ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.

ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.

‘ഹംപി: കാലം കാത്തുവെച്ച കലവറ’ നാലാം ഭാഗം; ’50 രൂപാ നോട്ടിലെ വിട്ടല ക്ഷേത്രരഥം.’

“നിങ്ങളുടെ കയ്യിൽ പുതിയ 50 രൂപാനോട്ടുണ്ടോ?” ഗോപുരം കടന്നയുടൻ അയാൾ ചോദിച്ചു. “രണ്ടുപേരും ഞാൻ പറയുന്ന പോലെ നോട്ട് വിടർത്തി ഈ കാണുന്ന രഥത്തിനടുത്ത് നിൽക്കണം. ഞാൻ വീഡിയോ എടുക്കാം.” അയാൾ പറഞ്ഞു. അപ്പോൾ കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഞങ്ങൾ അയാൾ പറഞ്ഞ പ്രകാരം ചെയ്തു.

“കഴിഞ്ഞ ആറു ജന്മങ്ങളിൽ ഞാൻ ഇവിടെത്തന്നെയായിരുന്നു. ഇത് എന്റെ ഏഴാമത്തെ ജന്മം.”
ഗൈഡ് കൃഷ്ണകുമാർ കാര്യമായിത്തന്നെയാണ് പറഞ്ഞത് എന്നു മനസ്സിലാവാൻ എനിക്ക് അൽപസമയം വേണ്ടിവന്നു.

കമലാപുരയിലെ ഞങ്ങൾ താമസിച്ച ഹോട്ടലിൽ മുൻകൂട്ടി പറഞ്ഞതു പ്രകാരം കൃത്യസമയത്ത്, അതായത് രാവിലെ 9 മണിക്ക് അയാൾ തയ്യാറായി വന്നിരുന്നു. വൈകിയത് ഞങ്ങളായിരുന്നു. ടൂർ ഓപ്പറേറ്റർ ഏർപ്പാടാക്കി തന്നതാണ് അയാളെ. പ്രസന്നവാൻ. ഗ്രാമർ നോക്കാതെയാണെങ്കിലും ഭംഗിയായി ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യാൻ കഴിവുള്ള, നർമ്മബോധവും വിവരവുമുള്ള കൃഷ്ണകുമാർ ആ നാട്ടുകാരൻ തന്നെയാണ് എന്നറിഞ്ഞത് പിന്നീടാണ്.

ഞങ്ങളുടെ കാർ ഹംപിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഹംപിയെന്നത് ഒരു രാജ്യമല്ല, സാമ്രാജ്യമാണെന്നും അവിടെയുള്ളത് സ്മാരകങ്ങളാണ് എന്നും അയാൾ ആദ്യമേ പറഞ്ഞു. ഹംപിയെക്കുറിച്ചുള്ള ചെറു വിവരണവും അയാൾ തരികയുണ്ടായി. തെക്കേ ഇന്ത്യയിൽ ഡെക്കാൻ പ്രദേശത്ത് പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യം. ഹംപിയായിരുന്നു തലസ്ഥാന നഗരി.

പുരാതന നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന ഹംപി ഇന്ന് യുണെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. ശിലാലിഖിതങ്ങൾ, ഡൊമിംഗോ പയസ്, ഫെർണോ നുനെസ്, നിക്കൊളോ ഡ കോണ്ടി, അബ്ദുർ റസ്സാക്,ഇബ്നു ബത്തൂത്ത തുടങ്ങിയവരുടെ യാത്രക്കുറിപ്പുകളിൽ നിന്നും ഫരിഷ്തയുടെ ചരിത്രക്കുറിപ്പുകളിൽ നിന്നും തദ്ദേശീയരുടെ കഥകളിൽ നിന്നുമാണ് സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നിവയുടെ ചില ഭാഗങ്ങൾ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്നു.16-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, കൃഷ്ണദേവരായരുടെ കീഴിൽ, അതിൻ്റെ സുവർണ്ണകാലത്ത്, അത് ദക്ഷിണേന്ത്യയിലെ മിക്കവാറും എല്ലാ ഭരണ വംശങ്ങളെയും കീഴടക്കുകയും ഗജപതി സാമ്രാജ്യത്തെ (ഒഡീഷ) കൃഷ്ണ നദി വരെ കൂട്ടിച്ചേർക്കുന്നതിനൊപ്പം തുംഗഭദ്ര- കൃഷ്ണ നദി ദോബ് മേഖലയ്ക്ക് അപ്പുറത്തേക്ക് ഡെക്കാൻ സുൽത്താനേറ്റുകളെ തള്ളിവിടുകയും ചെയ്തു.

