ ലൈബ്രേറിയനായി ജോലി കിട്ടിയതോടെ ജീവിതത്തിന് ചെറിയൊരു താളം വീണ്ടുകിട്ടി. കുട്ടികളുടെ ശബ്ദവും പഴയ താളുകളുടെ മണവും അവൾക്ക് ആശ്വാസമായി.
ഒറ്റയ്ക്കുള്ള ജീവിതം അവൾക്ക് ശീലമായിരുന്നു. പക്ഷേ ശീലമായതുകൊണ്ട് എല്ലാം സന്തോഷകരമായിരുന്നു എന്നില്ല. ചില വൈകുന്നേരങ്ങളിൽ ആരോടെങ്കിലും കുറച്ചുനേരം സംസാരിക്കണമെന്ന് തോന്നും. ദിവസത്തിലെ ചെറിയൊരു വിശേഷമെങ്കിലും പങ്കുവെക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും. പിന്നെ സ്വയം ആശ്വസിക്കും: ജീവിതം ഇങ്ങനെയൊക്കെയാണ്.
അങ്ങനെയിരിക്കെയാണ് രവീന്ദ്രൻ സ്കൂളിലെത്തുന്നത്. പുതിയ വായനശാലയുടെ നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാനെത്തിയതായിരുന്നു അയാൾ. പഴയ കെട്ടിടങ്ങളോടും പുസ്തകങ്ങളോടും ഒരുപോലെ ഇഷ്ടമുള്ള മനുഷ്യൻ. ആദ്യത്തെ കൂടിക്കാഴ്ചയിൽ വലിയ പ്രത്യേകതയൊന്നുമുണ്ടായില്ല. പുസ്തകങ്ങൾ മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അയാൾ ചോദിച്ചു:
“ഈ പുസ്തകങ്ങളൊക്കെ ഇവിടെത്തന്നെ വേണമോ?”
ദേവിക അയാളെ നോക്കി. “പുസ്തകങ്ങൾക്ക് ഇവിടെ സ്ഥലം കുറവാണെങ്കിൽ പിന്നെ വായനക്കാർ എവിടെ ഇരിക്കും?”
അയാൾ ചിരിച്ചു. “അത് ശരിയാണല്ലോ. അപ്പോൾ പുസ്തകങ്ങളെ തൊടേണ്ട.”
ആ ചെറിയ സംഭാഷണം അവിടെ അവസാനിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും പതിവായി രവീന്ദ്രൻ ലൈബ്രറിയിലെത്താറുണ്ടായിരുന്നു. ചിലപ്പോൾ ജോലിയുടെ കാര്യങ്ങൾ ചോദിക്കും, ചിലപ്പോൾ വെറുതെ വിശേഷങ്ങൾ തിരക്കും. ദേവികയ്ക്ക് അയാളുടെ സംസാരരീതി ഇഷ്ടമായി. അധികം സംസാരിക്കില്ല, സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കും. ഒരാൾ പറയുന്നത് മുഴുവൻ കേൾക്കുന്നതിനുമുമ്പ് സ്വന്തം അഭിപ്രായം പറയാൻ ധൃതികൂട്ടാത്ത മനുഷ്യൻ.
ഒരു ദിവസം ജോലി കഴിഞ്ഞിറങ്ങുമ്പോൾ നല്ല മഴയുണ്ടായിരുന്നു. ദേവിക കുട കൊണ്ടുവന്നിരുന്നില്ല. “ബസ് സ്റ്റോപ്പുവരെ കൊണ്ടുപോകാം.” രവീന്ദ്രൻ പറഞ്ഞു.
“അതൊന്നും വേണ്ട. കുറച്ച് നനഞ്ഞാലും കുഴപ്പമില്ല.”
“നിങ്ങൾക്ക് മഴയോട് വലിയ സ്നേഹമാണെന്ന് തോന്നുന്നു.”
“അതെ. മഴയെങ്കിലും ആരോടും ഒന്നും ചോദിക്കാതെ വരുമല്ലോ.”
അയാൾ ചിരിച്ചുകൊണ്ട് കുട അവളുടെ നേരെ നീട്ടി. അവർ ഒരുമിച്ച് നടന്നു. വഴിയരികിലെ മരങ്ങളെക്കുറിച്ചും സ്കൂളിലെ കുട്ടികളെക്കുറിച്ചും സംസാരിച്ചു. വലിയ കാര്യങ്ങളൊന്നും പറഞ്ഞില്ലെങ്കിലും വീട്ടിലെത്തിയിട്ടും ആ വൈകുന്നേരം ദേവികയുടെ മനസ്സിൽനിന്ന് മാഞ്ഞില്ല.
