Published on: October 5, 2025
പ്രതിഭാവം പരിചയപ്പെടുത്തുന്ന, നവാഗത എഴുത്തുകാരി ഫാസിന കുന്നത്തിന്റെ, ഒരു പ്രതികാരത്തിന്റെ ‘അഞ്ചുദിനങ്ങ’ ളിലൂടെ സഞ്ചരിക്കുന്ന തുടർകഥ, ‘റാന്തൽ’ ഗോസ്റ്റ് സ്റ്റോറി ആദ്യത്തെ അദ്ധ്യായം.
പാലക്കാട് പിരായിരി സ്വദേശിനിയായ ഫാസിന, തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ ബിരുദത്തിനു പഠിക്കുന്നു. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ്, തന്റെ ആദ്യ രചനയായ ‘റാന്തൽ’ ഫാസിന എഴുതിയത്.

റാന്തൽ രണ്ടാം അദ്ധ്യായം
അതിന്റെ മുന്നിൽ എന്തോ ഉണ്ട്. മുറിയിൽ ഒരു നീളൻ വിളക്ക് കത്തിനില്ക്കുന്നു. വലിയൊരു ജനാല കാണുന്നുണ്ട്. മുകൾ ഭാഗം ക്രിസ്ത്യൻ പള്ളികളിലെ പോലെ ആർച്ച് ഡിസൈൻ ആണ്. അഴികളൊക്കെ ഉള്ളത്. ജനാലയിലൂടെ പുറത്ത് ചെടികൾ കാണുന്നു. അതിലൂടെ ആണെന്നു തോന്നുന്നു മഞ്ഞവെളിച്ചം വരുന്നത്. ജനാലയിലും ചുമരിലും രക്തം ഉള്ളതു പോലെ…
“നീ എവിടെയായിരുന്നു? എന്നെ ഒന്ന് സഹായിച്ചുകൂടെ ?”
കാലെടുത്തു വെച്ചതും ഉമ്മയുടെ ദേഷ്യപ്പെടൽ.
“ശരി” എന്നും പറഞ്ഞ് സാധനങ്ങൾ അടുക്കിവെയ്ക്കാൻ കൂടി.
എല്ലാം വൃത്തിയാക്കിയിട്ടാണ് അവിടെ നിന്ന് കൊണ്ടുവന്നത്. അതുകൊണ്ട് സെറ്റ് ചെയ്യൽ എളുപ്പമായിരുന്നു. എങ്കിലും അതെല്ലാം തീർന്നപ്പോഴേക്കും ഉച്ചയായി. ഉപ്പ ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങിക്കൊണ്ട് വന്നു.
ഭക്ഷണം കഴിഞ്ഞപ്പോഴാണ് യാത്രക്ഷീണത്തിന്റെയും അടുക്കിപെറുക്കി വെയ്ക്കലിന്റെയും മൊത്തത്തിലുള്ള ഒരു ആലസ്യം മയക്കമായി വന്നെത്തിയത്. തനിക്കെന്ന് പറഞ്ഞു വെച്ചിട്ടുള്ള മുകളിലെ റൂമിൽ പോയി ഒറ്റ കിടപ്പായിരുന്നു.
ആ കിടപ്പിൽ എപ്പോഴോ ശരീരമാകെ വേദനിക്കുന്നതു പോലെ… കണ്ണുമിഴിച്ചു നോക്കുമ്പോൾ മുന്നിൽ എന്തൊക്കെയോ ദൃശ്യങ്ങൾ… നിഴലുകൾ പോലെ.
താൻ ഇപ്പോൾ ഉറക്കത്തിലാണോ… അതോ സ്വപ്നം കാണുന്നതോ… ഒന്നും തീർച്ചയില്ല. കണ്ണുകൾ തുറന്നിരിക്കുന്നതു പോലെ ഫീൽ ചെയ്യുന്നുണ്ട്. പക്ഷെ, എണീക്കാൻ കഴിയുന്നില്ല. ശരീരം ചലിപ്പിക്കാൻ കഴിയുന്നില്ല. ശരീരത്തിന് ഒട്ടും കനം തോന്നുന്നുമില്ല. ശ്വാസോച്ഛാസം ഉണ്ടോ എന്നു പോലും തീർച്ചയില്ല.
