
ധർമ്മപുരി: മലയാള അതീന്ദ്രീയ അപസർപ്പക സാഹിത്യത്തിലെ പുതുചരിത്രം
“ഭീമാ ഭീമാ…” ചീവീടുകളുടെ ശബ്ദം ഭേദിച്ച് കൊണ്ട് ദൂരെ നിന്നും ഒരശരീരിപോലെ കർണ്ണങ്ങളിൽ വന്നു പതിക്കുന്ന ശബ്ദത്തെ തിരിച്ചറിഞ്ഞ മാത്രയിൽ അയാൾ ഞെട്ടി മുഖമൊന്ന് ഉയർത്തി. അതുവരെ നിശ്ചലമായി കിടന്ന “നേത്രാവതി” പുഴ ഒന്ന് ഇളകി. പാൽനിറമുള്ള പത നുരഞ്ഞ് പൊന്തികൊണ്ട് നേത്രാവതിയുടെ ഓളങ്ങൾ ഉയർന്നു. പുഴയുടെ ഇരമ്പൽ ആ കൊടുംകാട്ടിലെ വന്യമൃഗങ്ങളുടെ ശബ്ദങ്ങളുമായി കലർന്ന് കൂടുതൽ ഭീതിതമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. പാതി മുഖം മറച്ച ആജാനുബാഹുവായ ആ മനുഷ്യൻ ഇനിയും പൂർത്തിയാക്കാൻ ബാക്കിയുള്ള ആറടി താഴ്ചയുള്ള കുഴിമാടത്തിലേക്ക് ഒന്ന് നോക്കി.
മലയാളത്തിലെ പ്രമുഖ സാഹിത്യ-സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ ബദരി പുനലൂരിന്റെ, ഈയിടെ പുറത്തിറങ്ങിയ ‘ധർമ്മപുരി’ എന്ന ക്രൈം നോവലിന്റെ ആദ്യ അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്.
എട്ട് ഭാഗങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന ‘നിണം നിറഞ്ഞ നിലം’ എന്ന ബൃഹത്തായ ക്രൈം ത്രില്ലർ നോവൽ പരമ്പരയുടെ നാലാം ഭാഗമാണ് ഈ കൃതി.
അമ്പത്താറ് അധ്യായങ്ങളുള്ള ഈ നോവൽ, സമൂഹത്തിലെ പൈശാചികമായ കൊലപാതക പരമ്പരകളിലേക്ക് ഒരു വാതായനം തുറന്നിടുന്നു; കേരളം ഉൾപ്പെടെ ഇന്ത്യയെ പിടിച്ചുകുലുക്കിയ പല സ്ത്രീ തിരോധാനങ്ങളുടെയും കൂട്ടക്കൊലകളുടെയും നിഴൽചിത്രങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. അവയുടെ ഘോരചിറകടി നാദങ്ങൾ വായനക്കാരന്റെ മനസ്സിൽ ഉയർന്നുപൊന്തുന്നു.
പോസ്റ്റ്മോഡേൺ കാലഘട്ടത്തിലും മനുഷ്യമനസ്സിൽ വേരൂന്നിക്കിടക്കുന്ന മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും ദുഷിപ്പുകളെ ഈ നോവൽ പ്രതിപാദ്യമാക്കുന്നു. ‘നിണം നിറഞ്ഞ നിലം’ എന്ന എട്ട് ഖണ്ഡങ്ങളുള്ള സീരീസിന്റെ ഇതുവരെ പുറത്തുവന്ന നാല് ഭാഗങ്ങളുടെയും അടിസ്ഥാന ഘടനയിൽ ഒരു അമാനുഷിക ഭീകരതയെക്കുറിച്ചുള്ള കുറ്റാന്വേഷണത്തിന്റെ (Occult Detective Fiction) രൂപഭാവങ്ങൾ തെളിഞ്ഞുതന്നെ കിടക്കുന്നതായി ധർമ്മപുരിയുടെ സഞ്ചാരദിശകളിൽ കാണാം. അതുകൊണ്ടുതന്നെ, ഇതിനെ കേവലം ഒരു ‘ക്രൈം നോവൽ’ എന്ന മാനത്തിലേക്ക് തളച്ചിടുന്നത് അനീതിയാകും; ഇതിനെയൊരു ‘അതീന്ദ്രീയ അപസർപ്പക നോവൽ’ അഥവാ മിസ്റ്റിക് ക്രൈം ഫിക്ഷൻ ആയിതന്നെ കണേണ്ടിയിരിക്കുന്നു.