രവീന്ദ്രൻ വിവാഹിതനാണെന്ന കാര്യം അവൾക്ക് അറിയാമായിരുന്നു. ഭാര്യ അനിതയും മകൾ നേഹയും മറ്റൊരു നഗരത്തിലാണ് താമസം. മകളുടെ പഠനവുമായി ബന്ധപ്പെട്ടാണ് അവർ അവിടെ പോയത്. ഒരിക്കൽ സംസാരത്തിനിടയിൽ അയാൾ പറഞ്ഞു, “ഞങ്ങൾ തമ്മിൽ ഇപ്പോൾ പഴയ അടുപ്പമൊന്നുമില്ല.”
“എത്ര വർഷമായി വിവാഹം കഴിഞ്ഞിട്ട്?” ദേവിക ചോദിച്ചു.
“ഇരുപത്തഞ്ച് വർഷത്തോളമായി.”
“അത്രയും വർഷം ഒരുമിച്ചു ജീവിച്ചിട്ടും അടുപ്പം കുറഞ്ഞുപോയെങ്കിൽ അതിന് ഗൗരവമായ എന്തെങ്കിലും കാരണമുണ്ടാകുമല്ലോ.”
രവീന്ദ്രൻ ഒന്നും പറഞ്ഞില്ല. ദേവികയും കൂടുതൽ ചോദിച്ചില്ല. ഒരാളുടെ കുടുംബജീവിതത്തെക്കുറിച്ച് കുറച്ച് വാക്കുകൾ കേട്ട് വിധിയെഴുതാൻ അവൾക്ക് താൽപര്യമില്ലായിരുന്നു. എങ്കിലും രവീന്ദ്രനോട് അവൾക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങി. അതിനെ പ്രണയമെന്ന് വിളിക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ഒരിക്കൽ അയാൾ ചോദിച്ചു:
“ദേവികയ്ക്ക് ഇപ്പോൾ എന്താണ് ഏറ്റവും ഇഷ്ടം?”
“സമാധാനമായിട്ട് ജീവിക്കുക.”
“അത്രയേയുള്ളൂ?”
“അത്ര ചെറിയ കാര്യമാണോ അത്?”
അയാൾ ചിരിച്ചു. “അല്ല. പക്ഷേ അത്ര വലിയ ആഗ്രഹമാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.”
ആ ചിരിയിൽ ഒരുപാട് നാളുകൾക്കുശേഷം വന്ന സ്വാതന്ത്ര്യമുണ്ടായിരുന്നു. പതുക്കെ അവരുടെ ബന്ധം വളർന്നു. സ്കൂളിലെ തിരക്കുകൾക്കിടയിൽ ചെറിയ സംഭാഷണങ്ങൾ, വൈകുന്നേരങ്ങളിൽ ചായക്കടയിലെ കൂടിക്കാഴ്ചകൾ, പുസ്തകങ്ങളെയും സിനിമകളെയും ജീവിതത്തെയും കുറിച്ചുള്ള സംസാരങ്ങൾ. ദേവികയ്ക്ക് ഇഷ്ടമുള്ള ചായയിൽ പഞ്ചസാര കുറവാണെന്ന കാര്യം പോലും രവീന്ദ്രൻ ഓർത്തുവെച്ചിരുന്നു. ചിലപ്പോൾ ഒന്നും പറയാതെ അടുത്തിരുന്നാലും അവൾക്ക് അസ്വസ്ഥതയുണ്ടായിരുന്നില്ല.
ഈ അടുപ്പം സന്തോഷം നൽകുന്നതുപോലെ ചിലപ്പോഴൊക്കെ അവളെ അസ്വസ്ഥയുമാക്കി. രവീന്ദ്രന്റെ ജീവിതത്തിൽ അനിതയുണ്ട്. ഒരു ദിവസം ദേവിക അയാളോട് ചോദിച്ചു: “നമ്മൾ തമ്മിലുള്ള ഈ അടുപ്പത്തെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്?”
“എനിക്ക് നിന്നെ ഇഷ്ടമാണ്, ദേവിക.”
