
തലയില്ലാ തച്ചൻ- മൂന്നാം ഭാഗം
“യെസ് ഡോക്ടർ…”
മറുപടി പറഞ്ഞത് സെലിനാണ്. ആര്യ അപ്പോഴും ഡോക്ടറെ നിരീക്ഷിക്കുകയായിരുന്നു. ഒരു സൈക്കോളജിസ്റ്റിനെ കാണണമെന്നാണ് ഡോ. അന്നാ കുര്യനോട് സെലിൻ ആവശ്യപ്പെട്ടത്. അപ്പോൾ തന്നെ
ഡോക്ടർ ഒരു നഴ്സിനെ ഓപി ടിക്കറ്റ് എടുക്കാൻ ഏല്പിക്കുന്നത് സെലിൻ ഫോണിലൂടെ കേട്ടിരുന്നു. ഡോക്ടർക്ക് അടുപ്പമുള്ള സൈക്കോളജിസ്റ്റ് ഇന്ന് ഉണ്ടെന്നും ഉച്ചയ്ക്കു ശേഷം എത്തിയാൽ മതിയെന്നും പറഞ്ഞു.
“ഡോ. എബ്രഹാം ഐസക്, റിട്ടയേർഡ് ന്യൂറോളജിസ്റ്റ്.”
മുന്നിലെ തൂണിൽ തൂങ്ങിക്കിടക്കുന്ന സ്വർണ്ണ നിറമുള്ള ചെറിയ ഓട്ടുമണിയുടെ ‘ക്ണീം… ക്ണീം…’ ശബ്ദം കേൾപ്പിച്ചുകൊണ്ട് ഓട്ടുമണിയിൽ നിന്നും കയ്യെടുക്കുന്നതോടൊപ്പം ചുമരിലെ നെയിംപ്ലേറ്റിൽ കിടക്കുന്ന പേര് സെലിൻ പതിയെ വായിച്ചു.
“പേരിനൊരു ഗെറ്റ് അപ്പൊക്കെ ഉണ്ട്. അത് ചികിത്സയിലും കണ്ടാൽ മതിയായിരുന്നു.”
ശബ്ദം താഴ്ത്തി സെലിൻ പറഞ്ഞു.
ആര്യ അത് കേട്ടു ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. അവളുടെ ശ്രദ്ധ മുഴുവൻ ആ വീടിന്റെ മുക്കിലും മൂലയിലുമായിരുന്നു. ഓടിട്ട പഴയൊരു ക്രിസ്ത്യൻ തറവാട്. എങ്കിലും, നല്ല പ്രൗഢിയുണ്ട്. ചുറ്റും മതിൽക്കെട്ട്. മുറ്റത്ത് കരിയിലകൾ അലസമായി കിടക്കുന്നു. ദിവസേനയുള്ള മുറ്റംതൂക്കലിന്റെ ലക്ഷണം കാണുന്നില്ല. മുറ്റത്തിന്റെ അരികുകളിൽ പാഴ്ചെടികൾ തഴച്ചുനില്ക്കുന്നു.
ഡോക്ടറെ കൂടാതെ ഈ വീട്ടിൽ വേറെ ആരെങ്കിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആര്യ അനുമാനിച്ചു. ഒരുപക്ഷെ, പ്രായമായ ആരെങ്കിലും കാണുമായിരിക്കാം. അല്ലെങ്കിൽ, സുഖമില്ലാതെ കിടക്കുന്ന ഡോക്ടറുടെ ഭാര്യ. മക്കളുണ്ടെങ്കിൽ വിദേശത്തായിരിക്കും. സാധാരണ, നിഗൂഢമായ നിശബ്ദത ഫീൽ ചെയ്യുന്ന ഇത്തരം വീടുകളിൽ കാണപ്പെടാറുള്ള അവസ്ഥ ഇതൊക്കെ തന്നെ.
