Kallum Kolleem-Malayalam shortstory by Kalika

കള്ളും കൊള്ളീം

അതും പറഞ്ഞവൾ റൂമിലേക്കു നടക്കുമ്പോൾ, അന്നു കുടിച്ച കള്ളിന് കയ്പ്പോടു കൂടിയുള്ള ചവർപ്പാണോ മധുരത്തോടു കൂടിയുള്ള ചവർപ്പാണോ എന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു അവളുടെ അമ്മ.

“അമ്മേ…. ഇന്ന് പറയാനൊരു വിശേഷണ്ട്.”
സ്കൂൾ വിട്ട് വന്ന സൈന വളരെ ആവേശത്തോടെയും ആശ്ചര്യത്തോടെയും ഓടിവന്ന് പറഞ്ഞു.

“ഉം.. എന്താ ത്ര ആവേശം?”
അവളുടെ മുഖത്തെ കുസൃതിയും സന്തോഷവും കണ്ട് ജിജ്ഞാസയോടെ അമ്മ ചോദിച്ചു.

“ഞങ്ങളിന്നൊരു സ്പെഷ്യൽ ഫുഡ്‌ കഴിച്ചു.”

“ഇതിനാണോ ത്ര തുള്ളാട്ടം!”
ആ +2കാരിയുടെ നേരെ അമ്മ ചിറി കോട്ടി.

“എവിടുന്നാ ന്ന് ചോദിക്ക്…”

“എന്താ വല്ല ഫൈവ്സ്റ്റാർ ഹോട്ടലിലും കേറ്യോ..?”

“അല്ല. കള്ള് ഷാപ്പിന്ന്. ഹോ! എന്താ രുചി! ദേ, നോക്യെ, അതിന്റെ മണംപോലും പോണില്ല.”
അവൾ കൈവിരലുകൾ അമ്മയുടെ മൂക്കി നരികിലേക്കുയർത്തി.

പുതിയ തലമുറയുടെ കൂസലില്ലായ്മയും തന്റേടവും കണ്ട് അമ്മ അന്തിച്ചുനിന്നു. തന്റെ ബാല്യ- കൗമാര കാലങ്ങളിൽ കള്ള്ഷാപ്പെന്ന് കേൾക്കുന്നതേ പേടിയായിരുന്നു. ഷാപ്പ്പടി വഴി പോകേണ്ടി വന്നാൽ താഴ്ത്തിപിടിച്ച മുഖവും ഒതുക്കിപിടിച്ച പാവാടയുമായി ചൂളിചൂളിയാണ് നടക്കുക. ഒരു കാട് താണ്ടിയ ആശ്വാസമാണ് ആ വഴി കടന്നു കിട്ടുന്നത്.

അമ്മയുടെ ഓർമ്മയിൽ ഒരു നുറുങ്ങുവെട്ടം മിന്നി. ഊറി ചിരിച്ചുകൊണ്ട് മകളുടെ മുഖത്തേക്ക് നോക്കി.

“ഉം? ന്താ ഒരു കള്ളച്ചിരി?”
അമ്മയുടെ ചുമലിൽ പിടിച്ചുകൊണ്ടു സൈന ചോദിച്ചു. അമ്മ ചുറ്റുവട്ടമൊന്ന് നോക്കി, ആരുമില്ലെന്ന് ഉറപ്പാക്കി.

“എടി, ഞാനും ഒരിക്കൽ കള്ളുഷാപ്പിൽ പോയിട്ടുണ്ട്. അതോർത്തുപോയതാ.”

“ഓഹോ! പറ, കേൾക്കട്ടെ!”