ദക്ഷിണ കർണാടകയിലെ ധർമ്മസ്ഥലയാണ് നോവലിലെ കഥാപരിസരം. പതിറ്റാണ്ടുകളായി അവിടെ നടന്ന ലൈംഗികാതിക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും തദ്വാര ഉയർന്നുവന്ന കൂട്ടക്കുഴിമാടങ്ങളുടെയും ഒരു പശ്ചാത്തലത്തിലൂടെയാണ് കഥ ഒഴുകിക്കൊണ്ടിരിക്കുന്നത്. ‘ധർമ്മപുരി’ എന്ന ശീർഷകം അങ്ങനെയൊരു സൂചന വായനക്കാരിലേക്ക് എത്തിക്കുന്നുമുണ്ട്. പക്ഷേ, നോവൽ നേരിട്ട് അത് അനാവരണം ചെയ്യുന്നില്ല.
‘ധർമ്മസ്ഥല’യിൽ ഭാവനാത്മകമായ ഒരു കാനനഗ്രാമത്തെയും അതിന്റെ വന്യമായ ഉൾക്കാടുകളെയും സൃഷ്ടിച്ചുകൊണ്ട്, ആ വന്യതയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യമൃഗങ്ങളുടെ ക്രൂരതകളാണ് കൃതി വരച്ചിടുന്നത്. ഈ ക്രൂരതകൾക്കായി ദുർമന്ത്രവാദങ്ങളുടെ അതിനിഗൂഢതയെയും കൂട്ടുപിടിക്കുന്നു.
“ഇത്, പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ അപസർപ്പക കഥകളിലെ ദുരൂഹമായ കുരുക്കുകളിലേക്കും ഉദ്വേഗജനകവും സങ്കീർണ്ണവുമായ കുറ്റാന്വേഷണ ചുരുളുകളിലേക്കും അതീന്ദ്രിയതയുടെ തണുത്തുറഞ്ഞ ഇരുണ്ട ഇടനാഴികളിലേക്കും വായനക്കാരനെ എത്തിക്കുന്നു.”
ഈയൊരു മാജിക്കിലേക്ക് അഥവാ മിസ്റ്റിക് മിസ്റ്ററിയിലേക്കെത്താൻ ഭീമ, ചൂഡാമണി, രുദ്രവീര റെഡ്ഢി, വിക്രം ഷെട്ടി, രശ്മിക ഭട്ട്, മഹാരുദ്രൻ, ദ്രാവിഡ്, മുദ്രണി, ചേതൻ ഭഗവത്, നരസിംഹൻ, വാരണാവതി, ചന്തു, വരദ, കനക, തങ്കപ്പൻ, ചന്ദ്രൻ, സദാനന്ദൻ, സൈറ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ, ഏറ്റവും ലളിതമായ ആഖ്യാനശൈലിയിലൂടെ, വളരെ സൂക്ഷ്മത പുലർത്തിയാണ് എഴുത്തുകാരി ധർമ്മപുരിയൊട്ടാകെ സഞ്ചരിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
കവിയും വിവർത്തകനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ തന്റെ അവതാരികയിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നതും ബദരിയുടെ ഈ രചനാപാടവത്തെയാണ്. “സാധ്യമായ അർത്ഥത്തിനപ്പുറമുള്ള നിഗൂഢതയെ സാഹസികമായൊരു വ്യാഖ്യാനമാക്കി തീർക്കുന്ന രചനാ രീതിയാണ് ബദരിയുടേത്” എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.
