Published on: September 10, 2025


അന്നും നെടിഞ്ഞിക്കുന്നിന്റെ ഉച്ചിയിൽ അവരുണ്ടായിരുന്നോ… ആ ഉച്ചവെയിലിൽ… ചിറക് മിനുക്കി, സൊറ പറഞ്ഞ് പാറി നടന്നിരുന്നോ… ഉണ്ടായിരുന്നിരിക്കണം. എന്നെ അവർ കണ്ടില്ലായിരുന്നോ… താനും അന്നാരെയും കണ്ടില്ലല്ലോ…
കട്ടിയുള്ള തുകൽ പുതപ്പ് മൂടിപ്പുതച്ചു കിടന്നിട്ടും മുഖത്തേക്ക് ആ തുമ്പികൾ കല്ലിട്ടുകൊണ്ടേയിരുന്നു. കൂട്ടമായിട്ടാണ് ആക്രമണം. എല്ലാവരും കല്ലുകൾ കരുതിയിട്ടുണ്ട്. കുഞ്ഞു കുഞ്ഞു പാറക്കല്ലുകൾ…
അവൾ എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു. കണ്ണകൾ അടക്കുകയും തുറക്കുകയും ചെയ്തു. അപ്പോഴും നിറയെ തുമ്പികൾ. കല്ലുകൾ മഴയായി പെയ്തുകൊണ്ടിരിക്കുന്നു. അവ അവളുടെ കണ്ണുകളിൽ കുന്നായി ഉയർന്നപ്പോൾ അവിടേക്ക് ഒഴുകിയെത്തിയ തുമ്പികളുടെ എണ്ണവും കൂടി കൂടി വന്നു.
അരയോളം പൊക്കത്തിൽ കല്ലുകളും വിശ്രമമില്ലാതെ പറന്നെത്തുന്ന തുമ്പികളും അവളിൽ ഭയവും തെല്ലൊരാശങ്കയും സൃഷ്ടിച്ചു. തെല്ലിടക്കു ശേഷം, തന്റെ കണ്ണിനു മുന്നിൽ വട്ടമിട്ടു പറന്ന ഒരു തുമ്പിയെ മെല്ലെ പിടിച്ചു. വലിപ്പമുള്ള രണ്ടു കണ്ണുകൾ. അതവളെ തുറിച്ചു നോക്കും പോലെ.
നീലനിറത്തിലുള്ള നീളൻ ചിറകുകളിൽ നര വീണിരിക്കുന്നു. ശോഷിച്ച കാലുകൾക്ക് ബലക്ഷയം. ചിറകുകളിൽ മഞ്ഞനിറത്തിൽ എന്തോ ഒന്ന് പറ്റിപ്പിടിച്ചിരിക്കുന്നു. തന്റെ ഇടതു കൈകൊണ്ടെടുത്ത് അവളതിനെ കണ്ണോടടുപ്പിച്ചു.
പെട്ടെന്ന്, കണ്ണുകളിൽ നെടിഞ്ഞിക്കുന്ന്. കുന്നിന്റെ ഉച്ചിയിൽ, പണ്ട് ബ്രിട്ടീഷുകാർ പണിതതെന്നു പറയപ്പെടുന്ന വാട്ടർ ടാങ്ക്. ചുറ്റിലും വലിയ ജലക്കുഴലുകൾ. പിന്നെ, കാറ്റത്ത് പറന്നുകളിക്കുന്ന കൈയറുത്താം പുല്ല്. പുല്ലിൽ പൂച്ചവാല് പോലെ, നീളത്തിൽ കയ്യറുത്താമ്പൂവ്.
അവിടെനിന്നും താഴേക്ക് ഒഴുകിയിറങ്ങുന്ന വീടുകൾ. അതിനും താഴെ തോടും വയലും. നടുവിൽ തോടിനെയും വയലിനെയും മുട്ടിയുരുമ്മി, അങ്ങ് കോവിലുവിളവരെ നീണ്ടുപോകുന്ന വരമ്പ്.