“അത് എനിക്കറിയാം. പക്ഷേ അതുകൊണ്ടുമാത്രം എല്ലാം ശരിയാകില്ലല്ലോ. നിങ്ങളുടെ ജീവിതത്തിൽ അനിതയുണ്ട്. മകളുണ്ട്. അവരോടുള്ള ഉത്തരവാദിത്വങ്ങളുമുണ്ട്. അതൊക്കെ മറന്നുകൊണ്ട് നമുക്ക് മുന്നോട്ടുപോകാൻ കഴിയില്ല.”
“ഞങ്ങൾ തമ്മിൽ ഇപ്പോൾ പഴയ ബന്ധമൊന്നുമില്ല.”
“അത് നിങ്ങളുടെ രണ്ടുപേരുടെയും കാര്യമാണ്. നിങ്ങൾ തമ്മിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മുഴുവനായി അറിയില്ല. അറിയേണ്ടതുമില്ല. പക്ഷേ ഒരാളുടെ ജീവിതത്തിലെ പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ഇടമായി മറ്റൊരാളുടെ ജീവിതം മാറരുത്.”
ദേവിക കുറച്ചുനേരം മിണ്ടാതിരുന്നു. “എനിക്ക് നിങ്ങളോട് ഇഷ്ടമുണ്ട്. പക്ഷേ ആ ഇഷ്ടത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
ആ രാത്രി രവീന്ദ്രൻ ഉറങ്ങിയില്ല. ദേവികയെക്കുറിച്ച് മാത്രമല്ല, സ്വന്തം ജീവിതത്തെക്കുറിച്ചും ചിന്തിച്ചു. താനും അനിതയും ഒരേ വീട്ടിലായിരുന്നിട്ടും എങ്ങനെയാണ് ഇത്ര അകലെയായിപ്പോയത്? എപ്പോഴാണ് സംസാരങ്ങൾ കുറഞ്ഞത്? എപ്പോഴാണ് പരസ്പരം കേൾക്കാതായത്? ഉത്തരങ്ങൾ എളുപ്പമായിരുന്നില്ല.
ദേവികയുടെ കാര്യത്തിലും മാറ്റങ്ങളുണ്ടായിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ചിലപ്പോൾ രവീന്ദ്രന്റെ സന്ദേശം വന്നിട്ടുണ്ടോ എന്ന് നോക്കും. അയാൾ വിളിക്കാത്ത ദിവസങ്ങളിൽ ചെറിയൊരു വിഷമം തോന്നും. ഒരു ദിവസം കണ്ണാടിയുടെ മുന്നിൽനിന്ന് അവൾ സ്വന്തം മുഖം നോക്കി. മുടിയിൽ നര പടർന്നിട്ടുണ്ട്. കണ്ണിനുചുറ്റും ചുളിവുകളുണ്ട്. കാലം അവളെയും വെറുതെ വിട്ടിട്ടില്ല.
“ഈ പ്രായത്തിൽ വീണ്ടും പ്രണയത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ എന്താണ് തെറ്റ്?” അവൾ സ്വയം ചോദിച്ചു. പിന്നെ ചിരിച്ചു. തെറ്റൊന്നുമില്ല. ജീവിതത്തിൽ ഇനി എന്ത് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു.
ചിലപ്പോഴൊക്കെ ദേവികയ്ക്ക് തോന്നും, ഒരു ബന്ധത്തിൽ നിൽക്കുമ്പോൾ ഒരാളുടെ സാന്നിധ്യം തന്റെ ഇടം ഇടുങ്ങിയതാക്കി മാറ്റരുതെന്ന്. താൻ പറയുന്ന കാര്യങ്ങൾ കേൾക്കാനും, വേണ്ടെന്ന് തോന്നുമ്പോൾ മടികൂടാതെ ‘ഇല്ല’ എന്ന് പറയാനും കഴിയുന്ന ഒരിടം. സ്നേഹം എന്നത് ഒരു കൂടല്ല, അത് ശ്വാസം മുട്ടിക്കുന്നതാകരുത്. ദേവികയ്ക്ക് വേണ്ടിയിരുന്നത് അങ്ങനെയൊരു സ്നേഹമായിരുന്നു. തന്റെ ഒറ്റയ്ക്കുള്ള സമയവും ഇഷ്ടങ്ങളും ഒട്ടും കുറയ്ക്കാത്ത ഒന്ന്.
