Published on: September 9, 2025


ക്ഷാത്രവീര്യത്തിന്റെ പ്രതികാര വിക്രമങ്ങൾ ജനപാലനത്തിന്റെ വിനയത്തിനു മുന്നിൽ മുട്ടുമടക്കുന്ന മലയാളത്തിന്റെ ഒരേ ഒരു കഥ!
”നീലവാനിനു താഴേ പച്ചനാക്കില വെച്ച
പോലൊരു നാടുണ്ടെൻ കണ്ണെപ്പോഴുമോടും ദിക്കിൽ”
‘മഴുവിന്റെ കഥ’ യിൽ ബാലാമണിയമ്മ വരച്ചിട്ട കേരളം.
പുതുസമൂഹത്തിന്റെ ഭാവന അതിനെ സമുദ്രതീരത്തെ പച്ചക്കയ്പ്പക്കയോടാണുപമിച്ചത്! സമാധാനം! ആ പച്ചപ്പെങ്കിലും പുതുഭാവനയിലും നിലനിർത്തിയല്ലോ.
കേരളീയർക്ക് തനതെന്നവകാശപ്പെട്ട് ആഘോഷിക്കാനാവുന്ന ഉത്സവമാണ് തിരുവോണം. എല്ലാ മലയാളമാസങ്ങളിലും ഉത്രാടത്തിനും അവിട്ടത്തിനുമിടയിൽ തിരുവോണമുണ്ടെങ്കിലും മലയാളി നെഞ്ചേറ്റുന്ന ‘തിരു ഓണം’, കാറൊഴിഞ്ഞ്, തുമ്പയും മുക്കുറ്റിയും നിന്നു ചിരിയ്ക്കുന്ന ചിങ്ങമാസത്തിലെ തിരുവോണം ഒന്നു മാത്രം.
”ആരുടെ ചവിട്ടടികൾ ചൂടിയെൻ മണ്ണിന്റെ രോമകൂപങ്ങളിൽ മുക്കുറ്റി വിരിയുന്നു”
എന്ന്, അതിനെയും ചിങ്ങത്തിന്റെ ജൈവികതയുടെ ബലിസ്പര്ശമുള്ളതാക്കി കവി സച്ചിദാനന്ദൻ!
ഒരു പക്ഷേ, കവികളായിരിക്കും ഓണത്തെ മലയാളി മനസ്സിൽ ശാശ്വതമായി അടയാളപ്പെടുത്തിയത്. ഓണവർണ്ണനകൾക്കപ്പുറം, വിശിഷ്ടരായ ചില കവികൾ ഓണത്തിന്റെ രാഷ്ട്രീയമോ പ്രതിഭാവമോ കൂടി കാണിച്ചു തന്നതിനെ, ആ കവിതകളിലൂടെത്തന്നെ നമുക്കൊന്നു പരിശോധിച്ചു നോക്കാം.
കളവ് ലവലേശമില്ലാതെ, സത്യവും സമ്പൽസമൃദ്ധിയും വാണിരുന്ന ഒരു നാട്. നീതിമാനായ ഭരണാധികാരി. പറഞ്ഞ വാക്കിന്റെ ഉറപ്പ് ഒന്നിനു വേണ്ടി മാത്രം, ചതിയുമായെത്തിയ വാമനത്വത്തോട് യഥേഷ്ടം അളന്നെടുത്തു കൊള്ളാൻ പറഞ്ഞ് നാടുവാഴി പാതാളത്തിലേയ്ക്കു പിന്മാറിയ നാട്.
ബാലാമണിയമ്മ പറയുന്ന ആ ‘ബലവദ്വിനയം’ കവിതയല്ലെങ്കിൽ പിന്നെ എന്താണ്? ചരിത്രം സ്വർണ്ണമുദ്രാങ്കിതമാക്കിയ ആ വലിയ കവിതയുടെ സ്രഷ്ടാവിനെയാണ് നാം ചിങ്ങത്തിൽ മുറ്റങ്ങൾ തോറും പൂവിട്ടു വരവേൽക്കുന്നത്. ലോകത്തെവിടെയെങ്കിലുമുണ്ടാകുമോ, നിഷ്ക്കാസിതനായ ഒരു ഭരണാധികാ രിയെ, അദ്ദേഹത്തിന്റെ പ്രജാക്ഷേമതല്പരതയെ മാത്രം മുൻനിര്ത്തി, ആബാലവൃദ്ധം ജനങ്ങൾ, പത്തു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളോടെ വരവേൽക്കുന്ന സ്നേഹസമന്വിതമായ ഒരു പൊതുജന ആഘോഷം?
