
ഓർമ്മകളുടെ മടക്കയാത്ര
പുറത്ത് മഴ തോരാതെ പെയ്യുന്നു. തുഷാർദേവ് തന്റെ ഡയറിയിലെ പുതിയൊരു താളിലേക്ക് പേന ചലിപ്പിച്ചു:
“കാലം കവർന്നെടുത്ത ചുവപ്പല്ല നിന്റെ കവിളിൽ;
മാഞ്ഞുപോകാത്ത ഗൃഹാതുരത്വത്തിന്റെ ലിപികളാണ്.
നരച്ച മുടിയിഴകൾക്കിടയിലൂടെ നാം തിരയുന്നത്
നഷ്ടപ്പെട്ടുപോയ നമ്മുടെ വസന്തത്തെയാണ്.”അതു വായിച്ചു തീർത്തപ്പോൾ, അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ ആ ഡയറിയിലെ മഷി പടരാത്ത താളിലേക്ക് അടർന്നുവീണു.
“ഇന്നും നീ ആ പഴയ കവി തന്നെയാണ്…” അവൾ മന്ത്രിച്ചു.
നഗരത്തിന്റെ തിരക്കുകൾ, അന്നൊരു മഴനൂലിൽ കോർത്തുവെച്ച മുത്തുമാലപോലെ, കടൽ മൽസ്യങ്ങളുടെ പിടപ്പുപോലെ ഉയർന്നിരുന്നു. ഈറനണിഞ്ഞ റോഡുകളിൽ പതിഞ്ഞുനിന്ന മഞ്ഞവെളിച്ചം, തുള്ളികളുടെ മൃദുസംഗീതത്തിനൊപ്പം ഒരു നിശബ്ദ സായാഹ്നഗീതം മൂളുന്നുണ്ടായിരുന്നു. ആ നഗരത്തിന്റെ ഹൃദയത്തിലൊളിച്ചിരുന്ന ഒരു ചെറിയ കഫേ, മങ്ങിയ വെളിച്ചവും വറുത്ത കോഫിയുടെ തീക്ഷ്ണമായ ഗന്ധവും ചേർന്ന് അതൊരു സ്മൃതിമണ്ഡപമായി മാറിയിരുന്നു. അവിടെ, ഒരു ജനാലയ്ക്കൽ തനിച്ചിരിക്കുകയായിരുന്നു തുഷാർ.
ജനൽച്ചില്ലിലൂടെ മഴയുടെ അശ്രുതമധുരം ഒലിച്ചിറങ്ങുന്നു. പുറത്ത്, ആകാശം ഭൂമിക്ക് അയക്കുന്ന ഒരു നീണ്ട ഓർമ്മക്കത്തുപോലെ, മഴ പെയ്യുകയാണ്. അദ്ദേഹം മുന്നിലെ മേശപ്പുറത്ത് തുറന്നുവെച്ചിരുന്ന പഴയ ഡയറിയിലെ മഞ്ഞിച്ച താളുകളിലേക്ക് വിരലോടിച്ചു. ആ താളുകൾ കാലം പിന്നിട്ട ഒരു വനപാതപോലെയായിരുന്നു. ഓരോ വാക്കും നനഞ്ഞ ഇലകൾപോലെ തിളങ്ങുന്നു.
തുഷാർ ഒരു വരി പതുക്കെ വായിച്ചു: “ചില നിമിഷങ്ങളിൽ, മനസ്സ് ഒരു അദൃശ്യപ്രവാഹമായി മാറുന്നു. അവിടെ അലയടിക്കുന്ന ഭാവനയ്ക്ക് ഒരു ബിംബം വേണം. കേവലം ഒരു മുഖമല്ല, ഗൃഹാതുരത്വത്തിന്റെ ഗന്ധമുള്ള ഒരു കവിത.”
വായന നിർത്തി തലയുയർത്തിയപ്പോൾ, മുറിയിലെ നിശബ്ദതയിൽ ആ വാക്കുകൾ അലിഞ്ഞില്ലാതായി.
തുഷാറിന്റെ മുന്നിൽ അവളിരിക്കുന്നു. വർഷങ്ങളുടെ മഹാദൂരം ഒരു നിമിഷംകൊണ്ട് മറികടന്ന് മുന്നിലെത്തിയ പ്രിയപ്പെട്ടൊരു ഓർമ്മ.
