Published on: September 9, 2025


രണ്ട് ലോകമഹായുദ്ധങ്ങൾ കണ്ട സാമുവേൽ പാട്രിക് ഇപ്പോഴും ജീവിച്ചിരിക്കുന്നെന്ന വാർത്ത അതിശയോക്തിയല്ല. കാലപ്രവാഹത്തിൽ അയാളിൽ എപ്പോഴോ കുടഞ്ഞുണർന്ന ആഗ്രഹത്തിന്റെ അഗ്നി കെടാതെ കിടക്കുകയാണ്. സ്വച്ഛന്ദ മൃത്യു എന്നൊന്നുണ്ടെങ്കിൽ തനിക്കും അതുതന്നെ വേണമെന്ന ശക്തമായ ആഗ്രഹം. കൈകാലുകൾ ചലിപ്പിക്കാതെ അനുഭവത്തിന്റെ ശരശയ്യയിൽ കിടന്ന്, തീക്ഷ്ണമായ ആഗ്രഹത്തിന്റെ ജീവാഗ്നി സ്വയം കത്തിച്ച്, കാതോർത്തു കിടക്കുകയാണ്, മുതുമുത്തച്ഛനായ സാമുവൽ പാട്രിക്.
അടിമത്തവും ഉച്ചനീചത്വവും കൊടികുത്തി വാണകാലം. അത്, ക്രൂരമായ പീഡാനുഭവങ്ങളുടേതു കൂടിയായിരുന്നു. ചെറുപ്പത്തിൽ അനുഭവിച്ച പീഡനനോവുകൾ ശരംപോലെ മനസ്സിലും ശരീരത്തിലും കുത്തിയിറങ്ങുന്നു. കാരിരിമ്പുപോലെ ഉറച്ച പേശിയിൽ അന്നതൊന്നും ഏശിയില്ല. ഇന്ന് ഒരേയൊരു ആഗ്രഹമേയുള്ളൂ; നാലഞ്ച് തലമുറകൾക്കു കഥകൾ പറഞ്ഞുകൊടുക്കാനും കനലുകൾ കെടാതെ പെരുപ്പിടാനും കഴിയണം. ചരിത്രത്തിലെ കറുത്ത ഏടുകൾ പുതുമയോടെ ഇരിക്കണം.
ഹന്ന എലിസയെന്ന പ്രിയപത്നി അമ്പതു വർഷം മുൻപേ മണ്ണിലമർന്നു. ആ കാഴ്ച മന:ക്കണ്ണിലുണ്ട്. യജമാനന്മാരുടെ കൂർത്ത കണ്ണുകൾ കൊത്തിവലിച്ച കൃഷിയിടത്തിൽ നിന്നും കാടുപിടി ച്ച, ഇരുണ്ടമൂലയിൽ കടിച്ചുപ്പറിക്കപ്പെട്ട ആ ജീവൻ ഇരച്ചു വീണതോർക്കുമ്പോൾ സാമുവേൽ പാട്രിക്കിനിപ്പോഴും രക്തത്തിളപ്പിന്റെ ചെറുപ്പം.
അരുതേയെന്ന യാചന… അവളുടെ ആ നോട്ടം… അതു തന്റെ നേരെവരെ നീളുന്നത്, പച്ചിലക്കാടുകൾക്കിടയിലൂടെ കണ്ടതാണ്. യജമാനന്മാരുടെ മുഖത്ത് അടിമയോടുള്ള അവജ്ഞ. അടിമയുടെ മുഖത്ത് ഭയം. ഒന്നിനും കരുത്തില്ലാത്ത നിസ്സഹായാവസ്ഥ..!
പിന്നീട്, നിർബന്ധിത സൈനിക സേവനത്തിനിടയിൽ കണ്ട കൊടും ക്രൂരതകൾ! അവിടെയും ഇരകൾ സാധാരണക്കാർ. നിറം നോക്കി, കന്നുകാലികളെപോലെ കണക്കാക്കിയിരുന്നവർ. പരാതിയില്ലാത്ത അടിമകൾ!
സാമുവേൽ പാട്രിക്കിന്റെ നാലാം തലമുറയിലെ ജാനെറ്റ് ഗ്രാമിയുടെ മിടുക്കിയായ മകളാണ്, സാമന്ത സോളമൻ. മൂന്നാം ക്ലാസ്സിലാണെങ്കിലും ബുദ്ധിയിൽ അമ്പതുകാരേക്കാൾ മുന്നിലാണ്. പതിവായി വന്നുകൊണ്ടിരിക്കുന്ന യുദ്ധവാർത്തകളും ചിത്രങ്ങളും അവളെ കുറച്ചൊന്നുമല്ല ചിന്തിപ്പിച്ചതും വിഷമിപ്പിച്ചതും. മണ്ണിന്റെ മക്കൾക്ക് പണ്ടേയുള്ള മനുഷ്യസ്നേഹം അവളിലും ജനിതകമായി കടന്നു കൂടിയതാകണം.
നിറം കൊണ്ടും മുടികൊണ്ടും അവളും അമ്മ ജാനെറ്റ്ഗ്രാമിയും തന്റെ ഹന്ന എലിസയുടെ പകർപ്പ് തന്നെ. കറുത്ത മുഖത്തെ തിളങ്ങുന്ന വെളുത്ത പല്ലുകൾ കാട്ടിയുള്ള സാമന്തയുടെ ചിരിയുടെ ചന്തം ഒന്നു വേറെതന്നെയാണ്. യുദ്ധത്തിൽ ഷെല്ലുകൾ പൊട്ടിത്തെറിച്ചു മുറിവേറ്റ കുട്ടികളുടെ ചിത്രങ്ങളാണ്, കഴിഞ്ഞ ഒരു വർഷമായി അവളുടെ ശേഖരത്തിൽ ഏറെയും.