ബലി പരാജിതനായ രാജാവോ വിജയിയായ രാജാവോ?
‘മാനുഷരെല്ലാരും ഒന്നു പോലെ’ കഴിയുന്ന അവസ്ഥയിൽ തന്റെ രാജ്യത്തെയെത്തിച്ച ഭരണ നൈപുണ്യമുള്ള നീതിയുക്തനായ ഒരു ഭരണാധികാരി വെറുതെയങ്ങൊഴിഞ്ഞു കൊടുത്തതാണോ തന്റെ രാജ്യം, വെറുമൊരു വാമനത്വത്തിനു മുന്നില്?
അവതാരലക്ഷ്യസാക്ഷാത്ക്കാരം, അഹന്താശമനം, സുരാസുരവൈരം എന്നിവ അടിയൊഴുക്കായി നിൽക്കുമ്പോഴും അതിൽപ്പരം ചിലതില്ലേ മഹാബലിയുടെ മിത്തിൽ?
നമ്മുടെ കവികൾ എന്തു പറയുന്നെന്നു നോക്കാം.
മഹാബലിയുടെ രാജ്യപരിത്യാഗസന്നദ്ധത, വാമനനോടുള്ള വാഗ്ദാനപാലനമെന്നതിലുപരി, അദ്ദേഹത്തിന്റെ ബലം തന്നെയായിരുന്നു എന്ന് ബാലാമണിയമ്മ പറയുന്നത്, പരശുരാമന്റെ മഴു കേരളോല്പത്തി ചെയ്ത കഥയെ പുനർനിർവ്വചിച്ച ‘ഒരു മഴുവിന്റെ കഥ’ എന്ന കവിതയിലാണ്.
ഇങ്ങനെയാണാ വരികൾ:
”എങ്കിലുമാശ്വാസമുണ്ടെൻ നാടിച്ചമയുന്ന-
തെൻ പൗരർ മോദിപ്പ,തിസ്സാഹസികനായല്ല,
മുറ്റുമീറയാൽ ചെയ്ത തെറ്റുകളെണ്ണിശ്ശാന്തി-
യറ്റു നാൾ പോക്കുന്നൊരിപ്പടയാളിയ്ക്കായല്ല;
തലയിൽച്ചവിട്ടുന്ന കാലി,ലീശനെക്കണ്ട
ബലവദ്വിനയത്തിൻ സൗമ്യമൂർത്തിക്കായല്ലോ!”
ക്ഷാത്രവീര്യത്തിന്റെ പ്രതികാര വിക്രമങ്ങൾ ജനപാലനത്തിന്റെ വിനയത്തിനു മുന്നിൽ മുട്ടുമടക്കുന്ന മലയാളത്തിന്റെ ഒരേ ഒരു കഥ!
മാതൃഹന്താവായ, ക്ഷത്രിയവംശനിർമ്മാർജ്ജകനായ പരശുരാമനല്ല, ത്യാജ ബുദ്ധിയായ മഹാബലിയെന്ന അസുരരാജാവാണ് ഞങ്ങളുടെ ആദർശപുരുഷൻ എന്നു പറയുന്ന ഒരു കേരളജനതയെ ആണ് ബാലാമണിയമ്മ ‘മഴുവിന്റെ കഥ’ യ്ക്കൊടുവിൽ നമുക്കു കാണിച്ചുതരുന്നത്.
ശൂരത്വമാർന്ന പരശുരാമന്റെ ബ്രാഹ്മണഹത്യയെ മുൻനിർത്തി, വിനയമെന്ന വികാരത്താൽ കാൽച്ചവിട്ടേൽക്കുന്ന ബലിയുടെ ഒരു ആദർശമാതൃക വ്യത്യസ്തമായ രണ്ടു പുരാണകഥകളിൽ നിന്ന്, ‘അയിരിൽ നിന്നു ലോഹ’ മെന്ന പോലെ വേർതിരിച്ചെടുക്കുന്നു, ആദർശവതിയായ ബാലാമണിയമ്മയെന്ന ഗ്രാമീണകവി! ക്ഷാത്രവീര്യത്തിന്റെ പ്രതികാരവിക്രമങ്ങൾ ജനപാലനത്തിന്റെ വിനയത്തിനു മുന്നിൽ മുട്ടുമടക്കുന്ന മലയാളത്തിന്റെ ഒരേ ഒരു കഥയാണ് ‘മഴുവിന്റെ കഥ’!
