Published on: July 18, 2025

പഴഞ്ചൊല്ല് കാർത്യായനി
“അല്ലെങ്കിലും ഒരു ചൊല്ലുണ്ട്, കർക്കടത്തിലെ സൂര്യന് പ്രഭ കുറയും, ചന്ദ്രന് പ്രഭ കൂടും.”
അതെന്താ അച്ഛമ്മ അങ്ങനെ പറഞ്ഞത്?
“അതോ… മോനെ, മഴക്കാലമായാൽ നിന്റെ അച്ഛന് പണി കുറവല്ലേ, പിന്നെ ഇവൾടെ ചെലവിലല്ലേ കുടുംബം കഴിയണത്. അതിന്റെ നെഗളിപ്പ് ഇവള് കാട്ടാതിരിക്ക്യോ..?
“ടാ… അച്ചു, നിനക്കൊന്നും പഠിക്കാനില്ലേ? രാമായണം വായിക്കാനെന്ന പേര്. അതും മടിയിൽ വച്ച് എന്നെ വിധിക്കാനിരിക്കാനേ അവർക്ക് നേരള്ളോ. തള്ളയുടെ വർത്താനം കേട്ട് നിൽക്കാതെ കയ്യും മുഖവും കഴുകി വല്ലതും കഴിച്ച് ട്യൂഷന് പോടാ ചെക്കാ…”
“അല്ലാ… ഞാനും പറയാ നിന്നോട്, കർക്കട ഞാറ്റില് പട്ടിണി കിടന്നത്, പുത്തരി കഴിഞ്ഞാൽ മറക്കരുത്.”
കയ്യും മുഖവും കഴുകാൻ പോയ അച്ചു തിരികെ വന്നു അച്ഛമ്മയോട് ചോദിച്ചു.
“അതെന്താ അച്ഛമ്മേ കർക്കട ഞാറ്റ്?”
“അതു മോനേ… അച്ചു… കർക്കടമാസലെ ഞാറ്റുവേലക്കാലത്ത് പഷ്ണീം പാട്വല്ലേ… അതുകഴിഞ്ഞ്, ചിങ്ങം പെറന്നാൽ കൊയ്ത്തും പണിയൊക്കെ ആയിട്ട് പഷ്ണി അങ്ങട് മാറുമ്പോൾ, കഴിഞ്ഞത് മറക്കല്ലേ എന്ന്…”
“അയ്നിപ്പോ എന്താണ്ടായേ ഇവിടെ?”
മരുമോളുടെ കത്തുന്ന ചോദ്യം.
“നിനക്കെന്നാ ഈ തൊഴിലും കൂലിയും ആയത്? എന്റെ വടക്കേ പറമ്പിലെ ആദായം ഇത്തിരിയെങ്ങാനാണോ ഇവിടെ ചെലവാക്കിയോർന്നെ… ഒന്ന് വളം ഇടാനോ പറമ്പ് നോക്കാനോ ഒന്നിനും ആരൂല്ല്യാ. അതുകൊണ്ടെന്തായി ഉള്ളതും കൂടെ ഇല്ല്യാണ്ടായി.”
“അതിനിപ്പൊ ഞാനാണോ കുറ്റക്കാരി? അതവിടെ കിടക്കട്ടേന്ന് വെച്ചാ പോരായിരുന്നോ… മോന് കച്ചോടം ചെയ്യാൻ വിറ്റുതുലയ്ക്കാൻ ഞാൻ പറഞ്ഞോ..?”
കാർത്യായനിയമ്മയ്ക്ക് എന്തൊക്കെയോ ചൊറിഞ്ഞു വന്നു. അവരുടെ പതം പറച്ചിൽ കേൾക്കാത്ത മട്ടിൽ മരുമോൾ അച്ചുവിനോട്,
“നീ പോവാൻ നോക്ക് ചെക്കാ… ഓരോന്ന് പറയുന്നത് കേട്ട് നിൽക്കാണ്ട്…”
“അല്ലെങ്കിലും, ഞാനീ രാമായണം ഒന്ന് വായിക്കാൻ എടുത്താൽ അവൾടെ ഉള്ളിലെ ചേട്ട പുറത്തുവരും.”
കാർത്യായനിയമ്മ.