വീടിന്റെ വലതുവശത്തെ വലിയ ഗേറ്റിനു സമീപം കാർപോർപോർച്ച്. അതിൽ പൊടിപിടിച്ചു കിടക്കുന്ന പഴയൊരു ബെൻസ് കാർ. ഇടതുഭാഗത്ത് പായൽ പിടിച്ച മതിലും ചെറിയൊരു ഗേറ്റും. ഗേറ്റിന്റെ അരികിൽ വലിയ ഒരു മരം, ഒരു പട്ടിക്കൂട്. മരം ഏതാണെന്ന് ആര്യയ്ക്കു പിടികിട്ടിയില്ല. കാഴ്ചയിൽ നല്ല കാലപ്പഴക്കമുണ്ട്. പട്ടിയെ വളർത്തുന്ന ലക്ഷണമൊന്നും കാണാനില്ല.
പിൻഭാഗത്ത് ധാരാളം സ്ഥലമുണ്ടെന്നു തോന്നുന്നു. ചെറിയ ഗേറ്റ് കടന്നുവരുമ്പോൾ അങ്ങോട്ടൊരു നോട്ടം പോയിരുന്നു. അവിടെ പലതരത്തിലുള്ള ധാരാളം മരങ്ങൾ നിൽക്കുന്നതു കണ്ടു.
ഇപ്പോൾ ഉച്ചതിരിഞ്ഞ് രണ്ടര മണി. പക്ഷെ, ഇവിടെ സന്ധ്യാസമയത്തിന്റെ പ്രതീതിയാണ്. പുറത്തു നിന്നും അരിച്ചെത്തുന്ന വെളിച്ചത്തിനൊരു വിളർച്ചയുണ്ട്. ചെറുതായി വീശുന്ന തണുത്ത കാറ്റ്. ഹൈവേ റോഡിലെ സർവീസ് റോഡിൽ നിന്നും വലത്തോട്ട് ഓട്ടോ തിരിയുമ്പോൾ, ‘സ്നേഹതീരം ബീച്ച്’ എന്നൊരു ബോർഡ് കണ്ടു. കടൽത്തീരം അടുത്തുണ്ടെന്ന് അന്നേരം മനസിലായി.
തൃശൂർ ടൗണിൽ നിന്നും ഇരുപത്തിനാലോ ഇരുപത്തഞ്ചോ കിലോമീറ്ററുണ്ട് ഇവിടേക്ക്. സെലിന്റെ കൈനിക് ഹോണ്ടയിൽ വരാമെന്നു വിചാരിച്ചതാണ്. പിന്നെ തോന്നി, അപരിചിതമായ സ്ഥലം. ഇവിടെ വന്നിട്ട് ഇത്രയും ദൂരം വരുന്നത് ആദ്യമായിട്ടാണ്. സെലിന്റെ ഒപ്പമാണെങ്കിലും ഒരു ഉൾഭയം. തന്റെ നിർബന്ധംകൊണ്ട് ഓട്ടോ വിളിച്ചു പോന്നു.
ഒരു ഉൾനാടൻ ഗ്രാമത്തിലെ വലിയൊരു പറമ്പിൽ ഒറ്റപ്പെട്ടു നില്ക്കുന്ന, ശാന്തഗംഭീരമായ ആ വീടിന് ഒരുതരം അവഗണനയുടെ ഭംഗിയാണെന്നാണ് ആദ്യം ഫീൽ ചെയ്തത്. ഇപ്പോൾ തോന്നുന്നു, ഇവിടത്തെ ഏകാന്തതയുടെ നിഗൂഢതയ്ക്കൊരു മാസ്മരികതയുണ്ടെന്ന്. ഇവിടെ തന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം ഉണ്ടാകുമെന്ന് ആര്യയുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

തൃശൂർ മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവിയായിരുന്നു പ്രൊഫസർ എബ്രഹാം ഐസക്. സെലിന്റെ ക്ലയന്റായിരുന്ന ഒരു ഗൈനക്കോളജിസ്റ്റ് വഴിയാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച ഒത്തുവന്നത്. അവരിപ്പോഴും മെഡിക്കൽ കോളേജിലുണ്ട്. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ ഉടനെ, തൃശൂരിലുള്ള വിദഗ്ദനായ ഒരു മനഃശാസ്ത്രജ്ഞനെ തപ്പി സെലിൻ ഗൂഗിൾ ചെയ്യുന്നതിനിടെയാണ് മെഡിക്കൽ കോളേജിലെ ഏതോ ഒരു ഡോക്ടറുടെ പേര് ശ്രദ്ധയിൽ പെട്ടത്. അപ്പോഴാണ്, ‘ഡോ. അന്നാ കുര്യനും അവിടെയാണല്ലോ’ എന്ന് സെലിൻ പിറുപിറുക്കുന്നത് കേട്ടത്.