അവളുടെ കണ്ണുകളിലെ പ്രകാശം, ഒരിക്കൽ കൗമാരത്തിന്റെ തീപ്പൊരിയായിരുന്ന ആ കാന്തികത, ഇന്നും അസ്തമിച്ചിട്ടില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
“നിന്റെ കണ്ണുകൾക്ക്…” അദ്ദേഹം സ്വരം താഴ്ത്തി പറഞ്ഞു, “…ഇന്നും ആ പഴയ വശ്യതയുണ്ട്.”
അവളുടെ കവിളുകളിൽ ഒരു സന്ധ്യാരാഗത്തിന്റെ നിഴൽ പതിഞ്ഞു. പണ്ടൊരിക്കൽ അത് കൗമാരത്തിന്റെ നാണപ്പൂക്കളായിരുന്നുവെങ്കിൽ, ഇന്ന് അത് പക്വതയുടെ സുവർണ്ണമൗനമാണ്.
അവരുടെ ഓർമ്മകൾ പെട്ടെന്നൊരു പുഴയായി ഒഴുകിത്തുടങ്ങി. കലാലയ മുറ്റത്തെ ഇലഞ്ഞിമരത്തണലുകൾ… മണ്ണിൽ വീണ പൂക്കളുടെ ഈറൻ ഗന്ധം… പുസ്തകങ്ങൾക്കും ക്ലാസ്സ് മുറികൾക്കും ഇടയിൽ മൗനമായി വളർന്ന ആഴമുള്ള പ്രണയം…
തുഷാർ അന്ന് കവിതകളെ പുൽകിയ ഒരാളായിരുന്നു. ഓരോ വരിയും അവന്റെ രക്തത്തിന്റെ ചൂടിൽ അറിഞ്ഞിരുന്നു. ആ കവിതകൾ ആദ്യം കേൾക്കേണ്ട ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവൾ.
അവൻ ചൊല്ലിക്കൊടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ വിരിയുന്ന ആ അത്ഭുതം, അതായിരുന്നു തുഷാർദേവിന് ലഭിച്ച ഏറ്റവും വലിയ സാഹിത്യ പുരസ്കാരം. അവൾ അവന്റെ കവിതകളെ പ്രണയിച്ചു, പിന്നീട് ആ കവിതയായി മാറിയ അവനെയും.
പിന്നീട് കാലം ഒരു പ്രളയമായി പെയ്തിറങ്ങി. ജീവിതത്തിന്റെ അനിവാര്യമായ വഴിത്തിരിവുകൾ അവരെ രണ്ട് തീരങ്ങളിലേക്ക് ഒഴുക്കിക്കളഞ്ഞു. വർഷങ്ങൾ അതിന്റെ വേഗതയിൽ കടന്നുപോയി. സ്വർണ്ണരശ്മികൾ പോലെ തിളങ്ങിയിരുന്ന അവളുടെ മുടിയിഴകളിൽ ഇപ്പോൾ വെള്ളിനാരുകൾ പടർന്നിരിക്കുന്നു. മുഖത്തെ ചുളിവുകൾ ജീവിതം എഴുതിത്തീർത്ത കഠിനമായ അധ്യായങ്ങളുടെ അടയാളങ്ങളാണ്.
എങ്കിലും, ഈ കഫേയിലെ മങ്ങിയ വെളിച്ചത്തിൽ അവർ തിരിച്ചറിഞ്ഞു, ആ പഴയ ആത്മബന്ധം ഇന്നും മായാതെ നിൽക്കുന്നു. ആ നിമിഷം കാലത്തിന്റെ സൂചികൾ നിശ്ചലമായതുപോലെ അവർക്ക് തോന്നി.
“നീ ഇന്നും കവിത എഴുതാറുണ്ടോ?” അവളുടെ ചോദ്യം ദൂരെയുള്ള ഒരു പുഴയുടെ മർമ്മരം പോലെ ശാന്തമായിരുന്നു.
തുഷാർ പതുക്കെ ചിരിച്ചു. “കവിതകൾ ഇന്നും പിറക്കാറുണ്ട്… പക്ഷേ, ആ പഴയ കാന്തികത വരികളിലേക്ക് ആവാഹിക്കാൻ നീ തന്നെ നേരിട്ട് വരേണ്ടി വന്നു.”
