Published on: September 24, 2025

ചിറാപുഞ്ചിയിലെ മായാ കാഴ്ചകൾ
കന്യാവനങ്ങൾ നിറഞ്ഞ ഈ പ്രദേശത്ത് 2.5 ഹെക്ടറോളം ഭാഗത്തായാണ് പ്രകൃതിദത്തമായ ഗുഹകളുടെ ഈ ഉദ്യാനം കിടക്കുന്നത്. കൊളോണിയൻ ഭരണകാലത്ത് ബ്രിട്ടീഷ്കാരിൽനിന്ന് രക്ഷ തേടി ഖാസി ഗോത്രവംശജർ ഈ ഗുഹകളിൽ ഒളിച്ചു താമസിച്ചിരുന്നു.
ആസ്സാമിലെ മഹാ മൃത്യുഞ്ജയ് ക്ഷേത്രത്തിലെത്തുമ്പോൾ ഏകദേശം ഉച്ചതിരിഞ്ഞ് രണ്ടു രണ്ടര ആയിക്കാണും. രണ്ട് ദശാബ്ദം മുൻപു പണിത ഈ ക്ഷേത്രം, ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗമുള്ള ക്ഷേത്രമാണ്. ശിവലിംഗ പ്രതിഷ്ഠയ്ക്ക് 126 അടിയാണ് ഉയരം. ഈ ഭീമൻ ശിവലിംഗത്തിന് ഉള്ളിലാണ് പൂജാധികർമങ്ങളും മറ്റും നടക്കുന്നത്. 2003ൽ, ആചാര്യ ഭ്രുഗു ഗിരി മഹാരാജ നിർമ്മിച്ചതാണ് ഇത്. നാഗോണിലെ ഈ ഭാഗത്തിരുന്ന്, പുരാണത്തിലെ ഗുരു ശുക്രാചാര്യ മഹർഷി ‘മഹാ മൃത്യുഞ്ജയ മന്ത്രം’ അനുഷ്ഠിച്ചിട്ടുണ്ടെന്ന ഒരു ഐതീഹ്യമുള്ളതായി പറയപ്പെടുന്നു.
ക്ഷേത്രത്തിന്റെ മുഭാഗത്ത്, അല്പം അകലെയാണ് പാർക്കിംഗ് കിട്ടിയത്. ക്ഷേത്രഗേറ്റിനരികിൽ സെക്യൂരിറ്റിയുണ്ട്. കോയമ്പത്തൂരിലെ ഇഷ ആദി യോഗിപ്രതിമയെ അനുസ്മരിപ്പിക്കും വിധം, വിസ്തൃതമായി പരന്നു കിടക്കുന്ന പടികൾ കയറിവേണം ശിവലിംഗത്തിനുള്ളിലെത്താൻ. അന്ന് നല്ല വെയിലുള്ള കാലാവസ്ഥയായിരുന്നു. അത്യാവശ്യം തിരക്കുമുണ്ടായിരുന്നു. താലത്തിൽ പൂജാദ്രവ്യങ്ങളുമായി ഭക്തരുടെ നീണ്ട ക്യൂ.
അസമിന്റെ എണ്ണയോ, പച്ചക്കറിയോ എന്റെ വയറിനെ സന്തോഷിപ്പിച്ചില്ല. ഛർദിയും അസ്വസ്ഥതകളും മൂലം ഞാൻ വളരെ ക്ഷീണിതയായിരുന്നു. അതുകൊണ്ട് തന്നെ മുകളിലേക്ക് കയറിയില്ല. എന്റെ അവസ്ഥ കണ്ടതുകൊണ്ടായിരിക്കാം ഭർത്താവ് മുകളിലേക്ക് പോയെങ്കിലും പെട്ടന്ന് തിരിച്ചുപോന്നു.
നല്ല സുഖമില്ലാത്തതിനാൽ അധികനേരം അവിടെ നിന്നില്ല. ഫോട്ടോസ് എടുത്തു കഴിഞ്ഞപ്പോൾ ഗ്രൂപ്പുകരും വണ്ടിയിൽതിരിച്ചെത്തി. അവിടെ നിന്നും ഉച്ചതിരിഞ്ഞു മൂന്നുമൂന്നരയോടു കൂടി ചിറാപുഞ്ചിയിലേക്ക് യാത്രയായി.



രാത്രി സ്റ്റേ ഷില്ലോങ്ങിലാണ് ഏർപ്പാടാക്കിയിരുന്നത്. Lacastle Residency യിൽ. ചുറ്റിനും വീടുകളൊക്കെയുള്ള, നല്ല സൗകര്യങ്ങളുള്ള റെസിഡൻസി. അവിടെയെത്തുമ്പോൾ, വൈകുന്നേരം ഏഴ് ഏഴര ആയിക്കാണും. ഷില്ലോങ്ങിനോടടുക്കും തോറും എല്ലാരും കുടഞ്ഞു വിറയ്ക്കാൻ തുടങ്ങിയിരുന്നു. അത്രയ്ക്കും കൊടുംതണുപ്പായിരുന്നു, റെസിഡൻസിയിലെത്തി വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ. അതുകൊണ്ടു തന്നെ, രാത്രിഭക്ഷണത്തിനു ശേഷം എല്ലാവരും വേഗം ഉറങ്ങാൻ കിടന്നു.
