ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.
ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.
‘ഹംപി: കാലം കാത്തുവെച്ച കലവറ’ അഞ്ചാം ഭാഗം; ‘ക്വീൻസ് ബാത്തിലേക്കൊരു എത്തിനോട്ടം.’
ശ്രദ്ധയോടെ, അതീവ സൗന്ദര്യബോധത്തോടെ പണിത ഒരു ജലസംഭരണി. അതിൻ്റെ പടവുകളിലെ കല്ലുകൾ നമ്പറിട്ട് എവിടെയൊക്കെ വേണമെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ പൊളിച്ചടുത്താലും മറ്റൊരിടത്ത് ഇതുപോലൊന്ന് പണിയാനാകണമെന്ന ദീർഘവീക്ഷണമാണമാകാം അതിനു പിന്നിൽ.
വിട്ടലക്ഷേത്രത്തിൽ നിന്ന് അടുത്ത സന്ദർശനം കമലാപുരയിലെ ‘ക്വീൻസ് ബാത്ത്’ എന്നറിയപ്പെടുന്ന സ്നാന കേന്ദ്രത്തിലേക്കായിരുന്നു. ‘ക്വീൻസ് ബാത്ത് ഹൗസ്’ എന്നും ഇത് അറിയപ്പെടുന്നു. അമേരിക്കയിലെ ഹവായി ദ്വീപിലെ ‘ക്വീൻസ് ബാത്ത്’ എന്ന പ്രകൃതിദത്തമായ സമുദ്രകുളംപോലെയല്ല ഇത്. വിജയനഗരത്തിലെ രാജ്ഞി/ രാജ്ഞിമാരുടെ നീരാട്ടിന് ഒരു കൊട്ടാരം പോലെ വിശാലമായ കെട്ടിടത്തിൽ സമചതുരാകൃതിയിൽ പ്രത്യേകം സജ്ജമാക്കിയ കുളിസ്ഥലമാണ്. ഇതിന് മേൽക്കൂരയില്ല. എന്നാൽ ചുറ്റിനും മൂന്ന് ജനാലകളുള്ള ബാൽക്കണികളുണ്ട്. കുളത്തിലേക്ക് ഇറങ്ങുവാൻ ഒരു വശത്തു കൂടി മാത്രമേ കഴിയൂ. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള കെട്ടിടമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ തുളുവംശ രാജാവായിരുന്ന അച്യുതരായർ ഇന്തോ-ഇസ്ലാമിക് ശൈലിയിൽ നിർമ്മിച്ച ഈ ആഡംബര കുളി സമുച്ചയം അക്കാലത്തെ ഹംപിയുടെ സമ്പന്നവും കലാപരവുമായ പൈതൃകത്തെ വിളിച്ചോതുന്നു.
പുറത്തു സജ്ജീകരിച്ചിട്ടുള്ള കനാലിലൂടെ ചരൽ, മണൽ എന്നിവ ഉപയോഗിച്ച് ശുദ്ധീകരിക്കപ്പെട്ട വെള്ളം ബാത്തിനകത്തെത്തും. റോസാപൂവിന്റെയും മുല്ലപ്പൂവിന്റെയും ഇതളുകളും നാനാതരം സുഗന്ധദ്രവ്യങ്ങളും കലർന്ന സ്നാന ജലത്തിൽ അന്തപ്പുരാംഗനമാർ മതിവരുവോളം നീരാടും. രാജ്ഞിമാർ ഇല്ലാതായെങ്കിലും ഹംപിയുടെ അന്തപ്പുരങ്ങളിൽ നിന്ന് ആളിമാർക്കൊപ്പം ക്വീൻസ് ബാത്തിൽ എത്തി, ആലോലവിലോലം അവർ മണിക്കൂറുകളോളം ആസ്വദിച്ചു കുളിച്ചിരുന്നത് സങ്കൽപ്പിക്കാൻ തന്നെ എന്തു രസമാണ്!