നെടുഞ്ഞിക്കുന്നിന് തൊട്ടുതാഴെ തറവാട്. തറവാട് ഇറങ്ങിവന്നാൽ തന്റെ വീട്. എല്ലാമിപ്പോൾ ഒരു ചിത്രം പോലെ കാണാം. കയ്യിലിരിക്കുന്ന തുമ്പിക്കിപ്പോൾ അമ്മമ്മയുടെ മുഖം. ചുറ്റും പാറുന്ന തുമ്പികൾക്ക് അപ്പൂപ്പൻ, കല്യാണി അമ്മച്ചി, അപ്പച്ചൻ… അങ്ങനെ… അങ്ങനെ… ചുറ്റും നിറയെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ… മരണമുഖങ്ങൾ!
നാട്…. നാട്…. നാട്.
നാട് അവളുടെ കഴുത്തിനു പുറകിലെ അസ്ഥിയിൽ പിടിമുറുക്കി. തൊണ്ട വരണ്ടു. അവളുടെ ശരീരത്തിൽ നിന്നും പുറത്തിറങ്ങാനാവാതെ കുടുങ്ങിപ്പോയ ഒരു തുമ്പി ചിറകിട്ടടിച്ചുകൊണ്ടിരിക്കുന്നു. ആ പിടച്ചിലിൽ കണ്ണുകൾ ക്ലോക്കിലേക്കോടി. സമയം 1. 45.
ഇപ്പോളിറങ്ങിയാൽ പുലരുമ്പോഴേക്കും നാട്ടിലെത്താം. എത്ര നിയന്ത്രിച്ചിട്ടും ഉള്ളിലിരുന്ന് ആരെക്കൊയോ പിറുപിറുക്കുന്നു. തുമ്പികളിൽ നിന്നും പുറത്തിറങ്ങി പെട്ടെന്ന് ട്രാവൽ ബാഗ് ഒരുക്കി. തുമ്പികൾ ഒളിക്കണ്ണിട്ട് നോക്കുന്നു. ആ സമയമവൾ പരിചിതമല്ലാത്ത ഒരു ലോകത്തിലായിരുന്നു. മരിച്ചവരുടെ ലോകത്ത്. നെടിഞ്ഞിക്കുന്നിന് താഴെ, മരിച്ചു വേരായി തീർന്നവരുടെ ലോകത്ത്.

നാട്… നാടിന്റെ മണം… നാടിന്റെ കാറ്റ്…
വെയിലേറ്റ്, കാറ്റിൽ പാറിക്കളിക്കുന്ന കയ്യറത്താം പുല്ലിന്റെ സ്വർണ്ണപ്പൂക്കൾ.
ബസ്റ്റാന്റിലേക്കുള്ള യാത്രയിൽ, നാട്ടിൽ അവസാനമായി പോയതോർത്തു. അപ്പച്ചൻ മരിച്ച ദിവസം. അന്നും നെടിഞ്ഞിക്കുന്നിന്റെ ഉച്ചിയിൽ അവരുണ്ടായിരുന്നോ… ആ ഉച്ചവെയിലിൽ… ചിറക് മിനുക്കി, സൊറ പറഞ്ഞ് പാറി നടന്നിരുന്നോ… ഉണ്ടായിരുന്നിരിക്കണം. എന്നെ അവർ കണ്ടില്ലായിരുന്നോ… താനും അന്നാരെയും കണ്ടില്ലല്ലോ…
ഉപ്പുനീർ നിറഞ്ഞ കണ്ണിൽ ഇരുട്ട് മാത്രമായിരുന്നു അന്ന്. മരണത്തിന്റെ ഇരുട്ട്. അവിടന്നു പോന്നതിൽ പിന്നെ, വർഷങ്ങൾ ഇലകൾപോലെ കൊഴിഞ്ഞുവീണു. രണ്ടുമുറി അമ്മവീട് അഞ്ചാറുമുറികളുള്ള ആങ്ങളവീടായി. ആവശ്യങ്ങൾ, മരണമായും കല്യാണമായും പാലുകാച്ചലായും കതകിൽ മുട്ടി വിളിച്ചെങ്കിലും നാട് തനിക്ക് അന്യമായിപ്പോയിരുന്നു.
