Published on: September 7, 2025


ഒരു ചെടിയും മരവും
മറ്റൊന്നിനെ കുറ്റം പറയാറില്ല
ഒന്നിലും മതിമറക്കാറില്ല
സ്വയം മറന്നു കുതിക്കാറില്ല
അനശ്വരതയെക്കുറിച്ച്
വേപഥു കൊള്ളാറില്ല
സങ്കടക്കടലിൽ മുങ്ങിമരിക്കാറില്ല
സമീപത്തെത്തുമ്പോൾ
തണുത്ത കൈകൾ നീട്ടിത്തൊടും
വിരിഞ്ഞ പൂക്കൾ നീട്ടി
സ്വാഗതം ചൊല്ലും
തലേന്നത്തെ നിലാവിനെയും
രാത്രിയിൽ പെയ്ത മഞ്ഞിനെയും
അന്നത്തെ പുലരിയെയും
വെളിച്ചത്തെയും കുറിച്ച്
വാചാലരാവും
വൈകി വന്ന കാറ്റിനെക്കുറിച്ച്
തമാശ പറയും
അവയുടെ മണ്ണിൽ അപ്പോഴും
നനവുള്ള നീർച്ചാലുകൾ നാളെയെന്ന
ശുഭപ്രതീക്ഷ തരും
വരിതെറ്റാതെ പോകുന്ന ഉറുമ്പിൻ കൂട്ടം
ചിട്ടയെന്തെന്നു പഠിപ്പിക്കും
വിളഞ്ഞു പാകമായി മാത്രം താഴോട്ടു വീണ
ഒരു പഴം
രംഗം മധുരിപ്പിക്കും
കൊമ്പിലിരുന്ന്
അനന്തസാധ്യതകളുടെ
വിശാലമായ ആകാശത്തെക്കുറിച്ച്
പാടുന്ന കിളികൾ
യാത്രയിലേക്ക് ക്ഷണിക്കും
കഴിഞ്ഞ നാൾ ഉറക്കം കെടുത്തിയ
താരതമ്യങ്ങൾ, അസൂയകൾ,
ആശങ്കകൾ, ഉൽകണ്ഠകൾ,
വിമർശനം, അഹന്ത, വിഷാദം,
സമയക്കുറവ്, കൂടുതൽ,
യുദ്ധം, ബോംബ്, മിസൈലുകൾ,
കവർച്ച, കൊലപാതകം,
അതിർത്തിത്തർക്കം, പലായനം,
ബലാത്സംഗവാർത്തകൾ
അപ്പോൾ എങ്ങോ പോയ്മറയും
ചെടികൾ, മരങ്ങൾ
മനുഷ്യരെപ്പോലെയല്ല
ഇരുട്ടിൽ ആക്രമിക്കുകയോ
വെളിച്ചത്ത് പരിഹസിക്കുകയോ ഇല്ല
ജാതിയെ, മതത്തെ, നിറത്തെ
ഓർമ്മിപ്പിക്കാറില്ല
അവർക്കൊന്നിനെയും ഭയമില്ല
അധികാരമോ അംഗീകാരമോ വേണ്ട
അവസരങ്ങൾക്കായി കാത്തു നില്ക്കാറില്ല
അവരെ വിശ്വസിക്കാം
ഉപാധികളില്ലാതെ സ്നേഹിക്കാം
അവർ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു
വിടർത്തിയിട്ട കൈകൾ
ആശ്രയമെന്ന ഉറപ്പു തരുന്നു
തളിർക്കുന്ന ഇലകളിൽ പ്രതീക്ഷയുടെ
മന്ത്രമാലേഖനം ചെയ്തിരിക്കുന്നു
ആഴത്തിൽ പടരുന്ന വേരുകളിൽ
ബന്ധത്തിന്റെ കരുത്ത്
ഉൾച്ചേർത്തിരിക്കുന്നു
ഓർമ്മയുടെ പാടുകൾ
അവശേഷിപ്പിക്കാതെ
ഭൂമിയിലേക്കു മടങ്ങേണ്ടതെങ്ങനെയെന്നു
പറയുന്നു
ചെടിയോ മരമോ ആയി മാറുകയെന്നാൽ
മരണഭയമില്ലാതെയാവുകയെന്നാണ്…
ജീവനകല ആസ്വദിക്കുകയെന്നാണ്…
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ആയിരുന്നു.

 
                        
 
 
 
 
 






 
                       
                       
                       
                      