“അദ്ദന്നെ.. നിങ്ങള് ഇതൊക്കെ വായിക്കാൻ ഇരിക്കുമ്പഴേങ്കിലും മനസ്സ് നന്നാവണം. അല്ലാണ്ട് കണ്ണിക്കണ്ട ചൊല്ലും കോലും കൊണ്ട് എന്നെ കുത്താനല്ല നോക്കേണ്ടത്.”
മരുമോൾ വിട്ടുകൊടുക്കാനുള്ള ഉദ്ദേശമില്ല.
കാർത്യാനിയമ്മ ഒന്നും മിണ്ടാണ്ട് രാമായണം നിവർത്തി പാരായണം തുടങ്ങുമ്പോഴേക്കും പടികടന്ന് ആരോ വരുന്ന ശബ്ദം കേട്ട് തലയുയർത്തി നോക്കി.
“എന്താ രാമകൃഷ്ണാ…”
പടികടന്ന് വന്ന ആളോട് കാർത്യാനിയമ്മ.
“രവി പോയോ കാർത്യാനിയമ്മേ?”
രാമകൃഷ്ണൻ കുശലം ചോദിച്ചു.
കാർത്യാനിയമ്മ എന്തോ പറയാൻ വന്നപ്പോഴുക്കും രാമകൃഷ്ണൻ,
“ഞാൻ സുധേടെ അടുത്ത് ഒരു കാര്യം ചോദിക്കാൻ വന്നതാ. രമണി കുടുംബശ്രീല് ഒരു ലോണിന് അപേക്ഷിച്ചിട്ടുണ്ടായിരുന്നു. അത് കിട്ടിയെങ്കിൽ… അടുക്കള മുഴുവൻ ചോർന്നൊലിക്കയാണ്.
അതൊക്കെയൊന്ന് പൊളിച്ചിറക്കി മേയാമായിരുന്നു.”
“ന്റെ രാമകൃഷ്ണാ… ഈ കർക്കടത്തില് കാക്ക പോലും കൂടുകൂട്ടില്ല. ന്നട്ടാപ്പോ നീയീ പണികാട്ടാൻ പോണേ?”
അതിനുത്തരം പറയാൻ രാമകൃഷ്ണൻ തുനിഞ്ഞപ്പോഴേക്കും സുധ ഉമ്മറത്തേയ്ക്ക് വന്നു.
“ഒരാഴ്ചയ്ക്കകം ശരിയാകും രാമകൃഷ്ണേട്ടാ… രമണി ചേച്ചിയെ വിളിച്ചു ഞാൻ ദേ ഇപ്പൊ പറഞ്ഞതേയുള്ളൂ.”
“സുധ ഉപേക്ഷ വിചാരിക്കില്ല എന്നറിയാം. എന്നാലും, ഈവഴി വന്നപ്പോ… ഒന്ന് ഓർമ്മിപ്പിക്കാൻ കേറീന്നേ ഉള്ളൂ… പിന്നെ, രവി ഉണ്ടെങ്കിൽ ഒന്നു കാണേം ചെയ്യാലോ…”
രാമകൃഷ്ണൻ.
സുധ ചിരിച്ചുകൊണ്ടൊന്നു മൂളി.
“രവിയേട്ടൻ ചില്വാനം വാങ്ങാൻ കടേല് പോയല്ലോ രാമകൃഷ്ണേട്ടാ… കുറച്ചു നേരമായി പോയിട്ട്. വരാറായിട്ടുണ്ട്.”
“എങ്കിലവനെ വഴീല് കണ്ടോളാം സുധേ.”
അതും പറഞ്ഞ് രാമകൃഷ്ണൻ തിരികെ നടന്നു.
“എന്റമ്മേ… ഒന്നുകിൽ നിങ്ങളീ രാമായണം വായിക്കുക. അല്ലേൽ അതങ്ങട് അടച്ചു വെയ്ക്ക്. എന്നിട്ട് വാ പൊളിച്ചിരിക്ക്… “
രാമായണം മടിയിൽ വെച്ച് രാമകൃഷ്ണന്റേം സുധേടേം സംഭാഷണം കാതോർത്തിരുന്നിരുന്ന കാർത്യാനിയമ്മയോട് പറഞ്ഞിട്ട് സുധ സ്വയമെന്നോണം പറഞ്ഞു,
“ഇരുട്ട് കുത്തി വന്ന മഴയാ… അതു പോയി. ഞാനാ തുണികള് എടുത്ത് തെക്കേ പുറത്ത് കൊണ്ടിടട്ടെ. രണ്ടു നാലു ദിവസമായിട്ട് ശെരിക്കൊരു വെയില് കാണുന്നില്ല.”