ക്വീൻസ് ബാത്തിനടുത്തുതന്നെ ചെത്താത്ത പാറക്കല്ലുകളും ചുണ്ണാമ്പുക്കല്ലുകളും കൊണ്ടു പണിത, ‘ലോട്ടസ് മഹൽ'(ചിത്രങ്ങിണി മഹൽ) എന്നറിയപ്പെടുന്ന, രാജ്ഞിമാർക്കു വേണ്ടി പണികഴിപ്പിച്ച ഒരു വിശ്രമ സങ്കേതവുമുണ്ട്. അച്യുതരായരുടെ ജ്യേഷ്ഠനായിരുന്ന കൃഷ്ണദേവരായരുടെ കാലത്ത് തന്റെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്ന കൗൺസിൽ ചേംബറായി ഉപയോഗിച്ചിരുന്നെന്നു പറയപ്പെടുന്ന ഈ കെട്ടിടം വിജയനഗരത്തിലെ രാജ്ഞിമാരുടെ താമസസ്ഥലമായും ഉപയോഗിച്ചിരുന്നെന്നും പറയപ്പെടുന്നു.
അച്യുതരായരുടെ കാലത്ത്, ഇന്ന് കർണ്ണാടകയിൽ ഉൾപ്പെടുന്ന ബിജാപ്പൂരിലെ സുൽത്താനായിരുന്ന ഇസ്മയിൽ ആദിൽഷായുടെ വിജയനഗര ആക്രമണത്തിൽ ലോട്ടസ് മഹൽ ഉൾപ്പെടെ പലതും നാശോന്മുഖമാകുകയുണ്ടായി. കൃഷ്ണദേവരായരുടെ കൊട്ടാരത്തിന്റെ അടിത്തറ മാത്രമാണ് ഇപ്പോഴുള്ളത്. ചക്രവർത്തിയുടെയും മന്ത്രിമാരുടെയും സൈന്യാധിപന്മാരുടെയും താമസസ്ഥലങ്ങൾ, ഓഫീസുകൾ, ദർബാർ ഭാഗങ്ങൾ ഒന്നും തന്നെ ബാക്കിയില്ല. കെട്ടിടങ്ങളെല്ലാം ചന്ദനത്തടിയിൽ പണിതവയായിരുന്നു. ഭാവനകൊണ്ടു മാത്രമേ ഇനിയവിടെ അങ്ങനെയൊരു കൊട്ടാരം പണിയാനാവൂ.
ഈ ഭാഗങ്ങൾ ചുറ്റിക്കാണുന്നതിനിടയിൽ, അവിടെത്തെ ചുമരുകളിലൊന്നിൽ ചേക്കേറി വർഷങ്ങളായി ഒരാൾ ഒളിച്ചു താമസിക്കുന്നുണ്ട് എന്ന് കൃഷ്ണകുമാർ അടക്കം പറഞ്ഞു. ഒരു മൂങ്ങയായിരുന്നു അതെന്നറിഞ്ഞപ്പോൾ കൗതുകം കെട്ടു. എങ്കിലും അവനെ(അതോ അവളോ) പരിചയപ്പെടാനും ചിത്രമെടുക്കാനും സാധിച്ചു.


പിന്നീട് പോയത് ആനക്കോട്ട കാണാനാണ്. എത്ര വലിയ ആനകൾക്കും സുഖമായി നീണ്ടു നിവർന്നു നിൽക്കാൻ തക്ക വലിപ്പമുള്ള പ്രത്യേകം പ്രത്യേകം തിരിച്ച സ്ഥലങ്ങൾ. തൊട്ടടുത്തു തന്നെ പാപ്പാന്മാർക്ക് താമസിക്കാനുള്ള ഇടവും ഉണ്ട്. ദസറക്കാലത്ത് രാജാക്കന്മാർ ആനപ്പുറത്തു കയറി നഗരപ്രദക്ഷിണം ചെയ്യുന്ന പതിവുണ്ടായിരുന്നു. പത്തു ദിവസം നീണ്ടുനില്ക്കുന്ന ദസറ ഉത്സവാഘോഷങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പം രാജാക്കന്മാർ കണ്ടുനിന്നിരുന്ന ‘മഹാനവമി ദിബ്ബ’ സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരിടമാണ്. 8 മീറ്റർ ഉയരവും 3 തട്ടുകളുള്ള ഇവിടത്തെ പ്ലാറ്റ്‌ഫോം നൂറ്റാണ്ടുകൾക്കു മുമ്പുള്ളതുപോലെ ഇപ്പോഴും നിലനിൽക്കുന്ന ഒരേയൊരു ഘടനയാണ്.
