മഞ്ഞ ഇലകൾ അടർന്നു വീണു കിടന്ന ഒരു വയസൻ പ്ലാവിന്റെ മൗനത്തിന്റെ ചുവട്ടിൽ വണ്ടി പാർക്ക്‌ ചെയ്ത്, ഡോക്ടർ വേണു പുറത്തിറങ്ങി. സീറ്റിൽ ചാരി, നിശബ്ദയായി ഇരുന്നിരുന്ന അമ്മയെ കൈപിടിച്ചിറക്കിയപ്പോൾ തന്നെ മിരാൻഡ ഓടി വന്നു. ഒരു കെയർ ടേക്കറിന്റെ സ്വാഭാവികമായ ശുഷ്‌കാന്തിയോടെ അമ്മയെ ചേർത്ത് പിടിച്ചു മുന്നോട്ടു നടന്നു. ഓഫീസിലെ നടപടികളൊക്കെ നേരത്തേ ചെയ്തിരുന്നതിനാൽ അമ്മയെ അവർ നേരെ മുറിയിലേക്കു കൂട്ടികൊണ്ട് പോയി.

നടുത്തളത്തിൽ പഴമയുടെ മുഖമുദ്രയായി ഒരു ആട്ടുകട്ടിലും ദിവാൻ കോട്ടും വല്ലാത്തൊരു നിശ്ചലത പേറി വെറുതെ കിടന്നു. അമ്മയ്ക്ക് പിന്നാലെ നടക്കുമ്പോൾ വേണുവിന്റെ കാലുകൾ വല്ലാതെ കഴച്ചു. അമ്മയെ പോലെ അയാളുടെ ഓർമ്മകൾ ചിതലരിയ്ക്കാത്തതിനാൽ നെഞ്ചിൽ പലതും ഒരു ചൂണ്ടയിലെന്ന വണ്ണം കൊരുത്തു കിടന്നു വേദനിച്ചു.

മുറിയിൽ ഇരുളും വെളിച്ചവും ഇടകലർന്നു കിടന്നിരുന്നു. ദേഷ്യമോ വിഷാദമോ സംശയമാ ഏതുമില്ലാതെ അമ്മയുടെ മുഖം ശാന്തമായിരുന്നു. അമ്മ പെട്ടെന്ന് മേശമേലിരുന്ന താക്കോലെടുത്തു തിരിച്ചും മറിച്ചും നോക്കി. പിന്നെ പൊയ്പ്പോയ ഓർമ്മകളുടെ പൂട്ട് തുറക്കാനെന്നവണ്ണം വലത്തെ കൈകൊണ്ടു അതെടുത്തു ഇടത്തെ കൈയുടെ മധ്യത്തിലിട്ട് തിരിച്ചു. ചലനശേഷി നശിച്ചിട്ടില്ലെങ്കിലും, എന്താന്നു ചെയ്യേണ്ടതെന്നറിയാത്ത മറവി. ശുചിമുറിയിൽ കയറിയാൽ പോലും എന്തിനെന്നു മറന്നു പോകും.

കഠിനമായ മറവി അമ്മയെ ബാധിച്ചിട്ടു മൂന്നാല് കൊല്ലമായി. വീട്ടിൽ ഭാര്യയുടെ അവഗണയ്ക്കും നിരാർദ്രതയ്ക്കും മുന്നിൽ ബോധശലഭങ്ങൾ പറന്നകന്ന അമ്മ ഒരർത്ഥത്തിൽ നരകിക്കുകയായിരുന്നു. അൽസയിമേഴ്‌സിന്റെ ജനറ്റിക് സാദ്ധ്യതകൾ ഭാര്യയെ ചകിതയാക്കി. അവർ അമ്മയെ ഒരു ദുർഭൂതം കണക്കെ വെറുത്തു തുടങ്ങിയിരുന്നു. അൻപതാണ്ട് അച്ഛനോടൊപ്പം ജീവിച്ച വീട്ടിൽ കിടന്ന്, ഓർമ്മയുടെ കാന്തിയോടെ മുക്തി നേടാൻ വിശ്വേശ്വരൻ അമ്മയ്ക്ക് യോഗം നൽകിയില്ല.

മിരാൻഡയുടെ കെയർ ഹോമിലേക്ക് അമ്മയെ കൊണ്ടുവന്നത്, അമ്മയുടെ ശിഷ്ടജീവിതത്തിൽ അല്പം ശാന്തി ലഭിക്കട്ടെ എന്നു കരുതിയാണ്. അമ്മയുടെ കൈയിലെ താക്കോൽ വാങ്ങി മേശമേൽ വച്ച് അമ്മയെ തലയണ ഉയർത്തി വച്ച് അതിലേക്കു ചാരി ഇരുത്തി മിരാൻഡ.

“ഇനി വേറെ പേപ്പേഴ്സ് ഒന്നും ചെയ്യാനില്ല. ഇൻ കേസ്‌ ഓഫ് എനി എമർജൻസി ഐ ഷാൽ കോൺടാക്ട് യു.” മിരാൻഡ. പൊക്കിൾക്കൊടി ഭാഗത്ത് ഒരു വിങ്ങൽ അറ്റ് വീണ് ചോര ചിന്തി. അമ്മയുടെ നെറുകയിൽ ഒരുമ്മ നല്കി വേണു മുറിക്കു പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ മിരാൻഡ അമ്മയുടെ കൈകൾ ചേർത്ത് പിടിച്ചിരുന്നു. വാതിൽക്കൽ എത്തിയപ്പോഴാണ് സപ്തനാഡിയും തളരും പോലെ അമ്മ ശബ്ദിച്ചത്,
“നീ വല്ലതും കഴിച്ചോ?”

ഏത് സ്മൃതിഭ്രംശത്തിനിടയിലും, അമ്മമനസ്സുക്കളിലെ സൂക്ഷ്മതന്തുക്കളിൽ നെയ്തു വെയ്ക്കുന്ന ചോദ്യം. മകന്റെ പേരുപോലും മറന്ന മസ്‌തിഷ്കത്തിന്റെ ഏത് അറയിലായിരിക്കും ഈ ചോദ്യം അമ്മ ഒളിപ്പിച്ച് വച്ചിരിയ്ക്കുക?! ഒരു നിമിഷത്തിനപ്പുറം മിറാൻഡയോട് ക്ഷമ പറഞ്ഞ്, അന്ധനും ബധിരനും മൂകനുമായി വേണു പടിയിറങ്ങുമ്പോൾ, കുറെയേറെ ഓർമ്മയിലകൾ ചിതറിച്ച് താഴെയിട്ടിരുന്ന അവിടത്തെ മുറ്റത്തെ ആ വയസ്സൻ പ്ലാവിൽ അച്ഛന്റെ ഛായയുള്ള ഒരു നരച്ച കാക്ക മാത്രം ഒറ്റയ്ക്കിരിക്കുന്നുണ്ടായിരുന്നു.