ലാപ്പിൽ സെലിൻ സെർച്ച് ചെയ്യുന്നതും നോക്കി ബെഡിൽ അലസമായി കിടക്കുകയായിരുന്നു താൻ. അല്ലെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ തപ്പിയെടുക്കാൻ അവൾക്കു പ്രത്യേക ഉത്സാഹവും കഴിവുമുണ്ട്.
ഗൂഗിളിൽ കണ്ട ഡോക്ടറെ കുറിച്ചു ചോദിക്കാനാണ്, സെലിൻ അന്ന ഡോക്ടറെ കോണ്ടാക്ട് ചെയ്യുന്നത്. കാര്യം തിരക്കിയ ഡോക്ടർക്കു മുന്നിൽ സെലിൻ പ്രശ്നങ്ങൾ ചുരുക്കി പറയുന്നതു കേട്ടു. അതിനു ശേഷം, പിന്നീടു നടന്ന ഫോൺ വിളിയിൽ അവർ സംസാരം തുടരുന്നതിനിടെ സെലിൻ തന്നെ ഒന്ന് നോക്കി, ബാൽക്കണിയിലേക്ക് പോകുന്നത് കണ്ടപ്പോൾ അസ്വസ്ഥത തോന്നിയിരുന്നു. തന്റെ ‘കദനകഥ’ മുഴുവൻ അവൾ വിളിച്ചുപറയുമോ എന്നായിരുന്നു പേടി.
“എന്റെ പൊന്നോ… നീയിങ്ങനെ ബലൂൺ വീർപ്പിച്ചുവെച്ച് ഇരിക്കാതെ. ഡോക്ടർ കാര്യങ്ങൾ വിശദമായി ചോദിച്ചതുകൊണ്ടാണ് ഞാൻ മാറിയത്. ചില കാര്യങ്ങൾ രോഗി അറിയാതെ നോക്കേണ്ടതും ചികിത്സയുടെ ഭാഗമാണ്.”
സ്വതസിദ്ധമായ ചിരിയോടെ സെലിൻ.
ഏത് സിച്വേഷനെയും കൂളാക്കി മാറ്റുന്നവളാണ് സെലിൻ. എങ്കിലും, ‘രോഗി’ എന്ന സെലിന്റെ പരാമർശം ഉള്ളിലൊരു ഭയമുണ്ടാക്കി. പക്ഷെ, അന്ന ഡോക്ടറുടെ ഇടപെടൽ തങ്ങളെ എത്തിച്ചത് തങ്ങൾക്കു കിട്ടാവുന്നതിൽ വെച്ച് പ്രഗത്ഭനായ ഒരു ഡോക്ടറുടെ മുന്നിലാണെന്ന അറിവ് ആശ്വാസം നല്കി. അന്ന ഡോക്ടറിൽ നിന്നും കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ, ‘തന്റെ വിഷയത്തിൽ ഇത്രയും അഗ്രഗണ്യനായ ഒരാളെ കിട്ടാനില്ല’ എന്ന് സെലിൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ അതുവരെ ഉണ്ടായ എല്ലാം ആശങ്കകളും പടികടന്നു.
‘ഇനി… നേരിട്ട് കാണുമ്പോൾ എന്താണാവോ സംഭവിക്കുക?’
സെലിൻ വീണ്ടും ആ സ്വർണ്ണ നിറമുള്ള ചെറിയ ഓട്ടുമണി കിലുക്കാൻ ആയുന്നത് അപ്പോഴാണ് കണ്ടത്. ‘എന്തിനാണ് സെലിൻ ഇത്ര തിടുക്കം കാണിക്കുന്നത്?’ എന്തോ… അതു കണ്ടപ്പോൾ തനിക്ക് ഈർഷ്യ വന്നു.