പ്ലാറ്റ്‌ഫോമിൻ്റെ ഓരോ നിരയിലും അക്കാലത്തെ ദൈനംദിന ജീവിതത്തെ ചിത്രീകരിക്കുന്ന സങ്കീർണ്ണമായ ശിൽപങ്ങൾ ഉണ്ട്. കുറെയധികം കരിങ്കൽപടവുകൾ കയറിവേണം അവിടെയെത്താൻ. ഇപ്പോൾ ചെവിയോർത്താലും കേൾക്കാം നർത്തകരുടെ ചിലങ്കയൊച്ചകൾ, ഗായകരുടെ പാട്ടുകൾ, വാദ്യവൃന്ദങ്ങളുടെ നാദങ്ങൾ, കാണികളുടെ കരഘോഷങ്ങൾ. ഭാവനയിൽ കാണാനാവുന്നുണ്ട് കലാവിരുതുകൾ ആസ്വദിക്കുന്ന ചക്രവർത്തിമാരെയും കുടുംബാംഗങ്ങളെയും.
പടവുകളിൽ പല പോസിൽ നിന്നും കയറിയും ഇറങ്ങിയും ഒറ്റക്കും ഇണയോടൊപ്പവും കൂട്ടമായും ഫോട്ടോയും വിഡിയോയും എടുക്കുന്നുണ്ട് സഞ്ചാരികൾ. കരിങ്കല്ലുകൊണ്ട് തീർത്ത ചുവരുകളിൽ പൂക്കൾ, രാക്ഷസ മുഖങ്ങൾ, ആനകൾ, മനുഷ്യരൂപങ്ങൾ എന്നിവയുടെ കൊത്തുപണികൾ കാണാം. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിൽ മഹാനവമി ദിബ്ബയുടെ നല്ലൊരു ദൃശ്യമുണ്ട്.
ദിബ്ബയിൽ നിന്നു നോക്കിയാൽ പുഷ്കരണിയെന്ന വലിയ കുളം ദൃശ്യമാകും. വെറുമൊരു കുളമല്ലത്. 1985-ൽ കണ്ടെത്തിയ ഈ സ്റ്റെപ്പ്ഡ് ടാങ്ക്, റോയൽ എൻക്ലോഷറിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട ഘടനകളിലൊന്നായി കണക്കാക്കപ്പെടുന്നു. 22 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 7 മീറ്റർ ആഴവുമുള്ള അഞ്ച് തട്ടുകളുള്ള ടാങ്കാണിത്. പുഷ്കരണി അടുത്തു നിന്നും കാണേണ്ട കാഴ്ചയാണ്. ശ്രദ്ധയോടെ, അതീവ സൗന്ദര്യബോധത്തോടെ പണിത ഒരു ജലസംഭരണി. അതിൻ്റെ പടവുകളിലെ കല്ലുകൾ നമ്പറിട്ട് എവിടെയൊക്കെ വേണമെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ പൊളിച്ചടുത്താലും മറ്റൊരിടത്ത് ഇതുപോലൊന്ന് പണിയാനാകണമെന്ന ദീർഘവീക്ഷണമാണമാകാം അതിനു പിന്നിൽ. വലിയ കരിങ്കൽപ്പാത്തികളിലൂടെ വെള്ളം വന്നു കുളത്തിലേക്കൊഴുകാനുള്ള സംവിധാനവുമുണ്ട്. 20-ലധികം കിണറുകളെയും കുളങ്ങളെയും ഈ പൈപ്പുകളുടെ ജലസംഭരണി ശൃംഖലകൾ ബന്ധിപ്പിക്കുന്നു. ഇന്നത്തെ എൻജിനീയറിംഗ് വൈദഗ്ദ്ധ്യമില്ലാതിരുന്ന അക്കാലങ്ങളിലാണ് ഇതൊക്കെ ചെയ്തത് എന്നോർക്കുമ്പോഴാണ് അന്നത്തെ ഭരണാധിപന്മാരുടെ ഭാവനയോടും അവ നടപ്പിൽ വരുത്തിയ സാങ്കേതിക വിദഗ്ദ്ധരോടും വലിയ ആരാധന തോന്നുന്നത്.
