വൃശ്ചികക്കാറ്റേല്‍ക്കുന്ന

വടക്കുന്നാഥനു മുന്നില

ന്നൊട്ടു നേര്‍ത്ത പ്രഭാതത്തില്‍
കണ്ടാദ്യം, കണികണ്ടപോല്‍…

കള്ളിഷര്‍ട്ടും കരനേര്‍ക്കും
മുണ്ടുടുത്തു മെലിഞ്ഞൊരാ;-
ളെന്‍റെ കാവ്യവയല്‍പാട-
ത്തെന്നും കതിരിട്ടു നിന്നൊരാള്‍.

‘വൈലോപ്പിള്ളി’യെന്നച്ഛന്‍
വായ്പൊളിച്ചല്പമെങ്കിലും
പിന്നെയോടിക്കരം തൊട്ടു
തന്‍കരം ചേര്‍ത്തെടുത്തയാള്‍.

കന്നികായ്ക്കുന്ന മാവേറെ
പൊന്നണിഞ്ഞു നിറഞ്ഞപോ
ലെന്‍റെയുള്ളിലുമാ നാടന്‍
പൊന്നുടമ്പ് ചലിച്ചപോല്‍…

കുഞ്ഞുതുമ്പക്കുടം മൂര്‍ദ്ധാ
വഞ്ചിതം ചൂടിയോ ബലി!
അങ്കണത്തൈമാവിന്‍ പൂ
ങ്കൊമ്പ്, ഞാന്‍ കണ്ട വിസ്മയം!!