Prathibhavam First Onappathippu-2025
Ennil Swapnangalude Kalarppund-Dr. Roshni Swapna-Vismaya K. G.-Prathibhavam first onam edition-2025

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പിനുവേണ്ടി, മലയാളത്തിലെ പ്രിയ എഴുത്തുകാരി ഡോ. രോഷ്നി സ്വപ്നയുമായി പ്രതിഭാവം അസോസിയേറ്റ് എഡിറ്റർ വിസ്മയ കെ ജി നടത്തിയ ‘ഓണവും എഴുത്തും’ അഭിമുഖം.

Dr. Roshni Swapna-Vismaya K G
രോഷ്നി സ്വപ്ന | വിസ്മയ കെ ജി

എഴുതിക്കൊണ്ടേയിരിക്കുക എന്നതാണ് എന്റെ രീതി. എഴുതിയതിൽ അധികവും പുറത്ത് കാണിക്കാനോ കൊടുക്കാനോ തല്പര്യപ്പെടാറില്ല. എഴുതുന്നത് എപ്പോഴും കവിതയാകണമെന്നില്ല, സാഹിത്യമാവണമെന്നില്ല. എങ്കിലും അത്രയ്ക്കൊന്നും അച്ചടക്കമില്ലാത്ത, ചിന്തകളെയോ അനുശീലനങ്ങളെയോ ആലോചനകളെയോ അടുക്കിവെച്ചു കൊണ്ടുള്ള, ക്രമരാഹിത്യത്തിന്റെ ഒരു നിഗൂഢതലം എന്നിലുണ്ട്. ആ തലത്തിൽ ഇരുന്നാണ് ഞാൻ എഴുതാറ്. 

സ്പെഷൽ സ്റ്റോറി

എന്നിൽ സ്വപ്നങ്ങളുടെ കലർപ്പുണ്ട്: ഡോ. രോഷ്നി സ്വപ്‌ന

ഓണം 2025. തിരിഞ്ഞു നോക്കുമ്പോൾ ഓണത്തിനു വന്ന പുതുമകൾ?

ഓണത്തെക്കുറിച്ച് സവിശേഷമായ ഓർമ്മകൾ ഒന്നുമില്ല. ചെറുപ്പം മുതൽ ഓണാഘോഷങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ല. അച്ഛന്റെ എഴുത്ത്/ കല തുടങ്ങിയ പൊതുജീവിതമായും അമ്മയുടെ സംഗീത പരിപാടികളുമായും ബന്ധപ്പെട്ട അവരുടെ സുഹൃത്തുക്കളായ കലാകാരന്മാരുടെയും എഴുത്തുകാരുടെയും സന്ദർശനങ്ങളാണ് ഓർമ്മകളിൽ അധികവും. ആ അനുഭവങ്ങൾ ഒരു വെയിൽ വെളിച്ചം പോലെ മൂടുന്നുണ്ട്. അത്രമാത്രം.

ഓണവുമായി ബന്ധപ്പെട്ട എഴുത്തുകളിൽ മനസ്സിൽ തങ്ങി നില്ക്കുന്നത്?

എം ടി യുടെ ഒരു ഓണക്കഥ വായിച്ച സങ്കടം ഓർമ്മയുണ്ട്. ഒരു ചെറിയ കുട്ടിയുടെ ദാരിദ്ര്യമായിരുന്നു വിഷയം.

ഓണക്കളികളിൽ/ ആഘോഷങ്ങളിൽ പ്രിയപ്പെട്ടത്?

എല്ലാ മനുഷ്യരും ഒന്ന് പോലെ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. അതെത്രമാത്രം പ്രായോഗികമാണ് എന്നോർക്കുമ്പോൾ വിഷമവും. തൃശൂർക്കാരിയായതു കൊണ്ട്, പ്രിയപ്പെട്ട ഓണാഘോഷം പുലിക്കളി.

ഓണവിഭങ്ങളിൽ പ്രിയപ്പെട്ടത്?

തൈരും മോരും കലർന്ന കറികൾ. കേരളത്തിന്റെ പരമ്പരാഗത സദ്യ ഇഷ്ടമാണ്. നന്നായി പാചകം ചെയ്യാനും ഇഷ്ടമാണ്. ഓരോ വിഭവത്തിനും ഓരോ  സാംസ്‌കാരിക ചരിത്രമുണ്ട്. അതിന്റെ രുചി, നിറം, സുഗന്ധം എന്നിവ രൂപപ്പെടുന്നതിൽ കൈവന്ന ചരിത്രം അന്വേഷിക്കാറുണ്ട്.

ആദ്യത്തെ എഴുത്ത്?

ആറാം ക്ലാസിൽ പഠിക്കുമ്പോൾ. ഡിക്കെൻസിന്റെ ‘എ ടെയിൽ ഓഫ് റ്റു സിറ്റീസ്’ എന്ന കൃതിയുടെ ആസ്വാദനം.

ആറാം ക്ലാസിൽ..? ഫ്രഞ്ചുവിപ്ലവം പശ്ചാത്തലമാക്കുന്ന ഒരു വിശ്വസാഹിത്യത്തെകുറിച്ച്?

ഡാഡി എഴുത്തുകാരനായിരുന്നു. ലോക ക്ലാസിക്കുകളുടെ വലിയ കൂമ്പാരം തന്നെ വീട്ടിലുണ്ട്. ഭാഷ  അറിയാതെ അതൊക്കെ എടുത്ത് ഒഴിവു സമയങ്ങളിൽ വായിക്കുന്നതായിരുന്നു അന്നത്തെ പണി.

‘മനസ്സിലായില്ലെങ്കിൽ ഒന്നുകൂടി വായിക്കൂ, വീണ്ടും വീണ്ടും വായിക്കൂ…’ എന്ന് ഡാഡി പറയും. ഇംഗ്ലീഷ് വായിക്കുക ബുദ്ധിമുട്ടില്ല. പക്ഷേ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് കടക്കാൻ ആ പ്രായത്തിൽ വാതിലുകൾ തുറന്നിട്ടത് ഡാഡിയാണ്. ഡാഡിയുടെ സഹായത്തോടെയാണ് വായിക്കാൻ ശ്രമിച്ചത്.

പലതും മനസ്സിലായില്ല. വായിച്ചവയെക്കുറിച്ച് ചെറിയ കുറിപ്പുകൾ എഴുതിവെയ്ക്കുന്ന ശീലം അന്നേ തുടങ്ങിയതാണ്. അങ്ങനെ ആറാം ക്ലാസ് അവധിക്ക് എഴുതിയ ഒരു ചെറിയ കുറിപ്പാണ് ആ നോവലിന്റെത്.  ഡാഡിയുടെ സുഹൃത്തും കഥാകൃത്തും കവിയുമായ ഡി. വിനയചന്ദ്രൻ മാഷ് വീട്ടിൽ വന്നപ്പോൾ ആ കുറിപ്പ് വായിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് അത് ബാലപംക്തിയിലേക്ക് അയച്ചത്.

ആദ്യത്തെ പുസ്തകം?

അരൂപികളുടെ നഗരം. ഡി സി ബുക്‌സിന്റെ 2007ലെ ഒ. വി. വിജയൻ നോവൽ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത നോവലാണ്. മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ നിരന്തരം കവിതകൾ വന്നുതുടങ്ങി, ഏകദേശം 10 വർഷം കഴിഞ്ഞു. ആദ്യ പുസ്തകം എപ്പോൾ…  എങ്ങനെ… എന്ന സംശയമുണ്ടായിരുന്നു.

1994ൽ തുടങ്ങിയ എഴുത്തുകാലം. ഇതിനിടയിൽ എപ്പോഴോ പൂർത്തിയാക്കിയ നോവൽ. അക്കാലത്താണ്, ഒ. വി. വിജയൻ സ്മാരക നോവൽ പുരസ്‌കാരത്തിലേക്ക് എഴുത്തുകാരുടെ ആദ്യ നോവൽ ക്ഷണിച്ചുകൊണ്ടുള്ള ഡി സി ബുക്‌സിന്റെ അറിയിപ്പ് കാണുന്നത്. എഴുതിക്കഴിഞ്ഞ ഇരുനൂറോളം പേജുകൾ കയ്യിലുണ്ട്.

കവിതകൾ പുസ്തകമാക്കാനുള്ള കാലമായി എന്ന് വായനക്കാർ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന കാലംകൂടിയായിരുന്നു അത്. ആദ്യം മടിച്ചു. കവിതയിലാണ് മനസ്. ആദ്യ പുസ്തകം കവിതയല്ലേ ആകേണ്ടത് എന്ന ഇഷ്ടക്കൂടുതൽ… അന്ന് സ്ഥിരമായി കവിയരങ്ങുകൾ ഉണ്ട്. കവിതാ യാത്രകൾ ഉണ്ട്. നോവൽ എഴുതിപ്പോയതാണ്.

കവി സെബാസ്റ്റ്യനും അശോകൻ ചരുവിലും ആ നോവൽ നിർബന്ധമായി അയക്കണം എന്നും പറഞ്ഞു. ഒന്നും നോക്കാതെ, പൂർത്തിയായ പേജുകൾ ഡി സിയ്ക്ക് അയച്ചു. മമ്മിയാണ് അക്ഷരതെറ്റുകൾ തിരുത്തിയത്. സാനു മാഷ് വായിച്ചതിനു ശേഷമാണ് അയച്ചത്.

അതിനും മുൻപ്, പ്രശസ്ത ചലച്ചിത്ര ക്യൂറേറ്ററും നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായിരുന്ന പി കെ നായർ ക്യൂറെറ്റ് ചെയ്ത ഒരു ചലച്ചിത്രാസ്വാദന കോഴ്‌സിൽ പങ്കെടുത്തപ്പോൾ  അദ്ദേഹത്തിന് അരൂപികളുടെ നഗരത്തിലെ ആദ്യ അദ്ധ്യായമായ ‘നഗരം’ വായിക്കാൻ കൊടുത്തിരുന്നു.

