“മഞ്ഞ ഇലകള്‍ അടര്‍ന്നുവീണുകിടന്ന ഒരു വയസ്സന്‍ പ്ലാവിന്‍റെ മൗനത്തിന്‍റെ ചുവട്ടില്‍…”
‘ബോധശലഭങ്ങള്‍’ എന്ന കഥയിലെ ഈ ആദ്യവരി തന്നെ കഥയുടെ ആത്മാവിനെ ആര്‍ദ്രമായി തൊടുന്നു. ഒരു പത്മരാജന്‍ സ്പര്‍ശമുണ്ട് ഈ വരിയുടെ നനവാര്‍ന്ന അധരങ്ങള്‍ക്ക്. വയസ്സന്‍ പ്ലാവിന്‍റെ മൗനത്തില്‍ കഥാകാരി ഒളിപ്പിച്ച വാര്‍ദ്ധക്യത്തിന്‍റെ നൊമ്പരക്ഷതങ്ങള്‍ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു. ചെറുകഥ, നോവല്‍, കവിത എന്നീ വ്യത്യസ്ത സാഹിത്യശാഖകളില്‍ തന്‍റെ കയ്യൊപ്പ് പതിപ്പിച്ച സര്‍ഗപ്രതിഭയായ ഡോ. മായാഗോപിനാഥിന്‍റെ ഏഴാമത്തെ കഥാസമാഹാരമാണ്, ബോധശലഭങ്ങള്‍.
മനസ്സില്‍ മരുഭൂമികള്‍ ഉണ്ടാകുന്നതിന്‍റെ വ്യഥകളെക്കുറിച്ച് മുന്‍പ് ആനന്ദ് പങ്കുവെച്ച ആകുലതകളുടെ മറുമൊഴിയാണ് ഈ കഥാകാരിയുടെ ആകുലതകളും. വായനക്കാരന്‍റെ ഹൃദയത്തെ പിടിച്ചു കുലുക്കുന്ന വൈകാരികാനുഭവങ്ങളാണ് മായാഗോപിനാഥിന്‍റെ കഥകള്‍. നഷ്ടമാവുന്ന നന്മകളെ വീണ്ടെടുക്കാന്‍ കഥ കൊണ്ടു നടത്തുന്ന പോരാട്ടമാണ്, ‘തൂവാനം കൊണ്ടുവന്ന കുട്ടി’ മുതൽ ‘പിന്നോട്ട് ചലിക്കാത്ത സൂചികൾ’ വരെയുള്ള ഈ പുസ്തകത്തിലെ 16 കഥകള്‍. മനുഷ്യമനസ്സിനെ ആഴത്തില്‍, എന്നാല്‍ ആര്‍ദ്രമായി സ്പര്‍ശിക്കുന്ന, കഥയെ കവിതയോടടുപ്പിക്കുന്ന എഴുത്തുകാരിയാണ് ഡോ. മായാഗോപിനാഥ്.
ഹൃദയം കീറിമുറിക്കുന്ന വേദനയോടെയാണ് ഈ സമാഹാരത്തിലെ ഒരോ കഥയെയും നമ്മെ സ്പര്‍ശിക്കുന്നത്. സ്നേഹം വാരിക്കൊടുത്തിട്ടും അവഗണനയുടെ ചവറ്റുകുട്ടയിലേക്ക്, ഓര്‍മ്മ നഷ്ടപ്പെട്ട പെറ്റമ്മയെ വലിച്ചെറിയുന്ന മകന്‍ വേണുവിന്‍റെ നിസ്സഹായതയുടെ മൂടുപടമിട്ട നന്ദികേടിനെ ഹൃദയം തുളയ്ക്കുന്ന വൈകാരികതയോടെയാണ് കഥാകാരി അവതരിപ്പിക്കുന്നത്. ഓര്‍മ്മകള്‍ നഷ്ടമായ മനസ്സോടെ, മകന്‍റെ പിന്നാലെ വൃദ്ധസദനത്തിലേക്ക് നടന്നു കയറുന്ന അമ്മ നമ്മുടെ കണ്ണുകള്‍ നനയ്ക്കുന്നു.