ക്രൗര്യം വിതച്ച തന്റെ കർമ്മവിപാകത്താൽ പിഴ പറ്റിയവന്റെയും, പ്രജാപാലനത്താലും രാജ്യസംത്യാഗത്താലും പിഴ പറ്റാത്തവന്റെയും, രണ്ട് അവതാര ചെയ്തികളെ അടുത്തടുത്തു വെച്ചു തന്നുകൊണ്ട്(Juxtaposing) ഇതിലാരെ വേണം നിങ്ങൾക്കെന്ന് കേരളീയരോടു ചോദിക്കുക മാത്രമല്ല ബാലാമണിയമ്മ ചെയ്യുന്നത്, ഇനി പറയുന്ന വരികളാൽ വരേണ്യതയുടെ അനഭിലഷണീയതയെ ശരിവെയ്ക്കുക കൂടിയാണ്.
”ഓർത്തു പോകുന്നേൻ, പിഴയതിലും പറ്റീ; ബ്രാഹ്മ,-
ക്ഷാത്രശക്തികൾ ചേർന്നാലസ്വാസ്ഥ്യമല്ലാതുണ്ടോ?”
പശ്ചാത്താപവിവശനായ പരശുരാമന്റെ ആത്മവിചാരണയായാണ് ഈ വരികൾ അവതരിപ്പിക്കപ്പെടുന്നതെങ്കിലും, അതിൽ കവിയുടെ ജനപക്ഷം തന്നെയല്ലേ വെളിപ്പെടുന്നത്?
ഇതുപോലെതന്നെയാണ്, കളവിനും വഞ്ചനയ്ക്കും ബലിയെന്ന ചക്രവർത്തിയുടെ ആദർശസീമകളിൽ കാലു വെയ്ക്കാൻ പോലുമാവില്ലെന്നു പറഞ്ഞു കൊണ്ടാണ്, അക്കിത്തം തന്റെ ആദർശപുരുഷത്വത്തിന്റെ തുംഗശൃംഗത്തിൽ മഹാബലിയെ, കയറ്റി വെയ്ക്കുന്നത്:
”ആവില്ലാ കള്ളത്തിനും പൊളിക്കും ചതിക്കും നി-
ന്നാദർശസീമയ്ക്കുള്ളിൽ ചവിട്ടാനിന്നും സ്വാമിൻ”
എന്നാണ്, ‘ബലിദർശന’ ത്തിലെ അക്കിത്തത്തിന്റെ വാക്കുകൾ!
ഓണത്തിനു മാവേലിയുടെ വേഷം കെട്ടാൻ നമുക്ക് ഒരു കുടവയറൻ തന്നെ വേണം എന്ന ബാലിശമായ ചിന്ത കൈവിടാത്തവരാണിന്നും മലയാളികൾ. ഓലക്കുട ചൂടി വരുന്ന, കുടവയറുള്ള മാവേലിയുടെ വരഞ്ഞു പതിഞ്ഞ രൂപത്തെ, ബലിഷ്ഠമായ വരികൾ കൊണ്ടു പകരം വെച്ച്, ആജാനുബാഹുവായ മഹാബലിയെ പൗരുഷമൂർത്തിയാക്കുന്നു അക്കിത്തം തന്റെ ‘ബലിദർശന’ത്തിൽ; ഇങ്ങനെ:
”മാറത്തുണ്ടിരുമ്പിന്റെ ധീരത, വാടാമലർ-
മാലയും; തിളങ്ങും തോൾവളകൾക്കുമേൽ കാണ്മേൻ
അമ്പൊടുങ്ങീടാത്തൂണീരങ്ങൾ തൻ ഭാരം, കാതി-
ലാടിടും മകരകുണ്ഡലകാന്തിതൻ പിന്നിൽ
കൈയിൽപ്പൊൻപിടിവില്ലും ശംഖവും വാളും ചേർന്ന
മെയ്യഴകിദ്ദോർവീര്യമെന്നുള്ളിൽത്തറയ്ക്കുമ്പോൾ…”
ധീരതയും പൗരുഷവുമാർന്ന ആദർശമാതൃകയ്ക്ക് കടൽ കടന്നു പോകേണ്ടതി ല്ലെന്നു പറയുന്നു അക്കിത്തം, ‘ബലിസ്മരണ’ യിൽ.