മഞ്ഞിന്റെ നേർത്ത ഇരുൾക്കയങ്ങൾക്കപ്പുറത്തു തളിർത്തു കിടക്കുന്ന ധർമ്മപുരിയുടെ ഇരുണ്ട നിരത്തുകളും നിഗൂഢതയുടെ ചുരുൾക്കുത്തുകളും ചേർന്ന് അതികഠിനമായ നിശബ്ദതയുടെ ഒരു കാലം സൃഷ്ടിച്ചിരിക്കെ, ഒരു വെളിപാടുപോലെ എത്തുന്ന അനവധി വൈകാരികവും ഉദ്വേഗഭരിതവും ഭയാനകവുമായ മുഹൂർത്തങ്ങളിലൂടെ ഘോരമായ ആ നിശബ്ദതയെ അതിശക്തമായി ഭേദിക്കുന്ന വിധത്തിൽ വായനക്കാരന്റെ സംഭ്രമങ്ങൾക്ക് തീകൊളുത്തുകയാണ് എഴുത്തുകാരി ഈ നോവലിലൂടെ ചെയ്തിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
നേത്രാവതി ഒഴുകിക്കൊണ്ടിരിക്കുകയാണ്… മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ വന്മരങ്ങളുടെ വേരുകൾപോലെ ദൃഢവും അസാധാരണ നീളവുമുള്ള കൈകളും കരിമ്പുലിയുടെ കണ്ണുകൾപോലെ ശൗര്യവും തിളക്കവുമുള്ള ഭീമ എന്ന അതികായൻ ആരാണ്? എന്തിനാണ് അയാൾ ആ കൊടുംകാട്ടിൽ ശവക്കുഴി വെട്ടിക്കൊണ്ടിരുന്നത്? ആരാണ് അയാളെ പേരെടുത്ത് വിളിച്ചുകൊണ്ടിരുന്നത്? അതു കേട്ടപ്പോൾ അയാൾ എന്തിനു ഞെട്ടി?
തുടങ്ങി, ഒന്നാം അധ്യായത്തിലെ ഈ ചോദ്യങ്ങൾക്കുള്ള ഏകദേശ ഉത്തരങ്ങൾ തുടർന്നുള്ള രണ്ടും മൂന്നും അധ്യായങ്ങളിലായി ലഭിക്കുന്നുണ്ട്. എന്നാൽ, പിന്നിടുന്ന ഓരോ അധ്യായവും മറ്റു പല ചോദ്യങ്ങളിലേക്ക് പിന്നെയും വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. ഒടുവിൽ, കെട്ടുപിണഞ്ഞുകിടക്കുന്ന അനവധി സമസ്യകളെ ഒരൊറ്റ ഉത്തരത്തിലൂടെ സമന്വയിപ്പിച്ച് ബദരി തന്റെ കഥാകഥനം വിജയകരമായി പൂർത്തിയാക്കുന്നു.
ഒരു സീരിയസ് വായന ആവശ്യപ്പെടുന്ന കൃതികളുടെ കൂട്ടത്തിലേക്ക് പ്രബുദ്ധ മലയാളി വായനാസമൂഹം ഒരുപക്ഷേ ഈ കൃതിയെ പട്ടികപ്പെടുത്താൻ വിമുഖത കാണിച്ചെന്നിരിക്കാം; ഇതൊരു ‘അപ്മാർക്കറ്റ് ഫിക്ഷൻ’ ഗണത്തിലേക്ക് കടന്നില്ലെന്നും വരാം. എന്നിരുന്നാൽപോലും, ‘മലയാള സാഹിത്യ ചരിത്രത്തിൽ ഒരു വനിത എഴുതിയ ആദ്യത്തെ ക്രൈം ത്രില്ലർ സീരീസ് / അതീന്ദ്രീയ അപസർപ്പക ത്രില്ലർ സീരീസ്’ എന്ന ഒരു പുതുചരിത്രത്തിലേക്ക് ബദരിയുടെ ഈ ശ്രമങ്ങൾ അടയാളപ്പെട്ടു കിടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.