നാട്ടിലേക്ക് ഓടിക്കൊണ്ടിരുന്ന വണ്ടിയിലിരിക്കുമ്പോൾ, ഓർമ്മകളുടെ നനവിലേക്ക് ആഴത്തിലേക്കിറങ്ങിയപ്പോയ വേദനയുടെ അടിവേരുകൾ കാലിലെ ചിലമ്പുന്ന പാദസരത്തിൽ ശ്വാസംകിട്ടാതെ കുടുങ്ങി.
ബസിലേക്ക് തണുത്തകാറ്റ് നുഴഞ്ഞു കയറിയപ്പോഴാണ് അവൾ വീണ്ടും ഓർത്തത്.
‘എവിടെ തുമ്പികൾ..?’
അവൾ പുറകിലേക്ക് മുഖം തിരിച്ചു. ഞങ്ങളിവിടെ ഉണ്ടെന്ന് പറഞ്ഞൊരു തുമ്പി, അവളുടെ മൂക്കുത്തിയിൽ വന്നിരുന്നു. അവൾ ബസ്സാകെ കണ്ണോടിച്ചു. സീറ്റുകളിലും എല്ലായിടത്തും നിറയെ തുമ്പികൾ. കണ്ണുകൾ അടച്ച്… യാത്ര ആസ്വദിച്ച്…. ചിലത് ഇരിക്കുന്നു. ചിലത് മെല്ലെ മെല്ലെ പാറുന്നു.
അവളും മിഴികളടച്ചു. അത് ഇഷ്ടപ്പെടാതെയോ എന്തോ… കാറ്റ് മുഖത്തേക്ക് മുടിയിഴകളെ കൊണ്ടുവന്നിട്ടു. നാട്ടിലെ സ്റ്റാന്റിൽ എത്തിയപ്പോഴേക്കും തുമ്പികൾക്കെല്ലാം നന്നേ മടുത്തിരുന്നു. തനിക്കും. തൊട്ടടുത്തുള്ള കംഫർട്ട് സ്റ്റേഷനിൽനിന്നും ഫ്രെഷായി കടുപ്പത്തിലോരോ ചായ കുടിച്ചു. അവളായിരുന്നു പേ ചെയ്തത്. തുമ്പികളുടെയും കടക്കാരന്റെയും മുഖത്ത് ഒരുപോലെ സന്തോഷം.
അവർ മറ്റൊരു ബസിൽ ആര്യൻകോടിലേക്ക് ടിക്കറ്റ് എടുത്തു. കണ്ണടച്ച് തുറന്നപ്പോഴേക്കും ആര്യൻകോട് എത്തി. അവിടെ നിന്ന് വീട്ടിലേക്ക് പാടവരമ്പാണ്. നടക്കണം. അല്ലെങ്കിൽ ഓട്ടോ വിളിച്ച് ചുറ്റി പോകണം. പണ്ട് ഒത്തിരി നടന്നതല്ലേ…
‘അങ്ങ് നടക്കുന്നേ…’ ന്ന് കാലും വരമ്പും ഒരുപോലെ പറഞ്ഞപ്പോൾ നടക്കാൻ തുടങ്ങി. ഉള്ളിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിയും ഭ്രാന്തിയെപോലെ ചിരിച്ചും മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോൾ പുറകിൽ അനിയൻ.
”അല്ല, ണേ….നീയെങ്ങനെ വന്ന്?”
”പറന്ന് വന്ന്. നീ കണ്ടില്ലേ… ലാൻഡിംഗ് ഒക്കെ സ്മൂത്തായിരുന്നു.”
”ഓ ഞാൻ കണ്ടില്ല കേട്ടാ.. നീ വന്ന് വണ്ടീ കേറ്.”
വർഷങ്ങളുടെ ഇടവേള ഒന്നുമില്ലാതെ അവൾ അവനൊപ്പം കയറി. വണ്ടിയിൽ ഇടമില്ലാത്തതുകൊണ്ട്, തുമ്പികൾ അവരുടെ പുറകെ വരിവരിയായി വന്നുകൊണ്ടിരുന്നു.
