ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.
ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.
ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്ന, ‘ഹംപി: കാലം കാത്തുവെച്ച കലവറ’ ലേഖന പരമ്പരയിലെ ‘ചിത്രദുർഗ്ഗയിലെ പെൺകാറ്റ്’ രണ്ടാം ഭാഗം.
■ ചിത്രദുർഗ്ഗയിലെ പെൺകാറ്റ്: രണ്ടാം ഭാഗം.
“വെട്ടിപ്പിടിക്കലുകളുടെയും സ്വന്തമാക്കലുകളുടെയും ധീരപ്രകടനങ്ങളുടെയും ലോകത്ത് അകപ്പെട്ടുപോകുന്ന അനേകം സ്ത്രീകളുടെ തേങ്ങലുകൾ ഇവിടത്തെ കാറ്റിലും ഉൾച്ചേർന്നിരുന്നു. അവരുടെ സങ്കടമായിരുന്നു ആ കാറ്റ് പറഞ്ഞുകൊണ്ടിരുന്നത്. “
ഇവിടത്തെ ഹിഡിമ്പേശ്വര ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറിച്ചെല്ലുമ്പോഴാണ് അതുവരെ മറഞ്ഞിരുന്ന കാറ്റ് അതിശക്തമായി കയ്യിൽ പിടിച്ചു വലിക്കുക. മുന്നോട്ടാണോ പിന്നോട്ടാണോ അത് നയിക്കുന്നതെന്നു മനസ്സിലാവില്ല. വസ്ത്രങ്ങളെയും മുടിയിഴകളെയും കൈകാലുകളെയും തോളിലിട്ട സഞ്ചിയെയും അതാക്രമിക്കുന്നു. നടത്തത്തിന്റെ ദിശ മാറ്റുന്നു. വശങ്ങളിൽ പിടിച്ച് ശ്രദ്ധയോടെ കയറിയില്ലെങ്കിൽ ഒരുപക്ഷേ താഴെ വീഴാനും മതി.
ചിത്രദുർഗ്ഗയിലെ മറ്റു ക്ഷേത്രങ്ങളെപ്പോലെയല്ല ഹിഡിമ്പേശ്വര ക്ഷേത്രം. മറ്റുള്ളതൊക്കെ ദൈവങ്ങളുടേതാണെങ്കിൽ ഇത് ഒരു അസുരനുള്ളതാണ്. മഹാഭാരതത്തിലെ ഹിഡിംബനെന്ന അസുരൻ്റെ ക്ഷേത്രമാണിത്. ചിത്രദുർഗ കോട്ടയുടെ ഉല്പത്തിതന്നെ മഹാഭാരതവുമായി ബന്ധപ്പെട്ട ഐതീഹ്യമാണ്. പ്രതിഷ്ഠ കണ്ടുവോ, ഓർമ്മയില്ല; ഹിഡിംബന്റെ പല്ലും!
പൗരാണികക്കാലത്ത് ഈ കോട്ട ഹിഡിംബൻ്റെയും സഹോദരി ഹിഡിംബിയുടെയും വാസസ്ഥാനമായിരുന്നെന്ന് കരുതപ്പെടുന്നു. മനുഷ്യനെ കൊന്നും തിന്നും ജീവിച്ചിരുന്ന രാക്ഷസനായിരുന്നു ഹിഡിംബനെങ്കിൽ സൗമ്യശീലയും സമാധാനകാംക്ഷിയുമായിരുന്നു സഹോദരി ഹിഡിംബി. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് ഹിഡിംബനെ ഭീമൻ വധിക്കുകയും ഹിംഡിംബിയെ വിവാഹം കഴിക്കുകയും ചെയ്തു. വനവാസം തീർന്നതോടെ ഭീമൻ അവൾക്കന്യനായി. വൈവാഹിക ജീവിതം നിഷേധിക്കപ്പെട്ടു. ഭർത്താവുമൊത്തുള്ള കൊട്ടാര ജീവിതവും സുഖലോലുപതയും കിട്ടാക്കനിയായി. ഭർത്താവിരിക്കെ വിധവയെപോലെ കഴിയുമ്പോഴും തന്റെ വിധിയെ പഴിച്ചില്ല അവൾ. ആ കൊടുംകാട്ടിൽ ഒറ്റയ്ക്കു ജീവിച്ചുകൊണ്ട്, ഭർത്താവിന്റെ ആയുസിനും ശ്രേയസിനുംവേണ്ടി അഹോരാത്രം പ്രാർത്ഥിച്ചു. ജപമിരുന്നു. ഒടുവിൽ, ഒരു പുണ്യമായി ലഭിച്ച അതിശക്തിമാനും അമാനുഷികനുമായ ഏക മകൻ ഘടോൽക്കചനെയും അവൾക്കു നഷ്ടമായി.