“ഹോ! ഇങ്ങേര് ഇത് എവിടെ പോയിക്കിടക്കുകയാണോ എന്തോ?” സെലിന് ക്ഷമ നശിച്ചുതുടങ്ങിയിരിക്കുന്നു.
“പ്രായമായ ആളല്ലേ സെലിൻ… ഒരുപക്ഷേ ഉറക്കമായിരിക്കും. അതും പോരാഞ്ഞ് അദ്ദേഹം എന്തോ ഗവേഷണമോ തീസിസോ ഒക്കെയായി തിരക്കിലാണെന്ന് നീ തന്നെയല്ലേ പറഞ്ഞത്,” ആര്യ അവളെ ശാന്തമാക്കാൻ ശ്രമിച്ചു.
“ശരിയാണ്, ഞാനത് മറന്നു. ഇപ്പോൾ നിന്നെക്കാൾ കൂടുതൽ നിന്റെ കാര്യത്തിൽ ആംഗ്സൈറ്റി എനിക്കാണ്. സോറി ടാ…” സെലിൻ പതിവുപോലെ ആര്യയുടെ കവിളിൽ പതുക്കെ ഒന്ന് നുള്ളി. ആര്യയെ അനുനയിപ്പിക്കാനുള്ള സെലിന്റെ മാന്ത്രികവിദ്യയാണത്. വേദനയില്ലാതെ, വല്ലാത്തൊരു വാത്സല്യം പടർത്തുന്ന ആ നുള്ളലിൽ ഒരു നുള്ള് വേദനകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആര്യ ചിലപ്പോഴൊക്കെ കൊതിക്കാറുണ്ട്.
പെട്ടെന്നാണ് വലിയൊരു ശബ്ദത്തോടെ വാതിൽ തുറക്കപ്പെട്ടത്. അതിന്റെ ശബ്ദം കാതുകളിൽ എത്തിയപ്പോൾ തന്റെ നെഞ്ചിടിപ്പിന്റെ താളവും ഉയർന്നത് ആര്യ അറിഞ്ഞു.
മനസ്സിൽ കണ്ടതുപോലെ ഒരാളായിരുന്നു മുന്നിൽ വന്നു നിന്നത്. ആറടിയോളം ഉയരം, നല്ല മസിലുകൾ ഉള്ള, ആജാനുബാഹുവായ ശരീരം. എഴുപതുകളിലും ഒരു ഫയൽവാന്റെ കരുത്ത് കാത്തുസൂക്ഷിക്കുന്നുണ്ട്. നീലക്കര മുണ്ടും ഇറുകിയ നീല ടീഷർട്ടുമാണ് വേഷം. സെലിനും നീല കളർ കുർത്തയിലാണല്ലോ എന്നോർത്തു, ആര്യ.
പ്രായം കൊണ്ടുള്ള നരയ്ക്കൽ മാറ്റിവെച്ചാൽ, കാഴ്ചയിൽ നല്ലൊരു പ്രസരിപ്പുണ്ട്. ഇങ്ങനെയുള്ള ഡോക്ടർമാർ സാധാരണ മുഖത്തു ഫിറ്റുചെയ്തുവെയ്ക്കാറുള്ള കട്ടിക്കണ്ണട കണ്ടില്ല. പകരം, കട്ടികൂടിയ ഗൗരവത്തിന്റെ പുറംചട്ടയിട്ട ആ നോട്ടം അങ്ങനെത്തന്നെ ഉണ്ട്.
“ആര്യാ… സെലിൻ..?”
ഒരു നിമിഷം ഇരുവരെയും മാറിമാറി നോക്കികൊണ്ട് ഡോക്ടർ ചോദിച്ചു.