ഇതേ വരമ്പിൽ വച്ചാണ് ആദ്യമായി താൻ തുമ്പികളെ കണുന്നത്. അന്ന്, അച്ഛനൊപ്പം സ്‌കൂളിൽ ചേരാൻ പോയപ്പോഴും തിരിച്ചു വരുമ്പോഴും അവൾക്കൊപ്പം തുമ്പികളും ഉണ്ടായിരുന്നു. പിന്നെ പിന്നെ, എന്നും കൂട്ട് വരും. ഉച്ചക്ക് ഗ്രൗണ്ടില്‍ ഓടി മടുക്കുമ്പോൾ, ചിറക് വീശി ഇത്തിരിക്കാറ്റ് തന്ന്, വീണ്ടും വീണ്ടും ഓടിപ്പിക്കും. അന്നെല്ലാം എവിടെ പോകുമ്പോഴും കൂട്ട് അവരാണ്, പിന്നീടെപ്പോഴോ അവളറിയാതെ, അവളിൽ നിന്നും ഇറങ്ങിപ്പോയ തുമ്പികൾ.
അനിയന്റെ വീടും വീട്ടിലെ വസ്തുക്കളും വല്ലാതെ പരിചയക്കുറവ് കാട്ടി. പുതിയതിൽ നിന്നും ഏറ്റവും പഴയതിനെ തിരഞ്ഞ്, ഒടുവിൽ കണ്ടെത്തി. അമ്മയുടെ കട്ടിൽ. ഉപയോഗിക്കാത്തതുകൊണ്ടുള്ള ഒരു മണം കട്ടിലിനെ മൂടിപ്പൊതിഞ്ഞിരുന്നു.
അതിൽ നീണ്ടുനിവർന്നു കിടന്നപ്പോൾ, ഒരു നിമിഷം താൻ അമ്മയായിന്ന് ഒരു തോന്നൽ. അമ്മയുടെ ചൂരും ചൂടും തന്നിലേക്ക് ചേരുന്നത് പോലെ. കണ്ണുകൾ മെല്ലെ അടയുമെന്ന് തോന്നിയ സമയം അമ്മത്തുമ്പി കല്ലുമായി അവളുടെ കണ്ണിനു മീതെ വന്നു. കണ്ണിൽ വീഴാതിരിക്കാൻ അവൾ എഴുന്നേറ്റിരുന്നു. അപ്പോൾ, അമ്മത്തുമ്പിയുടെ ചിറകിൽ പറ്റിച്ചേർന്നിരുന്ന കയ്യറത്താംപൂ അവളുടെ കയ്യിലേക്ക് വീണു. അവൾ മുറ്റത്തിറങ്ങി. നെടിഞ്ഞിക്കുന്നിനെ നോക്കി. കുന്ന് ചെറുതായോ, താൻ വലുതായോ…
അവൾ കുന്നിലേക്ക് നീങ്ങി.
”ണേ ചേച്ചി… നീയെങ്ങോട്ട് പോണ്.”
അനിയനാണ്.
”കുന്നില്…. പൂവ്…”
”കഷ്ടം തന്നെ ട്ടാ… നിന്റെ പിള്ളകളി ഇതുവരെ തീർന്നില്ലേ, ണേ.. അവിടെ മൊത്തം കാടുപിടിച്ചു. പാമ്പ് കുട്ടിയിട്ട് കിടക്കണ്. പോണ്ടാ.”
”അത് കുഴപ്പമില്ല. ഞാൻ ശ്രദ്ധിച്ചോളാം.”
”ന്നാ പിന്നെ ഞാൻ വണ്ടിയിൽ കൊണ്ടാക്കാം. അവിയൻകോട് വഴി പോയാൽ ഇപ്പോൾ കുന്നിന്റെ മുകളറ്റം വരെ വണ്ടിയിൽ പോകാം.”
”വേണ്ടടാ. എനിക്ക് തനിച്ചു പോകണം, നടന്ന്. ഞാൻ പതിയെ അങ്ങ് കയറിക്കോളാം.”