എന്നിട്ടും, ജീവിതക്കാലമത്രയും ദുഷ്ടതമാത്രം ചെയ്തു പോന്ന ഹിഡിംബന്റെ പേരിൽ ക്ഷേത്രം! പ്രണയം കൊണ്ട് മുറിവേറ്റവൾക്ക് എന്തിന് ക്ഷേത്രം? ആ ക്ഷേത്രം ദർശിച്ചു നിൽക്കെ, അവിടെ വീശിയ കാറ്റ് ഹിഡിമ്പിയുടെ കൊടുംചൂടുള്ള നിശ്വാസമായിരുന്നു എന്നെനിക്കു തോന്നി. വനവാസം കഴിഞ്ഞപ്പോൾ ഇട്ടിട്ടു പോയ ഭർത്താവ്, ആരുടെയൊക്കെയോ യുദ്ധക്കൊതിയിൽ, അധികാരമോഹത്തിൽ ബലി കൊടുക്കേണ്ടി വന്ന പുത്രൻ. അധികാരങ്ങൾക്കും പുരുഷതീരുമാനങ്ങൾക്കും മുന്നിൽ നിശബ്ദയായ, അശരണയായ ഒരമ്മയുടെ, ഭാര്യയുടെ, സഹോദരിയുടെ, പ്രണയിനിയുടെ ദുഃഖമറിഞ്ഞവരാര്? മനസ്സറിഞ്ഞവരാര്? ആശ്വസിപ്പിച്ചവരാര്?
വെട്ടിപ്പിടിക്കലുകളുടെയും സ്വന്തമാക്കലുകളുടെയും ധീരപ്രകടനങ്ങളുടെയും ലോകത്ത് അകപ്പെട്ടുപോകുന്ന അനേകം സ്ത്രീകളുടെ തേങ്ങലുകൾ ഇവിടത്തെ കാറ്റിലും ഉൾച്ചേർന്നിരുന്നു. അവരുടെ സങ്കടമായിരുന്നു ആ കാറ്റ് പറഞ്ഞുകൊണ്ടിരുന്നത്. നൂറ്റാണ്ടുകളോളം പഴക്കമുള്ളത്. ധീരതയെന്നും പ്രതിബദ്ധതയെന്നും പിന്നീട്, മരണശേഷം പേരിട്ട് വിളിക്കുന്നതിൻ്റെയൊക്കെ മറ്റൊരു പേര് ത്യാഗം എന്നാണെന്ന് ആ കാറ്റ് ഓർമ്മപ്പെടുത്തുകയാണ്. ചരിത്രത്തിൽ എഴുതപ്പെടാതെ പോയ പെൺദുഃഖങ്ങൾ നിസ്സാരമായിരുന്നില്ല എന്ന് പിന്നെയും പിന്നെയും പറഞ്ഞു തീർക്കുകയാണ്■
വേദാവതി നദിയുടെ താഴ്‌വരയ്ക്ക് അഭിമുഖമായി ജോഗിമട്ടി വനമേഖലയോടു ചേർന്ന് ഏകദേശം ആയിരത്തി അഞ്ഞൂറോളം ഏക്ര വിസ്തൃതിയിൽ കിടക്കുന്ന ചിത്രദുർഗ്ഗ കോട്ടകകത്ത് ചെറുതും വലുതുമായ ഇരുപതോളം ക്ഷേത്രങ്ങളുണ്ട്. പ്രതിഷ്ഠയില്ലാത്തതോ നശിപ്പിക്കപ്പെട്ടതോ ആയ ക്ഷേത്രങ്ങളും അക്കൂട്ടത്തിലുണ്ട്. പലതും കൊച്ചു കൊച്ചു ഗുഹാക്ഷേത്രങ്ങളാണ്. ഓരോന്നിനും ഓരോ ചരിത്രവുമുണ്ട്.