“യെസ് ഡോക്ടർ…”
മറുപടി പറഞ്ഞത് സെലിനാണ്. ആര്യ അപ്പോഴും ഡോക്ടറെ നിരീക്ഷിക്കുകയായിരുന്നു. ഒരു സൈക്കോളജിസ്റ്റിനെ കാണണമെന്നാണ് ഡോ. അന്നാ കുര്യനോട് സെലിൻ ആവശ്യപ്പെട്ടത്. ഡോക്ടർ അപ്പോൾ തന്നെ ഒരു നഴ്സിനെ ഓപി ടിക്കറ്റ് എടുക്കാൻ ഏല്പിക്കുന്നത് സെലിൻ ഫോണിലൂടെ കേട്ടിരുന്നു. ഡോക്ടർക്ക് അടുപ്പമുള്ള സൈക്കോളജിസ്റ്റ് ഇന്ന് ഉണ്ടെന്നും ഉച്ചയ്ക്കു ശേഷം എത്തിയാൽ മതിയെന്നും പറഞ്ഞു.
അതു കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടറുടെ വിളിയെത്തി. അപ്പോഴാണ് സെലിൻ ഫോണും കൊണ്ട് ബാൽക്കണിയിലേക്ക് പോയത്. ആ സംസാരത്തിനു ശേഷമാണ് ഡോക്ടർ ഇവിടേക്ക് റഫർ ചെയ്യുന്നത്. അന്ന ഡോക്ടർക്ക് തെറ്റിയിട്ടില്ലെന്ന് മനസ് പറയുന്നു. ഇദ്ദേഹത്തെ കാണുമ്പോൾ പണ്ടു കണ്ട ഹോളിവുഡ് സിനിമയിലെ മിടുക്കനായ ഡിറ്റക്റ്റീവിനെ ഓർമ്മ വരുന്നു.
“എന്താ കുട്ടീ, വരുന്നില്ലേ..?”
ഐസക് ഡോക്ടറുടെ ഘനഗാംഭീര്യത്തിലുള്ള ചോദ്യം കേട്ടപ്പോഴാണ് താനിപ്പോഴും ഓരോന്നു ചിന്തിച്ചുകൂട്ടുകയാണെന്ന് ആര്യയ്ക്കു മനസിലായത്. ഇതിനിടെ തങ്ങളെ ഡോക്ടർ അകത്തേക്കു ക്ഷണിച്ചിട്ടുണ്ടാകണം.
ആര്യ ഉടനെ പ്രതികരിച്ചു,
“യെസ് ഡോക്ടർ… റിയലി സോറീ…”
“ഇറ്റ്സ് ഓക്കേ. വരൂ…”
ആതിഥ്യ മര്യാദ കൈവിടാതെ ഡോക്ടർ വീണ്ടും അവരെ അകത്തേക്ക് ക്ഷണിച്ചു.
ആ സമയം, ആര്യയുടെ ചമ്മൽ ആസ്വദിച്ചു നില്ക്കുകയായിരുന്നു സെലിൻ. അതു കണ്ട്, ദേഷ്യം ഇരച്ചു വന്നെങ്കിലും ആര്യ അത് ഭാവിച്ചില്ല. ആര്യയുടെ ദേഷ്യം അവളുടെ മുഖത്തു നിന്നും വായിച്ചെടുത്തെങ്കിലും സെലിനും കണ്ടില്ലെന്നു നടിച്ചു.
അകത്തേക്ക് നടന്ന ഡോക്ടറുടെ പിന്നാലെ സെലിന്റെ കയ്യും പിടിച്ച് ആര്യ വീടിനകത്തേക്ക് വലതുകാൽ വെച്ചു കയറി.
അതേസമയത്താണ്, അകത്തുനിന്നും ഒരു പട്ടിയുടെ ഉച്ചത്തിലുള്ള കുര കേട്ടത്. അപ്രതീക്ഷിതമായ ആ ശബ്ദത്തിൽ രണ്ടുപേരും ഞെട്ടി. ആര്യയുടെ കൈകൾ സെലിന്റെ വലതു കൈത്തണ്ടയെ മുറുക്കി ഞെരിക്കാൻ തുടങ്ങി.
തുടരും…
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.