ഈ നോവലിലൂടെ സഞ്ചരിക്കുമ്പോൾ, അതികഠിനമായ വാക്കുകളുടെയും അതിഭരമായ പ്രയോഗങ്ങളുടെയും ആഡംബരമോ അതിസമ്പുഷ്ടമായ ഒരു പ്രൊഫഷണൽ സാഹിത്യഭാഷയോ ഇതിൽ കാണാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും, അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചരുവിപോലെ സ്നിഗ്ധമായ ഒരു വായന ‘ധർമ്മപുരി’ സമ്മാനിക്കുന്നുണ്ട്. തുടക്കത്തിൽ അത്ര സാരമല്ലാത്ത പ്രൂഫ് റീഡിംഗ് പോരായ്മകൾ ഒഴിച്ചാൽ, അധികവിവരണങ്ങളിൽ അധികം സമയം കളയാതെ കഥയെ അതിവേഗം മുന്നോട്ടുകൊണ്ടുപോകുന്ന ആഖ്യാനശൈലിയിൽ എഴുതപ്പെട്ട ഈ നോവൽ സാധാരണ വായനക്കാരെ പൂർണ്ണമായും തൃപ്തിപ്പെടുത്താവുന്ന ഒന്നാണ്.
ലോകത്തെ കിടുകിടാ വിറപ്പിച്ച ഒട്ടുമുക്കാൽ ക്രൈം കഥകളുടെയും ആഖ്യാന ലക്ഷ്യം വായനക്കാരെ ഉദ്വേഗഭരിതരാക്കി തന്റെ പേനത്തുമ്പിന്റെ വരുതിയിൽ നിർത്തുക എന്നതാണല്ലോ. അതീന്ദ്രീയതയെ ഒഴിവാക്കി പറഞ്ഞാൽ, ക്രൈം സീരീസ് നോവലുകളിൽ ‘ധർമ്മപുരി’യോട് സാദൃശ്യം തോന്നാവുന്ന ഇതിവൃത്തപരമായ സൂചനകൾ നൽകുന്ന രചനകൾ പലതും കാണാം. അവയിൽ ഏറ്റവും അടുത്തുനിൽക്കുന്ന കൃതിയാണ് 2010-ൽ പുറത്തിറങ്ങിയ, ബ്രിട്ടീഷ് എഴുത്തുകാരൻ സൈമൺ ബെക്കറ്റിന്റെ ‘ഡേവിഡ് ഹണ്ടർ’ എന്ന ഒൻപതു ഭാഗങ്ങളുള്ള ക്രൈം ത്രില്ലർ സീരീസിലെ ഏറ്റവും ശ്രദ്ധേയമായ നാലാം ഭാഗമായ ‘ദി കോളിംഗ് ഓഫ് ദി ഗ്രേവ്’.
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡെവൺ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഡാർട്ട്മൂറിലെ ചെങ്കുത്തായ കുന്നുകളും പാറക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞ, മനുഷ്യവാസം ഒട്ടുമില്ലാത്ത വനമേഖലയിൽ ക്രൂരമായ ലൈംഗികപീഡനങ്ങൾക്കൊടുവിൽ കൊലപ്പെടുത്തി കുഴിച്ചിടപ്പെട്ട നാല് പെൺകുട്ടികളെക്കുറിച്ചാണ് ‘ദി കോളിംഗ് ഓഫ് ദി ഗ്രേവ്’ പറയുന്നത്. ഇതിലെ ‘ജെറോം മോങ്ക്’ എന്ന സീരിയൽ സൈക്കോപത്ത് കില്ലറെയും അയാളുടെ നിഷ്ഠൂര കൃത്യങ്ങളെയും സൈമൺ ബെക്കറ്റ് ലോകത്തിനുമുന്നിൽ വരച്ചിട്ടത് കാവ്യാത്മകമായ വലിയ വർണ്ണനകളോ അതിസങ്കീർണ്ണമായ സാഹിത്യഭാഷയോ കൂടാതെയാണ്. ഒരു പത്രപ്രവർത്തകന്റെ കൃത്യതയോടെ സംഭവങ്ങളെ നേർക്കുനേർ അവതരിപ്പിക്കുന്ന ശൈലിയാണ് അദ്ദേഹം തന്റെ ക്രൈം സീരീസിൽ പരക്കെ പ്രയോഗിച്ചിട്ടുള്ളത്.
