ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.

ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.

‘ഹംപി: കാലം കാത്തുവെച്ച കലവറ’ എന്ന പേരിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്ന ഈ ലേഖന പരമ്പരയുടെ തുടക്കം, ‘ചിത്രദുർഗ്ഗയിലെ പെൺകാറ്റ്’ അവസാന ഭാഗം.

■ ചിത്രദുർഗ്ഗയിലെ പെൺകാറ്റ്: അവസാന ഭാഗം.

അപകടം മണത്ത അവൾ പിന്നെ ഒന്നും ചിന്തിച്ചില്ല. ആ ഭാഗത്ത് കണ്ട, ഉലക്കപോലെ ഉറുണ്ടുക്കിടക്കുന്ന ഒരു തടിക്കഷണം എടുത്ത് നൂഴ്ന്നു കേറി വരുന്ന തലക്കിട്ട് ഊക്കനെ അടിച്ചു. അങ്ങനെ ഊഴം കാത്ത് നൂഴ്ന്നു വരുന്ന ഓരോ തലയും അവിടെ പൊട്ടിച്ചിതറി വീഴാൻ തുടങ്ങി.

ഹിഡിമ്പേശ്വര ക്ഷേത്രത്തിൽ നിന്നും താഴേക്ക് കൈപിടിച്ചിറക്കിയ പെൺകാറ്റ് മറ്റൊരുത്തിയെകൂടി പരിചയപ്പെടുത്താൻ മറന്നില്ല. അവളുടെ പേര് ഒബവ്വ. ഉറച്ച ശബ്ദം.

മടകരി നായകന്റെ കാലത്ത് ഹൈദർ അലി ചിത്രദുർഗ്ഗയെ ആക്രമിക്കാനെത്തിയ സന്ദർഭം. കോട്ടയ്ക്കു ചുറ്റുമുള്ള മലകൾക്കിടയിലെ ഒരു രഹസ്യ ദ്വാരത്തിലൂടെ ഒരു സ്ത്രീ പതിവായി കോട്ടയിലേക്ക് കടക്കുന്നത് ഹൈദരാലിയുടെ ചാരഭടന്മാർ കാണുന്നു. ചിത്രദുർഗ്ഗക്കോട്ട ഹൈദരാലിക്ക് അപ്രാപ്യമായി നിലകൊള്ളുന്ന സമയമായിരുന്നു അത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഹൈദരാലി ഏതാനും പട്ടാളക്കാരെ അങ്ങോട്ടയക്കുന്നു. പട്ടാളക്കാർ അവിടെ എത്തുന്ന സമയത്ത് കോട്ടയ്ക്കുള്ളിലെ ആ ദ്വാരഭാഗത്ത് കാവൽ നിൽക്കുന്ന കഹലെ മുദ്ദ ഹനുമ എന്ന കോട്ടയുടെ ഭടൻ അവിടെ നിന്നും മാറി ഉച്ചഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ ഭടന്റെ ഭാര്യയായിരുന്നു ആ സ്ത്രീ. പേര് ഒബവ്വ. പതിവായി ഭർത്താവിനുള്ള ഉച്ചഭക്ഷണം കൊണ്ട് ആ എളുപ്പമാർഗത്തിലൂടെയായിരുന്നു അവർ എത്തിയിരുന്നത്.

ഹൈദരുടെ ഭടന്മാരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ അറിയാതെ ഭടൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾക്കുള്ള വെള്ളമെടുക്കാൻ ദ്വാരഭാഗത്തെ നീരുറയിലേക്കു വന്ന ഒബവ്വ കാണുന്നത് രഹസ്യ ദ്വാരത്തിലൂടെ അകത്തേക്കു വരുന്ന ശത്രുവിന്റെ തലയാണ്. ഓടിപ്പോയി ഭർത്താവിനെ അറിയിക്കാനോ വിളിച്ചു കൂവാനോ ഉള്ള സമയമില്ല. അതിനകം ശത്രുക്കൾ കോട്ടയ്ക്കകത്ത് പ്രവേശിക്കും.

അപകടം മണത്ത അവൾ പിന്നെ ഒന്നും ചിന്തിച്ചില്ല. ആ ഭാഗത്ത് കണ്ട, ഉലക്കപോലെ ഉറുണ്ടുക്കിടക്കുന്ന ഒരു തടിക്കഷണം എടുത്ത് നൂഴ്ന്നു കേറി വരുന്ന തലക്കിട്ട് ഊക്കനെ അടിച്ചു. അങ്ങനെ ഊഴം കാത്ത് നൂഴ്ന്നു വരുന്ന ഓരോ തലയും അവിടെ പൊട്ടിച്ചിതറി വീഴാൻ തുടങ്ങി. ചില ഭടന്മാർ ദ്വാരം കടന്നെത്തിയെങ്കിലും അവരെയും ഒബവ്വ ആ മരത്തടി കൊണ്ട് നേരിട്ടുകൊണ്ടിരുന്നു. ആക്രോശങ്ങളും ആർത്തനാദങ്ങളും കേട്ട് എത്തിയ അവളുടെ ഭർത്താവും ശത്രുക്കളെ നേരിട്ടുക്കൊണ്ടിരിന്നു. ഇതിനിടെ കോട്ടയിലെ മറ്റ് ഭടന്മാരും അവിടെ എത്തി. കോട്ടയ്ക്കുള്ളിൽ കടന്ന ശേഷിച്ച ശത്രുഭടന്മാരെ അവരും അരിഞ്ഞു വീഴ്ത്തി. ഈ ഏറ്റുമുട്ടലിൽ എപ്പഴോ ഒബവ്വയും ഭർത്താവും ശത്രുക്കളുടെ വാളിന് ഇരയായിരുന്നു.