അവർക്കിടയിൽ മൗനം ഒരു നീലനദിപോലെ പടർന്നു. എയർകണ്ടീഷൻഡ് മുറിയുടെ കൃത്രിമതണുപ്പിനെ ഭേദിച്ച്, പഴയ ക്യാമ്പസിലെ മണ്ണും മഴയും ചേർന്ന ഗന്ധം അവരുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറി.
“നമുക്ക് ഒത്തിരി കാര്യങ്ങൾ സംസാരിക്കാനുണ്ട്,” അവൾ പറഞ്ഞു.
“സംസാരിക്കാനല്ല,” തുഷാർ തിരുത്തി, “നമ്മൾ ജീവിച്ചുതീർത്ത ആ കാലത്തെ ഒന്നു കൂടി തൊട്ടറിയാനാണ്.”
പുറത്ത് മഴ തോരാതെ പെയ്യുന്നു. തുഷാർദേവ് തന്റെ ഡയറിയിലെ പുതിയൊരു താളിലേക്ക് പേന ചലിപ്പിച്ചു:
“കാലം കവർന്നെടുത്ത ചുവപ്പല്ല നിന്റെ കവിളിൽ;
മാഞ്ഞുപോകാത്ത ഗൃഹാതുരത്വത്തിന്റെ ലിപികളാണ്.
നരച്ച മുടിയിഴകൾക്കിടയിലൂടെ നാം തിരയുന്നത്
നഷ്ടപ്പെട്ടുപോയ നമ്മുടെ വസന്തത്തെയാണ്.”
അതു വായിച്ചു തീർത്തപ്പോൾ, അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ ആ ഡയറിയിലെ മഷി പടരാത്ത താളിലേക്ക് അടർന്നുവീണു.
“ഇന്നും നീ ആ പഴയ കവി തന്നെയാണ്…” അവൾ മന്ത്രിച്ചു.
അവർ കഫേയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ മഴ ശമിച്ചിരുന്നു. എങ്കിലും, ഭൂമിയിൽ നിന്നുയർന്ന നനഞ്ഞ മണ്ണിന്റെ മണം അവരെ പൊതിഞ്ഞുനിന്നു.
വിടപറയുമ്പോൾ അവർക്കറിയാമായിരുന്നു, ഇതൊരു യാത്രയയപ്പല്ല, മറിച്ച് കാലങ്ങളായി ഉള്ളിൽ മൂടിവെച്ചിരുന്ന ഒരു മൗനത്തിന്റെ മനോഹരമായ പുനർജന്മമാണെന്ന്.
നഗരത്തിന്റെ വെളിച്ചത്തിൽ അലിഞ്ഞുപോകുമ്പോഴും അവർ തിരിച്ചറിഞ്ഞു; കാലം പ്രായത്തെ മാറ്റിയേക്കാം, പക്ഷേ, ചില പ്രണയങ്ങളും ഓർമ്മകളും ഒരിക്കലും വറ്റാത്ത പുഴപോലെ ഒഴുകിക്കൊണ്ടിരിക്കും.
ആ പുഴയുടെ തീരത്ത് പ്രായം എന്നും തോറ്റുപോയിട്ടേയുള്ളൂ.

അഷറഫ് കാളത്തോട്: തൃശൂര്‍ കാളത്തോട് സ്വദേശി. നാടക- ചലച്ചിത്ര സംവിധായകന്, നടന്, നര്ത്തകന്, സംഗീത സംവിധായകന്, ഗാന രചയിതാവ്, പത്രപ്രവര്ത്തകന്, ലേഖകൻ, വിവര്ത്തകൻ, സാമൂഹിക- സാംസ്കാരിക പ്രവര്ത്തകന് എന്നീ നിലകളില്‍ പ്രവർത്തിച്ചുവരുന്നു. ഇംഗ്ലീഷിലും കൃതികൾ എഴുതാറുണ്ട്. കലാനിലയം അടക്കം കേരളത്തിലെ പ്രശസ്തമായ നിരവധി നാടക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2017ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ‘കലാശ്രീ’ അവാര്‍ഡ് ലഭിച്ചു. 1979 മുതല്‍ പ്രവാസ ജീവിതം നയിക്കുന്ന അഷറഫ്, കുവൈറ്റിലെ ഹൈ സ്റ്റോറി ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആണ്.






