Published on: September 6, 2025


ഇന്നലെപ്പൂവനി,യിന്നു ശവപ്പറ-
മ്പെന്നതോ കാലനിയോഗം?
ചിന്തകൾ വല്ലീനികുഞ്ജങ്ങളായ് പടർ-
ന്നുണ്മ മനോജ്ഞമലരുകളായ് വിടർ-
ന്നെന്തു സുഗന്ധം പരന്നതാ നാൾകളിൽ.
എത്ര പവിത്രസസ്യങ്ങൾ,
എത്ര സുചിത്രസത്യങ്ങൾ,
എത്ര വിചിത്രരസങ്ങൾ-
എല്ലാം കളിച്ചുവളർന്നതാണിന്നിലം,
എല്ലാം പൊടിച്ചുവിളഞ്ഞതാണിന്നിലം.
എല്ലാം മറഞ്ഞോരകാലനിർഭാഗ്യത്തി-
ലില്ലായ്മയിൽ മൂകമായതുമിന്നിലം.
കാട്ടുതീ കത്തിയെരിഞ്ഞു മലരുകൾ,
കായ്കളും, തണ്ടു,മിലകളും ചാമ്പലായ്
ഭാഷാവനികയൊടുങ്ങുന്നതിന്നു മു-
മ്പിങ്ങു പുലർന്ന കാമനകൾ,
ഉയിരിൽപ്പൊടിച്ചു വളർന്ന വികാരങ്ങൾ,
ഉയരേയ്ക്കുണർന്നു വിരാജിച്ച ചിന്തകൾ,
അവയൊക്കെയെങ്ങുപോ-
യെങ്ങുപോയെങ്ങുപോയ്?
ഇവിടെയെമ്പാടുമീ വിസ്മൃതിച്ചാരത്തി-
ലെരിയുന്നുവോ കനൽപ്പൊട്ടുകളിപ്പൊഴും?
പുകചൂഴ്ന്ന കണ്ണിലിരുണ്ടതാം കാഴ്ചകൾ,
കത്തുന്ന വാക്കിന്റെ തൊണ്ടയിലൊടുങ്ങിയ
ശബ്ദങ്ങൾ, തേങ്ങലിൽ വേർപ്പെട്ട ചീന്തുകൾ,-
ഇവയോ കിനാവുകൾക്കന്ത്യം?
നക്ഷത്രമൊന്നൊടുങ്ങുന്ന പ്രപഞ്ചത്തി-
ലവശിഷ്ടധൂളിയിൽ നിന്നൊരു പുത്തനാം
നക്ഷത്രമുയിരാർന്നു മിന്നും ചിരേണ,യാ
വിൺവെളിച്ചത്തിലുയിർപ്പെട്ടു പാറിടും
ജീവൻ ത്രസിക്കുന്ന ചൈതന്യരേണുക്കൾ
നാളെ,-യാ നാളെയെക്കാത്തു കഴിയുന്ന
നന്മകൾ, നേരുകൾ നിശ്ശൂന്യമാകയോ?
വിസ്മൃതിയേയുമൊടുക്കുവാൻ പോന്നതാം
വിസ്മയതീർത്ഥമൊഴുകുന്നതിൻ നവ-
ജീവനസംഗീതമിങ്ങുയരുന്നുവോ?
ഭാവന പുഷ്കലമാക്കുവാൻ, വിസ്മൃത-
ഭാവങ്ങൾ സ്പന്ദിച്ചുണർന്ന നിനവുകൾ
അസ്പഷ്ടലോകങ്ങൾ വിട്ടുയർന്നീടവേ,
വൈഖരീനാദമുയിർത്തുടിയാകവേ,
കാലമേ, ജീവനുണരുന്നുവോ നിന്നി-
ലാരു നീ, മായാസരിത്തായ ഭാഷയോ?
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

ഡോ. ജോയ് വാഴയിൽ: ഡോ. വി. പി. ജോയ്. ശാസ്ത്രജ്ഞൻ, ഗവേഷകൻ, അഡ്മിനിസ്ട്രേറ്റർ. എറണാകുളം പൂത്തൃക്ക കിങ്ങിണിമറ്റം സ്വദേശി. ജോയ് വാഴയിൽ എന്ന തൂലികാ നാമത്തിൽ എഴുതുന്നു. നിലവിൽ, കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർപേഴ്സൺ.