ഒബവ്വയുടെ മൃതശരീരത്തോടൊപ്പം രക്തം പുരണ്ടു കിടന്നിരുന്ന മരക്കഷ്ണത്തിൽ നിന്നും ചിന്നി ചിതറികിടക്കുന്ന ശത്രുക്കളുടെ തലകളിൽ നിന്നും ‘ഒബവ്വയുടെ പോരാട്ടത്തിന്റെ കഥ’ അറിഞ്ഞ ആ നാട് ഒബവ്വയെ ധൈര്യത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമായി പ്രതിഷ്ഠിച്ചു. ഒബവ്വ എന്ന പേരിനൊപ്പം ഉലക്ക എന്നർത്ഥമുള്ള ‘ഒനകെ’ എന്ന കന്നട പദവും ലഭിച്ചു. അങ്ങനെയവർ കർണാടകയുടെ ധീരവനിത, ‘ഒനകെ ഒബവ്വയായി’. ഒബവ്വ പൊരുതി നിന്ന ആ രഹസ്യദ്വാരത്തിനു പിന്നീട് ‘ഒനകെ ഒബവ്വ കിണ്ടി(window)’ എന്ന പേര് നല്കുകയും ചെയ്തു.

കർണാടകയെ കീഴടക്കാനെത്തിയ മുഗൾ ചക്രവർത്തി ഔറംഗസീബിനെ നേരിട്ട കേലാടി രാജവംശത്തിലെ റാണി കേലാടി ചെന്നമ്മ, പോർച്ചുഗീസുകാരെ നേരിട്ട അബ്ബക്കാ റാണ, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ച കിത്തൂർ റാണി ചെന്നമ്മ എന്നീ കർണ്ണാടകയുടെ ധീരവനിതകൾക്കൊപ്പംതന്നെ ഒബവ്വയും ഇവിടെ ആദരിക്കപ്പെടുന്നു. നവംബർ 11 കർണ്ണാടകയിൽ ഒബവ്വ ജയന്തി ആഘോഷിക്കുന്നു. നാടിനോട് കാണിച്ച സ്നേഹവും ധൈര്യവും ഒബവ്വയെ അജയ്യയാക്കുന്നു. ആ ചരിത്ര വനിതയുടെ സ്മാരകത്തിന്റെ ഫോട്ടോ എടുക്കാനായില്ല എന്ന സങ്കടം ബാക്കിനിൽക്കുന്നു. 

തകർന്നുവീണ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ, ധാന്യങ്ങളും നാണയങ്ങളും സൂക്ഷിച്ചിരുന്ന നിലവറ, നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച പേരറിയാത്ത അനേകം പേരുടെ ജീവിതകഥകൾ, ദിനംപ്രതി വന്നുപോകുന്ന അനേകം സന്ദർശകർ, ഇവിടെ നിന്നും അവർ കൊണ്ടുപോകുന്ന വൈവിധ്യമാർന്ന ഓർമ്മകൾ, അനുഭവങ്ങൾ…. ഏതു ചരിത്ര സ്മാരകവും പോലെ ചിത്രദുർഗ്ഗയും മനസ്സിൽ ഇടംപിടിക്കുന്നു.

ചിത്രദുർഗ്ഗയിൽ തങ്ങിയിരുന്ന ഹോട്ടലിൽ നിന്നിറങ്ങി. അടുത്തുള്ള ചായക്കടയിൽ നിന്ന് ഉശിരൻ ചായ കുടിച്ച് വീണ്ടും കാറിൽ കയറി ഗ്രാമങ്ങൾ അനേകം പിന്നിട്ട് അപരിചിതമായ ഏതൊക്കെയോ മുഖങ്ങൾ കണ്ട് കമലാപുരയിലെ ഹോട്ടലിലേക്ക്, ഹംപിയിലെ അടുത്ത കാഴ്ച കാണാൻ.

‘ചിത്രദുർഗ്ഗയിലെ പെൺകാറ്റ്’ അവസാനിച്ചു;
ഹംപി വിശേഷങ്ങൾ തുടരും…

Onake Obavvana kindi
ഒനകെ ഒബവ്വ കിണ്ടി
Chithradurga fort outside views
ചിത്രദുർഗകോട്ട പുറംഭാഗദൃശ്യം
Chithradurga Nanyappura
ചിത്രദുർഗകോട്ടയിലെ നാണ്യപ്പുരയുടെ ഉൾവശത്തെ ഭണ്ഡാരം
Sandhya E in outside of Chithradurga Nanyappura
ചിത്രദുർഗകോട്ടയിലെ നാണ്യപ്പുരയുടെ മുൻപിൽ ലേഖിക