സുധ തനിക്കൊന്നു കൊള്ളിച്ചു പറഞ്ഞതാണെന്ന് അറിഞ്ഞിട്ടും അതിനു മറുപടി പറയാതെ, കാർത്യായനിയമ്മ പറഞ്ഞത് മറ്റൊരു പഴഞ്ചൊല്ല്.
“കർക്കടത്തിലെ പത്തൊണക്കില്‍ ആനത്തോലുമുണക്കാം.”
“അതെന്തുട്ടാന്ന് ഇവൾക്കുണ്ടോ അറിയാ…”
കാർത്യായനിയമ്മ സ്വയമെന്നോണം പറഞ്ഞു. പിന്നെ, സുധയോടായി നീട്ടി പറഞ്ഞു,
“കർക്കട മാസത്തിലെ പത്തുസ്സെങ്കിലും നല്ല വെയില് ഉണ്ടാവും. അത് തീയാ ഉദിക്ക്യാ.”
സുധ ഒന്നും മിണ്ടാതെ തുണികൾ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി. എന്തുപറഞ്ഞാലും കാര്യമില്ല, അവരുടെ നാവു അങ്ങനെ ഇരിക്കും. പഴഞ്ചൊല്ലിൽ പണ്ടാരോ കൂടോത്രം ചെയ്തതാ… വെറുതെയല്ല, ‘പഴഞ്ചൊല്ല് കാർത്യായനി’ എന്ന വട്ടപ്പേര് പതിച്ചു കിട്ടീത്. രാമായണം മടിയിൽ വെച്ചിരിക്കുന്നതല്ലാതെ അതിലെ ഒരു വരി പോലും വായിക്കില്ല.
“വെശക്കുണൂട്യേ… കൂട്ടാൻ എന്തൂട്ടാ വെക്കണേ… ഇത്തിരി കഞ്ഞി കുടിക്കാൻ…”
തെക്കേ പുറത്തേക്കു പോയ സുധയോട് കാർത്യായനിയമ്മ വിളിച്ചു ചോദിച്ചു.
“കൂട്ടാത്തിനു കൊണ്ടുവരാന്നും പറഞ്ഞു പോയതല്ലേ നിങ്ങടെ പുന്നാര മോൻ… വന്നോ ഇതുവരെ…”
“ടീ പെണ്ണേ.. നീയാ കൈമൾടെ പറമ്പിലെ ചേന ഒന്ന് വലിക്കാൻ കിട്ട്വോന്ന് നോക്ക്യേ…”
കാർത്യായനിയമ്മക്ക് വിശപ്പിന്റെ അക്ഷമ.
“എനിക്കൊന്നും പറ്റത്തില്ല, ആരാന്റെ പറമ്പിലെ ചേനമൂട് വലിക്കാൻ. കാന്താരി അരച്ച് വെച്ചിട്ടുണ്ട്. അതുംകൂട്ടി വേണേൽ കഞ്ഞി കുടിച്ചോ…”
ഇടക്കിടെ കൊത്തുകൂടുമെങ്കിലും സുധയ്ക്ക് കാർത്യായനിയമ്മയോട് സ്നേഹം തന്നെയാണ്. അവർക്ക് വിശപ്പ് അധികനേരം പിടിച്ചു നിർത്താൻ കഴിയില്ലെന്ന് അവൾക്കറിയാം. അതുകൊണ്ടൊരു മുൻകരുതൽ അവൾ എപ്പോഴും എടുത്തുവെയ്ക്കും.
“കർക്കടത്തില് കട്ടുമാകാം.”
കാർത്യായനിയമ്മയുടെ മുറുമുറുപ്പ്.