അതിനിടയിലാണ് അനിത നാട്ടിലെത്തിയത്. അന്ന് രവീന്ദ്രൻ ദേവികയെ വിളിച്ചില്ല. അടുത്ത ദിവസവും വന്നില്ല. മൂന്നാം ദിവസം സ്കൂളിലെത്തിയപ്പോൾ അയാളുടെ മുഖത്ത് ക്ഷീണം കാണാമായിരുന്നു.
“എന്തുപറ്റി?” അവൾ ചോദിച്ചു.
“അനിത വന്നിട്ടുണ്ട്. ഞങ്ങൾ ഒരുപാട് സംസാരിച്ചു. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച്. ഇത്രയും കാലം എങ്ങനെയാണ് ജീവിച്ചതെന്നും പരസ്പരം എന്തൊക്കെയാണ് പറയാതെ പോയതെന്നും.”
“എന്നിട്ട്?”
“ഞാൻ നിന്നെക്കുറിച്ചും പറഞ്ഞു.”
ദേവികയുടെ മുഖത്ത് ചെറിയൊരു മാറ്റമുണ്ടായി. “എന്തിനാണ്?”
“കാരണം നിന്നെക്കുറിച്ച് അവളോട് മറച്ചുവെക്കാൻ എനിക്ക് തോന്നിയില്ല.”
അയാൾ തുടർന്നു. “അവൾക്ക് വിഷമമായി. അതിൽ അത്ഭുതമില്ല. പക്ഷേ അവൾ ഒരുപാട് കാര്യങ്ങൾ ചോദിച്ചു. ഞങ്ങളുടെ ബന്ധം ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ എന്നും.”
ദേവിക അയാളുടെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടു.
“ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല.” രവീന്ദ്രൻ പറഞ്ഞു.
“അത് നിങ്ങളുടെ തീരുമാനമാണ്. എനിക്ക് നിങ്ങളെ ഇഷ്ടമാണ്. അത് സത്യമാണ്. പക്ഷേ നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രശ്നത്തിന് പരിഹാരമാകാൻ വേണ്ടിയല്ല ഞാൻ ഈ ബന്ധത്തിൽ നിൽക്കുന്നത്. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം.”
അയാൾ അവളുടെ കൈ പിടിക്കാൻ ശ്രമിച്ചു. അവൾ പതുക്കെ കൈ പിൻവലിച്ചു. അവൾ പറഞ്ഞു, “എനിക്ക് കുറച്ച് സമയം വേണം. നിങ്ങൾക്കും.”
അന്ന് അവർ പതിവിലും നേരത്തെയാണ് പിരിഞ്ഞത്. പിന്നീടുള്ള ദിവസങ്ങളിൽ അവർ തമ്മിൽ സംസാരിച്ചില്ല. ആ ദിവസങ്ങൾ ദേവികയ്ക്ക് എളുപ്പമായിരുന്നില്ല. എങ്കിലും അവൾ സ്വയം തിരക്കിലായി. ലൈബ്രറിയിലെ ജോലികൾ ചെയ്തു. കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി.
ഒരു ദിവസം പഴയ അലമാരയിൽനിന്ന്, വർഷങ്ങൾക്കുമുമ്പ് എഴുതിത്തുടങ്ങിയ ഒരു ഡയറി കിട്ടി. താളുകൾ മറിച്ചുനോക്കിയപ്പോൾ അവൾക്ക് അത്ഭുതം തോന്നി. ഒരിക്കൽ ചിത്രരചന പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. കടൽത്തീരങ്ങൾ കാണണം, ഒറ്റയ്ക്ക് യാത്ര ചെയ്യണം, ഒരുപാട് പുസ്തകങ്ങൾ വായിക്കണം. അതൊക്കെ എപ്പോഴാണ് മറന്നുപോയത്?
ജീവിതം മുഴുവൻ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി മാറ്റിവെച്ചപ്പോൾ സ്വന്തം ആഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവൾ മറന്നുപോയിരുന്നു. അടുത്ത ആഴ്ച അവൾ അടുത്തുള്ള ചിത്രരചനാ ക്ലാസിൽ ചേർന്നു. ആദ്യ ദിവസം വരച്ച ചിത്രം വളരെ മോശമായിരുന്നു. നിറങ്ങൾ ശരിയായില്ല, വരകൾ വളഞ്ഞുപോയി. പക്ഷേ ചിത്രം പൂർത്തിയാക്കിയപ്പോൾ അവൾക്ക് വലിയ സന്തോഷം തോന്നി. ആ സന്തോഷത്തിന് രവീന്ദ്രനുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അത് അവളുടേതു മാത്രമായിരുന്നു.