അവൾ മുന്നോട്ട് നീങ്ങി. കാടും പടർപ്പും പൊത്തും കുട്ടിയിട്ടു കിടക്കുന്ന പാമ്പുകളും കടന്ന് കുന്നിന്റെ മുകളിലെത്തി. അവളിൽ കുന്നും കുന്നിൽ അവളുംമാത്രം. ചിറകുകൾക്ക് ചായം തേച്ച്, വെയിലത്ത് ഉണങ്ങാനായി പാറുന്ന തുമ്പികൾ…. വെയിൽ കാഞ്ഞ്, നിലത്തും പാറകളിലും ചാഞ്ഞു കിടക്കുന്ന തുമ്പികൾ…. കയ്യറത്താം പൂക്കളിൽ, ചെടിത്തുമ്പുകളിൽ, മരച്ചില്ലകളിൽ വിശ്രമിക്കുന്ന, തേനുണ്ണുന്ന തുമ്പികൾ….
ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ കയ്യറത്താം പൂക്കളെ ഒടിച്ചെടുത്തുകൊണ്ടിരുന്നു. ദീർഘക്കാലത്തെ അപരിചിതത്വം തോന്നിയതുകൊണ്ടാകണം, കയ്യത്താമ്പുല്ല് അവളുടെ കയ്യിനെ ചെറുതായൊന്ന് നോവിച്ചു. ആ നോവിൽ ഒരു സൂചി ചോര പൊടിഞ്ഞു. ചെറിയൊരു നീറ്റലോടെ അവൾ നെടിഞ്ഞിക്കുന്നിന്റെ മാറിലെ പുൽത്തകിടിയിൽ അമർന്നുക്കിടന്നു. പതിയെ ഉറക്കത്തിലേക്കു വഴുതിയ, മുഴുവനായും അടയാത്ത കണ്ണുകൾ കുന്നിന്റെ മേൽത്തട്ടും കടന്ന് അടിയിലെ മണ്ണിലേക്ക് ആഴ്ന്നിറങ്ങി…

”ഒരു ദിവസം, ഒരു മഴരാത്രിയിൽ, നെടിഞ്ഞിക്കുന്നിറങ്ങി വരുന്ന വെള്ളത്തോടൊപ്പം അത് നിന്റെ ജനാലയിൽ വന്ന് മുട്ടും. അന്നേരം നീ വാതിൽ തുറക്കണം. നിന്റെ കണ്ണിൽ മാത്രമേ അത് തെളിയൂ…”
തറവാട്ടിലെ പത്തായക്കട്ടിലിൽ ഒരു സാരിപുതപ്പിനുള്ളിൽ പറ്റിച്ചേർന്ന് അമ്മമ്മയും പേരക്കുട്ടിയും.
”അമ്മമ്മേ… ഈ നെടിഞ്ഞിക്കുന്നിൽ നിധി ഉണ്ടോ?”
”ഉണ്ടല്ലോ… നിറയെ ഉണ്ട്.”
”അവിടാരാ നിധി കുഴിച്ചിട്ടത്?”
”പണ്ട്… വളരെ പണ്ട്… ബാങ്കൊന്നും അന്ന് ഇല്ലല്ലോ. ധനികരായ രാജാക്കൻമാരും പ്രഭുക്കന്മാരും ജൻമിമാരും തങ്ങളുടെ സമ്പാദ്യം കുടത്തിലും വാർപ്പിലും ഒക്കെ ഭദ്രമായി അടച്ചുവെച്ച്, കുന്നിന്റെ മുകളിൽ കുഴിച്ചിടും, ആവശ്യം വരുമ്പോ എടുക്കാനായി. ആരോടും അവരത് പറയില്ല. സ്വന്തം വീട്ടിൽ ഉള്ളവരോട് പോലും. അവർ മരണപ്പെട്ടാൽ നിധിയെപറ്റി പിന്നെ ആർക്കും അറിയാൻ പറ്റില്ല. അതങ്ങനെ രഹസ്യമായി അവിടെതന്നെ കിടക്കും.”
രണ്ടോ മൂന്നോ കുഞ്ഞു ശ്വാസ- നിശ്വാസങ്ങളുടെ ഇടവേള.
”ഈ നിധിയിൽ എന്തൊക്കെ കാണും?”
