Prathibhavam First Onappathippu-2025
Jeernaroopangalude Sirolikhitham-Malayalam poem by P K Gopi-Prathibhavam First Onappathippu-2025

രിമണികളിലൊക്കെ
ആരുടെയോ
പേരെഴുതിയിട്ടുണ്ടുപോലും!

ഓരോ തുള്ളി ജലത്തിലും
കാറ്റിന്റെയും
കടലിന്റെയും മുകിലിന്റെയും
മേൽവിലാസം കുറിച്ചിട്ടുണ്ടത്രെ.

ഓരോ മൺതരിയിലും
ശിലയുടെയും മലയുടെയും
പുഴയുടെയും പ്രളയങ്ങളുടെയും
ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടത്രെ.

ഓരോ നിശ്വാസത്തിലും
കാലത്തിന്റെയും
നാഴികമണിയുടെയും
ഹൃദയത്തിന്റെയും കഥ
അലിഞ്ഞുചേർന്നിട്ടുണ്ടുപോലും.

ഞാൻ നിന്നിലും നീ എന്നിലും
അജ്ഞാത വാതലിലൂടെ പ്രവേശിച്ച്
പ്രണയവും വിരഹവും
നിലവിളിയും മന്ദഹാസവുമെല്ലാം
പങ്കിടുന്നവരാണെന്ന്
പറയാതെ അറിയാമല്ലോ, അല്ലേ?

എന്നെ നിന്നിലും നിന്നെ എന്നിലും
ആലേഖനം ചെയ്തു വിട്ടിട്ടും
എന്തിനാണ് പ്രതികാരം?
എന്തിനാണ് മാരകായുധം?
അവകാശത്തർക്കം?

വിശ്വവ്യാപകമായ
അജ്ഞതക്കോട്ട പൊളിക്കാൻ
കഴിയാത്തവന്റെ
കൈത്തണ്ടയിലും നെഞ്ചിലും
ദൈവങ്ങളുടെ നീലരൂപം
പച്ച കുത്തിയിട്ടെന്ത്?

കോളിളക്കങ്ങൾ നിലയ്ക്കുമ്പോൾ
നിലയവാദ്യക്കാർ
അവതരിച്ചാൽ പോരാ,
ലക്ഷ്യമില്ലാത്ത അവതാരവേഷങ്ങൾ
വഴിയരികിലെ കാറ്റിലും മഴയിലും
ജീർണ്ണിക്കുന്നതു കാണുമ്പോൾ
ചോദിക്കുന്നു:
ആരുടെ പേരാണ് അവയുടെ ശിരസ്സിൽ
കൊത്തിവെച്ചിരിക്കുന്നത്?

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  വേവ്/ സ്വപ്നാ റാണി എഴുതിയ കവിത