International Literature Festival Of Kerala( ILFK)-2025 Closing Ceremony
കേരള സാഹിത്യ അക്കാദമി ലൈബ്രറിയ്ക്ക് 'ലളിതാംബിക അന്തർജ്ജന സ്മാരക ഗ്രന്ഥശാല' എന്ന പേര് അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.

കേരള സാഹിത്യ അക്കാദമി സാഹിത്യോത്സവം സമാപിച്ചു; അക്കാദമി ഗ്രന്ഥശാല ഇനി 'ലളിതാംബിക അന്തർജ്ജന സ്മാരക ഗ്രന്ഥശാല'

തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി ലൈബ്രറി ഇനിമുതൽ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയായിരുന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ പേരിൽ, ‘ലളിതാംബിക അന്തർജ്ജനം സ്മാരകഗ്രന്ഥാലയം’ എന്ന് അറിയപ്പെടും. അക്കാദമിയുടെ രണ്ടാമത് സാർവദേശീയ സാഹിത്യോത്സവ സമാപന സമ്മേളനത്തിൽ, അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഔദ്യോഗികമായി ലൈബ്രറിയുടെ നാമകരണം നിർവ്വഹിച്ചു.

17മുതൽ 21വരെ നടന്നുവന്നിരുന്ന സാഹിത്യോത്സവ സമാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനോടൊപ്പമാണ്, ഗ്രന്ഥശാലയുടെ പേരിടൽ കർമ്മവും സച്ചിദാനന്ദൻ നിർവഹിച്ചത്. ലളിതാംബിക അന്തർജനത്തിൻ്റെ മകൻ രാജേന്ദ്രൻ നമ്പൂതിരിയും കുടുംബാംഗവും എഴുത്തുകാരിയുമായ തനൂജ ഭട്ടതിരിയും ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.

അക്കാദമി സെക്രട്ടറി സി. പി. അബൂബക്കർ സാഹിത്യോത്സവ പതാക താഴ്ത്തി. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ അദ്ധ്യക്ഷത വഹിച്ചു. ജി. എസ്. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. പ്രസീത ചാലക്കുടി, നേപ്പാൾ കവികളായ ഭൂവൻ തപാലിയ, അമർ ആകാശ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സി. പി. അബൂബക്കർ സ്വാഗതവും കെ. എസ്. സുനിൽകുമാർ നന്ദിയും പറഞ്ഞു.

Family Members of Lalithambika Antharjanam
'ലളിതാംബിക അന്തർജ്ജന സ്മാരക ഗ്രന്ഥശാല' യ്ക്കു മുൻപിൽ അന്തർജ്ജനത്തിന്റെ മകൻ രാജേന്ദ്രൻ നമ്പൂതിരിയും കുടുംബാംഗങ്ങളും.

കൊല്ലം കൊട്ടാരക്കര കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽ ദാമോദരൻപോറ്റിയുടെയും ഹരിപ്പാട് ചെങ്ങാരാപള്ളി നങ്ങയ്യ അന്തർജനത്തിന്റെയും മകളായി 1909 മാർച്ച്‌ 30നു ജനിച്ച ലളിതാംബിക അന്തർജ്ജനം, തന്റെ അറുപത്തിയെട്ടാം വയസിൽ എഴുതിയ ‘അഗ്നിസാക്ഷി’ എന്ന നോവലിലൂടെ മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടി. 1977ലാണ് അഗ്നിസാക്ഷി പുറത്തിറങ്ങിയത്. 1999ൽ, ഈ നോവൽ സിനിമയായി. ശ്യാമപ്രസാദ് ആണ് സംവിധാനം ചെയ്തത്. അതിനുമുൻപ്, 1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ലളിതാംബികാന്തർജനം നിർവഹിക്കുകയുണ്ടായി.

ശാരദ മാസികയില്‍ 1923 സെപ്റ്റംബര്‍ ലക്കത്തിൽ അച്ചടിച്ചു വന്ന ‘അഭിനവപാര്‍ത്ഥസാരഥി’ എന്ന ലേഖനമായിരുന്നു ആദ്യരചന. ഗാന്ധിജിയെക്കുറിച്ചുള്ളതായിരുന്നു ലേഖനം.

Read Also  59-ാമത് ജ്ഞാനപീഠ പുരസ്കാരം ഛത്തീസ്ഗഢ് എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്

അഗ്നിസാക്ഷിയ്ക്ക് 1977-ൽ വയലാർ അവാർഡും ഓടക്കുഴൽ അവാർഡും ലഭിക്കുകയുണ്ടായി. ‘ഗോസായി പറഞ്ഞ കഥ’ എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1973ൽ ‘സീത മുതൽ സത്യവതി വരെ’ എന്ന നിരൂപണം കൃതിക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പടെ ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളസാഹിത്യഅക്കാദമി, കേരള സോഷ്യൽ വെൽഫയർ ബോർഡ് എന്നിവിടങ്ങൾ അംഗയിരുന്നിട്ടുണ്ട്.

പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻ നമ്പൂതിരിയായിരുന്നു ഭർത്താവ്. മക്കൾ: ഭാസ്കരകുമാരൻ, എൻ. മോഹനൻ, രാജം, ലളിത, ലീല, ശാന്ത, രാജേന്ദ്രൻ. എൻ. മോഹനൻ മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്നു.

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