Prathibhavam First Onappathippu-2025
Pinneyum-Malayalam poem by Edakkulangara Gopan-Prathibhavam First Onappathippu-2025

ങ്ങൾ പട്ടണത്തിൽ
കറങ്ങി നടക്കുകയായിരുന്നു.
അതുമാത്രമാണെന്റെ ഓര്‍മ്മയിൽ.
ഏത് പട്ടണമായിരുന്നു?
കൂടെ ആരായിരുന്നു?
അതോ, പട്ടണത്തിൽ അല്ലായിരുന്നോ?
കൂടെ ആരും ഇല്ലായിരുന്നോ?
ഒരു നിലാവ് കൂടെ നടക്കുന്നുണ്ടായിരുന്നു.
അത് നിലാവായിരുന്നോ?
എങ്കിൽ എന്റെ നിഴൽ ഉണ്ടായിരിക്കുമല്ലോ!
അതിനെ ഞാന്‍ കണ്ടിരുന്നോ?
ഹേയ്, അതൊരു നിഴലേ അല്ലായിരുന്നു.
കവലയിൽ ഒരാൾ പ്രസംഗിച്ചിരുന്നോ?
അയാൾക്കു മുന്നിൽ ആൾക്കൂട്ടമുണ്ടായിരുന്നോ?
ഉച്ചഭാഷിണിയുടെ ശബ്ദത്തിനിടയിൽ,
അവൾ എന്താണ് ഉറക്കെ ചോദിച്ചത്?
ഓര്‍ക്കുന്നു, കൂടെ അവൾ ഉണ്ടായിരുന്നു.
ഏതവൾ?
അവൾക്ക് പേരില്ലേ?
അതോ, അവൾ അല്ലായിരുന്നോ?
ഒച്ചകൾ ഒടുങ്ങുമ്പോൾ ഒരു നിലവിളിശബ്ദം കേട്ടു.
ഇരുട്ടല്ലേ, വെളിച്ചമുണ്ടായിരുന്നോ?
ഇരുട്ടു തന്നെ.
അതെന്റെ കണ്ണു കുത്തിപ്പൊട്ടിച്ചു.
സത്യത്തിൽ ഒച്ചകൾ ഒടുങ്ങിയിരുന്നോ?
അതെന്റെ പ്രശ്‌നമാകാം.
ഇരു ചെവിയിലും
ഒറ്റ പ്രഹരം ഒച്ചയൊടുക്കിയിരുന്നു.
ഇരുട്ടല്ലേ, ആരാണന്നറിയില്ല.
ശബ്ദവും നിലച്ചിരുന്നു.
ചുമ്മാ തോന്നലാവാം, വെളിച്ചമുണ്ടാകും,
ശബ്ദവും നിലച്ചു കാണില്ല.
എന്റെ ഓര്‍മ്മകളുടെ പരിധിയിൽ
എല്ലാമൊടുങ്ങിയതാവാം.
ഇരുപത്തിയാറാം വയസ്സിലായിരുന്നല്ലോ…
അതോ ഇരുപത്തിനാലിലോ?
തോന്നലുകൾ ഒടുങ്ങാത്തതാണിപ്പോൾ പ്രശ്‌നം.
അതിനെന്തു മരുന്നു കഴിക്കണം?

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

Trending Now