ടിക്കറ്റ് എടുത്ത് ബഗ്ഗി വണ്ടിയിൽ കയറി വിട്ടല ക്ഷേത്രത്തിലേക്കായിരുന്നു ആദ്യ യാത്ര. കാറിനോ മറ്റു വാഹനങ്ങൾക്കോ അങ്ങോട്ട് പ്രവേശനമില്ല. ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെൻ്റിന്റെ നിർദ്ദേശപ്രകാരമാണത്. വാഹനങ്ങളുണ്ടാക്കുന്ന പ്രകമ്പനങ്ങൾ പതിയെ ആണെങ്കിലും ഇത്തരം സ്മാരകങ്ങൾക്ക് കേടുവരുത്തും എന്നതാണ് കാര്യം.

“ഇവിടെ മുഴുവൻ ധാരാളം ആളുകൾ, കച്ചവട കേന്ദ്രങ്ങൾ, കുതിരകളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ, അരി അളക്കുന്ന നാഴിയിൽ രത്നങ്ങൾ അളന്ന് കച്ചവടം ചെയ്തിരുന്ന വ്യാപാരികൾ, സുഗന്ധദ്രവ്യങ്ങളുടെ വിൽപ്പന നടത്തിയിരുന്നവർ തുടങ്ങി, ഏത് സമയവും ആളും തിരക്കും ഉണ്ടായിരുന്ന ഇടങ്ങളാണ് എല്ലാ പ്രൗഢിയും വെടിഞ്ഞും ഉപേക്ഷിക്കപ്പെട്ട നിലയിലും കാണുന്നത്.” കൃഷ്ണകുമാർ നെടുവീർപ്പിട്ടു.

“ഇവിടെയായിരുന്നു പുരാതനകാലത്തെ വിട്ടല ബസാറും ഉണ്ടായിരുന്നത്. കുതിരകളെ കച്ചവടം ചെയ്തിരുന്നവർ അവയെ കെട്ടിയിട്ടിരുന്ന സ്ഥലം. അങ്ങ് ദൂരെ കാണുന്നതായിരുന്നു സുഗന്ധദ്രവങ്ങളുടെ കച്ചവട കേന്ദ്രങ്ങൾ. ഇവിടെ രത്നവ്യാപാരികൾ. രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ആളുകൾ ഇങ്ങോട്ട് പ്രവഹിച്ചു. കച്ചവടം ചെയ്തു.” കാർ വിട്ടല ക്ഷേത്രത്തിനോടടുക്കവെ അയാൾ കാണിച്ചു തന്നയിടങ്ങളിലേക്ക് നോക്കി ഞാനെൻ്റെ മനസ്സിൽ അക്കാലങ്ങൾ സങ്കൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കാണാനാവുന്നുണ്ട്, ഒക്കെയും. തിക്കും തിരക്കും വാക്തർക്കവും കരച്ചിലും സമാധാന ശ്രമങ്ങളും വിലപേശലുകളും ഒക്കെയുള്ള, പണമൊഴുകിയിരുന്ന കച്ചവട കേന്ദ്രങ്ങൾ, വ്യാപാരികൾ, അല്പം ദൂരെ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന അവരുടെ കുടുംബം, കുട്ടികൾ, പൂമണത്തിരുന്ന, ജീവൻ തുടിച്ചിരുന്ന തെരുവുകൾ, വഴികളിൽ പൊടിപറത്തിപ്പോകുന്ന കുതിരവണ്ടികൾ,… . എല്ലാം തെളിഞ്ഞു വരുന്നു. മറഞ്ഞു പോയ ഒരു കാലം, സംസ്കാരം ഇതൾ നിവർത്തുന്നു.

ഹംപിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് വിട്ടലക്ഷേത്രം. വിജയനഗരനിർമ്മാണ ശൈലിയുടെ മകുടോദാഹരണം. മൂന്നു വശങ്ങളിലും ഗോപുരങ്ങളുള്ള (കിഴക്കും വടക്കും തെക്കും) വലിയ അമ്പലം. 1422 മുതൽ 1446 വരെ വിജയനഗരം ഭരിച്ചിരുന്ന ദേവരായ രണ്ടാമന്റെ കാലത്ത് ക്ഷേത്രം ഉണ്ടായിരുന്നതായി രേഖകളിലുണ്ട്. തുടർന്നു വന്ന രാജാക്കന്മാർ അതിൻ്റെ വികസനത്തിൽ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും 1509 മുതൽ 1529 വരെ ഭരിച്ച പ്രശസ്തനായ പെരുമാൾ കൃഷ്ണദേവരായരുടേതാണ് പ്രധാനമായ പല ചേർക്കലുകളും. പ്രധാന പ്രതിഷ്ഠയെക്കൂടാതെ ദേവിയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. കല്യാണ മണ്ഡപം, ഉത്സവ മണ്ഡപം, നൂറു തൂണുകൾ ഉള്ള സംഗീതമുതിർക്കുന്ന മണ്ഡപം എന്നിവ ഇവിടത്തെ ആകർഷണങ്ങളാണ്.

12 മീറ്ററിലധികം ഉയരമുള്ള, തറയിൽ വീണുകിടക്കുന്ന ദീപസ്തംഭമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കും മുമ്പ് നമുക്കു കാണാനാവുക. അനേകം കൊത്തുപണികളുള്ള വലിയ ക്ഷേത്രഗോപുരവും ചുവരുകളിലും തൂണുകളിലും ഗോപുരത്തിലും ഉള്ള, അതിസൂക്ഷ്മമായി കൊത്തുപണികൾ ചെയ്ത മനോഹരമായ ശില്പങ്ങളും ജീർണാവസ്ഥയിലാണെങ്കിലും ശില്പികളുടെ കരവിരുത് വിളിച്ചോതുന്നവയാണ്. ആലേഖനം ചെയ്ത രൂപങ്ങളെപ്പറ്റിയും അവയുടെ പ്രാധാന്യത്തെപ്പറ്റിയും സാംഗത്യത്തെപ്പറ്റിയും അറിയണമെങ്കിൽ വർഷങ്ങളെടുക്കും.

ലേഖിക ഭർത്താവ് സതീശുമൊത്ത്, വിട്ടലക്ഷേത്രത്തിലെ ഒരു മണ്ഡപത്തിനു മുൻപിൽ.

“നിങ്ങളുടെ കയ്യിൽ പുതിയ 50 രൂപാനോട്ടുണ്ടോ?” ഗോപുരം കടന്നയുടൻ അയാൾ ചോദിച്ചു. “രണ്ടുപേരും ഞാൻ പറയുന്ന പോലെ നോട്ട് വിടർത്തി ഈ കാണുന്ന രഥത്തിനടുത്ത് നിൽക്കണം. ഞാൻ വീഡിയോ എടുക്കാം.” അയാൾ പറഞ്ഞു. അപ്പോൾ കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഞങ്ങൾ അയാൾ പറഞ്ഞ പ്രകാരം ചെയ്തു.