താൻ എന്തിലോ അകപ്പെട്ടിരിക്കുന്നു എന്ന തോന്നൽ. മുറിക്ക് പുറത്ത് കടക്കാൻ സാധിക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. മുറിയിൽ ആരെങ്കിലും ഉണ്ടോ… അതോ സ്വപ്നത്തിലാണോ താൻ ഈ നിഴലുകൾ കാണുന്നത്. അല്ലാ… ഇപ്പോൾ നിഴലുകൾ പലതും മാഞ്ഞിരിക്കുന്നു. ഒരു രൂപംപോലെ എന്തോ ഒന്ന് കണ്ണിൽ തങ്ങി നിൽക്കുന്നതുപോലെ… അത് ഇരിക്കുകയാണ്… ഒരു മുറിയിൽ…. കണ്ണുകളിൽ മഞ്ഞയും ചുവപ്പും വെളിച്ചം മിന്നി മറയുന്നു…

ആ രൂപത്തിലേക്ക് താൻ സൂക്ഷിച്ചു നോക്കി. കൂനിക്കൂടി ആരോ ഇരിക്കുന്നു. അതൊരു പെണ്ണാണെന്ന് തോന്നുന്നു. മുടി ഉള്ളതു പോലെ തോന്നുന്നുണ്ട്. തല താഴ്ത്തിയാണ് ഇരിക്കുന്നത്. അതിന്റെ മുന്നിൽ എന്തോ ഉണ്ട്. മുറിയിൽ ഒരു നീളൻ വിളക്ക് കത്തിനില്ക്കുന്നു. വലിയൊരു ജനാല കാണുന്നുണ്ട്. മുകൾ ഭാഗം ക്രിസ്ത്യൻ പള്ളികളിലെ പോലെ ആർച്ച് ഡിസൈൻ ആണ്. അഴികളൊക്കെ ഉള്ളത്. ജനാലയിലൂടെ പുറത്ത് ചെടികൾ കാണുന്നു. അതിലൂടെ ആണെന്നു തോന്നുന്നു മഞ്ഞവെളിച്ചം വരുന്നത്. ജനാലയിലും ചുമരിലും രക്തം ഉള്ളതു പോലെ…
ആ ഭയന്ന അവസ്ഥയിലും ഒന്നാശ്വസിച്ചു. ആ മുറി എന്തായാലും താൻ കിടക്കുന്ന മുറിയല്ല. കണ്ടിടത്തോളം ഈ വീട്ടിലെ മുറികളുടെ ജനാലകളും വാതിലുകളും എല്ലാം സ്കയർ ടൈപ്പിൽ ഉള്ളതാണ്. അവ്യക്തമായ കാഴ്ച ആയതിനാൽ ഒരൂ ഊഹം മാത്രമേ കിട്ടുന്നുള്ളൂ. ആ രൂപം ഒന്ന് ഇനങ്ങുന്നതുപോലും എല്ല. മുഖം താഴോട്ട് ഇട്ട് ഒറ്റയിരുപ്പാണ്…
പെട്ടെന്നാണ് മുറിയിലെ പെൻഡുലം ക്ളോക്ക് വലിയ ശബ്ദത്തിൽ മൂന്നു വട്ടം ശബ്ദിച്ചത്. അതേ സെക്കൻഡിൽ കണ്ണുകളിൽ നിന്നും ആ രൂപവും ആ മുറിയും എല്ലാം അപ്രത്യക്ഷമാകുകയും ചെയ്തു. അതോടെ, ശരീരം വീണ്ടും കനം വെയ്ക്കുകയും തനിക്ക് എണീറ്റ് ബെഡിൽ ഇരിക്കാനും കഴിഞ്ഞിരിക്കുന്നു.
ക്ലോക്കിൽ സൂചി പന്ത്രണ്ടിലും ചെറിയ സൂചി മൂന്നിലും കണ്ടപ്പോൾ മനസിലായി, ഇതുവരെ കണ്ടതും അനുഭവിച്ചതും എല്ലാം വെറും സ്വപ്നമായിരുന്നെന്ന്. എങ്കിലും എന്തൊക്കെയാണ് താൻ കണ്ടത്? കണ്ടതിനൊക്കെ എന്തെങ്കിലും അർത്ഥമുണ്ടോ? ശരീരം മൊത്തം ഒന്ന് നോക്കി. ഒരു കുഴപ്പവും ഇല്ല. പക്ഷെ, ഉള്ളിലെ ആ ഞെട്ടൽ അങ്ങനെ തന്നെ നില്ക്കുന്നു.
