ഓണം സ്‌പെഷ്യൽ- 2026

ഒറ്റയുടെ ഓരങ്ങൾ
“ഓരോ നോട്ടത്തിന്റെയും അറ്റത്തായ്
ഒരു തുടക്കത്തിന്റെ ചിത്രം കാണാം.
കടലാസിലെ അക്ഷരങ്ങള്‍പ്പോലെ
അവയില്‍ മഷി രേഖകള്‍ കാണാം.
ആദ്യത്തെയും അവസാനത്തെയും
വരികളില്‍ സാമ്യത തോന്നാം.
പിന്നെയും മറന്നുതുടങ്ങുന്ന
തൂവല്‍സ്പര്‍ശത്തിന്റെ ചൂടറിയാം.
പോകാന്‍ തുനിഞ്ഞ മഴയില്‍
മയില്‍പ്പീലിത്തുണ്ടുകള്‍ കാണാം.
ജീവിതമോഹങ്ങളില്‍
കാഴ്ചകള്‍ നിരവധി കാണാം.
തുടക്കമിതാണ്
കാഴ്ച്ചയുടെ അനന്തമായ
സാധ്യതകള്‍ ജന്മം കൊള്ളുന്ന
ഒരു അപൂര്‍വ്വ സമയചക്രം.”
തുടക്കം- നിഥിൻകുമാർ ജെ
നിഥിൻകുമാർ ജെയുടെ’ഒറ്റ’എന്ന കവിതാ സമാഹാരത്തിലെ ‘തുടക്കം’ എന്ന കവിതയിൽ ഓരോ നോട്ടത്തിന്റെയും അറ്റത്തായി ഒരു തുടക്കത്തിന്റെ ചിത്രം കാണാമെന്ന് മലയാളത്തിന്റെ പ്രിയ കവി ആലങ്കോട് ലീലാകൃഷ്ണൻ. കടലാസിലെ അക്ഷരങ്ങൾ പോലെ അവയിൽ മഷി രേഖകൾ ഏറ്റവും നവീന കാലത്തിന്റെ ചില ഉൽക്കണ്ഠകളെയും സംത്രാസങ്ങളെയും വിഹ്വലതകളെയും ഒപ്പം ചില ആഹ്ലാദങ്ങളെയും പങ്കുവയ്ക്കുവെന്നും ആലങ്കോട് പറയുന്നു.
“ഇന്നലത്തെ കവിതകൊണ്ട് ഇന്നത്തെ സമൂഹം തൃപ്തിപ്പെടുകയില്ലയെന്ന് നിഥിൻകുമാറിനറിയാം. അതുകൊണ്ട് കവിതകളിലെ വാക്കുകളുടെ സംയോജനത്തെയും കല്പനകളെയും സങ്കൽപ്പത്തെയും നിഥിൻ മാറ്റുന്നു.” ‘ഒറ്റ’യുടെ സമഗ്ര വായനയെ കുറിച്ചുള്ള ലീലാകൃഷ്ണന്റെ വാക്കുകളും ഇപ്രകാരംതന്നെ.
‘ഒരു തുണ്ട് ഭൂമി’, ‘വെളിച്ചമില്ലാത്ത നാളുകൾ’, ‘പൂക്കാലം’, ‘ഹൃദയം’, ‘നഷ്ടങ്ങളുടെ ഉത്തരം’, ‘ആദിതാളം’, ‘കേൾക്കാത്ത ശബ്ദം’, ‘ജാലകം കണ്ടത്’, ‘കണ്ടെത്തൽ’ തുടങ്ങി, ഏറ്റവും നവീനമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ സമാഹാരത്തിലെ ഒട്ടെല്ലാ കവിതകളും പുതിയ അനുഭവങ്ങൾ തരുന്നുണ്ടെന്നും ഈ കവിതകൾ തീർച്ചയായും ഇതപര്യന്തമുള്ള കാവ്യസംസ്കൃതിയുടെ അനുഭവങ്ങളെയും അനുഭൂതികളെയും വികാരങ്ങളെയും സംവഹിക്കുന്നുണ്ടെന്നും ‘ഒറ്റ’യെ അപഗ്രഥിച്ചുകൊണ്ട്, ആലങ്കോട് കുറിച്ചിരിക്കുന്നു.
‘ഒറ്റ’യിലെ ‘ഹൃദയം’ എന്ന കവിത, മഞ്ഞു പൊതിഞ്ഞ; മഴ നനഞ്ഞ ഒരു മഷിപ്പാത്രത്തിന്റെ അനുഭൂതിയാണ് ഉളവാക്കുന്നതെന്ന്, മലയാളത്തിന്റെ മറ്റൊരു പ്രിയ കവിയും പ്രശസ്ത മലയാള ചലച്ചിത്ര ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ അഭിപ്രായപ്പെടുന്നു.