“Happy in Hampi.” അയാൾ വിഡിയോ അവസാനിപ്പിച്ചു. കാര്യമിതാണ്: പുതിയ 50 രൂപാ നോട്ടിൽ ആലേഖനം ചെയ്തിട്ടുള്ളത് ഞങ്ങളപ്പോൾ കണ്ട രഥത്തിൻ്റെ ചിത്രമാണ്(പത്തുരൂപാ നോട്ടിലുള്ളത് കൊണാർക്കിലെ രഥവും). കല്ലുകൊണ്ടുള്ള അനങ്ങാത്ത രഥം. ഇത്രകാലം 50 നോട്ട് കയ്യിൽ വെച്ച് നടന്നിട്ടും അക്കാര്യം ശ്രദ്ധിച്ചിട്ടില്ല.

വിട്ടലക്ഷേത്ര രഥം

ഒറീസയിൽ യുദ്ധത്തിനോ മറ്റോ പോയതായിരുന്നു കൃഷ്ണദേവരായർ. കൊണാർക്കിലെ മനോഹരമായ രഥം കണ്ട് അതിശയപ്പെട്ട് അതേ മാതൃകയിൽ തൻ്റെ സാമ്രാജ്യത്തിലും വേണമെന്ന നിർബന്ധത്താൽ ശില്പികളെ വരുത്തി പണിതീർത്തതാണ് ഈ രഥം. ഒറീസയിലെ രഥം ചലിക്കുമെങ്കിൽ ഇത് നിശ്ചലമായ ഒന്നാണ്. ആ രഥചക്രങ്ങൾ, കൊത്തുപണികൾ, മുകളിലെ മണ്ഡപം(വിമാനം) ഇതിൻ്റെയെല്ലാം സവിശേഷതകൾ ഗൈഡ് പറഞ്ഞുതന്നു. രഥത്തിൽ ഗരുഡന്റെ രൂപമാലേഖനം ചെയ്തതിൻ്റെ കാരണം വിഷ്ണുവിന്റെ വാഹനം എന്നതാവാം എന്നുമയാൾ കൂട്ടിച്ചേർത്തു.

കല്യാണമണ്ഡപത്തിലെയും ഉത്സവ മണ്ഡപത്തിലെയും തൂണുകളിലും ചുവരുകളിലെയും കൊത്തുപണികൾ അല്പം അകലെ നിന്നേ കാണാൻ പറ്റു. അകത്തേക്ക് പ്രവേശനമില്ല. സപ്തസ്വരങ്ങളും വിവിധ വാദ്യോപകരണങ്ങളുടെ ശബ്ദങ്ങളും ഉതിർക്കുന്ന തൂണുകളുള്ളിടത്തേക്കും പ്രവേശനമില്ല. മുമ്പുണ്ടായിരുന്നു. ആളുകൾ നാണയം വെച്ചും ഒക്കെ തട്ടുന്നത് അവയ്ക്ക് ക്ഷതമേൽപ്പിച്ചിരുന്നതിനാൽ പിന്നീട് പ്രവേശനം നിർത്തലാക്കി. വർഷങ്ങൾക്കു മുമ്പ് വരെ സന്ദർശകരെ കൊണ്ടുവരുമ്പോൾ കൃഷ്ണകുമാർ അവയിൽനിന്നും ഉതിർക്കുന്ന സംഗീതത്തെ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാറുണ്ടായിരുന്നുവത്രെ. ആ മണ്ഡപങ്ങളിലൊന്നിൽ നർത്തകീവേഷത്തിലുണ്ടായിരുന്ന പ്രതിമ കൃഷ്ണദേവരായരുടെ ഭാര്യ, ചിന്നാദേവിയുടെ ആണെന്ന് പറയപ്പെടുന്നു.