“ആയിക്കോട്ടെ… ചേന്യാ… ചേമ്പാ.. കാവത്താ… എന്താച്ചാ പോയി കട്ടോ കേട്ടോ കൊണ്ടോന്നോ. ഞാൻ വെച്ചെരുക്കി തന്നേക്കാം. കർക്കടത്തിൽ കിഴങ്ങുകൂട്ടി ഉണ്ടില്ലെന്ന് വേണ്ടാ…”
അകത്തേക്ക് കേറിപ്പോയ സുധ, ഒരു കയ്യിൽ കഞ്ഞിക്കിണ്ണവും മറ്റേ കയ്യിൽ ചമ്മന്തി തട്ടും കൊണ്ടു വരുന്നതിനിടയിൽ വായേല് കൊണ്ട കൊട്ടും കാർത്യായനിയമ്മയുടെ മുന്നിൽ വെച്ചു.
ആ സമയത്ത്, പെട്ടെന്നൊരു ഇടിവെട്ട് വന്നതുകൊണ്ട് കാർത്യായനിയമ്മ മറുത്തൊന്നും പറഞ്ഞില്ല. അവളെ അങ്ങനെ കുറ്റം പറയാനും പറ്റില്ല. അത്യാവശ്യം പറമ്പൊക്കെ ഉണ്ടായിരുന്ന തറവാടായിരുന്നു. ധാരാളം ഫലവൃക്ഷങ്ങളും അത്യാവശ്യം പച്ചക്കറികളും വിളഞ്ഞ് നിന്നിരുന്നു ഒരു കാലത്ത്. മിച്ചം ഉള്ള ഇത്തിരിയിടം മുഴുവനും കാടും പടലും. അവിടെ ഒക്കെ ഒന്ന് കുത്തിക്കിളച്ച് എന്തെങ്കിലും മുളപ്പിക്കാനോ… ഉത്സാഹോം ഒട്ടും ഇല്ല താനും. പക്ഷെ, ഉള്ളിൽ തേട്ടി വന്നത് അവളോട് കൊട്ടാൻ നിന്നില്ല.
“തുണിയൊക്കെ അവിടെ കിടക്കട്ടെടി… കർക്കടത്തിലെ ഇടിവെട്ടി പെയ്യണ മഴ കൊണ്ടാൽ കരിങ്കല്ലിന് വരെ ദോഷമാണ്.”
ഇടിവെട്ടിയ ശബ്ദം കേട്ട് ഉണക്കാനിട്ട തുണികൾ എടുക്കാൻ തിടുക്കത്തിൽ സുധ മുറ്റത്തിറങ്ങുന്നത് കണ്ടപ്പോൾ അമ്മയായമ്മക്കും മരോളോടൊരു കരുതൽ.
“അമ്മ ഇരുന്ന് പഴഞ്ചൊല്ലും പറഞ്ഞ് കഞ്ഞിക്കുടിക്ക്… കുളിച്ചു മാറാൻ ഉണക്കം ഉള്ളത് ഒരെണ്ണം ഇല്ല.”
സുധ തെക്കേപ്പുറത്തേക്ക് ഓടി.
‘ഇന്നത്തെ പെണ്ണുങ്ങൾക്ക് എന്താ അനുസരണ. അല്ലെങ്കിലും, കടഞ്ഞാൽ കിട്ടാത്ത വെണ്ണ കുടഞ്ഞാൽ കിട്ടുമോ?’
ഈ വയസാം കാലത്ത് വല്ലാണ്ട് വല്ലോം മിണ്ട്യാ ഉള്ള കഞ്ഞീം കിട്ടീല്ലെങ്കിലോ എന്ന് വിചാരിച്ചാവണം, കാന്താരി മുളകിന്റെ എരുവിനോടൊപ്പം ഈ പഴഞ്ചൊല്ലും കാർത്യായനിയമ്മയുടെ നാവിൽ തന്നെ എരിഞ്ഞമർന്നു…
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

ജാനി തട്ടിൽ: യഥാർത്ഥ പേര് ജാൻസി റിന്റോ. തൃശ്ശൂർ ഇരിങ്ങാലക്കുട മൂർക്കനാട് സ്ഥിരതാമസം.
ആശ വർക്കർ. ഭർത്താവ്: റിന്റോ കോറോത്ത് പറമ്പിൽ. മക്കൾ: അലീന ജെഫിൻ, ആൽവിൻ.