മുറിക്ക് പുറത്ത് വന്നപ്പോൾ ഹാളിൽ മറ്റുള്ളവരും ഉറക്കത്തിലാണ്. നല്ല ക്ഷീണമുണ്ടാകും, ഉണർത്തേണ്ട. വീണ്ടും സിറ്റ് ഔട്ടിൽ ചെന്നിരുന്നു. അയല്പക്കത്തെ വീട്ടിലേക്ക് നോക്കിയപ്പോൾ പുറത്താരെയും കണ്ടില്ല. തന്റെ വീടിരിക്കുന്ന ഭാഗത്ത് ഈ രണ്ടു വീടുകളെ ഉള്ളൂ എന്ന് തോന്നുന്നു. പുലർച്ചെ വരുമ്പോൾ വഴിയിൽ അധികം വീടുകൾ കണ്ടതായി ഓർക്കുന്നില്ല.
സാറ പതിയെ എഴുന്നേറ്റ് മുറ്റത്ത് ഉലാത്താൻ തുടങ്ങി. വീടിന്റെ വലതുഭാഗം മറ്റാരുടെയോ പറമ്പാണ്. കുറച്ചു പാഴ്മരങ്ങളും ഇടവിട്ട് റബർ മരങ്ങളും ഉണ്ട്. അവൾ തന്റെ മതിൽക്കെട്ടിന് അടുത്തു ചെന്ന് കൈകൾ അതിൽ കുത്തി നിർത്തി ആ ഭാഗം ആകെ ഒന്നു നിരീക്ഷിച്ചു. അപ്പോഴാണ് പറമ്പിന്റെ ദൂരെ അങ്ങേ അറ്റത്തായി ഒരു വീടിന്റെ സൈഡ് മരങ്ങൾക്കിടയിലൂടെ കണ്ണിൽ പെട്ടത്. അത്ര വലിയ വീടാണെന്നു തോന്നിയില്ല. ഓടിട്ട വീടാണ്. രണ്ടുനില ആണെന്നു തോന്നുന്നുണ്ട്. ആരും അവിടെ താമസമുള്ള ലക്ഷണവും കാണുന്നില്ല. വീടിന്റെ മുഖപ്പ് തന്റെ വീടിന്റെ മുൻപിലെ വഴിയിലോട്ടാണെന്നു മനസിലായി. സാറ മനസിൽ പറഞ്ഞു, അപ്പോൾ ഈ ഭാഗത്ത് ആകെ മൂന്ന് വീടുകൾ.
“സാറാത്ത…”
സാറ മതിൽക്കെട്ടിൽ നിന്നുകൊണ്ട് ഞെട്ടിത്തിരിഞ്ഞു നോക്കി. അച്ചുവാണ്.
“എന്താ അവിടെ?”
വാ കൊണ്ട് ചോദിച്ചേന്റെ ഒപ്പം കൈകൊണ്ടുള്ള ചോദ്യവും ഉണ്ട്. അതവളുടെ ഹൈ ലേറ്റ് ആണ്. എന്തു പറഞ്ഞാലും ചോദിച്ചാലും ശബ്ദം മാത്രം അല്ല ആക്ഷനും കൂടെ കാണും.
‘മ്ച്’
സാറ രണ്ടു കണ്ണും അടച്ചു തുറന്ന്, ഷോൾഡർ മുകളിലേക്കൊന്ന് വെട്ടിച്ച് അവൾക്കുത്തരം കൊടുത്തു കൊണ്ട് അവൾക്കരികിലേക്ക് മെല്ലെ നടന്നടുത്തു. അപ്പോഴേക്കും അകത്തു നിന്ന് വീണ്ടും അമ്മയുടെ നീട്ടി വിളി എത്തി
“സാറാ…”
തുടരും…
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

ഫാസിന കുന്നത്ത്: പാലക്കാട് പിരായിരി സ്വദേശിനി. ചിത്രകാരി. തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിൽ ഒന്നാം വർഷം. മാതാപിതാക്കൾ: കുന്നത്ത് അസീസ് കെ. എ., സൈന വി. യു.
പ്രതിഭാവത്തിൽ തുടർകഥയായി പ്രസിദ്ധീകരിച്ചു വരുന്ന ‘റാന്തൽ’ എന്ന ഹൊറർ സ്റ്റോറിയാണ് പ്രസിദ്ധീകൃതമാകുന്ന ആദ്യ രചന. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ്, ഫാസിന തന്റെ ആദ്യത്തെ രചനയായ ‘റാന്തൽ’ എഴുതിയത്.