“… പൊക്കിള്‍ക്കൊടിഭാഗത്ത് ഒരു വിങ്ങല്‍ അറ്റ് വീണുചോരചീന്തി….അമ്മയുടെ നിറുകയില്‍ ഒരുമ്മ നല്‍കി പുറത്തിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് അമ്മയുടെ ചോദ്യം: നീ വല്ലതും കഴിച്ചോ…?”
ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദുഃഖത്തിന്‍റെ പ്രതിഫലനങ്ങളാണ് ഡോ. മായാഗോപിനാഥിന്‍റെ കഥകള്‍. ദുഃഖത്തെ അനുഭവമാക്കി മാറ്റുന്നു കഥാകൃത്ത്. സഹാനുഭൂതിയാണ് അതിന്‍റെ അന്തഃസത്ത. മറ്റൊരര്‍ത്ഥത്തില്‍ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെ ഹൃദയമുദ്രകളാണവ. അമ്മയ്ക്കും അച്ഛനും വേണ്ടാത്ത, പേരില്ലാത്ത തമിഴ് പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് ചോറൂട്ടി, കണ്മണി എന്നു വിളിക്കുന്ന ‘മധുബാല’ യും, ‘ഹൃദയത്തിന്‍റെ പ്രാര്‍ത്ഥനാഞ്ജലി’ യിലെ ഡോ. നന്ദഗോപനും കാരുണ്യത്തിന്‍റെ മിഴിവാര്‍ന്ന ആള്‍രൂപങ്ങളാണ്.
ജീവിതത്തില്‍ സ്നേഹം തിരിച്ചറിയുന്ന ചില നിമിഷങ്ങളുണ്ട്. എത്ര മനോഹരമാണ് ആ നിമിഷങ്ങള്‍. ഹൃദയത്തിന്‍റെ പ്രാര്‍ത്ഥനാഞ്ജലിയിലെ ഡോ. നന്ദഗോപനിലൂടെ ഊര്‍മ്മിള തൊട്ടറിയുന്നതും ഈ സ്നേഹമാണല്ലോ. മരുഭൂമിയിലും നീര്‍ക്കണങ്ങള്‍ കാണുന്ന ഒരു മനസ്സാണ്
മായാഗോപിനാഥിന്‍റേത്. ‘ആലുവാപ്പുഴ പിന്നെയുമൊഴുകി’, ‘സത്യമായിട്ടും പിന്നെയുമൊരു മഴ’ എന്നീ കഥകളിലെ സ്നേഹത്തിന്‍റെ മഴനനവ് അനുവാചകനെയും നനയ്ക്കും.
തനിക്കു ചുറ്റുമുള്ള അസുഖകരമായ കാഴ്ചകളിലും അനുഭവങ്ങളിലും വല്ലാതെ മനസ്സ് നീറുന്നുണ്ടെങ്കിലും നന്മയുടെ പ്രകാശകണമാവുന്ന ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടമാവാന്‍ കൊതിക്കുന്ന കഥാപാത്രങ്ങള്‍ ഈ കഥകളിലുണ്ട്. ‘ഋതു’ എന്ന കഥയും ഈ ദര്‍ശനം വ്യക്തമാക്കുന്നു.
“…ഞാനൊന്നു പെയ്തോട്ടെ എന്നുചോദിച്ച മഴമുത്തുകള്‍ അമ്മയുടെ കവിളിലൂടെ ഒലിച്ചിറങ്ങി. ഋതുവിന്‍റെ കൈത്തണ്ടമേലും കവിളത്തുമൊക്കെ മഴമുത്തുകളും കണ്ണീര്‍മുത്തുകളും ഇടകലര്‍ന്നു ചിന്നിച്ചിതറി…..”
ഇരുട്ടും മുള്ളുമില്ലാത്ത സൂര്യപ്രകാശവും പനിനീര്‍പ്പൂക്കളുമുള്ള ഒരു ലോകമാണ് ഈ കഥാകാരി സ്വപ്നം കാണുന്നത്. കുഞ്ഞുപൂക്കള്‍, പൂമ്പാറ്റകള്‍, തൊടി, മരങ്ങള്‍, ആകാശം,, കടല്‍, കാട്, നിഷ്ക്കളങ്ക ബാല്യം തുടങ്ങിയ ഇമേജുകളോട് ഗാഢമായ ആത്മബന്ധം മായാഗോപിനാഥിനുണ്ട്.
