Vayana-Anitha Viswam

ഷ്ടബോധത്തിൻ കൊടിച്ചുവട്ടിൽ
ലഗ്നം കുറിച്ചിട്ട നീണ്ട ചിറ്റിൽ
നക്ഷത്രരാശിക്കു തൊട്ടു താഴെ
ഒട്ടിപ്പിടിച്ചു രണ്ടക്കമുണ്ട്.
ഒന്നു തൊട്ടെണ്ണിപ്പഠിച്ചു പോകെ
ജന്മനാളോരോന്നു വാർന്നു വീഴ്കെ
കൺതുറന്നെപ്പെഴോ നോക്കിയപ്പോൾ
കണ്ടഞ്ചിനപ്പുറത്തുള്ള പൂജ്യം
വേഗത പോരെന്ന തോന്നലായി
വായനക്കൂട്ടിൽത്തിടുക്കമായി
താളുകളോരോന്നറിഞ്ഞതിൻമേൽ
നേരം തികയാതെ തീർന്നു രാവ്.
ചന്ദ്രൻ ചമയ്ക്കും പ്രഭാവലയം
തിന്നു തീർക്കുന്നു വരണ്ട മേഘം
മല്ലികപ്പൂവിൻ മദിച്ച ഗന്ധം
തല്ലിക്കെടുത്താൻ തെറിച്ച കാറ്റ്.
ചെന്തുരുണിപ്പുഴ നീന്തിയെത്തി
സങ്കടച്ചാലിൽക്കുതിർന്ന സൂര്യൻ
എന്നോടു ചൊല്ലീ പുലർച്ചയായി
മുന്നിലുണ്ടക്ഷരച്ചുറ്റുപാത.
ഏറിക്കഴിഞ്ഞാൽത്തിരിച്ചിറങ്ങാൻ
പാളങ്ങളില്ലാത്ത കാട്ടുപാത
കോരിത്തരിപ്പായിരുണ്ട കോണിൽ
മൂടിപ്പുതച്ചൊരുദ്വേഗഗാഥ.
വൃത്തത്തിലോളം കടന്ന നൗക
ഒറ്റത്തുഴയ്ക്കു മേൽ കാറ്റുപായ
എത്തുമ്പൊൾ മുന്നിൽ മഹാസമുദ്രം;
ദുഃഖഹിമാനിയലിഞ്ഞ കാവ്യം.
പറ്റെക്കരിമ്പനടിഞ്ഞ പേജിൽ
ഗദ്ഗദം തോരാതെ ഗദ്യധാര
അർത്ഥങ്ങളിൽക്കറ കോറി നീങ്ങും
കൊച്ചക്ഷരങ്ങൾ പടുത്ത ശോഭ.
ആത്മപ്രകാശനത്തിൻ്റെ തീവ്ര-
ഭാഷയിലുളളം വിറച്ചു പോവും
ജീവിതം ചുട്ടുപഴുത്തിരുന്നൂ
ആകെച്ചുവന്ന യുഗങ്ങളോർമ്മ.
വറ്റാത്ത സ്വാതന്ത്ര്യ സാരതീർത്ഥം
തൻ നിറം മുക്കിയെടുത്ത ശീല
ചട്ടയിൽത്തൊട്ടാലെനിക്കു പോലും
തിക്കും ധമനിയിൽ വീര്യജ്വാല.
പുസ്തകമഞ്ചാണെഴുത്തുമേശ
ത്തട്ടിലായ് ബുക്മാർക്കു വച്ചിരിപ്പൂ
സഞ്ചരിക്കേണമടുത്ത രാവിൽ
അഞ്ചാളുകൾക്കകത്തേറി ഞാനും.
‘ഇത്രയുമാർത്തി പാടില്ല’ യെന്നായ്
തൊട്ടൂ പരിഹാസമാർന്ന വാക്യം
‘വച്ചിരിപ്പുണ്ടോ ദിനക്കണക്കിൻ
ശിഷ്ടമൊരിത്തിരി ദാനമേകാൻ!’

Free Subscription!

Subscribe to Prathibhavam for Latest Updates.