ഇരുട്ടിൽ നോക്കിക്കിടന്ന്, അതിജീവനയുദ്ധക്കഥകൾ പറയുന്ന സാമുവേൽ പാട്രിക്കിക്കിനടുത്തേക്കു സാമന്ത സോളമൻ വന്നു മുട്ടുകുത്തി, കൈകളിൽ തടവി. ഒരുചിത്രവും വാർത്തയും കാട്ടി വായിച്ചു കൊടുത്തു.
”യുദ്ധത്തിൽ മാരകമായി പരിക്കേറ്റ ആറുമാസം ഗർഭിണിയായ യുവതിയുടെ കുട്ടിയെ സിസ്സേറിയനിലൂടെ രക്ഷപ്പെടുത്തി. കുട്ടി അതിജീവിക്കുമെന്ന് ഡോക്ടർമാർ.”
പാട്രിക്കിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. ആ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ ചോദിച്ചു,
”ഈ കുട്ടിയും ഹിബാകുഷയല്ലേ ഗ്രേറ്റ് ഗ്രേറ്റ് പപ്പാ?”
പാട്രിക്ക് പുഞ്ചിരിച്ചുകൊണ്ടു തലകുലുക്കി. രണ്ടു ദിവസം മുമ്പാണ് താനവൾക്കു ലിറ്റിൽ ബോയിയുടെയും ഫാറ്റ് മാന്റെയും കഥകൾ പറഞ്ഞു കൊടുത്തത്. അയാൾ ഓർത്തു.
പേരുകേട്ട് ഇഷ്ടം കൂടിയ കഥയുടെ അന്ത്യത്തിലെത്തിയപ്പോൾ അവളും ചോദിച്ചത്, എന്തിനാ ഇത്രയും നല്ല പേരൊക്കെ ഡെവിളുകൾക്കിടുന്നത് എന്നാണ്. കണ്മുന്നിൽ കാണുന്നതുപോലെയാണ് അക്കഥകൾ സാമുവേൽ സാമന്തയ്ക്കു പറഞ്ഞു കൊടുത്തതും.
ഒടുവിൽ, കടലാസ്സുകൊണ്ട് കൊക്കുകൾ നിർമ്മിച്ച, തീരാവേദനയിലും ജീവിക്കാനുള്ള കൊതി നിലനിർത്തി മരണത്തിനു കീഴടങ്ങിയ സഡാക്കോസസാക്കിയെന്ന കൊച്ചുബാലികയെ കുറിച്ചും…
”ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബു വീണയിടത്തു സ്ഫോടനത്തിന്റെ സ്മാരകങ്ങളുണ്ട്.” നെഞ്ചു തടവിക്കൊണ്ട് പാട്രിക്ക് തുടർന്നു.
”അവിടെ, കുട്ടികളുടെ സ്മാരകോദ്യാനത്തിൽ എപ്പോഴും മുഴങ്ങുന്ന മണിയുണ്ട്. അതിന്റെ ഒച്ച നീ കേൾക്കുന്നില്ലേ മകളേ… സമാധാനത്തിനുവേണ്ടി, നല്ല മുഴക്കത്തിൽ അതു നിലവിളിക്കുന്നത്?
ആര് കേൾക്കാൻ അല്ലേ…?
മണിയുടെ പുറത്ത്, ലോകഭൂപടത്തോടൊപ്പം ‘സ്വയം നിങ്ങളെ അറിയുക’ എന്ന് ജാപ്പനീസ്, ഗ്രീക്, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ ആലേഖനം ചെയ്തിരിക്കുന്നത്, ആരു കാണുന്നു…?”
സാമുവേൽ പാട്രിക്കിന്റെ ഈ പിറുപിറുക്കൽ കൊച്ചു സാമന്തയ്ക്കു മനസിലായില്ല. പാട്രിക്ക് നിർത്തിയില്ല.
”ഇത്രയൊക്കെയായിട്ടും നൂറ്റാണ്ടുകളിലൂടെ കടന്നുവന്നിട്ടും യുദ്ധങ്ങൾ… യുദ്ധങ്ങൾ… ഇതിഹാസങ്ങൾ… മണിയുടെ നിലവിളി മാത്രം ഉച്ചത്തിൽ തുടർന്നുകൊണ്ടേയിരിക്കുന്നു!
മിസൈലുകൾ… നിലവിളികൾ… പലായനങ്ങൾ… ഇരുട്ട്!”
പാട്രിക്കിന്റെ ശബ്ദം നേർത്തു നേർത്തു വന്നു.
”മകളേ… സമാധാനത്തിനു പോയവർ മടങ്ങി വന്നിട്ടില്ല. ഞാനും ഒരു യാത്ര പോകുന്നു. എന്നിലെ കനൽ നിനക്കു തരുന്നു. ഊതിപ്പെരുപ്പിക്കുക നീ…”
സാമുവേൽ പാഡ്രിക്കിന്റെ കണ്ണുകൾ ഒന്നു വെട്ടി. കൺപോളകൾ താനേ അടഞ്ഞു.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