‘കുഞ്ഞുമുറിവുകള്‍’, ‘ദൈവത്തിന്‍റെ ബ്രഷ്’, ‘കാട് വിളിക്കുമ്പോള്‍’, ‘ഹൃദയം കൊരുത്ത മഞ്ചാടിമണികള്‍’, ‘ഉമയും യമുനാതീരവും’, ‘ആകാശക്കടലിലൊരു ചിപ്പി’, ‘ഋതു’ എന്നീ കഥകളില്‍ ഈ ലയം അനുവാചകന് അനുഭവപ്പെടും. കരള്‍ പറിച്ചെടുക്കുന്ന ആത്മാര്‍ത്ഥതയോടെയും തീവ്രതയോടെയും ഈ കഥാകാരി, കഥയുടെ ആത്മാവിലേക്ക് നേരെ കടന്നുചെല്ലുകയും ആ കഥയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
വിസ്തരിച്ചുള്ള വര്‍ണ്ണനകളില്ലാതെ, കാവ്യാത്മകമായ രേഖകള്‍കൊണ്ടാണ് കഥാകാരി അനുവാചകമനസ്സില്‍ കഥയെ കോരിയിടുന്നത്. അകൃത്രിമസുന്ദരമായി ആവിഷ്ക്കരിക്കപ്പെടുന്ന സംഭവങ്ങളെ അന്യോന്യം ഇണക്കുന്ന കണ്ണികള്‍ അനുവാചകനില്‍ സ്വതേ രൂപപ്പെടുന്നു. പുസ്തകങ്ങളുടെ കൊതിപ്പിക്കുന്ന സുഗന്ധത്തില്‍ ലയിച്ചിരിക്കുന്ന കഥാകാരിയുടെ മനസ്സിനെ പ്രതിഫലിപ്പിക്കുന്ന കഥയാണ്, ‘പുസ്തകമണം പേറിയ കാറ്റ്’. കുട്ടികള്‍ ലോകം നോക്കിക്കാണുന്നത് മുതിര്‍ന്നവരുടേതില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് സൂക്ഷ്മതയോടെ സ്പര്‍ശിച്ചറിഞ്ഞ കഥാകാരിയാണ് ഡോ. മായാ ഗോപിനാഥ്. ‘കുഞ്ഞുമുറിവുകള്‍’ എന്ന കഥ ആ സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സ്ത്രീ – പുരുഷ ബന്ധങ്ങളുടെ ഏണും കോണും പ്രത്യേക രീതിയില്‍ സ്വാംശീകരിക്കാന്‍ ഈ കഥാകാരി ഈ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. ആണിനെ തള്ളിപ്പറയുന്ന ഒരു മനസ്സല്ല കഥാകാരിയുടേത്. ഒരു സ്ത്രീ സ്ത്രീയാവണമെങ്കില്‍ അവളുടെ സ്ത്രീത്വത്തെ അംഗീകരിക്കാന്‍ ഒരു പുരുഷന്‍ വേണമെന്ന ദര്‍ശനവും കഥകളിലുണ്ട്. ‘സത്യമായിട്ടുമൊഴുകിയൊരു മഴയിലും’ ‘പിന്നോട്ടു ചലിക്കാത്ത സൂചികളിലും’ ഈ കാഴ്ചപ്പാട് വ്യക്തമായി കാണാന്‍ കഴിയും.
ചെറുകഥകളില്‍ വൈകാരിക പിരിമുറുക്കം നല്‍കാനും ഭാവസാന്ദ്രമായ കവിതയുടെ അനുഭൂതി തീവ്രത വരുത്താനും ശില്പഭദ്രത നല്‍കാനും മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ ആധുനിക മനുഷ്യന്‍റെ, പ്രത്യേകിച്ച് സ്ത്രീകളുടെ അന്തര്‍ധാരകള്‍ തിരയാനും മൂല്യച്യുതികള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനും തന്റെ കഥകളിലൂടെ ഡോ. മായാഗോപിനാഥിനു കഴിയുന്നു.
സദാ തുടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം പോലെ, ഒരിക്കലും വിരസമാകാത്ത, ഏതുകാലത്തിനും യോജിക്കുന്ന മലയാളത്തിന്‍റെ മാന്ത്രിക സൗന്ദര്യമാണ് ഡോ. മായാഗോപിനാഥിന്‍റെ കഥകള്‍.