ഷില്ലോങ്ങിൽ നിന്ന് 80കിലോമീറ്റർ ദൂരമുണ്ട് ചിറാപുഞ്ചിയിലേക്ക്. മഴക്കോട്ട്, കുട മുതലായ സംവിധാനങ്ങളോടെയായിരുന്നു യാത്ര. എന്നാൽ, അവിടെ ചെന്നപ്പോൾ മഴ ഉണ്ടായിരുന്നില്ല. കുറച്ചു പടികൾ ഇറങ്ങി താഴെ ചെന്നപ്പോൾ കണ്ടത്, ‘Elephant Falls’ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം. പക്ഷെ, ആ സമയം വെള്ളച്ചാട്ടത്തിൽ വെള്ളം കുറവായിരുന്നു. അതുകൊണ്ടു തന്നെ, വായിച്ചും കേട്ടും അറിഞ്ഞ ‘ആന വെള്ളച്ചാട്ട’ ത്തിന്റെ ദൃശ്യമനോജ്ഞമായ ആ കുതിച്ചു വരവ് ആസ്വദിക്കാനായില്ല. എങ്കിലും ചുറ്റും ചിത്രപ്പുല്ല് വളർന്നു നില്ക്കുന്ന അവിടം എല്ലാവരെയും ആകർഷിക്കുകയുണ്ടായി.
ഷില്ലോങ്ങ് പീഠഭൂമിയുടെ കിഴക്കൻ ഭാഗത്തുള്ള ഖാസി മലനിരകളിലെ അരുവിയിൽ നിന്നാണ് ഈ വെള്ളച്ചാട്ടം ഉദ്ഭവിക്കുന്നത്. ‘ഖാ ഖ്ഷൈദ്-ലായ് പറ്റെങ് ഖോഹ്‌സ്യൂ’ എന്നാണ് ഇതിന്റെ ആദ്യകാല പേര്. ഖാസി ഭാഷയിലുള്ള ഈ പേരിന് മൂന്ന് തലങ്ങളുള്ള(Thee steps water falls) വെള്ളച്ചാട്ടം എന്നാണ് അർത്ഥം. ഈ വാട്ടർ ഫാൾസ് താഴേക്ക് ഒഴുകിയിറങ്ങുന്നതിന്റെ പ്രത്യേകത കൊണ്ടാണ് ഇങ്ങനെയൊരു തദ്ദേശീയ പേര് വരാൻ കാരണം. പിന്നീട് ബ്രിട്ടീഷുകാരാണ് ഇപ്പോഴത്തെ ‘എലിഫന്റ് ഫാൾസ്’ എന്ന പേര് നല്കിയത്. ബ്രിട്ടീഷ് ഭരണക്കാലത്ത് ഈ ഭാഗത്തുണ്ടായിരുന്നെന്ന് പറയപ്പെടുന്ന, ആനയുടെ ആകൃതിയിലുള്ള ഒരു പാറയാണ് ഇങ്ങനെയൊരു പേര് ഈ വെള്ളച്ചാട്ടത്തിന് കൊടുക്കാൻ കാരണമായത്. 1897ൽ ഉണ്ടായ ഒരു ഭൂകമ്പത്തിൽ ആ പാറ ഇല്ലാതായി.


എലിഫന്റ് ഫാൾസിൽ നിന്നും ഞങ്ങൾ നേരെ പോയത്, ‘ഗുഹകളുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്ന ഗാർഡൻ ഓഫ് കേവ്സിലേക്കാണ്. ‘കാ ബ്രി കി സിൻറാങ്’ എന്നാണ് ഖാസിയിൽ ഇതിനു പേര്. എലിഫന്റ് ഫാൾസിൽ നിന്നു കുറച്ചു മാറി, ഖാസി, ജയന്തിയ കുന്നുകളിലായി Laitmawsiang എന്ന സ്ഥലത്താണ് ഇതു സ്ഥിതി ചെയ്യുന്നത്.
കന്യാവനങ്ങൾ നിറഞ്ഞ ഈ പ്രദേശത്ത് 2.5 ഹെക്ടറോളം ഭാഗത്തായാണ് പ്രകൃതിദത്തമായ ഗുഹകളുടെ ഈ ഉദ്യാനം കിടക്കുന്നത്. കൊളോണിയൻ ഭരണകാലത്ത് ബ്രിട്ടീഷ്കാരിൽനിന്ന് രക്ഷ തേടി ഖാസി ഗോത്രവംശജർ ഈ ഗുഹകളിൽ ഒളിച്ചു താമസിച്ചിരുന്നു.