‘ഓണപ്പാട്ടുകാർ’ എന്ന കവിതയിൽ, വൈലോപ്പിള്ളി അചഞ്ചലനും കർമ്മധീരനും വാഗ്ദാനപാലകനുമായ ബലിയെ ഇങ്ങനെ അവതരിപ്പിക്കുന്നു:
”കാണുക, ദേവകൾ തൻ പരിഹാസം
പോലെ നിലാവൊളി ചിന്നിയ
പാരിൻ സാനുതലങ്ങളിലൂടെ നിവർന്നു
നടന്നു വരുന്നൊരു തേജോരൂപം!”
ചവിട്ടിതാഴ്ത്തപ്പെട്ട രാജാവല്ല; പ്രജാക്ഷേമം മുറുകെപ്പിടിച്ച ഒരു ഭരണാധികാരിയാണ് വൈലോപ്പിള്ളിയുടെ കവിതയിൽ നെഞ്ചുവിരിച്ച് ഭൂമിയുടെ അതിർത്തിയിൽ നിന്ന് നിവർന്നു നടന്നു വരുന്നത്. ഒരുപക്ഷേ ചവിട്ടിത്താഴ്ത്തിയ അവതാരപുരുഷനോടല്ല; വാഗ്ദാനപാലനത്തിന്നായി സ്വയം പിൻവാങ്ങി താഴ്ന്നു പോയവനോടാണ് ഇവിടെയും കവിക്ക് മതിപ്പ്.
”ധരയുടെ ശിരസിലസിച്ചൂ നരപോൽ
ദേവപുരോഹിത ദുഷ്പ്രഭുവർഗ്ഗം”
എന്ന വരികളിലും തന്റെ കൂറ് ആരോടെന്ന് കവി തുറന്നു പറയുന്നു.
”ഇവയിലുമേറെ യഥാർത്ഥം ഞങ്ങടെ
ഹൃദയനിമന്ത്രിത സുന്ദരതത്ത്വം”എന്ന ആത്മവിശ്വാസത്താൽ കൂടി നീതനായ കവിയായിരുന്നല്ലോ വൈലോപ്പിള്ളി. അന്തരാത്മാവ് നിമന്ത്രിക്കുന്ന സത്യധർമ്മാദികൾ ഉച്ചൈസ്തരം ഘോഷിക്കുന്നതിൽ ഇടശ്ശേരിയും വൈലോപ്പിള്ളിയ്ക്ക് ഒപ്പം തന്നെയുണ്ടായിരുന്നു, കവിതയിൽ, ബലിഷ്ഠമായ തന്റെ വാക്കുകളോടെ.
”വെളിച്ചം തൂകിടുന്നോളം
പൂജാർഹം താനൊരാശയം.
അതിരുണ്ടഴൽ ചാറുമ്പോൾ
പൊട്ടിയാട്ടുക താൻ വരം.”
എന്നു പറഞ്ഞു കൊണ്ടാണ്, നീതിമാനായ ഇടശ്ശേരിയും ഇവർക്കൊപ്പം കൂടിയത്.
‘മാതൃഹന്താവിൻ മഴു’ പേറുന്ന ശൂരനു വേണ്ടിയല്ല; ‘തലയിൽച്ചവിട്ടുന്ന കാലിലീശനെക്കണ്ട//ബലവദ്വിനയത്തിന് സൗമ്യമൂർത്തി’ യായ, കാൽ വെയ് ക്കാൻ തല കുനിച്ചു കൊടുത്ത, നീതിമാനും, വിനയവാനുമായ മഹാബലി എന്ന സൗമ്യോദാരനായാണ്, നാം ശ്രാവണമാസത്തിലെ തിരുവോണത്തിനു കാത്തുനിൽക്കുന്നതെന്ന് നിസ്സംശയം ‘മഴുവിന്റെ കഥ’യിൽ വിളിച്ചോതിക്കൊണ്ട്, ബാലാമണിയമ്മ തന്റെ ആദർശപുരുഷനെ കവിതയിൽ അടയാളപ്പെടുത്തുന്നു!
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

പദ്മദാസ്: തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി. പാലക്കാട് കല്ലേക്കുളങ്ങര ആനന്ദ് നഗറിൽ നീരാജനത്തിൽ താമസം.