പലർക്കും, ഒറ്റപ്പെടലിന്റെ ബാക്കി പത്രങ്ങളിൽ മിച്ചമാവുക ആശങ്കയും അകൽച്ചയും നിറഞ്ഞ രാപ്പകലുകളുടെ കണക്കാകും. മഴയും മഞ്ഞും വിരുന്നുകാരായി എത്താത്ത ഏകാന്തതയുടെ മുറിയിലേയ്ക്കാണ് വായനക്കാരെ നിഥിൻ കൂട്ടികൊണ്ടുപോകുന്നതെന്ന് ശരത് ചന്ദ്ര വർമ്മ പറയുന്നു.
കൊല്ലം ചവറ സ്വദേശിയായ നിഥിൻകുമാർ, കഥ, കവിത, നോവൽ, ചിത്രകഥ എന്നീ മേഖലകളിൽ സജീവമാണ്. നിഴൽ സാഹിത്യവേദിയുടെ ഭാഗമായി നിരവധി കഥാ- കവിതാ സമാഹാരങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം, ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’, ‘ആകാശത്തിനു താഴെ ചുവന്ന നനവുള്ള മണ്ണ്’ എന്നീ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുക്ക് നെറ്റ് പബ്ലിഷിംഗ് ആണ് ഒറ്റയുടെ പ്രസാധകർ. നാല്പത്തിനാലു കവിതകൾ അടങ്ങിയ സമാഹാരമാണ് ഒറ്റ. ചെറിയ കവിതകളിൽ വലിയ ജീവിതങ്ങളാണ് ഈ നാല്പത്തിനാലു കവിതകളിലൂടെയും നിഥിൻ ഒരുക്കിയിരിക്കുന്നത്. ഒരു പുസ്തകത്തിന്റെ മൂല്യം അതിലെ പേജുകളുടെയോ വിഭവങ്ങളുടെയോ എണ്ണത്തിലല്ല, വായനക്കാരന്റെ മനസ്സിൽ അവശേഷിപ്പിക്കുന്ന ചിന്തകളിലാണ് എങ്കിൽ, ആ അർഥത്തിൽ, ജീവിതത്തിന്റെ ആഴമുള്ള അനേകം അനുഭവങ്ങളെ കോർത്തിണക്കുന്ന കവിതാസമാഹാരമാണ് ഇത്.
ഇതിലെ ഓരോ കവിതയും ഓരോ ജീവിതാനുഭവത്തിന്റെയും ചുരുക്കെഴുത്താണ്. പ്രണയം, വിരഹം, ഒറ്റപ്പെടൽ, ഏകാന്തത, അതിജീവനം, കുടുംബബന്ധങ്ങൾ, വെറുപ്പ്, പക, സ്വപ്നങ്ങൾ തുടങ്ങി മനുഷ്യജീവിതത്തിലെ അനേകം വികാരങ്ങൾ അലങ്കാരങ്ങളുടെ അധിക ഭാരമില്ലാതെ കവി ഇതിലെ കവിതകളിലൂടെ അവതരിപ്പിക്കപ്പെടുന്നു. വായിച്ചുകഴിഞ്ഞാൽ മറന്നുപോകുന്ന വരികളല്ല അവ. മറിച്ച്, ജീവിതത്തിലെ ചില നിമിഷങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്ന അനുഭവങ്ങളായി അവ മാറുന്നു. ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ അവ നമ്മെ പ്രേരിപ്പിക്കുന്നു.
“വീണ്ടുമൊരു നോവിന്റെ പൂക്കാലം
തളിര്‍ത്തും വിടര്‍ന്നും പടര്‍ന്നുമൊരു
പ്രണയത്തിന്റെ ഉമിനീര്‍
കലര്‍ന്ന മധുരകാലം.”
‘പൂക്കാലം’ എന്ന കവിതയിൽ ഇന്നിന്റെ പ്രണയനോവിനെ അത്രയും ലളിതമായ വാക്കുകകളാൽ അതേ ആർദ്രതയോടെ വരച്ചിടുന്നു. “ഒരു പ്രണയം വിടര്‍ന്നതൊരു|| നോക്കു കാണുംമുമ്പ്|| പൊഴിഞ്ഞു പോകുന്നതറിഞ്ഞിട്ടുണ്ടോ?” എന്ന് അവസാനത്തിൽ കവി ചോദിക്കുമ്പോൾ, ഒരിക്കലെങ്കിലും പ്രണയനോവറിഞ്ഞവർ ആ നോവിലേക്ക് ഒരു നിമിഷം തിരിഞ്ഞു നോക്കുന്നു; വർത്തമാന പ്രണയിതാക്കൾ ആഴമുള്ള ചിന്തകളെ തേടുന്നു.