”വിലമതിക്കാനാവാത്തത്രയും പൊന്ന്. പൊന്നിന്റെയും വെള്ളിയുടെയും നാണയങ്ങൾ, രത്‌നങ്ങൾ… അങ്ങനെ, വിലപിടിപ്പുള്ള, അമൂല്യമായ പലതും കാണും. അതെല്ലാം കുഴിച്ചിടുന്ന ആളോൾടെ കയ്യിലുള്ള വഹകൾപോലെണ്ടാകും. എല്ലാ നിധിയിലും എല്ലാം കാണില്ല. ചിലപ്പോൾ, സ്വർണ്ണ നാണയങ്ങൾ മാത്രം ഉള്ളതാകാം. അല്ലെങ്കിൽ രത്‌നങ്ങൾ… പവിഴങ്ങൾ… അങ്ങനെ പലതും.”
വീണ്ടും രണ്ടോ മൂന്നോ കുഞ്ഞു ശ്വാസ- നിശ്വാസങ്ങളുടെ ഇടവേള.
”അമ്മമ്മേ… ഞാൻ ഒരു സൂത്രം പറയാം, ചെവി കാണിച്ചേ…”
അമ്മമ്മ അവളോട് നല്ലോണം ചേർന്നുകിടന്നു.
”ഞാനെ… വളർന്നു വലുതാകുമ്പോ ഒരു ജെസിബിയുമായി ചെന്ന് ആ നിധിയൊക്കെ എടുക്കും. നോക്കിക്കോ…’
അമ്മമ്മ കുറച്ചുറക്കേ ചിരിച്ചു. അവളെ മാറോടു ചേർത്തു.
”എന്റെ പൊട്ടി പെണ്ണേ…. അതങ്ങനെ കണ്ടോർക്കൊന്നും എടുക്കാൻ പറ്റില്ല. മരിച്ചു കഴിഞ്ഞാലും അവരാ നിധിക്ക് കാവലിരിക്കും. പാമ്പായും ഭൂതമായുമൊക്കെ. അവരുടെ ഒരായുസിന്റെ സാമ്പാദ്യമാണത്. അങ്ങനെ പെട്ടെന്നൊന്നും അവരത് ആർക്കും വിട്ടുകൊടുക്കില്ല. അതുകൊണ്ട്, അത്തരം നിധികളൊക്കെ ആരുടേം കണ്ണിൽ അത്ര പെട്ടെന്നൊന്നും പെടില്ല.”
”അപ്പൊ… അതാർക്കും കിട്ടില്ലേ?”
”കിട്ടും. യോഗമുള്ള ചിലർക്ക്. സമയമാകുമ്പോളത് അവർക്കു മുന്നിൽ കാണും. താനേ കുന്നിറങ്ങി വരും.”
ഇത്തവണ ശ്വാസ- നിശ്വാസങ്ങളുടെ ഇടവേള കുറച്ചു നീണ്ടുനിന്നു.
”എനിക്ക് കിട്ടുവോ നിധി?”
”കിട്ടൂലോ … എന്റെ കൊച്ച് ഭാഗ്യമുള്ളവളല്ലേ… നിനക്കും കിട്ടും നിധി. ഒരു ദിവസം, ഒരു മഴരാത്രിയിൽ, നെടിഞ്ഞിക്കുന്നിറങ്ങി വരുന്ന വെള്ളത്തോടൊപ്പം നിധി നിന്റെ ജനാലയിൽ വന്ന് മുട്ടും. അന്നേരം നീ വാതിൽ തുറക്കണം. നിന്റെ കണ്ണിൽ മാത്രമേ അത് തെളിയൂ…”
”ഉം…”
ആഹ്ലാദത്തിന്റെ നീട്ടിയ ഒരു കുഞ്ഞുമൂളൽ..
തെല്ലിടക്കുശേഷം,
”അമ്മമ്മേ… അവിടെള്ള കയ്യറത്താം പൂക്കൾക്കൊക്കെ സ്വർണ്ണത്തിന്റെ നെറമാണല്ലോ… അതെന്താ…”
”അത്… അവിടത്തെ മണ്ണിനടിയിൽ നെറയെ പൊന്നല്ലേ… ആ പൊന്നിലേക്കാണ് അവിടെയുള്ള കയ്യറത്താം ചെടികളുടെ വേരുകൾ പോകുന്നത്. അതുകൊണ്ടാണ് അതിന്റെ പൂക്കൾക്ക് ആ നിറം.”