രാമായണത്തിൽ പരാമർശിക്കുന്ന കിഷ്കിന്ധയും ഹംപിയുമായി അടുത്ത ബന്ധമാണുള്ളത്. കിഷ്കിന്ധ നഗരം തലസ്ഥാനമാക്കി സുഗ്രീവൻ ഭരിച്ചിരുന്ന വാനരരാജ്യമായിരുന്നു കിഷ്കിന്ധ. രാമായണത്തിൽ ഈ രാജ്യം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കിഷ്കിന്ധയുടെ പൈതൃകം, ഹംപിയുടെ ചരിത്രം, പുരാണങ്ങൾ, സംസ്കാരം എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ബിസി മൂന്നാം നൂറ്റാണ്ടിലെ പുരാതന വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങൾ ഹംപിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിട്ടല ക്ഷേത്രം പോലുള്ള ഹംപിയിലെ ക്ഷേത്രങ്ങൾ രാമായണത്തിൽ വിവരിച്ചതിന് സമാനമായ വാസ്തുവിദ്യാ ശൈലികൾ കാണിക്കുന്നുമുണ്ട്.

ഹംപിയിൽ നിന്ന് കണ്ടെത്തിയ പുരാതന ലിഖിതങ്ങളിൽ വാനരന്മാരെയും സുഗ്രീവനെയും പരാമർശിക്കുന്നുമുണ്ട്. ബാലിയെ ഭയന്ന് സുഗ്രീവൻ പോയൊളിച്ച ഋഷി മൂകാചലം, ഹനുമാൻ ജനിച്ച ആഞ്ജനേയ പർവ്വതം ഇതെല്ലാം വിട്ടലക്ഷേത്രത്തിൽ നിന്ന് കാണാം. ഇവയൊന്നും ഭൂമിശാസ്ത്രപരമായി അധികം ദൂരെയല്ലതാനും. ഹനുമാനെയും മറ്റ് വാനര ദൈവങ്ങളെയും ഹംപിയിലും പരിസര പ്രദേശങ്ങളിലും ആരാധിക്കപ്പെടുന്നുണ്ട്.

ഇതിൽ എഴുതാത്തതതായ വേറെയും കുറെ കാര്യങ്ങൾ കൃഷ്ണകുമാർ പറഞ്ഞുതന്നിരുന്നു. “നിങ്ങൾ അരമണിക്കൂറിനുള്ളിൽ ഇവിടെയൊക്കെ ചുറ്റിക്കാണു, ഞാൻ പുറത്തുണ്ടാകും” എന്നു പറഞ്ഞ് അയാൾ ക്ഷേത്രത്തിനു പുറത്തുപോയി. കൽമണ്ഡപങ്ങൾ എന്നെ നൃത്തം ചെയ്യാൻ ക്ഷണിച്ചുകൊണ്ടേയിരുന്നു. ഇവിടെ വരുമ്പോൾ ഒരു ഡാൻസ് ചെയ്യണമെന്ന ആഗ്രഹം യാത്ര തീരുമാനിച്ചപ്പോഴേ മനസിൽ ഉണ്ടായിരുന്നതാണ്. അതിനാൽ ഏകദേശം ഒന്നു നോക്കി പോയിരുന്നു സന്ദർശകർ അല്പം കുറഞ്ഞ ഒരിടത്ത് ഞാനെൻ്റെ ആഗ്രഹം സഫലമാക്കാമെന്നു കരുതി. സതീശ് റെക്കോഡ് ചെയ്തു തന്നു. ലൊക്കേഷന് ചേരുന്ന ‘തൊട്ടേനെ ഞാൻ മനസ്സുകൊണ്ട്’ എന്ന പാട്ടിനൊത്ത ചില ചുവടുകൾ അല്പം ചെയ്തു നോക്കിയിരുന്നു. ഒറ്റ ടേക്കിൽ തന്നെ വലിയ പ്രശ്നങ്ങളില്ലാതെ അതു ശരിയായി. സന്തോഷമായി.

Near Vittila Temple Radham
ലേഖികയും ഭർത്താവ് സതീശും വിട്ടലക്ഷേത്ര രഥത്തിനു മുൻപിൽ
In front of Vittila Temple
ലേഖികയും ഭർത്താവ് സതീശും വിട്ടലക്ഷേത്രത്തിനു മുൻപിൽ