അതുപോലെ തന്നെയാണ് ബദരിയുടെ കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. കഥാപാത്രങ്ങളുടെ ആന്തരിക-വൈകാരിക ചിന്തകളേക്കാളും സംഘർഷങ്ങളേക്കാളും മുഹൂർത്തങ്ങളേക്കാളും ബദരി പ്രാധാന്യം നൽകിയിരിക്കുന്നത് അവരുടെ ഭൗതികമായ പെരുമാറ്റങ്ങൾക്കും സഞ്ചാരങ്ങൾക്കുമാണ്.
ഒരു മഹാശിവരാത്രി നാളിൽ, നിരവധി ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന ധർമ്മസ്ഥലയിലെ ബെൽത്തങ്ങാടി നഗരമണ്ണിൽ ബാംഗ്ലൂരിലെ അഞ്ചാംഗ ചരിത്രവിദ്യാർത്ഥിനികളായ രശ്മിക ഭട്ട്, നന്ദിത, മഞ്ജുഷ, അഞ്ജന, ലക്ഷ്മി എന്നിവർ എത്തുന്നു. കൂട്ടുകാരികളുടെ എതിർപ്പിനെ പിന്തള്ളി രശ്മിക ഭട്ട് ഒറ്റയ്ക്ക് മഞ്ജുനാഥ സ്വാമിക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് നിൽക്കുന്നു.
ദീപാരാധനയ്ക്കുശേഷം, അമ്പലപ്പറമ്പിലെ ‘ശിവതാണ്ഡവം’ നൃത്തനാടകവും കണ്ടു മടങ്ങുന്ന രശ്മിക തട്ടിക്കൊണ്ടുപോകപ്പെടുന്നു. ആരാണ് അവളെ കടത്തിക്കൊണ്ടുപോയത്? എങ്ങോട്ടാണവർ അവളെ കൊണ്ടുപോയത്? അതിന്റെ പിന്നിലുള്ള ലക്ഷ്യം എന്താണ്? മറ്റു നാലു പെൺകുട്ടികളുടെ ഗതിയെന്ത്?
നേത്രാവതിയുടെ നേർത്ത തേങ്ങലിൽ അലയടിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിനു യുവതികളുടെ വിലാപങ്ങൾക്ക് ആരാണ് ഉത്തരവാദി? ധർമ്മസ്ഥലയെ അപ്പാടെ ഗ്രസിച്ചുനിൽക്കുന്ന, അവിടത്തെ ഉൾക്കാട്ടിൽ കാണപ്പെട്ട കൂട്ടക്കുഴിമാടങ്ങളുടെ പിന്നിൽ ആരാണ്? എന്തുകൊണ്ടാണ് ഭീമയെ ആ നാട്ടിൽ നിന്നും ‘നാടുകടത്താൻ’ രുദ്രവീര റെഡ്ഢി വിറളികൊള്ളുന്നത്? അവിടെ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലപാതകങ്ങളിൽ എസ്.ഐ. വിക്രം ഷെട്ടിയുടെ പങ്ക് എന്ത്? ഡിജിപി കാന്തക്, ആലീസ്, റഹീം എന്നീ മൂവംഗ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ എന്തൊക്കെയാണ്?
ധർമ്മപുരിയുടെ മൂന്നാല് അധ്യായങ്ങൾ താണ്ടുമ്പോഴേക്കും ആകാംക്ഷാഭരിതനാകുന്ന വായനക്കാരൻ പിന്നീട് സഞ്ചരിക്കുന്നത് ധർമ്മപുരിയിലെ വനാന്തർഭാഗങ്ങളിലൂടെയോ, അതോ കുടിയേറ്റം – കുടിയൊഴിപ്പിക്കൽ – ചെറുത്തുനിൽപ്പ് – പ്രതികാരം തുടങ്ങിയ കഥകളും, രാഷ്ട്രീയം – മതം – ജാതി – ധർമ്മം – മുൻജന്മം – പുനർജന്മം – അധർമ്മം – ആഭിചാരം തുടങ്ങിയ ഉപകഥകളും, മേമ്പൊടിയായി പ്രണയവും അവിഹിതവും മേഞ്ഞുനടക്കുന്ന ധർമ്മസ്ഥലയുടെ നഗരവീഥികളിലൂടെയോ? എവിടെയാണ് അയാൾക്ക്/അവൾക്കുള്ള ഉത്തരങ്ങൾ ഒളിഞ്ഞിരിക്കുന്നത്?
മഹാമാന്ത്രികനായ മഹാരുദ്രൻ നമ്പൂതിരിയുടെ ഹോമകുണ്ഡത്തിലെ അഗ്നി ആളിക്കത്തിയപ്പോൾ, രത്നഗിരി കുന്നിലെ ബാഹുബലി പ്രതിമയുടെ തൃപ്പാദങ്ങളിൽ അഴിഞ്ഞുവീണ, കാലദേശാന്തരങ്ങളിലൂടെ ‘നിണം നിറഞ്ഞ നിലത്തിലൂടെ, ചുവന്ന ആത്മാവിലൂടെ, ഗസ പറഞ്ഞ ഖിസ്സയിലൂടെ’ അതിനിഗൂഢമായി തുടർന്നുപോരുന്ന ആ ഭയാനകസത്വത്തിന്റെ, സത്യത്തിന്റെ അടരുകൾ എവിടേക്കൊക്കെ നീണ്ടുകിടക്കുന്നു?
“ഏഴ് ജന്മങ്ങളുടെയും ചോരക്കണക്കുകൾ തികയുന്ന അന്ന്, അത്രയും ജന്മങ്ങളിലെ നിന്റെ വേദനകൾക്കു പകരം വീട്ടി, ആ അധർമ്മങ്ങളെ ഇല്ലാതാക്കി, ഈ മഹാരുദ്രൻ നമ്പൂതിരിതന്നെ നിന്നെ തളയ്ക്കും!”
ധർമ്മപുരിയുടെ അവസാന അധ്യായവും തീരുമ്പോൾ, നാലു ജന്മങ്ങളും താണ്ടിയെത്തി, ഒരു വിജിഗീഷുവായി തന്റെ മുന്നിൽ നിൽക്കുന്ന ആസുരശക്തിയോട് മഹാരുദ്രൻ എടുക്കുന്ന ഉഗ്രപ്രതിജ്ഞ, ബദരിയുടെ അഞ്ചാം സീരീസിലേക്കുള്ള മറ്റൊരു ധർമ്മയുദ്ധത്തിന്റെ തുടക്കമാകുന്നു.

മലയാള സാഹിത്യത്തിലെ സ്ത്രീ എഴുത്തുകാരുടെ അപസർപ്പക കഥകളുടെ ചരിത്രം ചമ്പത്തിൽ ചിന്നമ്മു അമ്മാളിന്റെ ‘ഒരു കൊലപാതക കേസി’ൽ (A Murder Case-1913) നിന്നും, നോവൽ ചരിത്രം തരവത്ത് അമ്മാളുഅമ്മയുടെ ‘കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതക’ ത്തിൽ (1914) നിന്നും ഇന്നും അധിക ദൂരമൊന്നും പോയിട്ടില്ല. പിന്നീട്, എടുത്തുപറയാൻ 2004-ൽ പുറത്തിറങ്ങിയ ഭദ്ര എൻ. മേനോന്റെ ‘സിൽവർ ജയിംസ്’, 2026-ലെ ശ്രീപാർവതിയുടെ ‘പോയട്രി കില്ലർ’ പോലെയുള്ള വിരലിലെണ്ണാവുന്ന കൃതികൾ മാത്രം. എന്നാൽ, അവിടങ്ങളിലൊന്നും ഒരു വനിതയുടെ കയ്യൊപ്പോടു കൂടിയ ഒരു ക്രൈം നോവൽ സീരീസിന്റെ രജതരേഖ കാണാൻ കഴിയില്ല.
അവിടെയാണ്, മലയാള സാഹിത്യത്തിൽ ആദ്യമായെന്നു വിശേഷിപ്പിക്കാവുന്ന, ഒരു സ്ത്രീ രചിക്കുന്ന ക്രൈം ത്രില്ലർ സീരീസ് / അതീന്ദ്രീയ അപസർപ്പക ത്രില്ലർ സീരീസ്, നോവൽ രംഗത്തു രൂപപ്പെട്ടുവരുന്നത്. അതൊരു നിസ്സാരകാര്യമല്ല; നാളെ അതൊരു ചരിത്രമാകാം.

ബദരിയുടെ ‘നിണം നിറഞ്ഞ നിലം’ എന്ന ക്രൈം ത്രില്ലർ സീരീസിലെ രണ്ടും മൂന്നും ഭാഗങ്ങളായ ‘ചുവന്ന ആത്മാവ്’, ‘ഗസ പറഞ്ഞ ഖിസ്സ’ എന്നീ നോവലുകൾക്കുശേഷം വന്നിരിക്കുന്ന നാലാം ഭാഗമായ ‘ധർമ്മപുരി’, കേരളപ്പിറവി ദിനത്തിൽ കേരള ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, പ്രശസ്ത കാർട്ടൂണിസ്റ്റും കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായ ഡോ. എസ്. ജിതേഷിനു നൽകിയാണ് പ്രകാശനം ചെയ്തത്. കോന്നിയിലെ വീനസ് ബുക്ക്സ് ആണ് പ്രസാധകർ.
പത്തനംതിട്ടയിലെ മലയോര ഗ്രാമമായ പാടം സ്വദേശിനി ബദരി, ‘നൃത്തനാളം’ എന്ന കവിതാസമാഹാരത്തോടെയാണ് എഴുത്തുലോകത്തിലേക്ക് കാലൂന്നുന്നത്. തുടർന്ന്, ‘വിചിത്ര നർത്തനം’, ‘തേൻ ചിലന്തി’, ‘കരൾ ചില്ലകൾ’, ‘നരകത്തിലെ പറുദീസ’ (സൂഫിസം) എന്നീ കവിതാസമാഹാരങ്ങളും പുറത്തിറങ്ങി. 2024-ലാണ് ‘നിണം നിറഞ്ഞ നിലം’ ക്രൈം സീരീസിലെ ആദ്യ നോവൽ ഇതേ പേരിൽ പുറത്തിറക്കിയത്.
നിലവിൽ, പുനലൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന കവിതാ സാംസ്കാരിക വേദിയുടെ പ്രസിഡന്റാണ് ബദരി. ഭർത്താവ്: അബുസാലി. മക്കൾ: ബദരിയാ റഹ്മത്ത്, അക്ബർ അലി.
Join with us

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്‘ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്‘, ‘കുഞ്ഞമ്മാവൻ‘ എന്നീ പേരുകളിൽ എഐ കാർട്ടൂൺ കോളങ്ങളും സൂര്യ എന്ന പേരിൽ എഐ ഇല്ലുസ്ട്രേഷനുകളും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.