പിന്നെയും പിന്നെയും കുഞ്ഞുകുഞ്ഞു ചോദ്യങ്ങൾ… ഉത്തരം കിട്ടാതെ, നേർത്ത കൂർക്കംവലിയിൽ അലിഞ്ഞു പോയവ.
പിന്നീടവൾ കണ്ണ് തുറക്കുമ്പോൾ, അവൾക്കരികിൽ മരിച്ചു കിടക്കുന്ന തുമ്പികളും ചിതറിക്കിടക്കുന്ന പാറക്കല്ലുകളും മാത്രം. അവളുടെയും തുമ്പികളുടെയും കൈകളിൽ കയ്യറത്താമ്പൂക്കൾ. പുറത്ത്, ആകാശം കരയുന്നുണ്ടായിരുന്നു. ഫ്‌ളാറ്റിലെ ബാൽക്കണിയിൽനിന്നും ചെടികളുടെ കരച്ചിലും കേൾക്കുന്നുണ്ട്.
”മോളെ… ഡീ… ഒന്നിങ്ങോട്ട് വന്നേഡീ…”
അവൾ ഉറക്കെ വിളിച്ചു. അടഞ്ഞ വാതിൽ തുറന്ന് ഒരു യുവതി ഉറക്കച്ചടവോടെ വന്നു. മുറിയിൽ വെളിച്ചം നിറഞ്ഞു.
”എന്താ അമ്മേ.. ടോയ്‌ലറ്റിൽ പോണോ?”
”മോളെ… നീയിത് കണ്ടോ… മുറിയിലാകെ തുമ്പികൾ ചത്തുക്കിടക്കുന്നു. ഒന്നെടുത്തു കളയൂ… ഈ കല്ലുകളും.”
”അമ്മ എന്തായി പറയുന്നേ. തുമ്പിയോ… കല്ലോ… ഇവിടെ ഒന്നുമില്ല.”
യുവതി ലൈറ്റ് ഓഫ് ചെയ്ത്, നീരസത്തോടെ മുറി വിട്ടു. മുറിയിൽ വീണ്ടും ചിറകറ്റ, മരിച്ച തുമ്പികൾ വീഴാൻ തുടങ്ങി. ഉണങ്ങിയതും വാടിയതുമായ, സ്വർണ്ണ നിറമുള്ള കയ്യറത്താം പൂക്കളും പാറക്കല്ലുകളും.
പുറത്ത്, കനത്ത മഴ. ജനൽപാളികൾ ശക്തമായ കാറ്റിൽ കൊട്ടിയടഞ്ഞു. ജനാലയിൽ ആരോ മുട്ടുന്ന ശബ്ദം. അവൾ കാത് കൂർപ്പിച്ചു. പിന്നെയും പിന്നെയും കേൾക്കുന്നു. തന്നെ പ്രതീക്ഷിച്ച് ആരോ പുറത്തുണ്ട്.
”ആരാത്….”
ഉള്ളിൽ ഭയം കവിഞ്ഞു നിന്നിരുന്നെങ്കിലും, കഴിയാവുന്നത്ര ശബ്ദമുയർത്തിയാണ് ചോദിച്ചത്.
”ഒരു ദിവസം, ഒരു മഴരാത്രിയിൽ, നെടിഞ്ഞിക്കുന്നിറങ്ങി വരുന്ന വെള്ളത്തോടൊപ്പം അത് നിന്റെ ജനാലയിൽ വന്ന് മുട്ടും. അന്നേരം നീ വാതിൽ തുറക്കണം. നിന്റെ കണ്ണിൽ മാത്രമേ അത് തെളിയൂ…”
ഉച്ചത്തിൽ മുട്ടിവിളിക്കുന്ന ആ ശബ്ദത്തോടൊപ്പം, അമ്മമ്മയുടെ പതിഞ്ഞ ശബ്ദവും അലിഞ്ഞിരുന്നത് ഇക്കുറി അവൾ വ്യക്തായി കേട്ടു.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക