Published on: September 9, 2025


ഉച്ചയ്ക്ക് പെട്ടെന്ന് തന്നെ ഹാഫ് ഡേ ലീവ് അയാൾ ചോദിച്ചപ്പോൾ ഫ്ളോർ സൂപ്പർ വൈസർ അത്ഭുതം കൂറി.
”എന്താ രവി, ഇത്ര അത്യാവശ്യം, വീട്ടിൽ വിരുന്നുകാർ ആരെങ്കിലും…”
”ഹേയ് ഇല്ല. ബാങ്ക് വരെ ഒന്നു പോകണം….” അയാൾ അക്ഷമനായി.
”രണ്ടു ഫ്ളോറിലും കസ്റ്റമേഴ്സിന്റെ തിരക്കുണ്ട്”
സൂപ്പർവൈസറുടെ സംഭാഷണത്തെ സമയമില്ലെന്ന ആംഗ്യത്തിൽ ഖണ്ഡിച്ചു കൊണ്ട് അയാൾ ധൃതിയിൽ പുറത്തേക്കിറങ്ങി. വസ്ത്രാലയത്തിന്റെ മുൻവശത്തെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ തന്റെ കാലുകൾക്ക് വേഗതകുറവ് പോലെ അയാൾക്ക് അനുഭവപ്പെട്ടു.
”രവിയേട്ടാ, ഓടിച്ചാടി പോകല്ലേ നിലത്തു വീഴും, പ്രായൊക്കെ ആയി, മനുഷ്യാ…”
പിന്നിൽ നിന്നും സെക്യൂരിറ്റിക്കാരന്റെ ചിരിയിൽ പുരണ്ട വാചകം അയാൾ കേട്ടില്ലെന്ന് നടിച്ചു.
സ്റ്റാഫുകൾക്കായി വാഹനം പാർക്ക് ചെയ്യുന്നിടത്ത് നിന്ന് തന്റെ പഴഞ്ചൻ സ്കൂട്ടർ പിന്നിലേക്കുരുട്ടുമ്പോൾ അയാൾ വല്ലാതെ കിതക്കാൻ തുടങ്ങിയിരുന്നു.
സ്കൂട്ടറിൽ കയറിയശേഷം റോഡിലേക്ക് പോകവേ തനിക്ക് സഞ്ചരിക്കേണ്ടതെവിടേക്കെന്ന് മറന്നുപോയ പോലെ അയാൾ പതറി, പിന്നെ വണ്ടി നിർത്തി. അയാൾ സ്കൂട്ടർ നിർത്തിയിട്ടതും അല്പ നിമിഷം കഴിഞ്ഞ് പെട്ടെന്ന് വാഹനം ഓടിച്ചു പോകുന്നതും അകലെ നിൽക്കുന്ന സെക്യൂരിറ്റിക്കാരന് കാണാമായിരുന്നു.
സ്കൂട്ടർ അയാളെയും കൊണ്ട് മുന്നോട്ട് കുതിക്കുമ്പോൾ അയാളുടെ ചിന്ത മുഴുവൻ തന്റെ മകന്റെ ഫോൺ വിളിയിലായിരുന്നു. വളരെ അപൂർവ്വമായിട്ടാണ് യൗവ്വനത്തിലെത്തിയ അയാളുടെ മകൻ നേരിട്ടോ ഫോണിലോ അയാളോട് സംസാരിക്കാറുള്ളത്.
നമ്മുടെ വീടിരിക്കുന്ന പറമ്പിന്റെ ആധാരം എവിടെയാണ് എന്നുള്ള അവന്റെ ചോദ്യം വളരെ അസാധാരണമായതുകൊണ്ട് ഷോപ്പിനുള്ളിലെ തുണിമടക്കുന്ന പ്രവർത്തിയിലേർപ്പെട്ടിരുന്ന അയാൾക്ക് പിന്നെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. നാലുവർഷം മുമ്പാണ് സ്വന്തം പേരിലുള്ള പത്ത് സെന്റ് ഭൂമിയിൽ അയാൾ വീട് വെച്ചത്. വീടുപണി ഒന്നര വർഷത്തോളം ഇഴഞ്ഞു നീങ്ങയതിന്റെയൊപ്പം കടക്കണക്കുകൾ പെരുകി വന്നിരുന്നു.
വീടിന്റെ പിന്നാമ്പുറത്തേക്കു പോലും ഇറങ്ങാത്ത മകന്, എത്ര സെന്റ് സ്ഥലം ഉണ്ടെന്നോ, തന്റെ ബാധ്യതകളോ അറിയില്ലെന്ന് ഉറപ്പാണ്. അപ്പോൾ എന്തിനായിരിക്കും അവൻ ആധാരമന്വേഷിച്ചത്.
വീട്ടിൽ അവനറിയാവുന്ന രണ്ടിടങ്ങൾ, അവൻ ഉറങ്ങുന്ന കിടപ്പുമുറിയും ഡൈനിങ് റൂമും മാത്രമാണെന്ന് ഭാര്യ ഇടക്കെല്ലാം തമാശയായി പറയാറുള്ളത് അയാൾ ഓര്ത്തു.
തുണിക്കടയിലെ ജോലിക്കാരനാണ് അച്ഛനെന്നത് മോശക്കേടാണെന്ന് പലതവണ അവൻ പറഞ്ഞിട്ടുണ്ട്, നേരിട്ടല്ലെങ്കിലും…
അവന്റെ അഭിപ്രായങ്ങൾ ഭാര്യ അറിയിക്കുമ്പോൾ അയാൾ ഉള്ളിൽ വേദനിച്ചെങ്കിലും പുറമേ ചിരിക്കാൻ ശ്രമിച്ചു.
മകൻ ബാങ്കിൽ നിൽക്കുകയാണ് എന്നാണ് അറിയിച്ചത്.
”അച്ഛനൊന്ന് വരണം, ലോൺ കാര്യത്തിനാണ്….”
അവൻ മൊബൈൽ കട്ട് ചെയ്യുന്നതിന് മുമ്പായി പറഞ്ഞ വാക്കുകൾ. കാര്യങ്ങളൊന്നും വ്യക്തമാകുന്നില്ല. എന്ത് ലോൺ ആണ്. തന്റെ ലോൺ ആണോ. ബാങ്കിൽ നിന്ന് ആളുകള് വീട്ടിൽ വന്നു കാണുമോ? അവൻ സാധാരണ ഇക്കാര്യങ്ങളിലൊന്നും തലയിടാറില്ലല്ലോ.
ഇരുചക്രവാഹനം വേഗത കൂടുന്നത് അയാൾ അറിയാതെ തന്നെയായിരുന്നു. എന്തിനാണ് താൻ ഇത്ര വേവലാതിപ്പെടുന്നതെന്ന് അയാൾ സ്വയം ചോദിച്ചു. സത്യത്തിൽ മകനെ കണ്ടിട്ട് മൂന്നോ നാലോ ദിവസങ്ങളായി. വസ്ത്രാലയത്തിലെ ജോലികഴിഞ്ഞ് അയാൾ വീട്ടിൽ എത്തുമ്പോൾ രാത്രി ഒൻപതു മണിയാകും. മകൻ ഉറങ്ങിയിട്ടുണ്ടാകില്ലെങ്കിലും അത്താഴം കഴിഞ്ഞ് അവന്റെ മുറിയിൽ പോയിട്ടുണ്ടാകും.
ബിരുദ പഠനം കഴിഞ്ഞതിനുശേഷം അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അയാൾക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല . അവന്റെ ഉള്ളിലിരിപ്പ് അറിയാൻ ഭാര്യയോട് അയാൾ പറഞ്ഞു നോക്കിയെങ്കിലും മകന്റെ പദ്ധതികളെക്കുറിച്ച് അവർക്കും ധാരണയൊന്നും ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടറിൽ കുറേസമയം ചെലവഴിക്കുന്നതിനാൽ ഉച്ചഭക്ഷണം അവന്റെ റൂമിൽതന്നെ എത്തിക്കാറാണ് പതിവ്.
ഒരു ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു ഇരുചക്രവാഹനം തൊട്ടരുകിലൂടെ ചീറിപാഞ്ഞ് പോയപ്പോൾ വഴിയരികിലെ കടയിൽ നിന്നിരുന്ന ര ണ്ടുമൂന്നു പേർ ഉറക്കെ ശബ്ദം ഉണ്ടാക്കി. അവർ ആരെയാണ് തെറി പറഞ്ഞതെന്ന് അയാൾക്ക് മനസ്സിലായില്ല. മകൻ തന്റെ സ്കൂട്ടർ ഉപയോഗിക്കാറില്ല . അവന് പുതിയ തരം ബൈക്ക് വാങ്ങിക്കൊടുക്കുവാൻ ഭാര്യ സ്നേഹപൂർവ്വം നിർബന്ധിക്കാറുണ്ടായിരുന്നു. ലോണുകളുടെ അടവുകൾ, കടങ്ങൾ എന്നിവയൊക്കെയടച്ചാൽ കയ്യിലുള്ള ശേഷിപ്പുകൊണ്ട് ഒരു മാസത്തേക്കുള്ള ചെലവുകളെ എങ്ങനെ പരിഹരിക്കപ്പെടുമെന്നുള്ള ചിന്ത ഒരു നെരിപ്പോടായി എരിയുന്നത് അയാളുടെയുള്ളിൽ മാത്രമായിരുന്നു.
ബാങ്കിനു മുന്നിൽ ഒരു വശത്തു മാറി പാർക്കിങ്ങ് ഏരിയായിൽ സ്കൂട്ടർ പാര്ക്ക് ചെയ്ത് അയാൾ ധൃതിയിൽ ബാങ്കിനകത്തേക്ക് കയറി. പുറത്തുള്ള വെയിൽചൂടു കൊ ണ്ട് അയാൾ വിയർത്തിരുന്നു. മാനേജരുടെ ശീതീകരിച്ച ക്യാബിനുള്ളിൽ മകൻ ഒരു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. കഷണ്ടി കയറി തിളക്കമുള്ള തലയും സാമാന്യം തടിച്ച ശരീരപ്രകൃതവുമുള്ള, മുഖത്ത് ആകാംക്ഷയുള്ള കണ്ണുകളും തുറന്നുവച്ച മാനേജർ അകത്തേക്ക് കടന്നുവന്ന അയാളോട് ഇരിക്കാൻ പറഞ്ഞു.
എന്തിനാണ് താൻ ഇവിടെ എത്തിയതെന്ന് ആശങ്ക നിറഞ്ഞ അയാളുടെ മുഖഭാവത്തെ തൊട്ടടുത്ത കസേരയിലിരുന്ന മകൻ ശ്രദ്ധിച്ചില്ല. മാനേജർ മകന്റെ മുഖത്തേക്ക് നോക്കി.
”എനിക്ക് ഇരുപത് ലക്ഷം രൂപ വേണം.”
മുറിയിൽ മുഴങ്ങിയ ശബ്ദം മകന്റെ തന്നെയാണോ എന്നറിയാതെ അയാൾ ഒന്നു പകച്ചു. അയാളുടെ ഭാവമാറ്റമുൾക്കൊണ്ടത് അഭിമുഖമായിരിക്കുന്ന മാനേജരായിരുന്നു.
”രവിയുടെ മകനല്ലേ….?”
മാനേജരുടെ ചോദ്യത്തിന് അയാൾ തലയട്ടി.
”അപ്പോൾ വീട്ടിൽ ഇക്കാര്യം ഒന്നും ചർച്ച ചെയ്തിട്ടില്ല?”
ആ ചോദ്യത്തിന്റെ മുന കൊണ്ട് മുറിഞ്ഞ അയാൾ മകനെ അപരിചിതനെന്ന പോലെ നോക്കി.
”എനിക്ക് പഠിക്കാൻ യു.കെ.യിൽ പോണം.”
അയാൾ ഒന്നും മിണ്ടിയില്ല.
അല്പനിമിഷം കഴിഞ്ഞ് നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് ബാങ്കിന്റെ അധികാരി ഉരുവിട്ടു,
”മകന് ലോൺ വേണമെന്നാണ് പറയുന്നത്. ആധാരമാണെങ്കിൽ കൊണ്ടുവന്നിട്ടില്ല. എത്ര സ്ഥലം ഉണ്ടെന്നോ വീടിന്റെ സ്ക്വയർ ഫീറ്റ് അളവ് കണക്കുകളോ ഒന്നും ഇയാൾക്കറിയില്ല.”
അയാൾ ഒരക്ഷരം പറയാതെ നെഞ്ചിലെന്തോ ഘനമേറിയ വസ്തു തൂങ്ങുന്ന ഭാരത്താൽ തലകുനിച്ചിരുന്നു.
”ഡോക്യുമെന്റ് എവിടെയാണെന്ന് പറഞ്ഞാൽ മതി. അമ്മയോട് പറഞ്ഞു ഞാൻ അതെടുത്തു കൊണ്ടുവരാം.”
മകൻ തലയുയർത്തി കൊണ്ട് തുടർന്നു,
”എന്റെ കൂട്ടുകാരൊക്കെ വിദേശത്തേക്ക് പോകുന്നുണ്ട്. എനിക്കും പോകണം.”
അയാൾ മറുപടി പറഞ്ഞില്ല. അയാളുടെ ചിന്തകൾ ദിശ തെറ്റി സഞ്ചരിക്കുകയായിരുന്നു അപ്പോൾ. മകന്റെ കുട്ടിക്കാലത്ത് പലപ്പോഴും അയാൾ ഭാര്യയോട് പറയാറുണ്ട്. അവനെ മണ്ണിൽ ഇറക്കി കളിപ്പിക്കണമെന്ന്. കുഞ്ഞു നിലത്തു വീഴും, മുറിവ് പറ്റും, അഴുക്കാകും എന്ന ഭയമാണവൾക്ക്. സുരക്ഷിതമായി കൈകളിൽ കോരി ആകാശത്തേക്കുയർത്തിയിട്ടായിരുന്നു അമ്മ മകനെ കളിപ്പിച്ചിരുന്നത്, നടത്തിയിരുന്നത്. കുഞ്ഞു കുട്ടിയായിരുന്നപ്പോൾ തന്നെ നോക്കി ചിരിച്ചിരുന്ന മകന്റെ മുഖം അയാൾ ഓർത്തു. മണ്ണിൽ കളിക്കാൻ താല്പര്യമില്ലാത്ത ബാല്യകാലമായിരുന്നു അവന്.
അയാൾ കസേരയില് നിന്ന് എഴുന്നേറ്റു.എന്നിട്ട് മാനേജരെ ശാന്തമായി നോക്കി.
”ഇതു പോലുള്ള മറ്റൊരുയർന്ന സ്ഥാപനത്തിലാണ് ആധാരത്തിന്റെ കടലാസുകൾ ഇരിക്കുന്നത്. പെട്ടെന്ന് എടുത്തു കൊണ്ടുവരാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.”
മകന്റെ മുഖത്തേക്ക് നോക്കാതെ ശക്തിയായി ക്യാബിന്റെ ചില്ലു വാതിൽപാളി തുറന്ന് അയാൾ പുറത്തേക്ക് കടന്നു. പാർക്കിങ്ങ് ഏരിയായിൽ അയാളേയും കാത്തിരുന്ന ആ പഴഞ്ചൻ സ്കൂട്ടറിനെപ്പൊതിഞ്ഞ വെയിലിനപ്പോൾ ചൂട് കുറവായിരുന്നു….
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