ഈ ക്ഷേത്രങ്ങളിൽ, നിത്യപൂജയുള്ള ക്ഷേത്രങ്ങൾ കുറവാണ്. ബണശങ്കരി ക്ഷേത്രം, ഗണേശ ക്ഷേത്രം, സാമ്പിഗെ സിദ്ധേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ നിത്യപൂജയുണ്ട്. ചാലൂക്യ രാജവംശത്തിന്റെ കുലദേവതയെന്ന് വിശ്വസിക്കപ്പെടുന്ന ബനശങ്കരി- വനശങ്കരി- യ്ക്ക് കർണാടകയിലെ ബാഗൽക്കോട്ടിൽ വലിയൊരു ക്ഷേത്രമുണ്ട്.
വലിയൊരു പാറ തുരന്ന് നിർമ്മിച്ച ഗണപതി ക്ഷേത്രം, പാർവ്വതി ദേവിയുടെ രൂപത്തിൽ പ്രതിഷ്ഠയുള്ള ഏകനാഥേശ്വരി ക്ഷേത്രം, മഹാഭാരതത്തിലെയും രാമായണത്തിലെയും രംഗങ്ങളുടെ കൊത്തുപണികളും ശിൽപങ്ങളുമുള്ള ഗോപാലകൃഷ്ണ ക്ഷേത്രം, വീരഭദ്രസ്വാമി, മുരുകനെ ധ്യാനിച്ചിരുന്ന സ്ഥലത്ത് പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്ന, വലിയ തൂണുകളിൽ പണിത മുരുകമഠം, അതിന് സമീപം സ്ഥിതി ചെയ്യുന്ന നന്ദിയുടെ വൻ ശിലാപ്രതിമയുള്ള നന്ദിക്ഷേത്രം, നന്ദിക്ഷേത്രത്തിന് അഭിമുഖമായി നില്ക്കുന്ന ശിവക്ഷേത്രം. അങ്ങനെ എത്രയെത്ര ശിലാ നിർമ്മിതകൾ.
പതിനെട്ടാം നൂറ്റാണ്ടിൽ, ഭരമണ്ണ നായക രാജവംശത്തിൻ്റെ ഭരണകാലത്ത്, തനതായ വാസ്തുവിദ്യയ്ക്കും അതിസങ്കീർണ്ണമായ കൊത്തുപണികൾക്കും പേരുകേട്ട ദ്രാവിഡ-ഹൊയ്‌സാല- വിജയനഗര വാസ്തുവിദ്യകളുടെ സമ്മിശ്ര ശൈലിയിൽ നിർമ്മിച്ചതാണ് ഇവിടത്തെ ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും.

ക്ഷേത്ര പ്രവേശന കവാടത്തിൻ്റെ ഇരുവശത്തും ബോർഡ് ഗെയിം പോലെ കള്ളികൾ കൊത്തിവെച്ചിട്ടുണ്ട്. ലൂഡോ പോലുള്ള കളികൾ കളിക്കാവുന്ന ഒന്ന്. കിലുകിലുങ്ങനെയുള്ള ഒച്ചയുമായി ഒരു കുഞ്ഞുപെൺകാറ്റ് കയ്യിൽത്തൂങ്ങി. കളിക്കാൻ വരുമോ എന്നു ചിണുങ്ങി. അമ്മയുടെ കണ്ണു വെട്ടിച്ച് ഓടിവന്നവളായിരുന്നു അവൾ. ‘അച്ഛനും അമ്മാവനും സഹോദരനും ഒക്കെ കളിക്കുന്നുണ്ടല്ലോ, എന്നെയെന്താണ് കൂട്ടാത്തത്’ എന്നായിരുന്നു അവളുടെ സംശയം. ഞാനവൾക്ക് അവിടെ ആലേഖനം ചെയ്ത ചിത്രം കാണിച്ചു കൊടുത്തു. കളിയിൽ ഏർപ്പെട്ടിരുന്ന രണ്ടു പുരുഷന്മാരുടെ ചിത്രം!
പൊതുസ്ഥലങ്ങൾ, അവിടത്തെ വിനോദങ്ങൾ പുരുഷന്മാരുടെയാണെന്ന് പതിയെ പറഞ്ഞു കൊടുത്തു. പെട്ടെന്ന് തിരികെപ്പോകാനും രാത്രി ഭക്ഷണത്തിനുള്ള ഏർപ്പാടുകൾക്കായി അമ്മയെ സഹായിക്കാനും വെള്ളം കോരി നിറക്കാനും വസ്ത്രങ്ങൾ മടക്കി വെക്കാനും ഓർമ്മപ്പെടുത്തി, മനസ്സില്ലാമനസ്സോടെ.
– തുടരും…






സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ആയിരുന്നു.