മാസങ്ങൾ കടന്നുപോയി. അനിതയുമായുള്ള സംഭാഷണങ്ങളിൽ പഴയ പ്രശ്നങ്ങളും പരാതികളും മാത്രമായിരുന്നു അപ്പോഴും നിറഞ്ഞിരുന്നത്. മകൾ നേഹയുടെ മുന്നിൽ കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കുമെന്ന ആശങ്ക രവീന്ദ്രനെ അലട്ടി.
കൗൺസലിങ്ങിന്റെ ഓരോ സെഷനും കഴിഞ്ഞിറങ്ങുമ്പോൾ അയാൾക്ക് വല്ലാത്ത ഭാരം തോന്നിയിരുന്നു. ഇരുപത്തഞ്ച് വർഷത്തെ ഓർമ്മകൾ അത്ര വേഗം മായുന്നതല്ലല്ലോ. ഒടുവിൽ, പരസ്പരം വേദനിപ്പിച്ചുകൊണ്ട് ഒരുമിച്ചു നിൽക്കുന്നതിനേക്കാൾ മാന്യമായി വേർപിരിയുന്നതാണ് നല്ലതെന്ന തിരിച്ചറിവിലേക്ക് അവർ എത്തി. നേഹയോടും അവർ കാര്യങ്ങൾ സമാധാനത്തോടെ സംസാരിച്ചു.
ഒരു ദിവസം വൈകുന്നേരം ദേവിക ലൈബ്രറിയിൽ പുസ്തകങ്ങൾ ക്രമീകരിക്കുമ്പോൾ രവീന്ദ്രൻ എത്തി. മുഖത്ത് പഴയതുപോലെ ആ പരിചിതത്വമുണ്ടായിരുന്നു, അതിനൊപ്പം കുറച്ച് ശാന്തതയും.
“സുഖമാണോ?” അയാൾ ചോദിച്ചു.
“സുഖം. നിങ്ങൾക്കോ?”
“എനിക്കും. അനിതയുമായി വേർപിരിയാൻ തീരുമാനിച്ചു. തുടരാൻ കഴിയില്ലെന്ന് രണ്ടുപേർക്കും മനസ്സിലായി. മകളോടും സംസാരിച്ചു. വിഷമമുണ്ടെങ്കിലും അവൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.”
അയാൾ ഒരു നിമിഷം നിർത്തി. “ഇതൊന്നും നിന്നെ സ്വന്തമാക്കാൻ വേണ്ടി എടുത്ത തീരുമാനമല്ല, ദേവിക. ഞങ്ങളുടെ ജീവിതത്തിൽ ഇനി എന്താണ് വേണ്ടതെന്ന് രണ്ടുപേരും ആലോചിച്ചെടുത്ത തീരുമാനമാണ്.”
ദേവിക അയാളെ സൂക്ഷിച്ചു നോക്കി. “അനിത സുഖമായിരിക്കട്ടെ.” അവൾ പറഞ്ഞു.
“അവൾക്കും അതുതന്നെയാണ് വേണ്ടത്.”
കുറച്ചുനേരം കഴിഞ്ഞ് രവീന്ദ്രൻ പറഞ്ഞു: “ദേവിക, എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്നോടൊപ്പം കുറച്ചുദൂരം നടക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ നിന്റെ തീരുമാനം എന്തായാലും ഞാൻ മാനിക്കും.”
അവൾ പുഞ്ചിരിച്ചു. “എനിക്ക് നിങ്ങളെ ഇഷ്ടമില്ലെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?”
“പിന്നെ?”
“എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. എന്റെ ജീവിതം എനിക്ക് പ്രധാനമാണ്. ഇത്രയും കാലം ഞാൻ ജീവിച്ച രീതിയിൽനിന്ന് ഇനി ഒരുപാട് മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നില്ല. എന്റെ ഇഷ്ടങ്ങളും സൗഹൃദങ്ങളും സ്വാതന്ത്ര്യവുമൊക്കെ എനിക്ക് വേണം.”
“അതൊന്നും മാറ്റേണ്ടതില്ല.”