മഹാനവമി ദിബ്ബയടക്കം പിന്നീട് കണ്ട പല അവശിഷ്ടങ്ങളും റോയൽ എൻക്ലോഷർ എന്നറിയപ്പെട്ടിരുന്ന വിജയനഗര സാമ്രാജ്യത്തിൻ്റെ അധികാര കേന്ദ്രമായിരുന്നു. ദർബാർ ഹാളുകൾ, പ്ലാറ്റ്‌ഫോം, ടാങ്കുകൾ, ഭൂഗർഭ അറകൾ, ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ 45 ഓളം കെട്ടിടങ്ങൾ അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നു. ഹംപിയിലെ റോയൽ എൻക്ലോഷറിനെ പലപ്പോഴും ഒരു ഓപ്പൺ എയർ മ്യൂസിയവുമായി താരതമ്യപ്പെടുത്താറുണ്ട്. വിജയനഗര ഭരണാധികാരികളുടെ കീഴിലുള്ള ജീവിതം എങ്ങനെയായിരുന്നുവെന്ന് സന്ദർശകന് ഒരു കാഴ്ച്ചപ്പാട് നൽകുന്നതിനൊപ്പം, ആ കാലഘട്ടത്തിലെ വാസ്തുവിദ്യാ മികവും വിജയനഗര രാജാക്കന്മാരുടെ തകർച്ചയ്ക്ക് ശേഷം നഗരം കണ്ട നാശത്തിൻ്റെ നിലവാരവും ഇത് കാണിക്കുന്നു.
രാജാക്കന്മാർ രഹസ്യ തീരുമാനങ്ങളെടുത്തിരുന്ന സീക്രട്ട് ചേമ്പർ. ഈ ഭൂഗർഭ അറയിൽ വിജയനഗര ഭരണാധികാരികൾ തങ്ങളുടെ വിശ്വസ്തരായ സഹായികളുമായി രഹസ്യ ചർച്ചകൾ നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. മുകൾ ഭാഗം കാണുന്നില്ല. പടികൾ ഇറങ്ങി സന്ദർശകർക്ക് താഴെപ്പോകാം. എത്രയെത്ര രഹസ്യതീരുമാനങ്ങൾ, എത്രയെത്ര യുദ്ധതന്ത്രങ്ങൾ, എത്രയെത്ര സുപ്രധാന കരുനീക്കങ്ങൾ അവിടെയെടുത്തിട്ടുണ്ടാവും! അത്ര വലിയ അറയൊന്നുമല്ലത്. കഷ്ടി നാലുപേർക്ക് മുഖത്തോടു മുഖം നോക്കി സംസാരിക്കാം. കട്ടിയുള്ള ചുമരുകൾ ശബ്ദം ഒട്ടും പുറത്തുപോകാതെ നോക്കുന്നു. റോയൽ എൻക്ലോഷറിലെ മറ്റൊരു നിർമ്മിതിയായിരുന്നു ദർബാർ ഹോൾ. രാജസദസ്സ്. 100 തൂണുകളുള്ള ഹോളായിരുന്നു അത്. ഇപ്പോൾ ഒന്നു പോലുമില്ല. എൻക്ലോഷറിൽ നിന്ന് കനം തൂങ്ങിയ മനസ്സോടെയും, നെടുവീർപ്പോടെയും മാത്രമേ ഏതു സഞ്ചാരിക്കും മടങ്ങാനാവൂ.



സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ആയിരുന്നു.