അതുപോലെ, ‘ഒരു തുണ്ട് ഭൂമി’, ‘വെളിച്ചമില്ലാത്ത നാളുകള്‍’ എന്നീ കവിതകളിൽ കവി, ഒരു തുണ്ട് ഭൂമിയിലെ ‘ഓലപ്പുര’യുടെ ഇനിയും പറയാന്‍ ബാക്കിയാകുന്ന അനവധി കഥകളെവിട്ട്, മഴത്തണല്‍ വീശാത്ത വരണ്ട ഭൂമിയുടെ ദീനതയെയും മരിച്ച പകലുകളുടെയും കാവല്‍നിന്ന രാത്രികളുടെയും ആധിയുടെ കനലുകളെയും കോറിയിടുന്നു.
വാക്കുകളുടെ അധികാരമല്ല, വികാരങ്ങളുടെ സത്യസന്ധതയാണ് ഈ കവിതകളുടെ ശക്തി. മനുഷ്യന്റെ മനസ്സിൽ നിശ്ശബ്ദമായി സംഭവിക്കുന്ന മാറ്റങ്ങളെയും തകർച്ചകളെയും പ്രതീക്ഷകളെയും രേഖപ്പെടുത്താൻ കവി ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകം ഒരു കവിതാസമാഹാരം മാത്രമല്ല, മനുഷ്യജീവിതത്തിന്റെ മാനസിക ഭൂപടം കൂടിയായി മാറുന്നു.
ചുരുക്കത്തിൽ, ‘ഒറ്റ’ എന്ന ഈ കവിതാ സമാഹാരത്തെ ഒറ്റ വാചകത്തിൽ ഇങ്ങനെ നിർവചിക്കാം:
‘ഏകാന്തതക്ക് ഒരു ഭാഷയുണ്ടെങ്കിൽ അതാണ് ഒറ്റ.’
“വീണ്ടുമൊരു നോവിന്റെ പൂക്കാലം
തളിര്‍ത്തും വിടര്‍ന്നും പടര്‍ന്നുമൊരു
പ്രണയത്തിന്റെ ഉമിനീര്‍
കലര്‍ന്ന മധുരകാലം.”
‘പൂക്കാലം’ എന്ന കവിതയിൽ ഇന്നിന്റെ പ്രണയനോവിനെ അത്രയും ലളിതമായ വാക്കുകകളാൽ അതേ ആർദ്രതയോടെ വരച്ചിടുന്നു. “ഒരു പ്രണയം വിടര്‍ന്നതൊരു|| നോക്കു കാണുംമുമ്പ്|| പൊഴിഞ്ഞു പോകുന്നതറിഞ്ഞിട്ടുണ്ടോ?” എന്ന് അവസാനത്തിൽ കവി ചോദിക്കുമ്പോൾ, ഒരിക്കലെങ്കിലും പ്രണയനോവറിഞ്ഞവർ ആ നോവിലേക്ക് ഒരു നിമിഷം തിരിഞ്ഞു നോക്കുന്നു; വർത്തമാന പ്രണയിതാക്കൾ ആഴമുള്ള ചിന്തകളെ തേടുന്നു.
അതുപോലെ, ‘ഒരു തുണ്ട് ഭൂമി’, ‘വെളിച്ചമില്ലാത്ത നാളുകള്‍’ എന്നീ കവിതകളിൽ കവി, ഒരു തുണ്ട് ഭൂമിയിലെ ‘ഓലപ്പുര’യുടെ ഇനിയും പറയാന്‍ ബാക്കിയാകുന്ന അനവധി കഥകളെവിട്ട്, മഴത്തണല്‍ വീശാത്ത വരണ്ട ഭൂമിയുടെ ദീനതയെയും മരിച്ച പകലുകളുടെയും കാവല്‍നിന്ന രാത്രികളുടെയും ആധിയുടെ കനലുകളെ കോറിയിടുന്നു.
വാക്കുകളുടെ അധികാരമല്ല, വികാരങ്ങളുടെ സത്യസന്ധതയാണ് ഈ കവിതകളുടെ ശക്തി. മനുഷ്യമനസ്സുകളിൽ നിശ്ശബ്ദമായി സംഭവിക്കുന്ന മാറ്റങ്ങളെയും തകർച്ചകളെയും പ്രതീക്ഷകളെയും രേഖപ്പെടുത്താൻ കവി ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകം ഒരു കവിതാസമാഹാരം മാത്രമല്ല, മനുഷ്യജീവിതത്തിന്റെ മാനസിക ഭൂപടം കൂടിയായി മാറുന്നു.
ചുരുക്കത്തിൽ, ‘ഒറ്റ’ എന്ന ഈ കവിതാ സമാഹാരത്തെ ഒറ്റ വാചകത്തിൽ ഇങ്ങനെ നിർവചിക്കാം:
‘ഏകാന്തതക്ക് ഒരു ഭാഷയുണ്ടെങ്കിൽ അതാണ് ഒറ്റ.’