അമ്മ തന്റെ ഓർമ്മചെപ്പ് തുറന്നു.
“നന്നേ ചെറിയ കുട്ടിയായിരുന്നപ്പോൾ ഒരു ദിവസം അന്തിക്ക് അച്ഛൻ എന്നെ ഷാപ്പിൽ കൊണ്ടുപോയിട്ടുള്ളത് ഓർമ്മയുണ്ട്. അന്നൊരു എട്ടോ ഒൻപതോ വയസുകാണും. തനിക്ക് കഴിക്കാൻ കപ്പ പുഴുങ്ങീതും മീൻകറീം വാങ്ങി തന്നിട്ട് അച്ഛൻ ഷാപ്പില് കുടീം വർത്തമാനോം ആയിട്ട് ഇരിക്കയായിരുന്നു. കപ്പക്ക് നല്ല എരിവ്. അച്ഛന്റെ കുപ്പീന്നാണോ വേറേതെങ്കിലും കുടിയന്റെ കുപ്പീന്നാണോ എന്നൊന്നും അറിയില്ല. എരിവു മൂത്തപ്പോൾ കയ്യിൽ കിട്ടിയ കള്ള് ഞാനെടുത്തു കുടിച്ചു. കൂട്ടുകൂടിയന്മാരുമായുള്ള സംസാരത്തിനിടയിൽ അച്ഛനതൊന്നും അറിഞ്ഞില്ല. എരിവ് നിക്കാത്തതുകൊണ്ടോ കള്ളിന്റെ ടേസ്റ്റ് പിടിച്ചതുകൊണ്ടോ കയ്യിൽ കിട്ടിയ കുപ്പി കാലിയും ആയി. ഒടുവിൽ, ഛർദ്ദിച്ചു ഛർദ്ദിച്ചു ബോധം പോയ എന്നെ കൈത്തണ്ടകളിലിട്ട് വരമ്പത്തു കൂടി അച്ഛൻ വേച്ചുവേച്ചു വരുന്നത് ഉമ്മറകോലായിൽ നിന്നിരുന്ന അമ്മ കണ്ടതും ഒറ്റ അലർച്ചയായിരുന്നു. കാര്യമറിയാതെയുള്ള അമ്മേടെ വാവിട്ടു കരച്ചിലും അയൽക്കാരുടെ ഓടികൂടലും ഒക്കെകൂടി ഒരു ചെറുപൂരമായിരുന്നു ആ രാത്രി.”

Read Also  ബോധശലഭങ്ങൾ- ഡോ. മായാ ഗോപിനാഥ് എഴുതിയ ചെറുക്കഥ

“ഓഹോ… പിന്നെന്തൊക്കെ നടന്നു ആ രാത്രി.”
ഷാപ്പീന്നു കിട്ടിയ കിക്കിനേക്കാൾ അമ്മേടെ കഥയിൽ രസം പിടിച്ച സൈന ചോദിച്ചു.

“പിന്നെന്തു നടക്കാൻ… ഞാൻ ‘മരിച്ചു’ കിടന്നേന്റെ കാരണം പാമ്പ് കൊത്തീതല്ല, കള്ള് മോന്തീതാണ് എന്നറിഞ്ഞപ്പോൾ കൊറേ ഉപ്പുവെള്ളം കൂടി മോന്തേണ്ടി വന്നു, കുടിച്ചേന്റെ കെട്ട് വിടാൻ.”

“ഓഹോ… അപ്പോൾ അന്നു കുടിച്ചേനെ കിക്ക് അമ്മയ്ക്ക് മുഴുവനായി എൻജോയ് ചെയ്യാൻ പറ്റീല്ലാന്ന്…”
സൈന പൊട്ടിച്ചിരിച്ചുകൊണ്ട് തുടർന്നു.
“സാരമില്ല. അടുത്തപ്രാവശ്യം പോകുമ്പോ അമ്മനേം കൂട്ടാം. ന്താ?”

അതും പറഞ്ഞവൾ റൂമിലേക്കു നടക്കുമ്പോൾ, അന്നു കുടിച്ച കള്ളിന് കയ്പ്പോടു കൂടിയുള്ള ചവർപ്പാണോ മധുരത്തോടു കൂടിയുള്ള ചവർപ്പാണോ എന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു അവളുടെ അമ്മ.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Copyright©2025Prathibhavam | CoverNews by AF themes.