

ഒരു വിഷുതലേന്ന്
പള്ളീലമ്പലത്തിലെ ബാലെ കാണാൻ
പോയി താമരക്കുളം
കടന്നു തിരിച്ചു വന്ന കാലം
ഏറ്റം പിന്നിലാണെങ്കിലും
കൺമുന്നിൽ തന്നെ
വന്നു നിൽക്കയല്ലോ;
കണികൊന്നപൂത്ത
മാതിരി.
ഇങ്ങു ചാരത്തുണ്ടൊരോര്‍മ്മ,
പടക്കം, പൊട്ടാസു തോണ്ടി, കല്ലിട്ടിടിച്ച്
കൈവിരൽ ചതഞ്ഞ
ചോര ചുവപ്പിലു –
മുണ്ടായിരുന്നുവോ
ഓർമ്മക്കെണിയിലെ മൂഷികജാലം…
പല മാതിരി
കണ്ടം ചാടി
പായുന്ന മേഘങ്ങളായ്,
നമ്മളെത്ര
രൂപങ്ങള്‍
കൊത്തി കൊത്തി
‘തേഞ്ഞുതീർന്നപ്പോള്‍
വിഷുവങ്ങൾ മാഞ്ഞു സായംകാലമായി
ചുളിഞ്ഞു രൂപം മാറുമ്പോള്‍,
അന്തി ചോപ്പിൽ
തലചായ്ച്ചാ നിലാ-
ക്കള്ളി തെങ്ങോലതൻ
അഴിമാറ്റി
ചെമ്പകതെല്ലിനോട്
കിന്നാരം ചൊല്ലുമ്പോൾ,
വിഷു
ക്രമം തെറ്റുമ്പോൾ,
കോടി പുതച്ച്
കുളിപ്പിച്ചാരോ
കിടത്തുമ്പോള്‍,
പൂത്ത കൊന്നയിൽ
പുഴുവെന്നപോൽ
പിച്ചവച്ച കാലം
മറവി ചവിട്ടി
മായുമ്പോള്‍
ഓർമയിൽ
ഉണ്ടായിരുന്നുവോ കൂട്ടുകാരാ…
അന്നു നമ്മൾ
രണ്ടുപേരായിട്ടു
ക്രമം തെറ്റിച്ചു
പാഞ്ഞു പോയതാം
വിഷുവങ്ങൾ
ചതഞ്ഞ
പൊട്ടി പായാത്ത
വിഷു ച ക്രങ്ങൾ
വിഷം തിന്നു ചത്ത
നല്ല കാലത്തിൻ
കണിവെളളരി വിത്തുകൾ!