“നിങ്ങൾക്കും നിങ്ങളുടെ ഇഷ്ടങ്ങളുണ്ട്. അതും അങ്ങനെതന്നെ നിലനിൽക്കണം. നമുക്ക് ഒരുമിച്ചിരിക്കാം, സംസാരിക്കാം, യാത്ര ചെയ്യാം. പക്ഷേ ഒരാൾ മറ്റൊരാളുടെ ജീവിതം മുഴുവൻ ഏറ്റെടുക്കേണ്ടതില്ല.”
“എനിക്ക് അതിൽ സന്തോഷമേയുള്ളൂ.”
അവൾ അയാളെ നോക്കി. അയാളും.
പിന്നീടുള്ള എല്ലാ ദിവസവും മനോഹരമായിരുന്നില്ല. ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ചിലപ്പോൾ ചെറിയ പിണക്കങ്ങൾ. ചിലപ്പോൾ ഒരാൾക്ക് സംസാരിക്കാൻ തോന്നുമ്പോൾ മറ്റൊരാൾക്ക് നിശ്ശബ്ദത വേണമായിരുന്നു. എങ്കിലും അവർ പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചു.
രവീന്ദ്രൻ ചില ദിവസങ്ങളിൽ ദേവികയുടെ വീട്ടിലെത്തും. അവൾ ചിത്രങ്ങൾ വരയ്ക്കുമ്പോൾ അയാൾ അടുത്തിരുന്ന് പുസ്തകം വായിക്കും. ചില വൈകുന്നേരങ്ങളിൽ ഇരുവരും പുറത്തുപോയി ചായ കുടിക്കും.
ദേവികയുടെ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച ദിവസം. ആ ചിത്രങ്ങൾക്കിടയിൽ കടൽത്തീരവും അതിനടുത്ത് തുറന്നുകിടക്കുന്ന ഒരു വീടും ഉണ്ടായിരുന്നു. അകത്തേക്ക് വെളിച്ചം കടന്നിരുന്ന ഒരു സാധാരണ വീട്. രവീന്ദ്രൻ ഏറെനേരം ആ ചിത്രം നോക്കിനിന്നു. കട്ടിളയുണ്ട്. വാതിൽ കാണുന്നില്ല.
“ഈ വീടിന് വാതിൽ ഇല്ലേ?” അയാൾ ചോദിച്ചു.
ദേവിക ചിരിച്ചു. “ഉണ്ട്. അടച്ചിട്ടില്ല.”
“അതെന്താണ്..?”
“ആർക്കെങ്കിലും വരണമെങ്കിൽ വരാം. പോകണമെങ്കിൽ പോകാം.”
അയാൾ അവളെ നോക്കി. “നല്ല ആശയം.”
“ഇത്രയും കാലം എന്റെ ജീവിതം ഒരു അടച്ച മുറിപോലെയായിരുന്നു. ഇനി അങ്ങനെ വേണ്ട.”
അന്ന് വൈകുന്നേരം ദേവിക വീട്ടിലെത്തിയതും മഴ പെയ്തു തുടങ്ങി. അവൾ ജനാല തുറന്ന് മഴയെയും നോക്കി നിന്നു. മഴകൊള്ളുന്ന മുല്ല… വിറകൊള്ളുന്ന പൂക്കൾ… ഈറൻ ഇറ്റുവീഴുന്ന പുതുമൊട്ടുകൾ…
അവൾ കുറച്ചുനേരം അതും നോക്കിനിന്നു.
‘ഒരാളുടെ വരവുകൊണ്ടല്ല ജീവിതം മനോഹരമാകുന്നത്. നമ്മൾ നമ്മളെതന്നെ വീണ്ടും കണ്ടെത്തുമ്പോഴാണ് അതിന് പുതിയൊരു അർത്ഥം കിട്ടുന്നത്.’ അവൾ മനസ്സിൽ പറഞ്ഞു.
മേശപ്പുറത്ത് കിടന്നിരുന്ന ബ്രഷ് എടുത്ത് അടുത്ത ചിത്രത്തിനായി നിറങ്ങൾ ഒരുക്കാൻ തുടങ്ങി. പുറത്ത് മഴ തുടർന്നുകൊണ്ടിരുന്നു.
Join with us

സുജിത് വേദ: തിരുവനന്തപുരം നെടുമങ്ങാട് നെല്ലിക്കുന്ന് സ്വദേശി. ‘വേരറ്റവർ’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.






