
ഒരിക്കൽ കൂടി
“ചില നേരങ്ങളിൽ വല്ലാത്ത ഒരു കാല്പനികതയിലേക്ക് മനസ്സ് ചെന്നു വീഴും. അപ്പോൾ പ്രചോദനത്തിന് ഏതെങ്കിലുമൊരു ബിംബത്തെ കണ്ടെത്തേണ്ടി വരുന്നു. അത് തികച്ചും കാവ്യാത്മകവും ഗൃഹാതുരത്വം നീളുന്നതുമായിരിക്കണമെന്ന് മനസ് വാശി പിടിക്കുക കൂടി ചെയ്യുമ്പോൾ ചില കണ്ണുകളുടെ കാന്തിക വലയത്തിലേക്ക് അറിയാതെ വീണു പോകുന്നു.”
അവൻ ഒന്നു നിർത്തി.
“നിൻ്റെ കണ്ണുകൾക്ക് ആ കാന്തികതയുണ്ട്.”
അന്ന് അവനത് പറഞ്ഞപ്പോൾ അവളുടെ കവിളുകൾ ചുവന്നിരുന്നു.
അവരന്ന് ചെറുപ്പമായിരുന്നു.
അവൻ കവിയായിരുന്നു.
അവൾക്ക് കവിതകൾ ഇഷ്ടമായിരുന്നു.
ഇന്ന് ഏറെ വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടിയിരിക്കുന്നു. നരച്ചിട്ടും നരയ്ക്കാതെ, അവരത് ഓർത്തെടുത്തിരിക്കുന്നു. ആ സമയം പേരറിയാത്ത ഒരു ഗൃഹാതുരത്വം അവരെ ചൂഴ്ന്നു നില്ക്കുന്നുണ്ടായിരുന്നു.
Trending Now