മേഘാലയ ചുണ്ണാമ്പ് കല്ലുകൾകൊണ്ട് സമ്പുഷ്ടമായതുകൊണ്ടാവാം, ഗുഹകളിൽ ഭൂരിഭാഗവും ചുണ്ണാമ്പ് കല്ലാൽ നിർമ്മിതമാണ്. പ്രകൃതി തന്റെ കരവിരുത് പ്രകടിപ്പിച്ചുകൊണ്ട് മെനെഞ്ഞെടുത്ത പലതരം ഗുഹകളുടെ ഒരു സമൂച്ഛയം. ഇവിടെയും വെള്ളച്ചാട്ടങ്ങൾ കാണാം. ‘സെവൻ സിബ്ലിംഗ്സ്’ എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടങ്ങൾകൂടി അടങ്ങിയതാണ് നഴ്സറി ഓഫ് കേവ്സ്.
ഒരുപാട് കയറ്റിറക്കങ്ങൾ ഉള്ളതിനാൽ എല്ലാർക്കും ഓരോ മുളവടി തന്നിരുന്നു. പലപ്പോഴും അത് ഉപകാരപ്പെട്ടു. പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന ഈ വിസ്മയം എത്ര കണ്ടാലും മതിയാവില്ല. ചിലതിലേക്ക് പ്രവേശിക്കാനാകില്ല. അത്ര ഇടുങ്ങിയതും ഇരുണ്ടതുമാണ്. ചിലതിൽ കഷ്ടിച്ച് ഒരാൾക്ക് കടന്നുപോകാനുള്ള ഇടമേയുള്ളു. ചിലയിടങ്ങളിൽ ലൈറ്റ് അറേന്ജ് ചെയ്തിട്ടുണ്ട്. മുകളിൽ നിന്ന് ഷൌവർ കണക്കെ വീഴുന്ന വെള്ളം ഒരു തെളിഞ്ഞ ജലാശയമായി മാറി മറ്റൊരിടത്തേക്ക് ഒഴുകി പോകുന്നു. പലയിടങ്ങളിലും ഗുഹാ ഭിത്തികളിലെ ചെറുദ്വാരങ്ങളിൽ നിന്നും വെള്ളം ഒഴുകിയിറങ്ങുന്നു.
മുകളിൽ നിന്ന് വീഴുന്ന ജലം ചെറിയ അരുവിയായി ഒഴുകി പോകുന്ന ഒരിടത്തെത്തിയപ്പോൾ, അതിലേക്കിറങ്ങുവാൻ ഞങ്ങൾക്കു തോന്നി. ഏതാനും സ്റ്റെപ്പുകൾ ഇറങ്ങിയാൽ അതിലേക്കിറങ്ങാം. രാജേന്ദ്രൻ സർ ആദ്യം ഇറങ്ങി. ഒരു റിട്ട. കോൺസ്റ്റബിൾ ആണ് അദ്ദേഹം. നല്ല വഴുക്കൽ ഉണ്ടെന്നു തോന്നിയതുകൊണ്ട് മറ്റാരോടും ഇറങ്ങരുതെന്ന് വിലക്കിയതുകൊണ്ട് ഞങ്ങളാരും ഇറങ്ങിയില്ല.
ഒരിടത്ത് ഹൃദയത്തിന്റെ ആകൃതിയിൽ ഒരു ജലാശയം. പ്രകൃതി സ്വയം മെനഞ്ഞെടുത്തത്. ഒരു പാറകെട്ടിന്റെ മുകളിൽ ഗർഭപാത്രത്തിലിരിക്കുന്ന കുഞ്ഞിനെപോലെ പാറ പരുവപ്പെട്ടിരിക്കുന്നു. അവിടെ കാവൽക്കാരെ പോലെ ഒരമ്മയും കുഞ്ഞും നിൽപ്പുണ്ടായിരുന്നു. പാറയുടെ താഴെ ഭാഗത്തു നാണയ തുട്ടുകൾ നിക്ഷേപിച്ചിരിക്കുന്നതു കണ്ടു. അതെന്തിനെന്ന് മനസിലായില്ല.



ഇരുളും വെളിച്ചവും കണ്ണുപൊത്തിക്കളിക്കുന്ന ആ വിസ്മയകാഴ്ചകൾ അധികദൂരം ആസ്വദിച്ചുനടക്കാൻ കഴിഞ്ഞില്ല. അതിനുള്ളിൽ അവിടെ നിന്നും മടങ്ങാനുള്ള അറിയിപ്പ് എത്തി. അങ്ങനെ ഞങ്ങൾ വീണ്ടും ഭൂതലത്തിന്റെ നേരുകളിലേക്കും മനുഷ്യനിർമ്മിത ബഹളങ്ങളിലേക്കും തിരിച്ചെത്തി.
അന്ന് രാത്രിയിൽ ചിറാ പുഞ്ചിയിലെ JMS hotels ലാണ് താമസിച്ചത്. ഈ യാത്രയിലെ ഏറ്റവും മോശം അനുഭവമായിരുന്നു അത്. താമസവും സർവീസും എല്ലാം വളരെ മോശം. നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും, വേണ്ടത്ര സൗകര്യങ്ങളൊന്നും അവർ ചെയ്തിരുന്നില്ല. അത്താഴവും വളരെ മോശമായിരുന്നു.
തുടരും…
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം