'Maraviyil Ninnum Ormaye' Ennapole-Idakkulangara Gopan

'മറവിയിൽനിന്നും ഓർമ്മയെ' എന്നപോലെ

രാത്രി 8. 30
അതിഥിമന്ദിരത്തിലെ ഏഴാം നമ്പർ മുറി.
അരണ്ട വെളിച്ചത്തിൽ
ഒരു കവിത തിരക്കു കൂട്ടുന്നു.
കവി
ഏറെ അസ്വസ്ഥനായിരിക്കുന്നു.
വൃത്തത്തിനുള്ളിൽ പിടിച്ചൊതുക്കിയാലോ?
സമദൂരത്തിൽ
കവിതയും വൃത്തവും കവിയെ ചുറ്റി നടന്നു.
കാറ്റ്
നീലാംബരീരാഗത്തിൽ മൂളി നടന്നു.
ഹൃദയം
ത്രിപുട വായിച്ചു രസിച്ചു.

രാത്രി 10. 4
ജനാലയിലൂടെ നഗരരാത്രി കയറി വന്നു.
വഴിച്ചൂട്ടു കത്തിച്ച് ചാറ്റൽമഴയും.
മഴ
പുറത്തു നിന്ന് തുള്ളിക്കളിച്ചു.
കവിത
പുകച്ചുരുളുകൾക്കിടയിൽ ഒളിച്ചിരുന്നു.
കവി
അതിനെ പിടികൂടാൻ ഓർമ്മയുടെ വല വിരിച്ചു.
നിശ്ശബ്ദതയിൽ അഭിരമിക്കാൻ
കവി
കവിതയെ ബോധത്തിലേക്ക് നിർത്തി.

രാത്രി 12. 25
സമയബോധമില്ലാത്ത കവിത
പാതിരാവിൽ ഒളിച്ചുകളിച്ചു.
കവി
കരുതി വെച്ചിരുന്ന പനിനീർപ്പൂവ് നീട്ടി.
അത്തരം പ്രലോഭനങ്ങൾ സ്വീകരിക്കാതെ
കരുണയില്ലാത്തവണ്ണം ഓടി ഒളിച്ചു;
കവിത
കാത്തിരുന്നവനെ കബളിപ്പിച്ചു.

പുലർച്ച 2.15
ദൃശ്യപ്പെട്ടും മറഞ്ഞും കവിത അസ്വസ്ഥനാക്കി.
കവിയപ്പോൾ മുഷിഞ്ഞിരിപ്പായി.
മരുഭൂമിയിലെ അരുവിയെ സ്വപ്നത്തിൽ തോറ്റി.
മറവിയിൽനിന്നും ഓർമ്മയെ എന്ന പോലെ,
ശൂന്യതയിൽ നിന്നും ഒരു രൂപത്തെ
വളഞ്ഞു പിടിച്ച് നിർത്തി.

രാവിലെ 7. 40
പ്രഭാതം കയറി വന്ന മുറിയിൽ
കടലാസ്സിൽ ഒരു പിച്ചകപ്പൂമണം.
കവി
നിദ്രയുടെ നാലാംയാമത്തിൽ
സ്വപ്നത്തിൻ്റെ പടവുകൾ കയറുന്നു.
പിടിവിട്ടു പോകുന്ന കൂർക്കത്തെ തിരികെപ്പിടിക്കാൻ
കിണഞ്ഞു പരിശ്രമിക്കുമ്പോൾ,
അകലെനിന്നു വന്ന പരുക്കൻ കാറ്റ്
വാതിൽ വലിച്ചടച്ചു.

രാവിലെ 10.10
കവി
ഓർമ്മയിൽനിന്നും മറവിയെ തിരിച്ചെടുക്കുന്നു.
കവിത
കാലുഷ്യത്താൽ കലിതുള്ളി,
കടലാസ്സിൽനിന്നും ഇറങ്ങി ഓടുന്നു.
അതിരറ്റ ആഹ്ളാദത്താൽ,
കവി
ചില്ലുപാത്രത്തിലേക്ക് കഠിനജലം പകർന്നു.

പ്രതിഭാവത്തിന്റെ പ്രഥമ ഓണപ്പതിപ്പ് വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