Valentines day Poetry-2026
AI illustration by Surya for the Malayalam poem Ninte Peru written by Jiji Jasmin. V-Valentines Day poem

നിന്റെ പേര്

ന്നലെ സ്വപ്നത്തിൽ കടന്നുവന്ന
നക്ഷത്രക്കൂട്ടുകാർ
തിരികെപ്പോകുമ്പോൾ തലയണയ്ക്ക് കീഴിൽ
മറന്നുവെച്ച കുഞ്ഞുപെട്ടിയിൽ
നിറയെ താക്കോലുകൾ.
ഞാനെടുത്തപ്പോൾ ഒന്നിൽ
ആകാശമെന്നു കണ്ടു.
നിതാന്ത നീലിമ,
കൊടും ചൂട്,
അനന്തപാതകൾ, തമോഗർത്തങ്ങൾ…
അടുത്തതിൽ മഴക്കൂടാരങ്ങൾ,
നിലാ തന്ത്രികൾ,
നീലാംബരി രാഗം…
ചിലതിൽ നവഗ്രഹങ്ങളിൽ പെടാത്ത
ചില ഗ്രഹങ്ങളുടെ ചിത്രങ്ങൾ;
കൊത്തിവെച്ച ലിപികൾ മനസ്സിലായതേയില്ല;
ഓരോ ഗ്രഹങ്ങളുടെയും ഭാഷയാകാം.
ചെപ്പുനിറയെ മഞ്ചാടിമണികൾ,
നിലത്ത് പൊഴിഞ്ഞു വീഴേ
വസന്തമെന്ന് തോന്നി.
മയിൽപ്പീലിച്ചാർത്തുകളിൽ
സന്ധ്യാമേഘങ്ങൾ,
വിചിത്ര വർണ്ണങ്ങൾ.
പിന്നെപ്പിന്നെ
വിസ്മൃതിയുടെ ജാലകങ്ങൾ തുറക്കപ്പെടുന്നു.
ഇപ്പോൾ മുറിയിലാകെ വെളിച്ചം.
ചിതറി വീണ താക്കോലുകൾ
കൂട്ടിച്ചേർത്ത്,
ഒറ്റക്കണ്ണിയിൽ ബന്ധിച്ച്,
ഞാനതിന്
നിന്റെ പേര് കൊടുത്തു.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ചെറുത്/ ബി. അശോക് കുമാർ എഴുതിയ 'ഛോട്ടാ' ഹിന്ദി കവിതയുടെ മലയാളം പരിഭാഷ