പിറ്റേന്നു ക്ലാസിലേക്ക് വന്നയുടൻ പി കെ സർ ചോദിച്ചത്, ”സ്വപ്ന തർകോവ്‌സ്‌കിയുടെ സിനിമകൾ കണ്ടിട്ടുണ്ടോ?” എന്നാണ്. ”ഇല്ലെങ്കിൽ കാണണം. താൻ എഴുതുന്ന നോവലിൽ തർകോവ്‌സ്‌കി ഇടപെടും.” എന്നും പറഞ്ഞു. അവിടെ വച്ചാണ് ഞാൻ തർകോവ്‌സ്‌കിയെ അറിയുന്നത്. അവിടം മുതലാണ് മുമ്പെങ്ങും ഇല്ലാത്തപോലെ, ജീവിതത്തിനും എഴുത്തിനുംമേലെ കാഴ്ചയുടെ അവ്യവസ്ഥിത രൂപങ്ങൾ എന്നിൽ കുടിയേറാൻ  തുടങ്ങിയത്.

നോവൽ അയച്ചു കുറച്ച് ദിവസങ്ങൾക്കു ശേഷം ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടു എന്നൊരു അറിയിപ്പ് ഡി സിയിൽ നിന്നും വന്നു. 2007 മാർച്ചിൽ. കണ്ണൂർ ടൌൺ ഹാളിൽ വെച്ചാണ് പരിപാടി. അന്നത്തെ വൈകുന്നേരം ഞാനടക്കം അഞ്ച് പേരുടെ നോവലുകൾ വെളിച്ചം കണ്ടു.

Vismaya K G interviews Dr. Roshni Swapna-1
Dr. Roshni Swapna Black and White Pic
ഓരോ കവിതയെയും സ്വയം വിമർശിക്കാൻ ശ്രമിക്കാറുണ്ട്. സ്വന്തം കാലുകളുടെ അടയാളങ്ങളിലേക്ക് അത് വേരൂന്നുന്നത് നോക്കി നില്ക്കാറുണ്ട്. എഴുതിയവയെ മുഴുവൻ വെളിപ്പെടുത്താറില്ല. ഉപേക്ഷിച്ചവയാണ് കൂടുതൽ.

സ്വന്തം എഴുത്തുകളിലെ ആത്മവിമർശം?

ഡിഗ്രി വരെ ഗദ്യമാണ് എഴുതിയത്. കഥകളും കുറിപ്പുകളും മറ്റും. അതിനു ശേഷമാണ് കവിതയിലേക്ക്. ആത്യന്തികമായി കവിതയിലാണ്  ഞാൻ.

എഴുതിക്കൊണ്ടേയിരിക്കുക എന്നതാണ് എന്റെ രീതി. എഴുതിയതിൽ അധികവും പുറത്ത് കാണിക്കാനോ കൊടുക്കാനോ തല്പര്യപ്പെടാറില്ല. എഴുതുന്നത് എപ്പോഴും കവിതയാകണമെന്നില്ല, സാഹിത്യമാവണമെന്നില്ല. എങ്കിലും അത്രയ്‌ക്കൊന്നും അച്ചടക്കമില്ലാത്ത, ചിന്തകളെയോ അനുശീലനങ്ങളെയോ ആലോചനകളെയോ അടുക്കിവെച്ചുകൊണ്ടുള്ള, ക്രമരാഹിത്യത്തിന്റെ ഒരു നിഗൂഢതലം എന്നിലുണ്ട്. ആ തലത്തിൽ ഇരുന്നാണ് ഞാൻ എഴുതാറ്.

എഴുത്തിനോട് വല്ലാത്ത ഒരു ആവേശമുണ്ട്. അനുഭവങ്ങളുടെ, നിരീക്ഷണങ്ങളുടെ, ചിന്തയുടെ ഒക്കെ ഇടങ്ങളിൽ എഴുത്ത് രൂപപ്പെടാറുണ്ട്. ഒരു പക്ഷേ എഴുതുന്നതിനേക്കാൾ കൂടുതൽ വായനയ്ക്കാണ് സമയം കണ്ടെത്താറ്. ഓരോ പുസ്തകവും ഞാൻ എഴുതേണ്ടിയിരുന്ന പുസ്തകം എന്ന ആഗ്രഹത്തോടെയാണ് വായിക്കുക.

ഒരിക്കൽ എഴുതിയാൽ, അഞ്ചോ ആറോ വർഷം കഴിഞ്ഞ് മുഴുവനാകുന്ന കവിതകളും നോവൽ ഭാഗങ്ങളും ഇപ്പോഴും കയ്യിലുണ്ട്. തന്റെ എഴുത്തിനെകുറിച്ചുള്ള ബോധ്യങ്ങൾ സമഗ്രമായി തന്നെ നമുക്കുള്ളിൽ ഉണ്ടാവണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അബോധത്തിൽ സംഭവിക്കുന്ന ഒന്നല്ല എനിക്ക് എഴുത്ത്.

പക്ഷേ സ്വപ്നങ്ങളും അതിതീവ്രമായ ഭ്രമാത്മക ചിന്തകളും മാജിക്കും എന്റെ ചിന്തയിലൂടെ കടന്നു പോകാറുണ്ട്. അത് പലപ്പോഴും ‘എഴുത്ത്’ ആവണമെന്ന നിർബന്ധം എനിക്കില്ല. ഒരു ക്യാൻവാസിലേക്ക് ചിത്രമായി പകർത്താനും അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ എന്നിൽ നിന്ന് പുറത്തേക്ക് പകർത്താനും കഴിയുന്ന പല മീഡിയങ്ങളിലേക്കും ഞാൻ പകർന്നു പോകാറുണ്ട്.

എഴുതുന്നത് ഞാൻ നിലനില്‍ക്കുന്നു എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ആണ് എന്നതാണ് സത്യം. സമയം എന്നത് എന്റെ ചിന്തയിൽ വരുന്ന ഒന്നേ അല്ല. എല്ലാ സമയങ്ങളും എന്റേത് തന്നെയാണ്. എന്നെ സംബന്ധിച്ച്, ഒരാൾ കവിതയെഴുതുന്നു, ഒരാൾ സംഗീതത്തിൽ ജീവിക്കുന്നു, ഒരാൾ ചിത്രകാരനാകുന്നു, കലാകാരൻ/ കാരി  ആകുന്നു എന്നതിൽ അവർ ആ കലയ്ക്കു വേണ്ടി എത്ര സമയം മാറ്റിവയ്ക്കുന്നു/ അധ്വാനിക്കുന്നു/ ഹോംവർക്ക് ചെയ്യുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അത് അയാളുടെ/ അവളുടെ കലയിലെ റിസൾട്ടിൽ  പ്രതിഫലിക്കുക തന്നെ ചെയ്യും.

അതുപോലെതന്നെ, പുതിയ ഭാവുകത്വത്തെയോ പഴയ ഭാവുകത്വത്തെയോ വേണ്ടത്ര അളവിൽ/ രീതിയിൽ  തിരിച്ചറിയാത്ത എഴുത്തിനെയും കലയെയും ഒരുതരത്തിലും സഹിക്കാൻ പറ്റാത്ത ആളാണ് ഞാൻ.

ജീവിതത്തിൽ, എഴുത്ത് അഭിഭാജ്യഘടകമെന്നു തിരിച്ചറിഞ്ഞത് എപ്പോൾ/ എങ്ങനെ?

90കളുടെ മധ്യത്തിൽ. സംഗീതം എന്റെ ജീവനും കവിത ആത്മാവുമാണെന്ന് തിരിച്ചറിഞ്ഞ കാലം. മൂന്നര വയസ്സ് മുതലേ കർണാടക സംഗീതവും ചിത്രം വരയുമാണ് ഞാൻ അഭ്യസിച്ചത്. അമ്മ സംഗീതജ്ഞയായിരുന്നു. വീട് നിറയെ സംഗീതോപകരണങ്ങളും മുകൾ നിലയിലെ മുറിയിൽ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു.

ഡാഡിയും സുഹൃത്തുക്കളും ചേർന്ന് വായനക്കൂട്ടവും ഫിലിം ക്ലബ്ബുകളും നടത്തിയിരുന്നത് കണ്ടാണ് വളർന്നത്. കലയെ അത്രമേൽ സ്‌നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിലാണ് ഞാൻ വളർന്നത്. എപ്പോഴും പുതിയ പുസ്തകം, പുതിയ കഥ, ആഴ്ചപ്പതിപ്പുകൾ, സിനിമകൾ എന്നിവയെക്കുറിച്ചാണ് കേൾക്കുക. മറ്റൊരു ചിന്ത അന്നില്ല. കുട്ടികൾക്കൊപ്പം കളിക്കുന്നതിനെക്കാൾ ഞാൻ ആ പുസ്തകങ്ങൾക്കിടയിൽ ഉറങ്ങുന്നത് ശീലിച്ചു.

ജീവിതത്തിൽ എന്തിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത് എന്ന് അന്ന് തന്നെ തോന്നിപ്പിച്ചിരുന്നിരിക്കാം. അതോടൊപ്പം കാരണമില്ലാത്ത ഏകാന്തതയും കൂടെയുണ്ടായിരുന്നു. എത്ര വേദികളിൽ പാടിയിട്ടും ആ ഏകാന്തത എന്നെ വിട്ട് പോയില്ല, കവിത എന്നിലേക്ക് ആഴത്തിൽ വേരോടുംവരെ.

സംഗീതത്തിലോ സാഹിത്യത്തിലോ ചിത്രം വരയിലോ സിനിമയിലോ ഒക്കെ ആയിരിക്കും ജീവിതം കൊളുത്തിക്കിടക്കുക എന്ന് കരുതിയിരുന്ന ഒരു കാലത്തെ പകുതിയായി കീറിമുറിച്ചു കൊണ്ടാണ് പലതും  സംഭവിച്ചത്. നിരന്തരമായുള്ള പറിച്ചു നടലുകൾ എന്നെ എകാകിയാക്കി. ഡാഡിയുടെ ജോലി സംബന്ധമായ  സ്ഥലം മാറ്റങ്ങൾ, അതിർത്തികളിലെ സ്‌കൂളുകളിലെ പഠനകാലങ്ങൾ, വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ള കുട്ടികൾ, അവിടങ്ങളിലെ മനുഷ്യർ എല്ലാംതന്നെ എന്നെ എഴുത്തിലേക്ക് എത്തിച്ച ഘടകങ്ങളാണ്.

കൃത്രിമമായ ബോധങ്ങളിൽ നിന്ന് യഥാർത്ഥ സ്വത്വത്തിലേക്ക് എത്താനുള്ള ഒരേയൊരു മാധ്യമമാണ് എനിക്ക് കവിത എന്ന്  ഈ കാലത്താണ് തിരിച്ചറിയുന്നത്. എട്ടാം ക്ലാസ് വരെ, ലോകക്ളാസിക് പുസ്തകങ്ങൾ എന്നെ ഉഴുതു മറിച്ചു. ഏറിയ പങ്കും അന്നത്തെ വായന തന്നെയാണ്, പില്ക്കാലത്ത്, ജീവിതത്തെ മനസ്സിലാക്കിത്തന്നതും.

ഇന്ന് കവിതയിൽ ഞാൻ ജീവിക്കുകയാണ്. കവിതയെഴുത്തിൽ 25 വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും എന്നെ മുഴുവനായി സംതൃപ്തിപ്പെടുത്തുന്ന കവിത എഴുതിയിട്ടില്ല. ആ അപൂർണ്ണതയിൽ ജീവിക്കാനാണ് ഇഷ്ടം. എന്നിൽ നിന്ന്, കാലത്തിൽ നിന്ന് അടർന്നു പോകുന്ന ഒരു കവിതയും എന്നെ സന്തോഷിപ്പിക്കുന്നില്ല. അവിടെ പാരമ്പര്യവാദമോ ഭാഷയുടെ വ്യാകരണ നിയമങ്ങളോ ഇല്ല. ഭാവുകത്വവും ഫോമും മാത്രമാണ് എന്നെ സംബന്ധിച്ച് പ്രധാനം.

കവിതകൾ ആദ്യം അച്ചടിച്ചു തുടങ്ങിയത് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്, ഏകദേശം 1994 മുതൽ. 2007 ലാണ് ആദ്യ പുസ്തകത്തിന്റെ വരവ്. അതിനു ശേഷം, ജീവിതത്തിന്റെ ഭാഗമായി എഴുത്ത് ഒഴുകുന്നു.

ഓരോ കവിതയെയും സ്വയം വിമർശിക്കാൻ ശ്രമിക്കാറുണ്ട്. സ്വന്തം കാലുകളുടെ അടയാളങ്ങളിലേക്ക് അത് വേരൂന്നുന്നത് നോക്കി നില്ക്കാറുണ്ട്. എഴുതിയവയെ മുഴുവൻ വെളിപ്പെടുത്താറില്ല. ഉപേക്ഷിച്ചവയാണ് കൂടുതൽ.

ഇഷ്ടപ്പെട്ട കൃതികൾ? എഴുത്തുകാർ?

ഗബ്രിയേൽ ഗർസിയ മാർക്വേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ(One Hundred Years of Solitude), ഹൊസേ ഡി സൂസ സരമാഗോയുടെ കൃതികൾ, ബൈബിൾ, ഷേക്‌സ്പിയർ കൃതികൾ, ടി. എസ്. എലിയറ്റ്, വ്ളാദിമിർ മയക്കോവ്‌സ്‌കി, ബോർഹസ്, ചാൾസ് ബോദ്‌ലെയർ, റയിനർ മരിയ റിൽക്കെ, ഗാർഷ്യ ലോർക, ജോൺ കീറ്റ്‌സ്, അന്ന അഖ്മത്തോവ, സാറാ കെയ്ൻ, റോബർട്ടോ ബൊളാനോ, ഇറ്റാലൊ കൽവീനൊ, മിറോസ്ലാവ് ഹോലുബ് എന്നിവരുടെ ഗദ്യകൃതികൾ…

എഴുത്തച്ഛൻ, ആശാൻ, ആറ്റൂർ, അംബേദ്കർ, ടാഗോർ, സൂഫി കവി മിർസ ഗാലിബ്, കബീർ, അക്കാ മഹാദേവി, ബസവണ്ണ എന്നിവരുടെ കവിതകൾ, സി. എൻ. ശ്രീകണ്ഠൻ നായരുടെ നാടകങ്ങൾ… അങ്ങനെ ഒരുപാടുണ്ട്.

ഒക്ടാവിയോപാസിന്റെ കവിതകളും പ്രോസും ഏതു കാലത്തും എന്നെ ആനന്ദിപ്പിക്കുന്നു. സൺസ്റ്റോൺ(പിഡ്ര ഡി സോൾ) പോലൊരു കവിത ലോകത്തിനാവശ്യമാണ്. അതുപോലെ തന്നെയാണ്, ഹോമർ കൃതികൾ, എലിയറ്റിന്റെ ആഷ് വെനെസ് ഡേ, വേസ്റ്റ് ലാന്ഡ് തുടങ്ങിയ കൃതികൾ. സരമാഗോയുടെ ‘നോട്ട് ബുക്ക്’ എന്റെ വായനയെ മാറ്റിയിട്ടുണ്ട്.

പുസ്തകങ്ങൾ, അതെഴുതപ്പെട്ട കാലത്ത് നിന്ന് നമ്മളെ മറ്റൊരു കാലത്തേക്ക് നയിക്കും. സിദ്ധാന്തങ്ങളിൽ, വാൾട്ടർ ബെഞ്ചമിൻ, ഫെഡറിക്ക് നീഷെ, ഴാക്ക് ദെറിദ, ക്ലോദ് ലെവി- സ്‌ട്രോസ്, ഷാൺ- പോൾ സാർത്ര്, അൽബേർ കാമ്യു, എഡ്വേർഡ് സൈദ്, ഉംബർട്ടോ എക്കോയുടെ പുസ്തകങ്ങൾ, ആമോസ് ഓസിന്റെ പുസ്തകങ്ങൾ തുടങ്ങി ഒരുപാടുണ്ട്.

ഇതിനൊക്കെ ഇപ്പുറമാണ് നമ്മുടെ എഴുത്തുകൾ നില്ക്കുന്നത് എന്ന ബോധ്യമുണ്ടാവണം. വായിക്കുന്നത് കൊണ്ട് എഴുതാൻ സാധിക്കുമെന്നില്ല. പക്ഷെ  വായനയുടെ ഊർജം ആവർത്തനങ്ങളെ ഒഴിവാക്കും. സമകാലികരിൽ നല്ല കവികളും എഴുത്തുകാരും ഏറെയുണ്ട്. 

ഏറ്റവും ഇഷ്ടപ്പെട്ട കൃതി? എഴുത്തുകാരൻ/ കാരി?

തിരഞ്ഞെടുക്കാൻ പ്രയാസമാണ്. കഴിഞ്ഞ ദിവസം വാങ്ങിയ ഒർഹാൻ പാമുകിന്റെ ‘Memories of Distant Mountains’ എന്ന പുസ്തകമാണ് ഈ നിമിഷം എന്റെ കയ്യിൽ ഉള്ളത്. ഓരോ പുസ്തകവും പ്രിയപ്പെട്ട എന്തോ ഒരനുഭവം തരുന്നത് കൊണ്ടാണല്ലോ നാം വാങ്ങിക്കുന്നത്/വായിക്കുന്നത്. ആശാനെയും ബോർഹസിനെയും ഞാൻ ആവർത്തിച്ചു വായിക്കാറുണ്ട്. ചില ഉർദു കവിതകളും.

ആന്ദ്രേ തർകോവ്‌സ്‌കിയുടെയും വുഡി അലന്റെയും നൂറി ബിൽജേ സെലാന്റെയും കെ. ജി. ജോർജിന്റെയും കിയാരൊസ്തമിയുടെയുമൊക്കെ സിനിമകൾ ആവർത്തിച്ചു കാണുമ്പോഴും നടക്കുന്നതും വായന തന്നെ. ഫഞ്ച് തത്വചിന്തകനായ ഗാസ്റ്റൺ ബാച്ചിലാർഡിന്റെ ‘The Poetics of Space’ എന്ന പുസ്തകത്തിൽ റെയ്‌നർ മറിയ റിൽക്കേയുടെ ഒരു ചിന്ത പങ്കുവെക്കുന്നുണ്ട്.

എങ്കിൽപ്പിന്നെ എന്തിനെഴുതുന്നു എന്ന് ചോദിക്കാം. ജീവിതവും കവിതയും തമ്മിലുള്ള അന്തരമെന്തെന്ന പ്രശ്‌നത്തിന് ആസ്ട്രിയൻ ദാർശനികനായ വിറ്റ്ജൻസ്‌റ്റൈനിന്റെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. ദർശനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തിയാലും ബാക്കിയാവുക ജീവിതം എന്ന സമസ്യയാണെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.

ജീവിതം ഒരൊഴുക്കാണ്. ആ ഒഴുക്കിന്റെ വേഗമാണ് കവിത, അയവാണ് കവിത.

ലോകം പതിനൊന്നിനെ രണ്ടാക്കി മുറിക്കുകയാണ്. ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്കിനെ ഒരു വാൾ മുറിക്കും പോലെ. ലോകത്തിന്റെ ആയുധം മറവിയാണ്. മറവി കൊണ്ടാണ് മനുഷ്യനെ ലോകം അടിമപ്പെടുത്തുന്നത്. മറക്കാൻ ശ്രമിക്കുന്നത് ഓർമ്മയിലേക്കുതന്നെ തിരിച്ചുവരും. ഉറവയിലേക്ക് പുഴ തിരിച്ചെത്തും പോലെ.

Vismaya K G interviews Dr. Roshni Swapna-2

വിവർത്തന വഴിയിൽ?

ഭാഷ സംവദിക്കുന്നത് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കാണ്. പ്രദേശങ്ങളിൽ നിന്ന് ദേശങ്ങളുടെ അകങ്ങളിലേക്കാണ്. ബഹുസ്വരതയിൽ നിന്ന് ഏകത്തിലേക്ക് അത് രൂപാന്തരപ്പെടുകയും പടരുകയും ചെയ്യുന്നു. സംസ്കാരത്തിന്റെ വിനിമയത്തിന് മറ്റൊരു ദിശയിലേക്ക് പടർന്നു കൊണ്ട് ജീവിതത്തെ വെളിപ്പെടുത്തുന്നു ഭാഷ. There is a great deal to know about writing level in one’s own tongue. തീരെ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കാലത്ത് ഡാഡിയുടെ പുസ്തകശേഖരങ്ങൾക്കിടയിൽ നിന്നാണ് ‘ദി ബുക്ക് ഓഫ് അവേഴ്‌സ്’, ‘ദി ബുക്ക് ഓഫ്  ഇമേജസ്’, ‘വേസ്റ്റ് ലാൻഡ്’, ‘സൺസ്റ്റോൺ’, ‘ക്യൂബൻ കവിതകൾ’, ‘നെരൂദ’ എന്നീ പുസ്തകങ്ങൾ കിട്ടുന്നത്. ഇംഗ്ലീഷ് ഉൾക്കൊണ്ട് വായിക്കാനും എഴുതാനും അറിയാത്ത ആ കാലത്ത് എന്തിനെന്നറിയാതെ പുസ്തകങ്ങൾ  ഞാൻ ഒപ്പം കൊണ്ടുനടന്നു.

കൗമാരകാലം ഹൈറേഞ്ചിൽ ആയിരുന്നു. കാരണങ്ങൾ ഇല്ലാത്ത വിഷാദം പകരുന്ന കോടമഞ്ഞിന്റെ തണുപ്പിൽ ഏറിയകൂറും ഞാൻ ആശുപത്രിവാസങ്ങളിൽപ്പെട്ടു. വെളുത്ത മഞ്ഞുടുപ്പുകൾ ഇട്ട കന്യാസ്ത്രീകൾ  നടത്തുന്ന ‘സേവനാലയ’ എന്ന ആശുപത്രിയുടെ വരാന്തയുടെ അറ്റത്തെ മുറിയിൽ ‘സ്ഥിരസന്ദർശകയായിരുന്നു’ അന്ന് ഞാൻ. കൂട്ടിനു  ചില പുസ്തകങ്ങളും കട്ടിലിൽ ഉണ്ടാവും. ആശുപത്രി എന്നതിനേക്കാൾ, റോസാപ്പൂക്കളുടെ മണമുള്ള ഒരു സ്‌കൂൾ പോലെയായിരുന്നു അവിടം. മലമുകളിൽ നിന്നുള്ള മഴയും കനത്ത കാറ്റും ഏറ്റ്, ചില്ല് ജനാലകളിലൂടെ നോക്കിയിരുന്ന്, ആ പുസ്തകങ്ങൾ വായിക്കുന്നതായിരുന്നു, അന്നത്തെ ഹോബി.

ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിക്കഴിഞ്ഞാൽ, നെരിപ്പോടുകൾ ഉള്ള, മരപ്പലകകൾ അടിച്ച ചുവരുകളും അകത്തളങ്ങളും കടന്ന്, നീണ്ടു കിടക്കുന്ന കോറിഡോറിന്റെ അറ്റത്തെ ജനാലപ്പടി. ചില്ലുജനാലകളിലൂടെ ദൂരെ തേയിലക്കാട്ടിലും കുന്നിലും പെയ്യുന്ന മഴയുടെ കനം നെഞ്ചിലേക്ക് കൊളുത്തിയെടുത്തുവെച്ച് ഞാൻ ആ പുസ്തകങ്ങൾ വായിച്ചു. അങ്ങനെ കവിതയും ചിത്രവും കൂടെക്കൂടി. കവിത വരുംമുമ്പ് കോടമഞ്ഞും തണുത്ത മലങ്കാറ്റും മഴയും ആശുപത്രി കാലങ്ങളും എന്നെ ഏകാകിയാക്കി. ആലോചനകളുടെ മഴക്കാലങ്ങളിൽ  ഭാവനയുടെ വെളിവിലേക്ക് ഞാൻ എടുത്തെറിയപ്പെട്ടു. ഹൈറേഞ്ചിലെ പച്ചയുടെ പകർച്ചയിൽനിന്ന് ഞാൻ പ്രകൃതിയെ വരച്ചെടുത്തു. അന്ന് കവിതയെഴുത്ത് ഉണ്ടായിരുന്നില്ല. പക്ഷെ, അന്നും കൂടെ എപ്പോഴും ഉണ്ടായിരുന്നത് കവിതയായിരുന്നെന്ന്  പിന്നീട് എത്രയോ കാലങ്ങൾ കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്.

ഉടലിനെ മഞ്ഞു മൂടിയ ആ വായനക്കാലത്തെ ചലിപ്പിച്ചത് കവിതകളും ചിത്രങ്ങളും സിനിമകളും തന്നെയായിരുന്നു. ‘വാക്ക്’ എന്നതിന്റെ അന്തരാർത്ഥങ്ങൾ ഗ്രഹിക്കാനോ പ്രകടിപ്പിക്കാനോ അറിയാത്ത കൗമാരകാലത്ത് മനസിൽ നിന്ന് പുറത്തു ചാടിയ വരികളിൽ പലതും വീണ്ടും എന്നെ സന്ദർശിക്കാൻ എത്തി. കറുത്ത  തുണി കൊണ്ട് കണ്ണുകൾ മൂടിക്കെട്ടിയ നാല് പെൺകുട്ടികളെ സ്വപ്നം കണ്ട പ്രഭാതത്തിൽ, തണുത്ത മഞ്ഞിനു കീഴിൽ പതുങ്ങിയിരുന്നു ഞാൻ മാർകേസിനെ വായിച്ചത് ഓർക്കുന്നു.

അക്കാലത്തെ ഭൂപ്രകൃതി അങ്ങനെ ആയിരുന്നു. ചുറ്റും മഞ്ഞ്, നനത്ത വെയിൽ. ഇടക്ക് ചില കാറ്റ്. കാക്കകളുടെ മുന്നറിയിപ്പ്. ഞാൻ അന്ന് ആറാം ക്ലാസ്സുകാരി. തോമസ് ഹാർഡിയുടെ ‘ദി റിട്ടേൻ ഓഫ് ദി  നേറ്റീവ്’ ലെ അനിശ്ചിതത്വത്തിന്റെ യാത്രകൾ ഉള്ളിൽ വഹിക്കുന്ന കഥാപാത്രത്തിന്റെ പ്രണയവും ഉന്മാദവും. ജീവിതത്തിലേക്കയാൾ തോറ്റുകൊണ്ട് നടത്തുന്ന ശ്രമങ്ങളും പരാജയങ്ങളും. നവംബർ രണ്ടിന് ആളിക്കത്തുന്ന തീക്കൂനകളും എന്റെ കണ്ണുകളിൽ അപ്പോഴുമുണ്ടായിരുന്നു.

പലകകൾ ചേർത്തുവെച്ച നെരിപ്പോടുകൾ ഉള്ള ആ ബ്രിട്ടീഷ് ഭവനത്തിൽ, കണ്ണാടി ജനലുകൾ ഉണ്ടായിരുന്നു. അവ അടച്ചു ചേർത്ത്, അതിനുള്ളിലൂടെ ഞാൻ ദൂരെയുള്ള മലകളിലേക്ക് നോക്കി. അന്ന് എന്റെ കയ്യിൽ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ ഉണ്ടായിരുന്നു. ഉടൽ മുഴുവൻ പ്രണയത്തിന്റെ മുൾക്കുരിശുകൾ തറഞ്ഞു കയറിയ ആ വായന സാർത്ഥകമായതു വീണ്ടും പത്തോ പന്ത്രണ്ടോ വർഷങ്ങൾക്കു ശേഷമാണ്. മരം പൊഴിക്കുന്ന പൂക്കൾക്കു മേൽ മനുഷ്യന്റെ സ്വപ്നം ചിത്രശലഭങ്ങളുടെ ജന്മമാകുന്ന മാന്ത്രികതയിൽ ഞാൻ  പനിച്ചു കിടന്നത് ഏഴു പകലുകളും രാത്രികളും. അന്ന് ഞാൻ എന്റെ നോട്ടുബുക്കിൽ എഴുതി വച്ച ഒരു വരിയുണ്ട്,

“the unfold cross
 along my soul.”

വാക്കിന്റെ അന്തരാർത്ഥങ്ങൾ ഗ്രഹിക്കാനോ പ്രകടിപ്പിക്കാനോ അറിയാത്ത ഒരു പന്ത്രണ്ടുകാരിയുടെ മനസ്സിൽ  നിന്ന് പുറത്ത് ചാടിയ വരികൾക്ക് മുന്നിൽ ഞാൻ പകച്ചു നിന്നു. യേശുവോ കുരിശോ ആത്മാവോ ഈ നോവലിൽ നിന്ന് എന്നെ വന്നു വിളിച്ചിരുന്നില്ല. വ്യാകരണ നിയമങ്ങളില്ലാത്ത വരികൾ കവിതയാണെന്ന് അന്നെനിക്കറിയില്ലായിരുന്നു.

ആത്മഭാഷണം പോലെ വായിച്ചെടുത്ത ആ പുസ്തകം എന്നിലേക്ക് പകർന്നു തന്ന ആഖ്യാനത്തിന്റെ ഇടിമുഴക്കത്തിൽ നിന്ന് പിന്നീട് പുറത്ത് കടക്കാൻ ഞാൻ ഒരുപാടു കഷ്ടപ്പെട്ടു. മനുഷ്യനെ നിരായുധനാക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഉത്തരം തന്ന ഒരുപാടു പുസ്തകങ്ങളിലെ ചില മുഖങ്ങൾ…

Read Also  മധുര നൊമ്പരം: വിസ്മയ കുമാരൻ എഴുതിയ, 'ദ ബ്യൂട്ടിഫുൾ ഏക്' ഇംഗ്ലീഷ് കവിതയുടെ പരിഭാഷ/സതീഷ് കളത്തിൽ
Dr. Roshni Swapna In Reading Room

എഴുത്തിന്റെ ഭാഷയ്ക്ക് ആത്മമുഖച്ഛായയുടെ കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാകുമെന്നും അത് ഓരോ  നിമിഷവും എഴുത്തുകാരനെ/ കാരിയെ സ്വയം നിർണ്ണയിക്കാൻ നിരന്തരം പ്രേരിപ്പിക്കുമെന്നും എന്നതാണ് വാസ്തവം.

വിവർത്തനം ചെയ്ത് തുടങ്ങിയത്, പിന്നെയും പല കാലങ്ങൾ കഴിഞ്ഞാണ്; കവിതയെഴുതുന്ന ഇടവേളകളിൽ  കണ്ണാടി നോക്കും പോലെ! വീട്ടിലെ സമൃദ്ധമായ പുസ്തകശേഖരത്തിൽ കവികളെ ആവർത്തിച്ചു വായിക്കുന്ന ശീലംകൂടെ ഉണ്ടായിരുന്നു. കവിതക്കൊപ്പം ഷേക്‌സ്പിയറിന്റെ അരികു ചുവന്ന, നേർത്ത താളുകളുള്ള നാടകപുസ്തകം, മാർകേസിന്റെ നോവലുകൾ, കസാൻദ് സാക്കീസ്, റൂമി, വിക്ടർ ഹ്യൂഗോ, ജെയിൻ ഓസ്റ്റിൻ, ചാൾസ് ഡിക്കൻസ്, ഓ. എൻട്രി, മാർക് ത്വയിൻ, ദാലി, കഫ്ക്ക, കാമു, നീഷേ, സാർത്… അങ്ങനെ വിശ്വമഹാഗ്രന്ഥങ്ങൾ! പല ലോകങ്ങൾ!

മലയാളകൃതികൾക്ക് ഒപ്പം ഡാഡി സൂക്ഷിച്ച ഈ പുസ്തകങ്ങളും ‘സോവിയറ്റ് ലിറ്ററേച്ചർ’ പോലുള്ള പ്രസിദ്ധീകരണങ്ങളും മാതൃഭാഷയിൽ എന്ന പോലെ മറ്റൊരു ഭാഷയോടും പ്രണയം പടർത്തി. ബൈബിളിന്റെ പല  രൂപത്തിലുള്ള പുസ്തകങ്ങൾ വീട്ടിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നു.

ജർമ്മൻ എക്‌സ്പ്രഷനിസ്റ്റ് പെയിന്റിംഗുകൾ, വാൻഗോഗിന്റെയും പിക്കാസോയുടെയൊക്കെ പെയിന്റിംഗുകളുടെ സമഗ്ര സമാഹാരങ്ങൾ, ക്ലാസിക്- മ്യൂറൽ ചിത്രസംസ്‌കാരങ്ങളെകുറിച്ചും ചൈനീസ് ചിത്രഭാഷയെ കുറിച്ചുമു ള്ള പുസ്തകങ്ങൾ, ഇല്ലസ്‌ട്രേറ്റഡ് വുഡി അലൻ, അലൻ റനെ, ബർഗമാൻ, സത്യജിത് റായ് എന്നീ ചലച്ചിത്രകാരന്മാരെകുറിച്ചുള്ള പുസ്തകങ്ങൾ…

എനിക്ക് ഉറപ്പായിരുന്നു, ജീവിതം സംഗീതത്തിലോ സാഹിത്യത്തിലോ ചിത്രകലയിലോ സിനിമയിലോ കൊളുത്തിക്കിടക്കുമെന്ന്! വായനയുടെ കാലങ്ങൾ തുടർന്നു. എന്നിട്ടും സ്‌കൂളിനു ശേഷം സയൻസും ചരിത്രവും എടുത്തു. ഡിഗ്രി കാലം കഴിച്ചു കൂട്ടി.

കവിതകളെഴുതി കൊടുമുടി കയറിയ കാലങ്ങളിൽ എങ്ങനെയോ മയക്കോവ്സ്‌കിയുടെ കവിതകൾ വീണ്ടും വായിച്ചു. ഒറ്റപ്പെട്ട ഒരു കാലഘട്ടത്തിൽ എനിക്ക് മയക്കോവ്‌സ്‌കി മാത്രമായിരുന്നു കൂട്ട്.

‘എന്റെ ചിന്തയിൽ കവിത എന്നാൽ ഭാഷ മാത്രമല്ല’ എന്ന് തിരുത്തി എഴുതിയ കവികളിൽ ഒരാളാണ് മയക്കോവസ്‌കി.

പലയിടങ്ങളിൽ ജീവിതത്തെക്കുറിച്ച് പറയാൻ കവിതയിലൂടെ പോരാടിയ കവികൾ വേരോടെ എന്റെ കൂടെ വരാൻ തുടങ്ങിയ കാലത്താണ് പുനർവായനയിലൂടെ ലോക കവിതകളിലേക്ക് ഞാൻ  വീണ്ടും ഇറങ്ങിയത്. കവിത എന്നത് കവിത എന്നതിനപ്പുറത്ത് മറ്റു ചിലതുകൂടി ആണ് എന്ന് തിരിച്ചറിഞ്ഞ കാലത്താണ്, ഞാൻ വായിച്ച കവിതകൾ പരിഭാഷയിലൂടെ എന്റെ ഭാഷയിലേക്ക് പകർത്തിയത്.

പിന്നീട്, ഡബ്ലിയു ബിയേറ്റ്‌സ്, ടി. എസ്. എലിയറ്റ് തുടങ്ങിയ കവികളിലേക്കും സാഫോ, എമിലി ഡിക്കിൻസൺ, സിൽവിയ പ്ലാത്ത് എന്നീ കവികളിലേക്കും അഡോണിസ്, സാമിഹ് അൽ ഖാസിം, നിസാർ ഖബ്ബാനി, കാസിം ഹദ്ദാദ്, മഹമൂദ് ദർവീശ് എന്നിവരിലൂടെ ഇറാനിയൻ- പലസ്തീനിയൻ കവിതകളിലേക്കും യാത്ര ചെയ്തു. ജനോസ് ഹേ, മിക്ലോദ് റദ്‌നോദി, ചാൾസ് റസ്‌നിക്കൊഫ് തുടങ്ങിയവരിലൂടെ ഹംഗറി കവിതകളിലേക്കും പടർന്നു, എന്റെ വായന.

ചാൾസ് ബോദ് ലയറിന്റെ 100 കവിതകൾ ആറു വർഷം കൊണ്ട് വിവർത്തനം ചെയ്‌തെടുത്തു. ദാർശനികതയിലും പ്രമേയസ്വീകരണത്തിലും എന്നെ അമ്പരപ്പിച്ചു കളഞ്ഞ കവിയാണ് ബോദ് ലയർ.

ഇതിനിടയിൽ ഇന്ത്യയിലെ മറ്റു ഭാഷാ കവികളായ മംഗലേഷ് ഡബ്രാൾ, അരുൺ കലെ സുദീപ്‌സെൻ, എച്ച്. എൽ. പുഷ്പ ഹേമ പൊട്ടൻ ഷെട്ടി, മീന കന്തസ്വാമി, കുട്ടി രേവതി, സൽമ, സുകീർത്ത റാണി തുടങ്ങിയ ഇന്ത്യൻ  കവികളുടെ കവിതകളും മലയാളത്തിലേക്ക് പരിഭാഷ ചെയ്തു.

ശരൺകുമാർ ലിംബാളെയുടെ കവിതകൾ വിവർത്തനം ചെയ്ത കാലം, വായനയുടെയും അനുഭവത്തിന്റെയും മറ്റൊരു ലോകം തന്നെ തുറന്നുകാട്ടി. ഇന്ത്യൻ ദളിത് കവിതാ പാരമ്പര്യത്തിലെ ഏറ്റവും ശക്തനായ കവിയായ ലിം ബാളെയുടെ വഴികൾ, ഓരോ വായനയിലും വിവർത്തനത്തിൽ വെല്ലുവിളിയായി നിൽക്കുകയും ചെയ്തു.

”അപൂർണ്ണമായ ഈ ചരിത്രത്തിൽ ഞാൻ വിശ്വസിക്കുന്നില്ല” എന്നദ്ദേഹം പറയുന്നു. ”ദളിത് കവിത, ഭാഷാ സമരത്തിന്റെയും വിപ്ലവത്തിന്റെയുമാണ്. ആർക്കും അത് അവഗണിക്കാനാവില്ല. ദളിത് കവിതയുടെ ഒച്ച കേൾക്കാതിരിക്കാൻ ആർക്കുമാവില്ല.

ദളിത് കവിത നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത് നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചാണ്. അത് അത്ര എളുപ്പത്തിൽ ഉള്ള ഒരു സംസാരമല്ല. ആയിരക്കണക്കിന് വർഷങ്ങൾ  നിശബ്ദരാക്കപ്പെട്ടവരാണ്, ദളിതർ. അവർക്ക് ശബ്ദം ഉണ്ടായിരുന്നില്ല. ഒരു പക്ഷെ, ശബ്ദം ഉണ്ടായി രുന്നു എന്ന് അവർ തിരിച്ചറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് അവർക്ക് ശബ്ദം ലഭിച്ചിരിക്കുന്നത്.

കവിതയിലൂടെ അത് ആർത്ത് വിളിക്കുന്നു. ഒരു കവിയുടെ മനസ്സിൽ നിന്നല്ല അത് ജനിക്കുന്നത്, തെരുവുകളിൽ നിന്നും ഓടകളിൽ നിന്നുമാണ്. മുഖ്യധാരയുമായി ഉറക്കെ സംസാരിക്കാനും യാഥാർഥ്യങ്ങൾ വിളിച്ചു പറയാനും ഇപ്പോൾ ഞങ്ങൾക്കറിയാം. തെരഞ്ഞെടുപ്പുകളുടെ, തീരുമാനങ്ങളുടെ രീതിശാസ്ത്രങ്ങളെക്കുറിച്ച് ഇപ്പോൾ ഞങ്ങൾക്കറിയാം. കാലങ്ങളായി പുറത്ത് കേൾക്കാതിരുന്ന ശബ്ദം ഇപ്പോൾ  തുളച്ചുണരുന്നുണ്ട്. ആഴങ്ങളിൽ അടിച്ചമർത്തിവെച്ച ഒച്ചകളാണ് ഇപ്പോൾ കാറ്റിന്റെ സംഗീതമായി പുറത്തുവരുന്നത്.”

അദ്ദേഹത്തിന്റെ കവിതകൾ വിളിച്ചു പറയുന്ന സത്യങ്ങളാണ് ഇവ. എമിൽ മാധവിയോടൊപ്പം ‘വൈറ്റ് പേപ്പർ’ എന്ന അദ്ദേഹത്തിന്റെ സമാഹാരത്തിലെ കുറച്ചു കവിതകൾ വിവര്‍ത്തനം ചെയ്ത ശേഷം ജീവിതം ഒരിക്കലും പഴയത് പോലെ ആകുന്നില്ല.

Dr. Roshni Swapna From Reading Room

പ്രാചീന ഗ്രീക്ക് കവയിത്രിയായ സാഫോവിന്റെ കവിതകളുടെ വിവർത്തന വേളയിൽ എനിക്ക് എണ്ണമറ്റ ചിറകുകൾ മുളച്ചു. എന്റെ കവിതയ്ക്ക് അപ്പുറം ആ ചിറകുകൾ എന്നെ പറത്തിക്കൊണ്ടു പോയി.

”നിന്നെ തൊടുമ്പോൾ 
ഞാനാണോ അഗ്‌നി?
അതോ നീയോ?”

എന്ന് സാഫോ ചോദിക്കുന്നുണ്ട്. സ്ത്രീയെയും പുരുഷനെയും പ്രണയത്തിന്റെ പൊൺകയറിൽ കൊരുത്ത്, ആത്മഹത്യയുടെ മധുരസ്മരണ പോലെ അണിയുകയാണ് സാഫോ. നാടകീയമായി പറഞ്ഞാൽ  പകർന്നാട്ടത്തിന്റെ  സൂക്ഷ്മ സ്പർശം. സ്ത്രീയോട് പുരുഷനായും പുരുഷനോട് സ്ത്രീയായും പകർന്നാടുന്ന സാഫോയുടെ കവിത, ലിംഗപരമായ വിഭജനങ്ങൾക്ക് അതീതമാണ്.

”നിന്റെ ഉടലിൽ
കണ്ണാടിച്ചില്ലുപോലുള്ള
സുതാര്യതയിൽ
ഞാൻ ജീവിതത്തിനും
അപ്പുറമുള്ള ഉദയാസ്തമയങ്ങൾ കാണുന്നു
എന്റെ കണ്ണുകൾക്ക്
മുന്നിൽ നിന്ന് നിന്റെ അല്പ്പശരീരം
മാഞ്ഞു പോകുന്നു
നീങ്ങിപ്പോകുന്നു
കാറ്റിൽ
ഓർമ്മകൾ എന്റെ കണ്ണുകളോട് അടക്കാൻ ആവശ്യപ്പെട്ടു
ഞാൻ തൊട്ട ഉടലിനും അപ്പുറമായിരുന്നു
നീ ഒളിപ്പിച്ചു വച്ച ശരീരം
അവിടേക്ക്
നടന്നെത്താൻ എനിക്ക് എന്റെ കവിത മാത്രമേ ഉള്ളു”

എത്ര മനോഹരമാണ് കവിത. സ്ത്രീയിൽ തീർക്കുന്ന വിഹാര പ്രപഞ്ചം. ഞാൻ ഒരുവളായും മറ്റൊരുവളായും ആടിതിമിർക്കുകയായിരുന്നു, സാഫോ കവിതകളുടെ വിവർത്തന വേളയിൽ.

‘കലയുടെ, കവിതയിലെ പൊരുളിൽ ഉടല് ഇല്ല. ഉയിര് മാത്രമേ ഉള്ളു’ എന്ന് ഞാൻ ഒരിക്കൽകൂടി തിരിച്ചറിഞ്ഞു. കണ്ണുകൾ അടച്ചാൽ എനിക്ക് കാണാൻ ആകാത്ത ഉടൽ, ഞാൻ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഉടൽ, അത് എങ്ങനെ മറ്റൊരാൾക്ക് ഗോചരം ആകും?

“Shine on me, sunshine
Rain on me, rain
Fall softly, dewdrops
And cool my brow again.
Storm, blow me from here
With your fiercest wind
Let me float across the sky
Til I can rest again.”

എന്ന് മഴയോട് പറയുന്നു കവയിത്രി, മായ ഏഞ്ചലോ. പ്രണയത്തെ മരണം പോലെ മനോഹരമാക്കി, സിൽവിയ പ്ലാത്ത്.

‘മരണം ഒരു കലയാണ്’ എന്ന് പലതിന്റെ ഉള്ളിൽ ഇരുന്നു മന്ത്രിച്ചത്, ഉടലിനപ്പുറം കുതിച്ച ആത്മബോധമാണ്. ജീവിതത്തെ നിഷേധിക്കാതെ… ജീവിത്തെ സ്‌നേഹിക്കുന്നതിനാൽ, അതിനെ വിട്ടുപോകാൻ തീരുമാനിക്കുന്ന അതിതീവ്രമായ സർഗാത്മകതയായിരുന്നു, സിൽവിയയെ ആത്മഹത്യയിലേക്ക്  നയിച്ചിട്ടുണ്ടാകുക.

കാരണം, കല ഒരിക്കലും ജീവിതത്തെ നിഷേധിക്കുന്നില്ല, ജീവിതത്തെ നീട്ടിവെക്കുകയാണ്. അത് മരണമായാലും ആത്മഹത്യയായാലും സർഗാത്മകം ആയിരിക്കുക. അതാണ് നീതി. സ്ത്രീക്കും പുരുഷനും അത് ഒരുപോലെ ആയിരിക്കാം. കണ്ണുകൾ തുറന്നും കണ്ണുകൾ അടച്ചും ഉള്ള യാത്രയാണ് അത്. ഫരീദ എന്ന ഇറാനി കവയിത്രി പറയുന്നുണ്ട്,

”നീ എന്റെ മുന്നിൽ നടന്നോ
ഞാൻ നിന്റെ മുന്നിൽ നടന്നോ
എന്നതല്ല പ്രശ്‌നം,
നമുക്ക് മുന്നിലോ പിന്നിലോ നടന്ന
ഇപ്പോൾ ഇല്ലാത്ത ഒരു പാടു ഉടലുകൾ ഉണ്ട്
നീ നിന്റെ മുടിയിഴകളിൽ തിരുകുന്ന പൂക്കൾ ഒരു പക്ഷെ
കൊല്ലപ്പെട്ട
ആത്മഹത്യ ചെയ്ത
ബലാത്സംഗം ചെയ്യപ്പെട്ട
ഒരുപാട് ഉടലുകളുടെ മൃതു- വിസ്മൃതികളിൽ വിതറിയ
പൂക്കൾ പുനർജനിച്ചതാകാം
എന്റെ ഉടലും
നിന്റെ ഉടലും അല്ലാത്ത ഒരുവൾ
നമുക്കിടയിൽ അദൃശ്യയായി നടന്നു
നീങ്ങുന്നുണ്ടാവാം.
അവൾ പാടുന്നത് മരണത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ
യുദ്ധത്തെ കുറിച്ചോ”

ഇത് ഒരു തിരിച്ചറിവാണ്. ജീവിതത്തിൽ നിന്ന് കലയിലേക്ക്, ഭാവനയുടെ നരക ഭൂമിയിലേക്ക് നടന്നു പോകുമ്പോൾ കാണുന്ന  നഗ്‌നതകൾ ആണ്. ആത്മഭ്രംശനങ്ങളിൽ നിന്ന് മാത്രമല്ല കലയും കവിതയും ജനിക്കുന്നത്, ബാഹ്യശരീരം എന്നത് കാഴ്ചയെന്ന കേവലതയിൽ നിന്ന് ഉയരുന്ന സങ്കല്പം മാത്രമാണ്.

സരമാഗുവിന്റെ ‘അന്ധത’ എന്ന പുസ്തകത്തിൽ പറയുന്നതു പോലെ, ‘അന്ധരായ ഒരു സമൂഹം തിരിച്ചറിയുന്ന കലക്ക് ഏതു ശരീരമാണ് നാം കല്പ്പിച്ചു നല്കുക? ഞാൻ നിലനില്ക്കുന്നത്, ഞാൻ നിലനില്ക്കുന്നത് കൊണ്ട് മാത്രം ആണെന്ന്’ തിരിച്ചറിയുമ്പോൾ ആസക്തികൾ അവളിൽ നിന്ന് അലിഞ്ഞു പോകുകയും ജീവിതത്തിന്റെ അതിസൌന്ദര്യമാർന്ന സർഗാത്മകത അവളിലേക്ക് ഇറങ്ങി വരികയും ചെയ്യുന്നു. അവിടെ ലിംഗഭേദങ്ങളോ ജാതിയോ നിറങ്ങളോ ഒന്നും ഉണ്ടാവില്ല. മറ്റുള്ളവരുടെ സ്വപ്നങ്ങളെ നമുക്കും കാണാൻ സാധിക്കുന്ന ഒരു ലോകം സാധ്യമാകും. നിലനില്പ്പിന്റെ അപാര സാധ്യതയാണ് അത്.

ആസക്തികളിൽ അല്ല കല പൂക്കുന്നത്; ഒരു പക്ഷെ, ഉന്മാദങ്ങളിൽ ആയിരിക്കാം.

‘എന്നെ പുറത്താക്കുന്ന ഒരു ഭാഷയിലാണ് ഞാൻ എഴുതുന്നത്.’ എന്ന് അറബ് കവി അഡോണിസ് പറയുമ്പോൾ, അദ്ദേഹത്തിന് സമ്മാനിക്കുന്ന തീവ്രമായ സർഗാത്മക ജീവിതം തന്നെ ആണ് അങ്ങനെ പറയിപ്പിക്കുന്നത്. അഥവാ, അദ്ദേഹം നേടിയത്.

ഒരു പക്ഷെ, ആ അരക്ഷിതാവസ്ഥയിൽ നിന്ന് അദ്ദേഹം തിരിച്ചു സുരക്ഷിതനാകാൻ ആഗ്രഹിക്കുന്നില്ലായിരിക്കാം. സിൽവിയ പ്ലാത്തിന്റെ ജീവിതവും ഈ ഉണ്മാദമാണ് നിറച്ചത്. അത് ഒരിക്കലും ആസക്തമല്ല. ആസക്തികൾ അസ്വാതന്ത്രത്തിന്റെ തടവറകൾ ആവുന്നുണ്ട്, പലപ്പോഴും.

Vismaya K G interviews Dr. Roshni Swapna-3

എഴുത്തുയാത്രയുടെ സംക്ഷിപ്തം?

സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന അവസാന വാക്കാണ് എനിക്ക് കവിത. ഓരോ കവിതയും ഓരോ ജന്മമാണ്. ഞാൻ നിലനില്ക്കുന്ന ലോകത്തിൽ മാഞ്ഞുകിടക്കുന്ന ഒരുപാട് ചരിത്രങ്ങളുണ്ടെന്നും അവയിൽനിന്ന്  അദൃശ്യമായ തൂക്കുപാലങ്ങൾ എനിക്കു ശേഷമുള്ള കാലത്തേക്ക് കൊളുത്തിവെച്ചിട്ടുണ്ടെന്നും ഞാൻ  മനസ്സിലാക്കുന്നു.

ഈ പാലം തകർക്കാൻ ശ്രമിക്കുന്ന അടയാളങ്ങളെ തിരിച്ചറിയുമ്പോൾ, അതിനെതിരെ സ്വയം മൂർച്ചയുള്ള ഒരു കത്തിയായി കവിത എന്റെ കണ്ണുകൾ തുളച്ചു പുറത്തുചാടുന്നു. കാലത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു കവിതയും എന്നെ ആനന്ദിപ്പിക്കുന്നില്ല. ഒരുപക്ഷേ, കാലവുമായി ഞാൻ നടത്താൻ ശ്രമിക്കുന്ന നിരന്തരമായ സംഭാഷണത്തിന്റെ ഭാഗങ്ങളാവാം എന്റെ എഴുത്തുകൾ. അനുഭവങ്ങളുടെ ആഴങ്ങളെയും പരപ്പുകളെയും അറിവിന്റെ അടരുകളെയും ചതുരങ്ങളിലാക്കി അളന്നുകൊണ്ടിരിക്കുമ്പോൾ, ഈ അതിരുകൾ തകർക്കേണ്ട ഉത്തരവാദിത്തം കവിക്ക് കൂടിയുണ്ട്.

അവനവനത്തെന്നെ ബലികൊടുക്കുകയല്ലാതെ അതിനു മറ്റു വഴികളില്ല. എനിക്കറിയാവുന്നത് കവിതയുടെ നിഗൂഢാത്മകമായ ഒരു ഭാഷയാണ്. നോവലെഴുതുമ്പോഴും ഞാൻ എഴുതുന്നത് ഒരു വലിയ കവിതയാണ്. ലോകഭാഷയിൽ നിന്ന് 800ഓളം കവിതകൾ വിവർത്തനം ചെയ്തു. ഒരു ജന്മത്തിൽ പല ജീവിതങ്ങൾ ജീവിക്കുംപോലെയാണത്. നോവലുകളുടെ എഴുത്തുവഴി തുറന്നുകിട്ടാൻ ഒരുപാട് യാത്രകൾ ചെയ്യറുണ്ട്. ഓരോ രചനയും ഓരോതരം സ്വാതന്ത്ര്യമാണ് തരുന്നത്.

എഴുതിയതിൽ/ പ്രസിദ്ധീകരിക്കപ്പെട്ടതിൽ ഏറ്റവും പ്രിയപ്പെട്ടത്?

ഒരു പക്ഷെ ഇനി വരാനുള്ള പുസ്തകമായിരിക്കും എന്ന് തോന്നുന്നു. ഓരോ കവിതയും/പുസ്തകവും നമ്മുടെ ജീവിതത്തിന്റെ അത്രമേൽ ആഴത്തിൽ നിന്നു കുഴിച്ചെടുക്കുന്നതാണ്. ഏറ്റവും പ്രിയപ്പെട്ടത് എന്ന ഒരു കണ്ടെത്തൽ എളുപ്പമല്ല. എങ്കിലും ശ്രദ്ധ എന്ന നോവൽ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

2002ൽ ശ്രദ്ധ എഴുതിത്തുടങ്ങിയപ്പോൾ ആഖ്യാനത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. നാം ഇതുവരെ എത്തിയിട്ടില്ലാത്ത ഒരു കാലത്തു നിന്നാണ് ശ്രദ്ധയുടെ ഓർമ്മകൾ ആരംഭിക്കുന്നത്. ഓർമ്മകളുടെയും മറവികളുടെയും ഭാഷ വ്യത്യസ്തമായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ശ്രദ്ധ ഒരാളുടെ മാത്രം

ആശങ്കകളല്ല. ഒരുപക്ഷെ ഇക്കാലത്ത് ജീവിക്കുന്ന എല്ലാവരുടെയും ആകുലതകളാണ്. എല്ലാ കലാപങ്ങൾക്കും കലാപകാരികൾക്കും എപ്പോഴും ഒരേ മുഖമാണ് എന്നും അത് മനുഷ്യനും പ്രകൃതിക്കും അതിജീവനത്തിനും എതിരാണ് എന്നും നോവലിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്.

നോവലിൽ യഥാർത്ഥ സംഭവങ്ങൾ പരാമർശിക്കുന്നുണ്ട്. ഓരോ കലാപവും, കൂട്ടക്കൊലയിൽ മറച്ചുവയ്ക്കുന്ന, മനുഷ്യചരിത്രത്തിൽ നിശബ്ദരാക്കപ്പെടുന്നവരുടെ കഥയാണ് ശ്രദ്ധ. നാം ജീവിച്ചിരിക്കുന്ന കാലഘട്ടം പ്രതിലോമ അംശങ്ങളെ ഉൾക്കൊള്ളുന്നുവെന്നതാണ് സത്യം.

എഴുത്തിനു പുറമെ?

സിനിമ, കല, സംഗീതം- എന്നെ പിടിച്ചു നിർത്തുന്ന മൂന്ന് അദൃശ്യ ശക്തികൾ ആണിവ. എഴുത്തിൽ കാഴ്ചയുടെ സ്വാധീനമുണ്ടല്ലോ എന്ന് ചിലരെങ്കിലും ചോദിക്കുമ്പോൾ എന്റെ ഉള്ളിലെ ആ രഹസ്യം പതുങ്ങിയിരിക്കും. എന്നെ കാഴ്ചയുടെ ഭ്രമാത്മകതയിലേക്ക് കൊണ്ട് പോയ കുട്ടിക്കാലത്തെ പ്രകൃതിയും ഞാൻ കണ്ട സിനിമകളും പെയിന്റിങ്ങുകളും പുസ്തകങ്ങളും നിഗൂഢമായ ഒരാനന്ദമായി നിൽക്കുന്നു. കണ്ടുകൊണ്ടേയിരിക്കുമ്പോൾ വെളിപ്പെടുന്ന ഒരു മായികതയുണ്ടല്ലോ. എത്ര കണ്ണാടി നോക്കിയാലും മതിയാകാതെ, ആത്മഹത്യ ചെയ്യുന്ന ഒരു ചൈനീസ് കഥാപത്രംപോലെ, എനിക്ക് എന്നെത്തന്നെ മറികടക്കേണ്ടതിനാലാണ് ഞാൻ സിനിമ കാണുന്നത്.

