AI illusration by Surya for the poem Padamudrakal written by Vayalar Ramavarma

പാദമുദ്രകൾ

1948ൽ പ്രസിദ്ധീകരിച്ച വയലാറിന്റെ ‘പാദമുദ്രകൾ’ എന്ന കവിതാ സമാഹാരത്തിലെ ആദ്യ കവിത. വൃത്തം: കേക. ‘വയലാർ കൃതികൾ’ ക്കുവേണ്ടി മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ ആമുഖം ഇവിടെ വായിക്കാം.

രയുന്നില്ലേ നിങ്ങ-
ളിന്ത്യതന്‍ കരള്‍ വെട്ടി-
ക്കുരുതിക്കളം തീര്‍ത്ത,
കണ്ണീരിന്‍ കഥ കേള്‍ക്കെ?

ചലനം നിലച്ചുവോ,
മരവിച്ചുവോ രക്ഷാ-
നിലയം തകര്‍ന്നപ്പോ-
ളെന്‍ നാടിന്‍ ഞരമ്പുകള്‍?

ഇന്നലെച്ചിരിച്ചുവോ
ഭാരതം, സ്വാതന്ത്ര്യത്തി൯
പൊന്നലച്ചുരുളുകള്‍
പുളകം പൂശിച്ചപ്പോള്‍?

ഇന്നു നാം ഞടുങ്ങിയോ
മാനവസംസ്കാരത്തിന്‍
സുന്ദരമണിധ്വജം
ചുവടേ മറിഞ്ഞപ്പോള്‍?

ഞങ്ങളോര്‍ത്തില്ലാ തെല്ലു-
മച്ഛന്റെ ഹൃദ്രക്തത്താ-
ലിങ്ങനെ കിടാങ്ങള്‍ക്കു
ജാതകം കുറിപ്പതായ്‌!

എങ്ങനെ സഹിക്കുവാന്‍…..?
കഷ്ണം കഷണമാ-
യങ്ങനെ തകരട്ടെ,
ഭാവിതന്‍ ഹൃദയങ്ങള്‍!

മതി,—നിന്‍ പുജാക്രമം
സംസ്കാരബോധം –നീളെ-
ചതിയും ചരിത്രവും,
കൈകോര്‍ത്തു നടക്കട്ടെ!

ശ്രീലമാം ജ്വലദാത്മ-
ജ്വാലയാലിരുട്ടിന്റെ
വാളറകളെ വെന്നു
വെളിച്ചം പകര്‍ത്തിയും,

ഉറങ്ങിക്കിടന്നൊരെന്‍-
നാടിന്റെ സിരകളി-
ലുണര്‍വിന്‍ ചെഞ്ചോരയാല്‍
കര്‍മ്മധീരത ചേര്‍ത്തും,

തങ്ങളില്‍പ്പുണ൪ന്നാര്‍ഷ
സംസ്കാരപാരമ്പര്യ-
മങ്ങനെ പുലര്‍ത്തുവാന്‍
സന്ദേശമരുളിയും,

ഈ നവയുഗത്തിന്റെ-
യച്ഛനന്നദ്ധ്യാത്മിക-
ഗാനരീതികള്‍ പാടി
പ്രാര്‍ത്ഥനയ്ക്കൊരുങ്ങവേ,

അപ്പുറത്താഹാ! രക്ത-
ദാഹിയാമൊരു കാള-
സര്‍പ്പ, — മയ്യയ്യോ ഞങ്ങള്‍-
ക്കിരുളാണങ്ങോളവും!

ഇന്ത്യത൯ ചരിത്രത്തില്‍-
പ്പൊന്നുപുശിയ ‘ബര്‍ളാ-
മന്ദിരം’ കാണാമതി
ലച്ഛന്റെ കാല്‍മുദ്രകള്‍!

അവിടേയ്ക്കൊരു തീര്‍ത്ഥ-
യാത്രയായ്പ്പോകാം നമ്മള്‍-
ക്കതിലുള്‍ച്ചേര്‍ന്നിട്ടുണ്ടാ-
മച്ഛന്റെ നിശ്വാസങ്ങള്‍!

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