മാർച്ച് 21; ലോക കവിതാ ദിനം:

2025ലെ യുനെസ്കോ ലോക കവിതാ ദിനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ പ്രതിഭാവത്തിനു നല്കിയ കവിതകളിൽ, പദ്മദാസ് രചിച്ച ‘അകത്തെ ശത്രു’ എന്ന കവിത. ഈ കവിത 2024 ഡിസംബറിൽ മാതൃഭൂമി ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

Akatthe Sathru Malayalam Poem Padmadas World Poetry Day 2025

അകത്തെ ശത്രു

തക്ലിയിൽ നൂൽ നൂൽക്കുക,

കൂട്ടരോടൊത്ത് കാതങ്ങൾ നടന്നെത്തി
കടൽത്തീരത്ത് ഉപ്പുകുറുക്കുക,
വിദേശവസ്ത്രങ്ങൾ ബഹിഷ്ക്കരിച്ച്
സ്വദേശിവസ്ത്രങ്ങൾ മാത്രമണിയുക,
മേൽമുണ്ട്,
ജലത്തിൽ മുങ്ങിനിൽക്കുന്ന
ചേലയുണക്കാനിട്ടവൾക്ക്
പുഴയിലൂടെ ഒഴുക്കി നൽകി
ശിഷ്ടകാലം ഏകാംബരനാകുക,#
നീലം കർഷകരുടെ സമരത്തോട്
ഐക്യദാർഢ്യം പുലർത്തുക,
ഒരു അന്യായം കണ്ടാൽ
സമരമാർഗ്ഗമെന്ന നിലയിൽ
അതിനെതിരെ പട്ടിണി കിടക്കുക,
അധികാരം കൈമാറപ്പെടുമ്പോൾ
സിംഹാസനങ്ങളോടു മുഖം തിരിച്ച്
നവഖാലിയിലെ നിരത്തുകളിൽ
വാരിയെറിഞ്ഞ മലത്തിനും
കുപ്പിച്ചില്ലുകൾക്കും മീതെ പദയാത്ര നടത്തുക.

ഇത്രയൊക്കെയേ വേണ്ടൂ,
ഒരു സാമ്രാജ്യത്വശക്തിയെ മുട്ടുകുത്തിക്കാൻ-
ഇത്രയൊക്കെയേ വേണ്ടൂ,
സ്വയം പേടിക്കാതെ
ശക്തരായ അവരെ ഒന്നു ഭയപ്പെടുത്താൻ.
ഇത്രയൊക്കെയേ വേണ്ടൂ,
മനുഷ്യൻ്റെ അസ്വതന്ത്രതയെ പ്രതി
അവരുടെ അകക്കണ്ണു തുറപ്പിക്കാൻ.

പക്ഷേ,
ചണ്ഡവാതമെന്ന പോലെ
ഭയക്കുക തന്നെ വേണം,
പ്രാർഥനയ്ക്കു തിരഞ്ഞെടുത്ത സമയം തന്നെ നോക്കി, മനോദാർഢ്യത്തോടെ,
ചതി പൊതിഞ്ഞ മുഖഭാവം ഉള്ളിലൊളിപ്പിച്ചു വെച്ച്,
അചഞ്ചലതയോടെ,
നെഞ്ചുവിരിയുന്ന ധീരതയോടെ,
രാജ്യത്തിനകത്തു നിന്നു തന്നെ
പ്രാർത്ഥനയ്ക്കെന്നവണ്ണം
ആൾക്കൂട്ടത്തിനിടയിൽ നിന്ന്
മുഖാമുഖം ഒറ്റയ്ക്കു നടന്നുവരുന്ന തൊഴുകൈയ്യുകളെ,
ഉത്തരീയത്തിൽ മറച്ചുവെച്ച
അവൻ്റെ ഒമ്പത് എം എം ഇറ്റാലിയൻ ബെറേറ്റയെ,
*കൂർത്തു നിൽക്കുന്ന ലക്ഷ്യവേധിയായ
അതിൻ്റെ അസ്ത്രമുനകളെ,
തോക്കുപോലെത്തന്നെ മുറുകെപ്പിടിച്ച
അവൻ്റെ ‘അന്ധ’-വിശ്വാസത്തെ,
തൊട്ടടുത്തെത്തി
നിഷ്ക്കരുണം കാഞ്ചിയിൽ വിരലമർത്തുന്ന,
ഭവ്യതയ്ക്ക് പട്ടുകുപ്പായം ചാർത്തിയ
ആ വിനീതപ്രണാമത്തെ!!!

Read Also  ഒറ്റയ്ക്കിരിക്കുമ്പോൾ/ 2025- ലോക കവിതാ ദിന കവിത/ഗണേഷ് പുത്തൂർ

■■■

# വൈഗൈ നദിക്കരയിൽ ഉടുചേല ഉണക്കാനിട്ട് വെള്ളത്തിൽ മുങ്ങി നിന്ന്, അതുണങ്ങാൻ കാത്തിരിക്കുന്ന ഒറ്റവസ്ത്രം മാത്രമുള്ള സ്ത്രീയെ കാണാനിടയായതു മുതലാണ് തൻ്റെ ഉത്തരീയം അവർക്കൊഴുക്കിക്കൊടുത്തുകൊണ്ട് ഗാന്ധിജി മേൽവസ്ത്രം എന്ന ആഡംബരം മധുരയിൽ വെച്ച് ഉപേക്ഷിക്കുന്നത്.

*മൂന്നു അമ്പിൻമുനകൾ ആലേഖനം ചെയ്യപ്പെട്ടതാണ് ബെറേറ്റ റിവോൾവർ കമ്പനിയുടെ ലോഗോ.

Akatthe Sathru(Page-1)-Malayalam poem by Padmadas at Mathrubhoomi weekly
Akatthe Sathru(Page-2)-Malayalam poem by Padmadas at Mathrubhoomi weekly

World Poetry Day Prathibhavam

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