എത്രയോ സംവിധായകരുടെ ലോകങ്ങളിലൂടെ കടന്നുപോകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവരിൽ  എന്തുകൊണ്ടൊക്കെയോ കൂടെ നില്ക്കുകയും ‘മറിക ടന്നു പോകൂ’ എന്ന് ഉള്ളിൽ നിന്ന് എപ്പോഴും വിളി ച്ചുപറയുകയും ചെയ്യുന്ന രണ്ടു പേരുണ്ട്, ആന്ദ്രേ തർകോവ്‌സ്‌കിയും ഇംഗ്മാർ ബർഗ്മാനും.

ആവർത്തിച്ച് കണ്ട ലോകസിനിമകൾ എഴുത്തിലേക്ക്, എഴുത്തിന്റെ ശരീരത്തിലേക്ക് അദൃശ്യമായി കടന്നു വന്നിട്ടുണ്ട്. കവിതകളിലാണ് കൂടുതൽ. എക്കാലത്തും എന്റെ മാസ്റ്റർ  എന്ന് തർകോവ്‌സ്‌കിയെക്കുറിച്ചാണ് എനിക്ക് പറയാൻ തോന്നുക. കാണുകയും കൂടുതൽ കാണുകയും ഉപേക്ഷിക്കുകയും ചെയ്യാൻ തർകോവ്‌സ്‌കി എന്നെ പ്രേരിപ്പിക്കുന്നു. ഐവാൻസ് ചൈൽഡ്ഹുഡും(Ivan’s childhood), മിററും (The Mirror), സാക്രിഫൈസും (sacrifies) ആവർത്തിച്ചുകണ്ടത് സിനിമാ പഠനകാലത്താണ്.

ഉടലിനെ മഞ്ഞുമൂടിയ വായനക്കാലത്തെ ചലിപ്പിച്ചത്, സിനിമകൾ തന്നെയായിരുന്നു. എന്റെ വരികളിലൊക്കെ തർകോവ്‌സ്‌കിയുടെ ആന്തരികസ്പർശം എവിടെയോ ഉണ്ടായിരുന്നു. ഇന്നുമുണ്ട്. കവിതയുടെ കുരിശ് മുതുകിൽ ചുമക്കുമ്പോൾ ഏറ്റം ആനന്ദത്തോടെ ഞാനറിഞ്ഞ തർകോവ്‌സ്‌കി ചിത്രങ്ങൾ  കൂടെ വരുന്നു.

ഉടൽ മുഴുവൻ പ്രണയത്തിന്റെ മുൾകുരിശുകൾ തറഞ്ഞു കയറിയ വായനകൾക്കൊപ്പം, മരംപൊഴിക്കുന്ന പൂക്കൾക്കു മേൽ മനുഷ്യന്റെ സ്വപ്നം. ചിത്രശലഭങ്ങളുടെ മേൽ മനുഷ്യന്റെ സ്വപ്നം. ശലഭജന്മങ്ങളാകുന്ന എന്റെ സ്വപ്നങ്ങളിൽ എങ്ങനെയാണോ മാർകേസും മയകോവ്‌സ്‌കിയും ആശാനും ഇടശ്ശേരിയും നികോലാസ് ഗിയനും നെരൂദയും ഗുലാം അലിയും നയ്യാനൂറും ചുള്ളിക്കാടും എന്നെ ചേർത്തുനിർത്തിയത്, അതേ അടുപ്പത്തിൽ, അതേ അകലത്തിൽ, ലൂയിബുനുലിന്റെ ഭ്രമാത്മകസ്വപ്നങ്ങളും ഫെല്ലിനിയുടെ വിചിത്രഭാവനകളും പസോളിനിയുടെ കവിതകളും ഋത്വിക് ഘട്ടക്കിന്റെ നിശബ്ദതകളും എന്നോടൊപ്പം നിലനില്ക്കുന്നു.

‘മനുഷ്യനെ നിരായുധനാക്കുന്നതെന്ത്?’ എന്ന ചോദ്യത്തിന് ഒരു പക്ഷെ, എന്റെ ഉത്തരങ്ങൾ ഈ സിനിമകൾ തന്നെയാവാം. പക്ഷെ, ഈ സിനിമകൾ ഞാൻ കാണുകയല്ല; ഈ സിനിമകൾ എന്നെ കാണുകയായിരിക്കണം. ചലച്ചിത്ര അക്കാദമിയിലെയും പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെയും തണുത്ത പ്രകൃതിയോടൊപ്പം സിനിമ അറിഞ്ഞ കാലങ്ങളിൽ ഈ ഏകാകികൾ എന്റെ ചെവിയിൽ ഒച്ചവെച്ചു. വ്യാകരണനിയമങ്ങളില്ലാത്ത വായനയും സിനിമ കാണലും കവിതയാണെന്നു തിരിച്ചറിയാതെ ഒരുപാടു വരികളെന്നെക്കൊണ്ട് ഒരുപാട് എഴുതിച്ചു. എന്റെ കവിതകൾക്ക് കാണാനാവുന്ന ഒരടരു കൂടി കൈവന്നത് സിനിമയുമായുള്ള എന്റെ രഹസ്യപ്രണയം കൊണ്ടാണ്. ഇനിയും ഒരുപാട് എഴുത്തുകാരും സിനിമകളും ജീവിതവും പറയാനുണ്ട്. ചിലത് ഏറ്റവും പുതിയ പുസ്തകമായ ‘ഇലകൾ ഉമ്മ വക്കും വിധം’ എന്ന പുസ്തകത്തിലൂടെ പറഞ്ഞിട്ടുണ്ട്.

“ഇലകൾക്കറിയാം-
ഏതു മരത്തിൽ മുളക്കണമെന്ന്!
പക്ഷേ ജലം കൊണ്ടു തുള വീണ
മണ്ണിനെ തിരിച്ചറിഞ്ഞു മുളക്കാൻ
വിത്തിനു മാത്രമേ കഴിയൂ.”

ഡോ. രോഷ്നി സ്വപ്ന

കവി- നോവലിസ്റ്റ്- വിവർത്തക- ചലച്ചിത്രനിരീക്ഷക- ചിത്രകാരി- ഗായിക

Dr. Roshni Swapna at her home

35 പുസ്തകങ്ങൾ… 27ഓളം സാഹിത്യ പുരസ്‌കാരങ്ങൾ… 600ൽ പരം കവിതകൾ… 750ൽപരം ലോകകവിതാ വിവർത്തനങ്ങൾ… 69ൽപരം ചലച്ചിത്ര നിരൂപണങ്ങൾ… 60ഓളം നാടകനിരൂപണങ്ങൾ… 200ഓളം ജേർണലിസ്റ്റിക് ഫീച്ചറുകൾ…

ഇംഗ്ലീഷ്, അർമീനിയ, ഫ്രഞ്ച്, ഹിന്ദി, കന്നട, തമിഴ്, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്യപ്പെട്ടു.

ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെയും കാലിക്കറ്റ് സർവകലാശാലയിലെയും പാഠ്യപദ്ധതികളിൽ  കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘അക്കിത്തം- ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം’ എന്ന  ഡോക്യൂമെന്ററിയും ‘ദൂരം’, ‘നിശബ്ദം’ എന്നീ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

മലയാളത്തിനു പുറമെ, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജർമ്മൻ, ഉർദു, മറാത്തി, ബംഗാളി ഭാഷകളിൽ പ്രാവീണ്യം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്നും നാടക സംബന്ധമായ വിഷയത്തിൽ  ഡോക്ടറേറ്റ്. കേരള സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിലും ഇംഗ്ലീഷിലും എം. എ.

മുംബൈ ഭവൻസ് രാജേന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ജേർണലിസത്തിൽ രണ്ടാം റാങ്ക്. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി(JNU)യിൽനിന്നും ഗ്ലോബൽ സ്റ്റഡീസ്, രീതിശാസ്ത്രം(Methodology), ലാംഗ്വേജ്, ലിറ്ററേചർ, കൾച്ചറൽ എന്നിവയിൽ  പഠനം. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇന്റർഡിസിപ്ലിനറി, റിസേർച് മെത്തേഡ് എന്നീ വിഷയങ്ങളിൽ ഫാകൾട്ടി ഡെവലപ്പ്‌മെന്റ് കോഴ്സുകൾ പൂർത്തിയാക്കി.

കേരള ചലച്ചിത്ര അക്കാഡമിയിൽനിന്നും ഫിലിം അപ്രീസിയേഷൻ കോഴ്‌സ്. കേരള സാഹിത്യ അക്കാഡമിയിൽ നിന്നും ജൂനിയർ ഫെല്ലോഷിപ്പ്.

നിലവിൽ, തുഞ്ചത്ത് എഴുത്തച്ഛൻ മലയാള  സർവ്വകലാശാല സാഹിത്യപഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ.

Dr. Roshni Swapna Family
രോഷ്നിയുടെ മാതാപിതാക്കൾ: പി. മോഹൻദാസ്, ജാനകി മോഹൻദാസ് | ജീവിത പങ്കാളി എമിൽ മാധവിയ്ക്കൊപ്പം രോഷ്നി

മലയാള കഥാകൃത്തും പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് സുപ്രണ്ടുമായിരുന്ന പി. മോഹൻദാസ്, ആകാശവാണി മ്യൂസിക് ആർട്ടിസ്റ്റും നാടക പിന്നണിഗായികയുമായിരുന്ന കർണാടക സംഗീതജ്ഞ ജാനകി മോഹൻദാസ് എന്നിവരാണ്, മാതാപിതാക്കൾ. സംവിധായകനും നടനും എഴുത്തുകാരനും തിയേറ്റർ പ്രാക്റ്റീഷനറും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ എമിൽ മാധവി ആണ് ജീവിതപങ്കാളി.

ഫോട്ടോസ്: നവിൻകൃഷ്ണ

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